Reader's Diary

Views:

സാങ്കേതിക മികവിന്റെ കാലത്ത് ഒഴിഞ്ഞു പോകുന്ന വായന തിരിച്ചെത്തുക എന്നത് ശ്രമകരം തന്നെയാണ്. മലയാള മാസികയെയും രജി സാറിനെയും കുറിച്ച് ആദ്യം കേൾക്കുന്നത് പ്രിയ സുഹൃത്ത് കുട്ടപ്പൻ തമ്പിയിൽ നിന്നാണ്.

ഓൺലൈൻ വായന പരിചിതവുമല്ല, പരിചയവുമില്ലായിരുന്നു. ഓഫ് ലൈനിൽ,  ഏകാന്തതയിൽ മാത്രമേ വായന സാധ്യമാകൂ എന്ന ധാരണ ഉറപ്പിക്കുകയും ചെയ്തിരുന്നു. അത് തിരുത്തേണ്ടി വന്നത് മലയാളമാസികയുടെ വായന തുടങ്ങിയ ശേഷം മാത്രമാണ്. വായനയ്ക്ക് ചില ലക്ഷ്യങ്ങളുണ്ടല്ലോ. ഓൺ ലൈൻ വായനയിലും അതൊക്കെ കൈവരിക്കാൻ കഴിയും.

അതുകൊണ്ട് തന്നെയാണ് മലയാളമാസികയിലെ രചനകളെ കുറിച്ച് കുറിപ്പെഴുതാതിരിക്കാനാകാതിരുന്നത്. ഇതൊരു വിമർശനമോ ആധികാരികമായ വിലയിരുത്തലോ ആയി കാണേണ്ട. ഒരു സാധാരണ വായനക്കാരന്റെ  വായനക്കുറിപ്പ്.

റിപ്പോർട്ടുകൾ, കവിതകൾ, കഥകൾ, ലേഖനങ്ങൾ, വിമർശനക്കുറിപ്പുകൾ അങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങളാണ് മലയാളമാസികയിൽ.

ഒഴുകുന്ന ഭാഷയുമായി റിപ്പോർട്ടിംഗിൽ അശ്വതി പി എസ്സ് മാസികയിൽ നിറസാന്നിധ്യമാവുകയാണ്. പ്രൊഫഷണൽ ടച്ചുള്ള ഭാഷ തന്നെയാണ് അശ്വതിയുടേത്.

കുഴിവിള ഗവർൺമെന്റ് യു പി എസ്സിലെ  കടലാസ് കരകൗശലം (പേപ്പർ ക്രാഫ്റ്റ്) ശില്പ്പശാലയെ കുറിച്ചുള്ള റിപ്പോർട്ട് വ്യത്യസ്തത പുലർത്തുന്നു. വായിച്ചപ്പോൾ ആ സ്കൂളിനെയും H M അനില്‍കുമാര്‍ സാറിനെയും  ക്ലാസ്സിന് നേതൃത്വം നൽകിയ ഗീതു ഫ്രാൻസിസിനെയും ഒക്കെ കാണാൻ തോന്നുന്നുവെങ്കിൽ ആ റിപ്പോർട്ടിംഗിന്റെ മഹത്വം വേറെ പറയണോ?

ആനന്ദക്കുട്ടൻ മുരളീധരൻനായരുടെ, മീശസ്നേഹി എന്ന കഥ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന പഴമൊഴിയെ ഓർമിപ്പിച്ചു. മനുഷ്യൻ അവനവനിലേക്ക് ഒതുങ്ങുന്ന കാഴ്ച്ച ദുഃഖകരം തന്നെ. അവനവനിലേയ്ക്ക് ഒതുങ്ങി ചുരുങ്ങുന്ന മനുഷ്യനല്ല മറിച്ച് ഇടപെടലുകളിലൂടെ കളം നിറഞ്ഞു കളിയ്ക്കുന്ന മനുഷ്യനാണ് സമൂഹത്തിനാവശ്യം എന്നത് നർമ്മം കലർന്ന ലളിത ഭാഷയിൽ ആനന്ദക്കുട്ടൻ പറയുകയാണ്.

മലയാളമാസികയ്ക്ക് നൽകുന്ന ജഗന്റെ, പ്രതിദിനചിന്തകൾ നിരീക്ഷണത്തിന്റേയും വിമർശത്തിന്റേയും സമ്മേളനമാണ്

വീട്ടു ചെലവിന് പണം തരുന്ന ചെല്ലപ്പൻചേട്ടന് അഭിവാദ്യങ്ങൾ നേർന്നു കൊണ്ട് പത്നി സ്പോൺസർ ചെയ്യുന്ന ഫ്ലക്സ് ബോർഡ് റോഡുവക്കിൽ കണ്ടാൽ അദ്ഭുതപ്പെടേണ്ടതില്ല എന്ന പ്രസ്താവ്യം സമകാലീന കാലത്തിലെ പൊങ്ങച്ച സംസ്കാരത്തിനും ചിന്തയ്ക്കും നേരേയുള്ള വാളോങ്ങൽ തന്നെയാണ്. വി കെ എൻ ശൈലിയിലുള്ള ഇത്തരം പ്രയോഗങ്ങൾ തന്നെയാണ് ഈ പംക്തിയുടെ ഹൈലൈറ്റും. കൃത്യമായി ദിനവും ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന ശ്രീ.ജഗന് ഒരു ബിഗ്സല്യൂട്ട്.

മതസൗഹാർദ്ദം നഷ്ടപ്പെട്ട് ഒറ്റയ്ക്ക് ആഘോഷങ്ങൾ കൊണ്ടാ'gന്ന ഭാവി കേരളത്തിന്റെ ചിത്രമാണ് ശോഭാമുരളിയുടെ കഥ, കാലം.
അയൽബന്ധങ്ങൾക്കും സൗഹാർദ്ദങ്ങൾക്കുമിടlയിലേക്ക് മതവും വർഗ്ഗീയതയും കലർത്തി നന്മ ഇല്ലാതാക്കുന്ന അവസ്ഥ തന്നെയാണ് പ്രതിപാദ്യം. നവോത്ഥാനകാല കഥാകൃത്തിനു വേണ്ട ഉൾക്കാഴ്ച ശോഭയുടെ എഴുത്തിൽ തെളിഞ്ഞു കാണാം.

ഹരികുമാർ ഇളയിടത്തിന്റെ പേരും പൊരുളും ഇൻഫൊർമേറ്റീവ്  ആയ ഒരു ലേഖനമാണ്. വെറും സ്ഥലനാമവിശേഷത്തിലൊതുക്കാതെ അതിന്റെ യുക്തിയും സാധ്യതകളും വെളിവാക്കുന്ന ലേഖനം ജിജ്ഞാസ ഉളവാക്കുന്നത് തന്നെയാണ്.

ഇന്നത്തെ കാഴ്ച്ച.
പദ്മനാമ സ്വാമി ക്ഷേത്രത്തിന് മുന്നിലെ കുളത്തിന് സമീപം നിന്ന് ഒരു സായിപ്പ് ചിത്രം വരക്കുന്നു. ചിലർ അത് മൊബെലിൽ പകർത്തുന്നു .
വരയ്ക്കുന്നവനും പകർത്തുന്നവരും.
സാഹിത്യത്തിലും ഉണ്ടല്ലോ. മൗലിക രചന നടത്തുന്നവരും പകർത്തുന്നവരും...



No comments: