Jayan, Pothencode :: പഠനപ്പുരയിലെ അറിവിന്റെ ശബ്ദഗരിമ ...

Views:ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പൊഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ
(ജ്ഞാനപ്പാന)


അറിവിന്റെ വെളിച്ചം പകരുന്ന ഗുരുവിന് ഈശ്വരതുല്യമായ സ്ഥാനമാണുള്ളത്. 'ആചാര്യ ദേവോ ഭവ :' എന്നും 'മാതാപിതാഗുരു ദൈവ'മെന്നും പഴമക്കാർ ഉരുവിട്ടുപോന്നിരുന്നതും അതുകൊണ്ടുതന്നെ. ഈശ്വരതുല്യരായ അധ്യാപകർ ഒരു സമൂഹത്തെ മുഴുവൻ നന്മയുള്ളവരായി പാകപ്പെടുത്തി കൊടുക്കാറുണ്ട് അതുകൊണ്ടു തന്നെയാണ് അവരെ 'സോഷ്യൽ എൻജിനിയേഴ്സ് ' എന്ന് വിളിക്കുന്നത് .
ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അധ്യാപകൻ തന്നെയാണെന്ന മഹാത്മജിയുടെ വാക്കുകൾ ഓർക്കുമ്പോൾ തെളിയുന്ന മുഖം രാമചന്ദ്രൻ( കരൂർ ട്യൂട്ടോറിയൽസ്) സാറിന്റേതാണ്.ഘനഗംഭീരമായ ശബ്ദം, ഉച്ചാരണശുദ്ധി തുടങ്ങിയ ഗുണങ്ങളാൽ ഉത്തമനായ മാതൃകാ അധ്യാപകൻ. സാറിന്റെ ശബ്ദത്തിന് കരുത്തും ചിലപ്പോൾ മധുരവും തോന്നാറുണ്ട്. ഏറ്റവും വലിയ സാമൂഹ്യസേവനം അധ്യാപനമാണെന്ന് വിശ്വസിക്കുന്ന ഗുരുനാഥൻ. നേതൃപാഠവവും കഠിനാധ്വാനവും കൈമുതലാക്കിയ ഗുരു ശ്രേഷ്ഠനാണ് എം രാമചന്ദ്രൻനായർ. ഉജ്ജ്വലവാഗ്മിയും സംഘാടകനുമാണ് അദ്ദേഹം. അഭിപ്രായങ്ങൾ ഉറച്ചുപറയുകയും ഉറക്കെപ്പറയുകയും ചെയ്യുന്ന
വ്യക്തിത്വത്തിനുടമ. മലയാളം, ഹിന്ദി, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ ആയിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. ഹിന്ദി ഐച്ഛിക വിഷയമായാണ്
അദ്ദേഹം പഠിച്ചിരുന്നതെങ്കിലും മലയാളം പഠിപ്പിക്കുന്നതിൽ പ്രത്യേക കഴിവും സാമർത്ഥ്യവും ഉണ്ടായിരുന്നു. ബി.എഡ് പരീക്ഷയിൽ റാങ്ക് നേടുകയും പഠന മികവിന് സർവകലാശാല തലത്തിലും മറ്റും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സചിവോത്തമ ഷഷ്ട്യബ്ദപൂർത്തി സ്വർണ്ണമെഡലിനും അർഹനായി.

1964 ൽ കരൂർ മണ്ഡപകുന്നിൽ ശ്രീ കുഞ്ഞൻ മുതലാളി, ലക്ഷ്മി വിലാസം ഹൈസ്കൂൾ സ്ഥാപിച്ചു. തുടർന്നുനടന്ന എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനം നന്നേ കുറവായിരുന്നു. അക്കാലത്ത് മികച്ച രീതിയിലുള്ള ട്യൂഷൻ അടുത്തെങ്ങും കുട്ടികൾക്ക് ലഭ്യമായിരുന്നില്ല. പ്രദേശത്ത് ഒരു സമാന്തര വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ശ്രീ എം രാമചന്ദ്രൻനായർ 'കരൂർ ട്യൂട്ടോറിയൽസ് 'എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു.
(ഓലയും മുളയും കൊണ്ട് തീർത്ത മേൽക്കൂര... കഴുക്കോലായി തെങ്ങിൻതടികളും ... ചുമരുകൾ മണ്ണുകൊണ്ട് ... ക്ലാസ്മുറികൾ തിരിക്കാൻ പനംതട്ടികൾ ...എഴുതാൻ ശീമചുണ്ണാമ്പു കൊണ്ടുണ്ടാക്കിയ ചോക്ക്... പഴയ ട്യൂട്ടോറിയലുകളായ പഠനപ്പുരകളുടെ ഏകദേശരൂപം)
എസ്എസ്എൽസി തോറ്റവിദ്യാർഥികൾക്ക് പ്രൈവറ്റായി പരീക്ഷ എഴുതുന്നതിനുള്ള ട്യൂഷൻ നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. കുഞ്ചുവീട്ടിൽ രവീന്ദ്രൻ നായർ, രാമപുരത്ത് വാമദേവൻ തുടങ്ങിയവർ രാമചന്ദ്രൻ നായരോടൊപ്പം ചേർന്നു. തുടർന്ന് നടന്ന പരീക്ഷയിൽ മിക്ക കുട്ടികൾക്കും ഉന്നതവിജയം കരസ്ഥമാക്കുവാൻ കരൂർ ട്യൂട്ടോറിയൽസിന് കഴിഞ്ഞു. തുടർന്നുള്ള വർഷങ്ങൾ കരൂർ ടൂട്ടോറിയൽസിന്റെ
പുഷ്ക്കലകാലമായിരുന്നു. 1967 മുതൽ 2009 വരെയുള്ള നാലു പതിറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ചിരുന്ന കരൂർ ടൂട്ടോറിയൽസ് എന്ന പേര് ആയിരങ്ങളുടെ മനസ്സിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു.

എന്തായിരുന്നു കരൂർ ടൂട്ടോറിയൽസിന്റെ വിജയത്തിന്റെ രഹസ്യമെന്ന് ചോദിച്ചാൽ അദ്ദേഹം പറയും അധ്യാപകരെ നിയമിക്കുമ്പോൾ 'മികവി'ന് കൊടുത്തിരുന്ന പ്രാധാന്യം ഒന്നു
മാത്രമാണെന്ന്. അഭ്യസ്തവിവിദ്യരായ അധ്യാപകരും അർപ്പണബോധവും ആത്മാർത്ഥമായ അധ്യാപനരീതിയും ഒക്കെയാൽ മികച്ച റിസൾട്ട് സൃഷ്ടിച്ചെടുക്കുന്നതിന് കരൂർ ട്യൂട്ടോറിയൽസിന് കഴിഞ്ഞു. രാമചന്ദ്രൻ സാറിന്റെ ശിഷ്യരാണെന്ന് പറയുന്നതിൽ വിദ്യാർത്ഥികൾക്ക് എന്നും അഭിമാനമാണുള്ളത്. ഒപ്പം ഈ ലേഖകനും.

പിന്നീട് വന്ന പല സ്ഥാപനങ്ങൾക്കും
കരൂർ ടൂട്ടോറിയൽസ് ഒരു മാർഗദർശി ആയിരുന്നു. അക്ഷരവെളിച്ചം പകർന്ന് പോത്തൻകോടിന്റെ സമാന്തരവിദ്യാഭ്യാസ മേഖലയിൽ അമൂല്യസംഭാവന നൽകിയ കരൂർ ട്യൂട്ടോറിയൽസ് 2009 വരെ അക്ഷരകലയുടെ ആധികാരിക ശബ്ദമായി നിലകൊണ്ടു. രാമചന്ദ്രൻ സാർ വിശ്രമ ജീവിതത്തിലേക്ക് കടന്നപ്പോൾ സ്ഥാപനത്തിന്റെ മേൽനോട്ടം മറ്റ് അധ്യാപകർക്ക് നൽകി. എന്നാൽ അവരിൽ പലരും ജീവിതത്തിന്റെ പല കോണുകളിലേക്ക് ചേക്കേറിയപ്പോൾ കാലക്രമേണ കരൂർട്യൂട്ടോറിയൽസ്എന്ന സ്ഥാപനത്തിനും താഴിടേണ്ടി വന്നു.

സൗഹൃദത്തിന്റെ സ്നേഹക്കണ്ണികൾ ചേർത്ത് പ്രഗത്ഭരും പ്രശസ്തരുമായ നിരവധി അധ്യാപകരെ ഉൾക്കൊള്ളിച്ച് കരൂർ ടൂട്ടോറിയൽസ്
വിജയങ്ങൾ വാരിക്കൂട്ടി. നാലു പതിറ്റാണ്ടുകാലം കരൂർപ്രദേശത്ത് നിലനിന്ന കരൂർട്യൂട്ടോറിയൽസ് പതിനായിരങ്ങൾക്കാണ്
അറിവിൻറെ അത്ഭുതലോകം തുറന്നുകൊടുത്തത്. കഴിഞ്ഞകാല സമ്പാദ്യമായി എണ്ണിയാലൊടുങ്ങാത്ത ശിഷ്യന്മാർ രാമചന്ദ്രൻ സാറിനുണ്ട്.

ശ്രദ്ധേയരായ ശ്രേഷ്ഠവ്യക്തിത്വങ്ങൾ കരൂർ ട്യൂട്ടോറിയൽസിലെ അധ്യാപകരായിരുന്നു. കോലിയക്കോട് പ്രദേശത്തുനിന്നും വന്നിരുന്ന മോഹനൻസാറും ശശിസാറും അടുത്തിടെ അന്തരിച്ച മുരളിസാറും ചരിത്ര അധ്യാപകനായിരുന്ന കല്ലൂർ അസീസ് സാറും നിരവധി വർഷക്കാലം കരൂർ ട്യൂട്ടോറിയൽസിന്റെ നട്ടെല്ലുകളായി പ്രവർത്തിച്ചിരുന്ന അധ്യാപകരായിരുന്നു. ഇന്ന് ലക്ഷ്മി വിലാസം ഹൈസ്കൂളിലെ പല അധ്യാപകരും കരൂർ ടുട്ടോറിയൽസിലെ വിദ്യാർത്ഥികളായിരുന്നു.
ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട പതിനായിരങ്ങൾ കരൂർ ട്യൂട്ടോറിയൽസിന്റെ ശിഷ്യപരമ്പരയിൽ പെടുന്നു പ്രവർത്തനം നിലച്ച് വർഷങ്ങൾ
കഴിഞ്ഞെങ്കിലും കരൂർട്യൂട്ടോറിയൽസ്എന്ന പേരിന്റെസൗരഭ്യം ഇവിടെ തങ്ങിനിൽപ്പുണ്ട്.


വാക്കുകൾ കൊണ്ട് കനകം വിളയിക്കുന്ന അധ്യാപകനാണ് എം രാമചന്ദ്രൻ നായർ. ചുണ്ടിൽ നിന്ന് ഇറങ്ങിപോകാൻ മടിക്കുന്ന ഒരു ചിരി രാമചന്ദ്രൻ സാറിന്റെ
പ്രത്യേകതയാണ്. നിരവധി ആദരവുകൾ ഏറ്റുവാങ്ങിയ രാമചന്ദ്രൻ സാർ എസ്എംവി സ്കൂളിൽ നിന്നാണ് വിരമിച്ചത്. ശ്രീ പണിമൂല ദേവീക്ഷേത്ര പ്രസിഡന്റ്, അയിരൂപ്പാറ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. ശാരീരിക അവശത ഏറെയുണ്ടെങ്കിലും വാക്കുകളുടെ തീക്ഷ്ണത ഇപ്പോഴും ഏവരെയും ആകർഷിക്കും.വലിയ ബഹളങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ 'ഫലഭാരേണ തരുക്കൾ നമിച്ചിടും പോലെ' അറിവിന്റെ ഗുരുശ്രേഷ്ഠൻ വിനയാന്വിതനാണ്. മാനസിക വെല്ലുവിളി നേരിടുന്ന 35 വയസ്സുള്ള മകൾ അഞ്ജുവിനെക്കുറിച്ചുള്ള ആകുലതയും കാഴ്ചത്തകരാറുകൾ പോലുള്ള ശാരീരിക പ്രശ്നങ്ങളും സ്വകാര്യ ദുഃഖത്തിന്റെ ബാക്കിപത്രങ്ങളാണ്.

തന്റെ ബുദ്ധിമാന്ദ്യമുള്ള മകളോടുള്ള സ്നേഹ വാത്സല്യത്തിന്റെ പ്രതീകമാണ് കരൂർ അംഗൻവാടി..  പഞ്ചായത്തു വക കരൂർ അംഗൻവാടി സ്ഥിതി ചെയ്യുന്ന 'അഞ്ജു മന്ദിരം' രാമചന്ദ്രൻ സാർ സൗജന്യമായി നൽകിയ ഭൂമിയിലാണ് പ്രവർത്തിക്കുന്നത്. 

സ്വകാര്യ ദു:ഖങ്ങളിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിഴൽപോലെ നിൽക്കാൻ ഭാര്യ അംബിക ഉണ്ടെന്നുള്ളത് ഏറെ ആശ്വാസമാണ്. ഒപ്പം മകൾ ഷീബയും മരുമകൻ സൂരജും, പേരക്കുട്ടികളായ സിദ്ധാർത്ഥും പത്മതീർത്ഥയും. 


പഠനപ്പുരയിലെ അറിവിന്റെ ശബ്ദഗരിമയ്ക്ക് അടുത്ത വർഷം അശീതി. അക്ഷര വെളിച്ചം പകർന്ന് നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ അമൂല്യ സംഭാവന ചൊരിഞ്ഞ ഗുരുനാഥന് സ്നേഹാശംസകൾ.

--- Jayan, PothencodeNo comments: