Vinitha V N :: എന്‍റെ അച്ഛന് മരിക്കാൻ കഴിയില്ല

Views:
 


അച്ഛന്‍റെ Rajdoot ബൈക്കിന്‍റെ ശബ്ദം വളരെ ദൂരത്തുനിന്ന് കേൾക്കുമ്പോൾ തന്നെ അറിയാതെ switch off ആകുന്ന ഒരു TV ഉണ്ടായിരുന്നു ഞങ്ങളുടെ വീട്ടിൽ. പിന്നെയുള്ള നിമിഷങ്ങൾ നിർണ്ണായകമായിരുന്നു. വീട്ടിലെ എല്ലാ സാധങ്ങളും അതാതുസ്ഥാനങ്ങളിൽ വയ്ക്കപ്പെടുന്നു...  അച്ചടക്കത്തോടെ ഞാനും വിനയയും മുറിയിൽ എത്തപ്പെടുന്നു... പാഠപുസ്തകങ്ങൾ തുറക്കപ്പെടുന്നു... ഉറക്കെ പുസ്തക പാരായണം തുടങ്ങുന്നു ...... അച്ഛന്‍റെ ചൂരൽവടിയുടെ ചൂട് അത്രക്കും ഞങ്ങൾക്ക് പേടിസ്വപ്നം ആയിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും അച്ഛന്‍റെ മുന്നിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.

അങ്ങേഅറ്റം കർക്കശക്കാരനായ അച്ഛന്‍റെ മനസ്സിൽ സ്നേഹത്തിന്‍റെ കരുതലിന്‍റെ വാത്സല്യത്തിന്‍റെ ഒരു സാഗരം തന്നെ ഉണ്ടെന്ന് മനസിലാക്കാൻ ഹൈസ്കൂൾ ക്ലാസ്സ്‌ വരെ എത്തേണ്ടിവന്നു. ഞങ്ങൾക്ക് ആർക്കെങ്കിലും ഒരു ചെറിയ പനി വന്നാൽപ്പോലും കണ്ണുപൊട്ടുന്ന രീതിയിൽ ശകാരിച്ചിരുന്ന അച്ഛന്‍റെ മനസ്സ് അമ്മയേക്കാൾ ആകുലപ്പെട്ടിരുന്നു എന്നും വളരെ വൈകിയാണ് മനസിലായത്

പിന്നെ പതിയെ പതിയെ അച്ഛൻ ഞങ്ങൾക്ക് ഒരു അത്ഭുതമാവാൻ തുടങ്ങി. അഭിമാനമാണോ ബഹുമാനമാണോ സ്നേഹമാണോ ആദരവാണോ അച്ഛനോട് കൂടുതൽ തോന്നിയിരുന്നത് എന്ന് അറിയില്ല. പൂർവവിദ്യാർഥികളുടെ, സഹപ്രവർത്തകരുടെ, സുഹൃത്തുക്കളുടെ, സംഘടനാപ്രവർത്തകരുടെ (എതിർ ചേരിയിൽ ഉള്ളവർ ഉൾപ്പെടെ) ഒക്കെ വാക്കുകളിൽനിന്ന് അച്ഛനെ അറിയാൻ ശ്രമിക്കുകയായിരുന്നു ഇതുവരെ.

പെണ്മക്കൾ ആദർശവതികളാകണമെന്നും അഭിമാനത്തോടെ തലഉയർത്തിനിന്ന് ആത്മവിശ്വാസത്തോടെ ചിരിച്ചുകൊണ്ട് സംസാരിക്കണമെന്നും പറഞ്ഞുതരാതെതന്നെ അച്ഛൻ പഠിപ്പിച്ചുതന്നു

2001 ജൂൺമാസം 6ആം തീയതി അധ്യാപികയായി കണിയാപുരം മുസ്ലിം ഹയർസെക്കന്ററി സ്കൂളിന്‍റെ പടികയറിയപ്പോൾ എന്‍റെ അച്ഛൻ ഒന്നേ പറഞ്ഞുള്ളു.. " നിന്‍റെ മുന്നിലിരിക്കുന്ന കുട്ടികളെ നിന്‍റെ സ്വന്തം മക്കളായി കാണാൻ എന്ന് സാധിക്കാതെ വരുന്നോ അന്ന് ഈ പണി നിർത്തിയേക്കുക ". പിന്നെയങ്ങോട്ട് അച്ഛന്‍റെ നാവിൽനിന്ന് എന്നെ അംഗീകരിക്കുന്ന ഒരു വാക്കെങ്കിലും കിട്ടുവാൻവേണ്ടി നല്ല അധ്യാപികയാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടായിരുന്നു. എത്രത്തോളം സഫലമായി എന്ന് അറിയില്ല... എന്നാലും....

കഥകളിപ്പ്രിയനായ അച്ഛന്‍റെ ബൈക്കിന്‍റെ മുന്നിലിരുന്ന് കുട്ടിക്കാലത്ത് എത്രയോ ഉത്സവപ്പറമ്പുകളിൽ വെളുപ്പാൻകാലം വരെ കഥകളി കാണിച്ചുതന്നതും മധുരമുള്ള ഓർമ്മകൾ

ഞങ്ങൾ മൂന്നുമക്കളാണ് അച്ഛന്. ആദ്യത്തേത് " Star College ". അച്ഛന്‍റെ ആത്മാവിൽനിന്ന് ജനിച്ച കുട്ടി .... അതിനുശേഷമേ ഉള്ളൂ ഞങ്ങൾ. അതുകൊണ്ടുതന്നെ star college നോട് കുറച്ച് അസൂയയും ഉണ്ടായിരുന്നു

ഓരോ ഓരോ പദവിയിലേക്കും ഉയർത്തപ്പെടുമ്പോൾ "അവൾ എന്‍റെ ജീവിതത്തിൽ വന്നതിനുശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല" എന്ന് ഞങ്ങളുടെ പാവം അമ്മയെക്കുറിച്ച് അഭിമാനത്തോടെ ഞങ്ങളോട് പറയുമായിരുന്നു അച്ഛൻ

ഒരു phonecall ന്‍റെ അങ്ങേ തലയ്ക്കൽ എത്ര വലിയ പ്രശ്നങ്ങൾക്കും ഞങ്ങൾക്ക് പരിഹാരമുണ്ടായിരുന്നു

ഒടുവിൽ രോഗപീഡ ശാരീരികമായി തളർത്തിയപ്പോഴും തോറ്റുകൊടുക്കാൻ തയാറല്ലാത്ത ഉറച്ച ഒരു മനസിൽനിന്നും വന്നിരുന്ന തീരുമാനങ്ങളിൽ അച്ഛനിലെ ഒരു പോരാളിയെ ഞങ്ങൾ കണ്ടു

ഇന്നിപ്പോൾ അച്ഛൻ പൊയ്ക്കഴിഞ്ഞപ്പോൾ നാനാതുറകളിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്കെത്തിയ നല്ല മനുഷ്യരുടെ വാക്കുകളിൽ നിന്ന് ഒരുകാര്യം വ്യക്തമായി "എന്‍റെ കർമ്മമാണ് എന്‍റെ ദൈവം" എന്ന് അടിയുറച്ചു വിശ്വസിച്ചിരുന്ന ഞങ്ങളുടെ അച്ഛൻ ഒത്തിരി ഒത്തിരി നല്ല മനുഷ്യരുടെ മനസ്സിൽ എന്നും ജീവിക്കും

എന്‍റെ അച്ഛന് മരിക്കാൻ കഴിയില്ല

9 comments:

Kaniya puram nasarudeen.blogspot.com said...

വിക്രമൻ സാറിനെ കുറിച്ച് മകൾ എഴുതിയ കുറിപ്പ് വായിച്ചു.നല്ല കുറിപ്പ്...

SUNIL said...

പ്രിയ നേതാവിന് പ്രണാമം

Unknown said...

മക്കളായ നിങ്ങൾ അച്ഛനെ സ്നേഹിച്ച പോലെ ഞങ്ങളും അദ്ദേഹത്തെ സ്നേഹിച്ചു, ബഹുമാനിച്ചു, എന്റെ റോൾ മോഡൽ ആയിരുന്നു വിക്രമൻ നായർ സാർ

Unknown said...

ഹൃദയ സ്പർശിയായ ലേഖനം

Unknown said...

🙏🏻

Unknown said...

🙏🏻

Unknown said...

🙏🏻

Unknown said...

🙏🏻

Unknown said...

🙏🏻

ജനപ്രിയരചനകൾ (30 ദിവസത്തെ)