Sidheek Subair :: അമ്പിളിക്കൂട്ട്

Views:



ദേശത്തിനപ്പുറം കാലം കൊരുത്തിട്ടൊ -
രോർമകൾ ജാലകം താണ്ടിയെത്തി ....
താപം തിളയ്ക്കുന്ന മേടത്തിലും , ദിവ്യ -
സ്നേഹം വിളമ്പുമെന്നമ്പിളിക്കൂട്ട്***...

ചോന്ന ദിനങ്ങളിൽ നാട്ടിലേക്കില്ലൊട്ടു -
കാശുമില്ലൂണുമില്ലേതുമില്ലാ....
ആളും വിശപ്പിൻ കയങ്ങളിലാഴവേ
കൈയൊന്നു നീട്ടിയെന്നമ്പിളിക്കൂട്ട് ...

അച്ഛനുമമ്മയും തണലിടും വീടുണ്ട-
ടുത്താണകലെയല്ലങ്ങു പോകാം ...
തീയൂതും കാറ്റിലും സാന്ത്വന തെന്നലായ്
വാടാതെയോതിയെന്നമ്പിളിക്കൂട്ട് ...

വീണ്ടുകീറും വയൽ പാതകൾ പിന്നിട്ട്,
നീളും കിനാവു പോൽ മെല്ലെ നീങ്ങി
തോടുകൾ വറ്റിവരണ്ടുണങ്ങുമ്പൊഴും
തോരാതെ പെയ്യുമെന്നമ്പിളിക്കൂട്ട് ....

മരങ്ങൾ കുളിരിടും കൊച്ചു നിലാവിടം,
പൊള്ളും വയറിനെ സ്വീകരിച്ചു ....
ആർദ്രതയാഴുന്ന കണ്ണുകൾ നാലിലും
കൗതുകം പാകുമെന്നമ്പിളിക്കൂട്ട് ...

വാക്കുകൾ പനിനീർ തളിച്ചു പിന്നെ
ഉള്ളം നിറയ്ക്കുന്ന സദ്യ തന്നു ...
കുട്ടിത്തം പാടിയുണർത്തും വിഷുക്കിളി
പ്പാട്ടായിമാറുമെന്നമ്പിളിക്കൂട്ട് ....

നിഴലുകൾ പയ്യെ കിഴക്കോട്ടു ചായവേ ,
കഴലുകൾ സമയമായെന്നു ചൊല്ലി
യാത്രാമൊഴികളിൽനിശ്ചലം നിൽക്കുന്ന
മാത്രകൾമാത്രമെന്നമ്പിളിക്കൂട്ട് ...

കൈക്കോട്ടുപേറിത്തഴമ്പിച്ച കൈയ്യുകൾ
കൈനീട്ടമായൊരു തുട്ടുതന്നു ...
കിണറൂറ്റുപോലെയന്നാദ്യമായി കിട്ടിയോ -
രാഹ്ലാദവെട്ടമെന്നമ്പിളിക്കൂട്ട് ...

ഇന്നുമാനാണയത്തുട്ടിൻ കിലുക്കത്തിൽ
കൊന്നകൾ പൂക്കുംവിഷുവുമെത്തും
തുണയായിവന്നേതുവേവിലുംവിടരുന്ന 
കണിയാണെനിക്കിന്നുമമ്പിളിക്കൂട്ട് .....

--- Sidheek Subair

*** അമ്പിളിക്കൂട്ട് - അമ്പിളിയെന്റെ സഹപാഠികളുടെ പ്രതീകം
- സിദ്ദീഖ് സുബൈർ -



No comments: