18 July 2019

ഓർമയാനം
കൊച്ചുകൊച്ചു വല്യ നുണകൾ സ്ലേറ്റ് മായ്ക്കാൻ

Views:

Image Credit:: https://upload.wikimedia.org/wikipedia/commons/9/93/Yellow_Rat_Snake.jpg

മഷിത്തണ്ടും ഞവരയും ചൂണ്ടുവിരൽ നീളത്തിലുള്ള പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം നിറച്ചും സ്കൂളിലേക്ക് വന്നിരുന്ന കൂട്ടുകാരനായിരുന്നു അജി. കൊച്ചുക്ലാസിൽ  നിന്ന് സ്ഥാനക്കയറ്റം പടിപടിയായുണ്ടായപ്പോൾ കൂട്ടത്തിൽ വലിയ ഉയരമില്ലാത്ത വകയിൽ അവന് ഒരു ഇരട്ടപ്പേരും പിടലിക്കു വീണിരുന്നു. ജിണ്ടാൻ!

ഞങ്ങളുടെ പള്ളിക്കൂട യാത്രക്കിടയിൽ കോളംകോടിനടുത്തു വച്ചോ ഊളൻകുന്ന് ഭാഗത്തോ വച്ചാണ് അവനും കൂട്ടരുമായി സന്ധിക്കാറ്.സോമദാസ്, രാമചന്ദ്രൻ, ഷിബു എന്നിവരാണ് മിക്കപ്പൊഴും അവനൊപ്പം കാണുക.രാമചന്ദ്രനും ഷിബുവും ബി.ക്ലാസിലാണ്. സോമദാസ് ആദ്യം ബി.ക്ലാസിലായിരുന്നു പിന്നെ ഞങ്ങൾ എ ക്ലാസുകാരുടെ കൂട്ടത്തിൽ എത്തിയതാണ്.

അജിയുടെ കൈ നിറയെക്കാണും മഷിത്തണ്ടും ഞവരയും. വെള്ളം നിറച്ച കുപ്പി നിക്കറിന്റെ ചേപ്പറ്റിലാണ് സൂക്ഷിക്കാറ്. ഇടക്കിടെ അത് പുറത്തെടുക്കും പിന്നെ ചേപ്പറ്റിലിടും. പോക്കറ്റ് എന്നത് നമുക്കൊക്കെ അന്ന് ചേപ്പറ്റാണ്.

ഉടുപ്പിലെ ബട്ടൺസ് ചിപ്പിയും. മഷിത്തണ്ടും ഞവരയും ആവശ്യക്കാർക്ക് കൊടുക്കും. തീർത്തും സൗജന്യ വിതരണം. കുപ്പിയിലെ വെള്ളം അവന് മാത്രം സ്ലേറ്റ് മായ്ക്കാനുള്ളതും. എഴുതി മായ്ക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ 'ഡും ഡും' എന്ന് പറഞ്ഞു കൊണ്ടാണ് ചേപ്പറ്റിൽ നിന്ന് അവൻ വെള്ളക്കുപ്പി എടുക്കാറുള്ളത്. അടുത്തിരിക്കുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള വിദ്യ.

ആവേശം മൂത്ത് ഒരിക്കൽ കുപ്പി പുറത്തെടുത്തപ്പോൾ അടപ്പ് തുറന്ന് വെള്ളം നിക്കറിലും ഉടുപ്പിലുമൊക്കെ വീണു. ചാടിയെഴുന്നേറ്റ് തുടയ്ക്കാൻ തുടങ്ങിയപ്പോൾ 'അയ്യേ സാറേ ദാ എവൻ പെടുത്ത്' എന്ന് കള്ളം പറഞ്ഞ് സോമദാസ് അവനെ നാറ്റിച്ചു. അന്ന് അവൻ സോമദാസുമായുള്ള കൂട്ട് വെട്ടി. പിന്നെ കുറച്ചു ദിവസം എന്റെ അടുത്തായി ഇരിപ്പ്.

കുപ്പിവെള്ളം തീർന്നാൽ ഇഷ്ടന്റെ ഒരു പ്രത്യേകതരം സ്ലേറ്റ് മായ്ക്കലുണ്ട്. ആദ്യം നെറ്റി തടവും സ്ലേറ്റിൽ തേയ്ക്കും.  പിന്നെ മോന്ത തടവി തേപ്പ്. ആദ്യം എനിക്ക് മനസിലായില്ല. ചോദിച്ചു. വിയർപ്പെടുത്ത് സ്ലേറ്റ് മായ്ക്കുന്നതാണെന്ന്! പുതിയ അറിവ്. കക്ഷങ്ങളിൽ നിന്നും വിയർപ്പെടുത്തുസ്ലേറ്റ് മായ്ക്കുന്ന വിദ്യയും പിന്നവൻ പ്രയോഗിച്ചു കണ്ടു.

വിയർപ്പിന്റെ ദാരിദ്ര്യം വന്നാൽ അതിനും അവൻ മറു മാർഗം കണ്ടിരുന്നു. സ്ലേറ്റ് ഇടത് വലതു കവിൾ മാറി മാറി ചേർത്ത് പിടിക്കും പിന്നെ മുഖം അങ്ങോട്ടു മിങ്ങോട്ടും ചലിപ്പിക്കും.  മുഖമിളക്കലിനിടയിൽ കൂട്ടുകാരൻ തുപ്പൽ ചുണ്ടിലേക്കിറ്റിച്ച് സ്ലേറ്റിലേയ്ക്ക് വീഴ്ത്തും പിന്നെ ഉടുപ്പിൻ തുമ്പിന്റെ അടിഭാഗം എടുത്ത് സ്ലേറ്റ് മായ്ക്കും. കൂട്ട് വെട്ടിയാലോ എന്ന് കരുതി സത്യത്തിൽ അന്ന് ഞാൻ ആരോടും അത് പറഞ്ഞില്ല.

വിശ്വസനീയമായ രീതിയിൽ കഥകൾ മെനഞ്ഞ് കേൾവിക്കാരെ വിസ്മയിപ്പിക്കാൻ അജിയെക്കാൾ മിടുക്കുള്ള ഒരാളെ ഞാൻ അയിലം സ്കൂളിൽ കണ്ടിട്ടില്ല.

അവന്റെ ഒരു ചേട്ടൻ അങ്ങ് മലേലാണ്. ആള് ഭയങ്കരനാണ്. ഓടിക്കൊണ്ടിരിക്കുന്ന എഞ്ചിൻ വണ്ടിയിൽ നിന്ന് വെറുതെ എടുത്തു ചാടിക്കളയും, പുറം ഇത്തിരിപ്പോലും മുറിയൂല.. പിന്നെ മണ്ണ് പറ്റും .അത് തോർത്തെടുത്ത് തൂത്ത് കളയും.

ഒരോസം എഞ്ചിൻ വണ്ടിക്ക് തീപിടിച്ച് .ഓടിട്ട എഞ്ചിൻ വണ്ടിയായിരുന്നത്. അണ്ണൻ വലത്തേ കൈ കൊണ്ട് ഓട് പപ്പടം പോലെ പൊട്ടിച്ച് ആൾക്കാരെ രക്ഷിച്ച്. അത് പ്രധാനമന്ത്രി അറിഞ്ഞ്. അണ്ണന് പ്രധാനമന്ത്രി ഒരു ഓല കെട്ടിയ എഞ്ചിൻ വണ്ടി ചുമ്മാ കൊടുത്ത്.

ഹോ.. അജി എത്ര ഭാഗ്യവാൻ.. അങ്ങനൊരു അണ്ണൻ നമുക്കും ഉണ്ടായിരുന്നെങ്കിലെന്ന് ആരും കൊതിച്ചു പോവും. ഓടിട്ട എൻഞ്ചിൻ വണ്ടിയും ഓല കെട്ടിയ എഞ്ചിൻ വണ്ടിയും ഓരോരുത്തരുടെ ഭാവനയാകുന്ന പാളത്തിലൂടെ ചൂളം വിളിച്ച് എത്ര ദിവസം കടന്നു പോയിട്ടുണ്ടാകുമെന്നോ..!

ഒരിക്കൽ ക്ലാസ് മുറിക്കടുത്ത് കൂടി ഇഴഞ്ഞ് പോയ പാമ്പിനെകുറിച്ചായി ചർച്ച. പാചകപ്പുരക്ക് സമീപം ഓമനയമ്മ (അന്നത്തെ ശിപായി ) കണ്ട് ഓടിച്ചു വിട്ട പാമ്പ് പ്രാണനും കൊണ്ട് രക്ഷപ്പെട്ട പോക്കായിരുന്നു അത്. നല്ല നീളവും അതിനനുസരിച്ച് വണ്ണവുമുള്ള പാമ്പ്. മഞ്ഞനിറം... നമ്മുടെ സ്വന്തം ചേര.

മക്കളേ പേടിക്കണ്ട അത് ചേരയാണ് ഒന്നും ചെയ്യില്ല എന്ന് ഓമനയമ്മ അതിന്റെ പിന്നാലെ വന്ന് ഉണർത്തിച്ച് എല്ലാരുടേം പേടി മാറ്റിപ്പോയിട്ടും അജി ആവിഷയം വിടാൻ തയ്യാറായിരുന്നില്ല.

"അത് ചേരയൊന്നുമല്ല നമ്മള് പേടിച്ച് തൂറാതിരിക്കാൻ അവര് കള്ളം പറഞ്ഞതാ.. അത് എന്തേരാണെന്ന് എനിക്കറിയാം.."

"പോടാ .. അത് ചേരതന്നാ" എന്ന് പലരും കൂട്ടത്തിൽ ഞാനും പറഞ്ഞ് നോക്കി.

"ഇല്ല. അവൻ കട്ടായം പറഞ്ഞു അത് ചേരയല്ല.. എട്ടടി മൂക്കനാണ്! ചേരയെപ്പോലെ തോന്നും. അതിന്റെ അടിഭാഗം നോക്കണം. വെള്ളയാണെങ്കിൽ ചേര.. നിങ്ങളാരെങ്കിലും അടിഭാഗം കണ്ടാ."

" ഇല്ല നമ്മളാരും കണ്ടില്ല."

"എങ്കി മിണ്ടല്ല്. ഞാൻ കണ്ടു. അടിഭാഗം കറുപ്പ് അതില് 8 എന്ന് എഴുതിയേക്കണത് ഞാൻ കണ്ട്."

അവൻ അന്തരീക്ഷത്തിൽ വിരൽ കൊണ്ട് 8 എന്ന് എഴുതിക്കാണിച്ച് വിശ്വസിപ്പിച്ചു കളഞ്ഞു.

നമ്മളെല്ലാരും വിശ്വസിച്ചെന്ന് അവന് ഉറപ്പായപ്പോൾ അവൻ കൂടുതൽ പറഞ്ഞു.
"എന്റ വീട്ടില് എന്നും വരും ഇത്.. വീട്ടി വന്നിട്ട് ഇത് വഴി പോയതാണ് ' എന്ന്.

"നിന്റ വീട്ടിവരണതെന്തിനെ" ന്നായി ചോദ്യം.

"അത് അച്ഛൻ രണ്ട് തലയുള്ള പാമ്പിനെ വളത്തണ്.. അതിനെ കാണാൻ "

എല്ലാരും അന്തം വിട്ടിരിക്കേ അവന്റെ അയൽവാസി കൂടിയായ സോമദാസ് കേറി ഇടപ്പെട്ടു.

''എടാ നൊണയാ എന്നിട്ട് ഞാൻ കണ്ടിറ്റില്ലല്ല് ".

"ആർക്കും അങ്ങനേന്നും കാണാൻ ഒക്കൂല നമ്മട വീട്ടുകാരക്കേ കാണാൻ പറ്റൂ"
അജി വിട്ടുകൊടുത്തില്ല.

"തോട്ടില് മീൻപിടിക്കാൻ നമ്മള് ഇന്നാളൊരോസം പോയപ്പ നീർക്കോലിയെക്കണ്ട് മുണ്ടില്ലാത ഓടിയോനല്ലടാ നീ.."

സോമദാസ് അജിയെപ്പറ്റിത്തന്ന മൊഴിച്ചിത്രമോർത്ത് എല്ലാരും പൊട്ടിച്ചിരിച്ചു. പക്ഷേ ,അജിക്കത് മാനഹാനിയായിരുന്നു. സോമദാസിനെ തല്ലാനവൻ പാഞ്ഞടുത്തു. പിന്നെ അടിപിടിയായി.. സോമദാസിനെ ഞങ്ങളെല്ലാരും ചേർന്ന് പിടിച്ചു മാറ്റി. അവൻ ഒതുങ്ങി. പക്ഷേ അജി ശാന്തനാവാൻ പെൺകുട്ടികൾ തന്നെ വേണ്ടി വന്നു.

പത്താം ക്ലാസിൽ പഠനകാലം വരെ ഞാൻ അവനെ ഇടയ്ക്കൊക്കെ കാണാറുണ്ടായിരുന്നു.പിന്നെ അന്വേഷിച്ചപ്പോൾ അവന്റെ കുടുംബം വീടും വസ്തുവും വിറ്റ് മറ്റെവിടേയ്ക്കോ പോയി എന്നറിഞ്ഞു. വ്യക്തമായി എവിടെയെന്ന് ആർക്കും അറിയില്ല.

 പ്രിയപ്പെട്ട ജിണ്ടാൻ നിന്നെ കാണണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടെടാ..

No comments:

Post a Comment