Sidheek Subair :: കേക്ക്

Views:ക്ലാസിൽ പുറകിലെ ബഞ്ചിലാണ്,
ആവതും പമ്മിപ്പതുങ്ങലാണ്,
ആധികൾ പാറും നിഴലുമാണ്,
മിണ്ടിത്തുടങ്ങിയതന്നാണ് ....

ഏട്ടിലും മേട്ടിലും വാട്ടമാണ്,
വീട്ടിലും പട്ടിണിത്തോട്ടമാണ്,
കാറിരുൾ തിങ്ങിടും വാക്കുമാണ്,
കണ്ണു നിറച്ചതുമന്നാണ് ...

മക്കളെന്നോർക്കുന്ന ടീച്ചറാണ്,
മോഹം പകർത്താൻ പറഞ്ഞതാണ്,
ഒറ്റയ്ക്കു തിന്നാൻ കൊതിയുമാണ്,
കേക്കെന്നെഴുതിയതന്നാണ് ...

വേറിട്ട മോഹാക്ഷരങ്ങളാണ്,
മധുരം പൊതിഞ്ഞതിൽ സ്നേഹമാണ്,
തിരിച്ചും മറിച്ചും മണത്തുമാണ്, 
കൗതുകം പൂവിട്ടതന്നാണ് ...

ബെല്ലടി കേൾക്കാതൊരോട്ടമാണ്,
ആർക്കുമേ നൽകാതെടുത്തതാണ്,
ഇന്നോളമറിയാത്ത രുചിയുമാണ് ,
അക്ഷരമുണരുന്നതന്നാണ് ...

- സിദ്ദീഖ് സുബൈർ -No comments: