ഭാരതമലര്‍വാടി

Views:


ഭാരതമലര്‍വാടിയില്‍ വിടരും
    കോമളസൂനങ്ങള്‍
പാരിതുപാരം പരിമളമാലേ
    പൂരിതമാക്കീടും

നന്ദയശോദാനന്ദനനവനുടെ
    കേളികളെന്നെന്നും
മന്ദമരുത്തിന്‍ കൈകളിലൂറും
    തീര്‍ത്ഥകണം പോലെ   
കരളില്‍ വീണുതളിര്‍ക്കും നവയുഗ-
    ജീവിതസൂനങ്ങള്‍
ഭാരതമലര്‍വാടിയില്‍ വിടരും
    കോമളസൂനങ്ങള്‍

ദശരഥസുതനായാസുരദര്‍പ്പം
    തീര്‍ക്കും നരവരനായ്
ദശമുഖമൊക്കെയരിഞ്ഞു മഹത്താം
    ധര്‍മ്മം പോറ്റീടാന്‍
കാടും നഗരവുമൊക്കെ സമമായ്
    കരുതും സൂനങ്ങള്‍
ഭാരതമലര്‍വാടിയില്‍ വിടരും
    കോമളസൂനങ്ങള്‍.

എരിതീമുകളിലെറിഞ്ഞു വധിക്കാന്‍
    വൈരികളെത്തുമ്പോള്‍
നരസിംഹങ്ങള്‍ തൂണില്‍ നിന്നും
    ചേതനയാര്‍ന്നുണരാന്‍
നാരായണ ജനസേവയില്‍ നിത്യം
    മുഴുകും സൂനങ്ങള്‍
ഭാരതമലര്‍വാടിയില്‍ വിടരും
    കോമളസൂനങ്ങള്‍.
   
പരമോന്നതമായീടണമെന്നുടെ
    രാഷ്ട്രവുമതിനായി
നിരാകുലം ചിരതപസ്സു ചെയ്യും
    ധ്രുവനായ് തീര്‍ന്നീടാന്‍
പാവനമാമൊരു കര്‍മ്മത്തില്‍ സ്വയ-
    മര്‍പ്പിത സൂനങ്ങള്‍
ഭാരതമലര്‍വാടിയില്‍ വിടരും
    കോമളസൂനങ്ങള്‍.