കഥ :: Smitha R Nair :: ഒരു കുടിയേറ്റവും, അനന്തര സംഭവങ്ങളു

Views:പ്രളയഭീതിയിൽ കിട്ടിയ കാശിനു വീടും സ്ഥലവും വിറ്റ് മഴക്കാലത്തിനു മുന്നേ കുട്ടനാട്ടീന്ന് കെട്ടിപ്പെറുക്കി ഇങ്ങു പോന്നു. 

കോട്ടയം ജില്ലയിലെ ഒരുൾ നാടൻ ഗ്രാമത്തിൽ ആന്‍റണിയും, ഗ്ലോറിയും മൂന്നു പിള്ളേരും പൊറുതി തുടങ്ങി..അറയും നിരയുമുള്ള പഴയ ഒരു തറവാടാണ്. ഒരേക്കർ പുരയിടം.കാപ്പിയും, കുരുമുളകും പിന്നെ കുറച്ചു തെങ്ങുമൊക്കെയുണ്ട്..

കാർന്നോരു മരിച്ചപ്പോൾ മകൾ വിറ്റതാണ്.... ഗ്രേസിയുടെ അമ്മാച്ചനാണ് ഇത് ഇടപാടാക്കിതന്നത്.. കുറച്ചു സ്വർണ്ണം ഒക്കെ ഉണ്ടായിരുന്നത് തൂത്തു പെറുക്കി വിറ്റു..

"ഇനീം അതൊക്കെ ഒണ്ടാക്കാവുന്നതേ ഉള്ളൂ... പെങ്കൊച്ചിനിപ്പം മൂന്നു വയസ്സല്ലേ ആയൊള്ളൂ.. ഇത് കൊണ്ട്‌ വിൽക്ക് അച്ചായാ."

"നീ നല്ല മനസോടെ ആണല്ലോ അല്ലേ തരുന്നത്, പിന്നെ എന്‍റെ സ്വർണ്ണം മുഴുവൻ ഇതിയാൻ വിറ്റു എന്ന് പറഞ്ഞേക്കല്ല്.."

അവൾ വെളുക്കെ ഒന്ന് ചിരിച്ചു.പിന്നെ ആന്‍റണി ഒന്നും ആലോചിച്ചില്ല.
പശുവിനേം, ആടിനേം, കോഴിയേം ഒക്കെ പായ്ക്ക് ചെയ്തു ഇങ്ങോട്ട്.... നല്ല വളക്കൂറുള്ള മണ്ണ്. അതാണ് ആന്‍റണിക്ക് ഏറെ സന്തോഷം തോന്നിയത്..
ഇവിടെ വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ അവൾ പറയുന്നു.

"അച്ചായാ.. തട്ടിൻ പുറത്തുനിന്ന് തറയിലേക്ക് എന്തോ വെള്ളം വീഴുന്നു..വല്ലാത്ത നാറ്റമാ അതിന് ,പിന്നെ ഇടക്കൊക്കെ എന്തൊക്കെയോ ശബ്ദവും.."

"നിനക്ക് തോന്നിയതാരിക്കും.."

"ദേ നോക്കിക്കേ..."

തറയോടിനു മുകളിൽ തളം കെട്ടിക്കിടക്കുന്ന രൂക്ഷ ഗന്ധമുള്ള ദ്രാവകം.. മൂത്രത്തിന്‍റെ ഗന്ധം. 

"നിങ്ങള് ഒന്ന് കേറി നോക്കെന്നെ .... "

"ആ ടോർച്ചിങ്ങെടുത്തേ... നോക്കട്ടെ."

ഒരു സ്റ്റൂളൊക്കെയിട്ട് മരം കൊണ്ടുള്ള പലക ഉയർത്തി ടോർച്ചടിച്ചു നോക്കി. ഒരു മുട്ടനെലി പാഞ്ഞു പോയി.. ചിതറിക്കിടക്കുന്ന പലകക്കഷണങ്ങളും, മരക്കസേരകളും, ഉപയോഗശൂന്യമായ എന്തൊക്കെയോ സാമഗ്രികളും. അതിനിടയിൽ മൂലക്കായി തിളക്കമാർന്ന രണ്ടു കണ്ണുകൾ... 
പൂച്ചയേക്കാൾ വലിപ്പം.
'മരപ്പട്ടി ".

പലക താഴ്ത്തി വച്ച് താഴെയിറങ്ങി.

ആകാംക്ഷയോടെ നിൽക്കുന്ന ഭാര്യയും മക്കളും..
അയാൾക്ക് ചിരി പൊട്ടി. 

"ഇവിടെ നമ്മളെക്കൂടാതെ വേറെ അന്തേവാസികളുമുണ്ടെടാ മക്കളേ"

"ആരാ അച്ചാച്ചാ" ഹണി മോൾ ചോദിച്ചു.

''അതോ... മരപ്പട്ടി എന്നു പറയും."

''ഒന്നു കാണിക്ക് അച്ചാച്ചാ... പ്ലീസ് " ജോവാനും, ജോയ്സും.... "

"നമുക്ക് ആരെയെങ്കിലും വിളിച്ച് അതിനെ പിടിക്കാം,അപ്പോ കാണാലോ " 
അതു കേട്ടതും പിള്ളേരു ഹാപ്പിയായി.....

ആകെ ഒരു പ്രയാസം എന്താന്നു വച്ചാ അയൽക്കാരു കുറവാ.. കുറേയേറെ സ്ഥലം ഉള്ളവരാ അടുത്തൊക്കെ.അതിന്‍റെ നടുക്കൊരു വീടും....

ഗ്ലോറിക്കാണേൽ മിണ്ടീം പറഞ്ഞും മനോരമ വീക്കിലിയിലെ നോവലിന്‍റേം, സീരിയലിന്‍റേമൊക്കെ കഥ പറയാനും, ഇച്ചിരി പരദൂഷണം പറയാനുമൊക്കെ ആളെക്കിട്ടാത്തേന്‍റെ ദെണ്ണം.

ഒന്ന് കൂവിയാൽ കേൾക്കുന്ന ഇടത്ത് അപ്പുചേട്ടന്‍റെ വീടുണ്ട്..അവിടെ കൊച്ചു പിള്ളേരൊന്നുമില്ല. ഒരു മോളുണ്ട് പ്ലസ് ടുവിനു പഠിക്കുന്നു..

പുള്ളി അതി രാവിലെ തലയിൽ ലൈറ്റൊക്കെ ഫിറ്റ്‌ ചെയ്തു റബ്ബർ വെട്ടുന്നത് കാണാം... നേരം പരപരാണ് വെളുക്കുമ്പോളേക്കും റബ്ബർ വെട്ട് കഴിയും.

പിന്നെ ഉള്ള അയല്പക്കമെന്ന് പറഞ്ഞാൽ ഖദീജുമ്മായും, അവരുടെ മകൻ നൗഷാദുമാണ്....

ഈ വീടിനു വലതു വശത്തായി മൂന്നാലേക്കർ പുരയിടം കാടു മൂടികിടക്കുന്നു... 

അപ്പുച്ചേട്ടൻ പറഞ്ഞത് 
 "ഇതിന്റെ ഉടമസ്ഥർ ആണ്ടിനും  സംക്രാന്തിക്കുമൊക്കെയാ ഒന്ന് തല കാട്ടാറുള്ളത്.. വീടൊക്കെ നശിച്ചു പോയി. ആ പറമ്പിനുള്ളിൽ ഒരു ചെറിയ കാവുണ്ട്... വല്ലപ്പോഴും അവിടെ നട തുറക്കാറുണ്ട്.. ആ സമയത്തു ആരെങ്കിലും വന്നു കുറച്ചു കാടൊക്കെ വെട്ടിത്തെളിക്കും."എന്നാ. എന്തേലുമാകട്ടെ. 

"അങ്ങോട്ടൊന്നും പോകണ്ട " എന്ന് മക്കളെ ശട്ടം കെട്ടാൻ ആന്റണി മറന്നില്ല..

വാഴവിത്ത് കൊണ്ടു വന്നത് കുഴിച്ചു വെക്കുന്ന ജോലിയിലായിരുന്നു ഭാര്യയും, ഭർത്താവും.. ഊണ് കഴിഞ്ഞപ്പോൾ ഇറങ്ങിയതാ. 

പിള്ളേര് ടിവിയിൽ ഏതോ ഇടിപ്പടം കാണുന്നു.. സ്കൂളിൽ പോക്കില്ലാത്തത് കൊണ്ട്‌ ഇതാണ് ഇപ്പോൾ പരിപാടി. പുതിയ സ്കൂളിൽ പോകാൻ ഭാഗ്യം കിട്ടിയില്ല ഇതേ വരെ.. ഓൺലൈൻ ക്ലാസ്സ്‌ ഉള്ളപ്പോൾ കേറിയാൽ മതി.. സുഖം.

പണി തുടങ്ങി.. രണ്ടു വട്ടം വെള്ളം കുടിച്ചിട്ടും.. ആന്‍റണിക്ക് തൊണ്ട വരളുന്ന പോലെ തോന്നി.

"എടീ.. ഇച്ചിരി വെള്ളം ഇങ്ങെടുത്തെ.. വിയർപ്പൊന്നാറ്റട്ടെ..."
ഗ്ലോറി നോക്കിയപ്പോൾ മൊന്തയിൽ വളരെ വെള്ളം കുറച്ചു മാത്രമേ ഉള്ളു..

"അച്ചായാ ഞാൻ കുറച്ചു വെള്ളം കൊണ്ടു വരാം.."
ഗ്ലോറി തോർത്ത്‌ കൊണ്ട്‌ മുഖമൊന്നു തുടച്ചു. സ്വതവേ ഇരുണ്ട അവളുടെ മുഖം വിയർത്തു തുടുത്തു.

"വേഗം വരണം സന്ധ്യക്ക്‌ മുന്നേ തീർക്കണം "

"അച്ചായാ.."

"എന്താ.."

"ഇങ്ങോട്ട് ഓടി വാ...ദേ കുറുക്കൻ.."

അയാൾ തൂമ്പാക്കൈയും കൊണ്ട്‌ ചെന്നപ്പോഴേക്കും മെല്ലെ തിരിഞ്ഞു നോക്കി കുറ്റിക്കാട്ടിലേക്ക് നിലത്തു കൂടി ഇഴയുന്ന നീളമുള്ള വാലുമായി അതു മറയുന്നതാണ് കണ്ടത്.

"ഓഹോ.. ഇങ്ങേരാണോ രാത്രിയിൽ കൂവിതിമിർക്കുന്നത്?

"വേറെയും കാണും അല്ലേ?'

"അതേടി.. നിക്ക് ഞാനും വരുവാ ഇരുട്ടു വീണു .. ബാക്കി ഇനി നാളെയാവട്ടെ.."

തൂമ്പയും, കുട്ടയും ഒക്കെയെടുത്ത് രണ്ടു പേരും മുകളിലോട്ട് കയറാൻ തുടങ്ങി.
അന്തിവാനം ചുവന്നു തുടങ്ങിയിരുന്നു.. കിളികൾ കൂട്ടമായി മരങ്ങളിലേക്ക് ചെക്കേറുന്നു.

"ആ പിള്ളേര് മൂന്നും കൂടെ വീടെടുത്തു തിരിച്ചു വെച്ചു കാണും"

"വേഗം നടക്ക്.."

അരീക്കലെ പുരയിടത്തിനു മുകളിലേക്ക് ദൃഷ്ടി പതിഞ്ഞത് പെട്ടെന്നാണ്.

"ഗ്ലോറി.. ദേ അങ്ങോട്ട്‌ നോക്കിയേ.."

വൃക്ഷങ്ങൾ ഇടതിങ്ങിയ പുരയിടത്തിനു മുകളിൽ ഒരു തീഗോളം. അതു തുള്ളി തുള്ളി ചുറ്റിനും ജ്വാല വിതറി.. ഒരു നിമിഷം കൊണ്ട്‌ എങ്ങോട്ടോ അപ്രത്യക്ഷമായി..

"അച്ചായാ.. എനിക്ക് പേടിയാകുന്നു...എന്താ അത്..." 

"നീ പോ പെണ്ണേ.. എന്തേലും ആകട്ടെ.. ഇനി പിള്ളേരോട് വിളമ്പാൻ നിൽക്കണ്ട.പോയി കുളിച്ചേച്ച് കുരിശു വരച്ച് കർത്താവിന െമുട്ടിപ്പായി പ്രാർത്ഥിക്കാം .."

അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും,പഴമക്കാർ പറയാറുള്ള ചില വരത്തുപോക്കുകൾഅയാൾക്ക് ഓർമ്മ വന്നു..

കുഞ്ഞിലേ അപ്പുറത്തെ മാധവിയമ്മയും, അമ്മച്ചിയും പറയുന്ന കഥകൾ കേട്ട് എത്ര രാവുകൾ പേടിച്ച് ഉറങ്ങാതെ ഇരുന്നിട്ടുണ്ട്......

ശാസ്ത്രം ഇതിനെക്കുറിച്ച് ഒക്കെ പറയുന്നുണ്ടെങ്കിലും, ഉത്തരം കിട്ടാത്ത എന്തോ ഒന്ന് ആന്‍റണിയെ വീർപ്പു മുട്ടിച്ചു..

മനുഷ്യന് അറിയാത്ത എന്തൊക്കെയോ നിഗൂഢതകൾ അവിടെ ഉണ്ട് എന്നയാളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..

ഉറങ്ങാൻ കിടക്കുമ്പോളും ആന്‍റണിയുടെ ചിന്തയിൽ ഉജ്ജ്വല പ്രഭ വിതറുന്ന ആ തീഗോളം ആയിരുന്നു.. No comments: