K V Rajasekharan കശ്മീർ: മോദിയുടെ ഭാരതം മുന്നോട്ട് നെഹ്രുവും സഖാക്കളും വളർത്തിയ വിഘടനവാദത്തിന്‍റെ വേരറക്കും

Views:

കശ്മീർ: മോദിയുടെ ഭാരതം മുന്നോട്ട് 
നെഹ്രുവും സഖാക്കളും വളർത്തിയ വിഘടനവാദത്തിന്‍റെ വേരറക്കും
കെ വി രാജശേഖരന്‍
+91 9497450866

'കശ്മീരിലെ പുതിയ നീക്കങ്ങൾ'  എന്ന ശീർഷകത്തോടെ  ജന്മഭൂമി (ജൂലൈ 1) പ്രസിദ്ധീകരിച്ച ലേഖനം  (Pre-edited version പൂർണ്ണരൂപം)
കശ്മീരിന്‍റെ ധന്യപാരമ്പര്യത്തിന്‍റെ ചരിത്രരേഖയാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ കൽഹണൻ രചിച്ച സംസ്കൃത  കൃതി 'രാജതരംഗിണി'. ആ ഗ്രന്ഥത്തിന്  രഞ്ജിത് സീതാറാം പണ്ഡിത് തയാറാക്കിയ ഇംഗ്ലീഷ് പരിഭാഷയുടെ അവതാരികയിൽ  അദ്ദേഹത്തിന്‍റെ ഭാര്യ വിജയലക്ഷ്മി പണ്ഡിറ്റിന്‍റെ സഹോദരൻ ജവഹർലാൽ നെഹ്റു എഴുതി: 'കശ്മീരിനെയും അതിന്‍റെ മനംമയക്കുന്ന സൗന്ദര്യത്തികവിനെയും എന്നും പ്രേമിക്കുന്ന എന്‍റെ ഉള്ളിന്‍റെ ഉള്ളിൽ മറഞ്ഞു കിടക്കുന്നതും ഒട്ടുമുക്കാലും ഞാൻ മറന്നു പോയതുമായ എന്തോ ചിലത്,   ഒരിക്കൽ ജന്മ നാടായിരുന്ന, എന്നോ ഒരിക്കൽ ഞങ്ങൾ വിട്ടു പോന്ന, ആ നാടിന്‍റെ വിളികേട്ട് ഇളകുന്നു.  ആ വിളിയോട് ഞാൻ പ്രതികരിക്കേണ്ടതു പോലെ പ്രതികരിക്കാൻ കഴിയാത്തതുകൊണ്ട് അത് കേവലം സ്വപ്നങ്ങളും മോഹങ്ങളുമാക്കി മനസ്സിലൊതുക്കുകയേ എനിക്ക് നിവൃത്തിയുള്ളു.'  യാദൃച്ഛികമാണെങ്കിലും, കശ്മീരിന്‍റെ ചരിത്രം പരിഭാഷപ്പെടുത്തിയ സീതാറാം പണ്ഡിത്തും കശ്മീരിലേക്ക് ചരിത്രം രചിക്കാൻ കടന്നു ചെന്ന ഡോ ശ്യാമ പ്രസാദ് മുഖർജിയെ പോലെ ഭരണകൂടം ഒരുക്കിയ തടവിൽ കൊല്ലപ്പെടുകയായിരുന്നു.  സീതാറാം പണ്ഡിത് 1944ൽ ലഖ്നൗവിലെ ബ്രിട്ടീഷ് ജയിലിൽ മരുന്നും ചികിത്സയും കിട്ടാതെ മരിക്കുകയായിരുന്നു.  അന്ന് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ, 1948ൽ അദ്ദേഹത്തിന്‍റടുത്ത് സൗഹൃദ സന്ദർശനത്തിനെത്തിയ വിജയലക്മി പണ്ഡിറ്റിനോട്, ആ മരണത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്വം അംഗീകരിച്ചു കൊണ്ട് ഞങ്ങൾ സീതാറാമിനെ കൊല്ലുകയായിരുന്നെന്ന് ക്ഷമാപണ സൂചകമായി ഏറ്റു പറഞ്ഞുയെന്ന്  രേഖകളിലുണ്ട്. പക്ഷേ  ഭാരതീയ പൊതുജന സമൂഹത്തിന്‍റെ പ്രതിനിധിയായി കശ്മീരിലേക്ക് കടന്നു ചെന്ന ഡോ ശ്യാമ പ്രസാദ മുഖർജിയെ പ്രധാനമന്ത്രി നെഹ്രുവും 'പ്രധാന മന്ത്രി ഷേക്ക് അബ്ദുള്ളയും ചേർന്ന് തടവിലാക്കി ഇല്ലാതാക്കുകയായിരുന്നു.  ആ കുറ്റം ഏറ്റു പറഞ്ഞ് ഭാരതത്തോട് ക്ഷമ ചോദിക്കുവാൻ നെഹ്രു തയാറായിട്ടുപോലും ഇല്ല.  

'പ്രതികരിക്കേണ്ടതു പോലെ പ്രതികരിക്കാതിരുന്ന' നെഹ്രുവിനെയും സഖാക്കളെയും തിരുത്തിക്കൊണ്ട്, ഡോ ശ്യാമ പ്രസാദ് മുഖർജി തുടങ്ങിവെച്ച  ചരിത്ര ദൗത്യമാണ് ജമ്മു-കശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് വീണ്ടും കൊണ്ടുവരുന്നതിലൂടെ, നരേന്ദ്രമോദി ആത്മവിശ്വാസത്തോടെ, അനന്യസാധാരണമായ ആസൂത്രണ മികവോടെ തുടർന്ന് മുന്നേറുന്നത്.

നെഹ്രുവിന്‍റെ സഖാക്കൾ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഷേക്ക് അബ്ദുള്ളയേയും കൂട്ടരെയും മാത്രമല്ല. ഭാരതീയ ദേശീയ ഐക്യത്തിന് കുതികാലുവെട്ടികളായി ഇന്നും തുടരുന്ന കമ്യൂണിസ്റ്റുകളും അതിലുൾപ്പെടുന്നു.  വിഭാഗീയതയുടെ വിത്തുപാകി മഹാരാജാ ഹരി സിങ്ങിനെ നിഷ്കാസിതനാക്കി  സിംഹാസനം പിടിക്കാൻ 1920കളുടെ അവസാനം മുതൽ കുതന്ത്രങ്ങൾ ആരംഭിച്ച ഷേക്ക് അബ്ദുള്ളയ്ക്ക് നിർണ്ണായക സന്ദർഭങ്ങളിൽ (വിശേഷിച്ചും 1940കളിൽ) വേണ്ട പിന്തുണ നൽകിയത് കമ്യൂണിസ്റ്റുകളായിരുന്നു.  1944ൽ ഷേക്ക് അബ്ദുള്ള മുന്നോട്ടു വെച്ച കശ്മീർ മാനിഫെസ്റ്റോ പോലും കമ്യൂണിസ്റ്റുകളുടെ സംഭാവനയായിരുന്നു. കമ്യൂണിസ്റ്റ് പക്ഷപാതിയായ ഗ്രന്ഥകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന ആൻഡ്രൂ വൈറ്റ്ഹെഡ്,  കശ്മീർ യൂണിവേഴ്സിറ്റിയിലെ ഒരു പ്രഭാഷണവേളയിൽ,  എവിടെ നിന്നാണ് കശ്മീർ മാനിഫെസ്റ്റോ വന്നതെന്ന ചോദ്യത്തിന് ഉത്തരം നൽകിയത് ഇങ്ങനെയാണ്: 'നിങ്ങൾ സ്റ്റാലിന്‍റെ ഭരണഘടന ഒരു കയ്യിലും 'ന്യൂ കഷ്മീർ മാനിഫെസ്റ്റോ' മറു കയ്യിലും എടുത്താൽ അത് ഒരു വെട്ടിയൊട്ടിച്ച സൃഷ്ടിയാണെന്നു പറയും.  ചില ഖണ്ഡികകളാണെങ്കിൽ മൊത്തം കോപ്പിയടിച്ചതാണ്. അവിടെ നിന്നാണ് ഈ ആശയങ്ങളൊക്കെ വന്നത്.'  

അത്തരത്തിൽ ജമ്മു-കശ്മീരിൽ വിഘടനവാദം വിതച്ച കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യമെന്തായിരുന്നു?  

 ഉത്തരം കണ്ടെത്താൻ കുറച്ചു പുറകോട്ടു പോകേണ്ടിവരും.   ഇൻഡ്യൻ കമ്യൂണിസ്റ്റുകൾ തുടക്കം മുതലേ തൊഴിലാളി സമൂഹത്തെ സംഘടിപ്പിച്ച്  വർഗസമരം നടത്തി  ഭരണമാറ്റം കൊണ്ടുവരുന്നതിന് പകരം രാജ്യത്തിന് പുറത്തുള്ള കമ്യൂണിസ്റ്റ് അധികാരകേന്ദ്രങ്ങൾ വഴി അധികാരം പിടിക്കാൻ എളുപ്പവഴി അന്വേഷിച്ചലഞ്ഞവരാണ്.    റഷ്യൻ വിപ്ലവത്തിനു ശേഷം ലെനിൻ/സ്റ്റാലിൻ ഭരണകൂടങ്ങളിലായിരുന്നു ഇൻഡ്യയിലെ കമ്യൂണിസ്റ്റുകാരുടെ  പ്രതീക്ഷ.  
  
ഭാരതം സ്വതന്ത്രയാകുന്ന സാഹചര്യത്തിൽ  ഒന്നായി ശക്തമാകുന്നതിനേക്കാൾ പലതായി പിരിഞ്ഞ് ദുർബല ചെറുരാജ്യങ്ങളായി മാറുന്നതിലായിരുന്നു കമ്യൂണിസ്റ്റുകൾക്ക് താത്പര്യം.  തന്ത്രപ്രധാനമായ കശ്മീരിൽ സ്റ്റാലിന്‍റെ സ്വാധീനത്തോടെ ഷേക്ക് അബ്ദുള്ളയുടെ ഭരണമുണ്ടായാൽ കാലക്രമേണ സോവിയറ്റ് ഇടപെടലിലൂടെ ഭാരതത്തിലും പാക്കിസ്ഥാനിലുമെല്ലാം ചുവപ്പ് കൊടിനാട്ടാമെന്ന കുതന്ത്രമായിരുന്നിരിക്കണം അവരുടെ രണതന്ത്രം.  (വിജയിച്ചാൽ സ്റ്റാലിൻ സ്വന്തം സാമ്രാജ്യമാക്കി മാറ്റുമോ ഇൻഡ്യൻ കമ്യൂണിസ്റ്റുകാരെ ഭരണം ഏൽപ്പിക്കുമോയെന്ന് ചിന്തിക്കുവാൻ, പ്രത്യയശാസ്ത്രപരമായി മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട മാക്സിസറ്റുകാർ തയാറില്ലായെന്നതാണ് ഏറ്റവും വിചിത്രം!).  അങ്ങനെയൊരു രണതന്ത്രത്തിന്‍റെ ഭാഗമായാണ് ഭാരതീയ  ദേശീയതയുടെ അടിസ്ഥാന ശക്തിശ്രോതസ്സായ ഹൈന്ദവസമൂഹത്തെ  എതിർക്കുകയും  ഹിന്ദുവിനെ എതിർക്കുന്ന ഇസ്ലാമികവർഗീയതയെയും വിഘടനവാദത്തെയും അനുകൂലിക്കുകയും ചെയ്യുന്ന  അടവു നയം അവർക്ക് പ്രിയപ്പെട്ടതായി മാറിയത്. ജിന്നയുടെ പാക്കിസ്ഥാൻ മോഹത്തിനും ഷേക്ക് അഫ്ദുള്ളയുടെ  വേറിട്ടൊരു കശ്മീർ മോഹത്തിനും സഖാക്കൾ കൂടെ നിന്നതിനെ ആ പശ്ചാത്തലത്തിൽ വേണം പഠിച്ചറിയേണ്ടത്.  

സ്വാതന്ത്യത്തിനുശേഷം ആദ്യ ദശകത്തിലെ സോവിയറ്റ് നീക്കങ്ങളും ആ വഴിക്കായിരുന്നു.  അതിനിടെ പാക്കിസ്ഥാൻ അമേരിക്കൻ പക്ഷത്തായതോടെ ഭാരതത്തിലേക്കായി സോവിയറ്റ് ചാരക്കണ്ണായ കെജിബിയുടെ നോട്ടം മുഴുവൻ.   ഇടതുപക്ഷ സഹയാത്രികനെന്ന് നടിച്ചിരുന്ന ജവഹർലാൽ നെഹ്രുവിനു പോലും കമ്യൂണിസ്റ്റു കുതന്ത്രങ്ങളിൽ പിടിച്ചു നിൽക്കുന്നതിന് ചില കടുത്ത നിലപാടുകൾ എടുക്കേണ്ടതായി വന്നു.  അങ്ങനെയാണ് 1953ൽ ഷേക്ക് അബ്ദുള്ളയെ തടവിലാക്കേണ്ടതായും 1959ൽ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടേണ്ടതായും വന്നത്.  എം ഒ മത്തായിയെന്ന അമേരിക്കയുടെ പഴയ ജീവനക്കാരനിലൂടെ സിഐഎയുടെ സ്വാധീനം നെഹ്രുവിന്‍റെ ഭരണ സംവിധാനത്തിലേക്കും മകൾ ഇന്ദിരയിലേക്കും ആഴത്തിലിറങ്ങിയെത്തിയതോടെ പ്രതിപ്രവർത്തനവുമായി കെജിബി സജീവമായിരുന്നതിന്‍റെ ചരിത്രം മിത്രോക്കിൻ രേഖകളിലൂടെ ഇന്ന് ലഭ്യമാണ്.  മത്തായിയൂടെ സ്വാധീനത്തിൽ നിന്ന് ഇന്ദിരയെ സ്വതന്ത്രയാക്കാൻ അവർ നടത്തിയ ശ്രമങ്ങൾ അവസാനം വിജയിച്ചു; നെഹ്രുവിന്‍റെ അധികാരകേന്ദ്രത്തിൽ നിന്നും മത്തായി പറിച്ചെറിയപ്പെടുകയും ചെയ്തു.  പക്ഷേ അതിന് മുമ്പുതന്നെ ഷേക്ക് അബ്ദുള്ള അകത്തായതും (തടവിൽ)  ഈ എം എസ്സ് ഭരണത്തിൽ നിന്ന് പുറത്തായതും സോവിയറ്റ് യൂണിയന്‍റെയും ഇൻഡ്യൻ കമ്യൂണിസ്റ്റുകളുടെയും രണതന്ത്രത്തിന് തിരിച്ചടിയായി.  

അതേ ദശകത്തിൽ (1950കളിൽ) ഇൻഡ്യൻ കമ്യൂണിസ്റ്റുകൾക്ക് മറ്റൊരു സ്വപ്നം കാണാനവസരമുണ്ടായി.   കമ്യൂണിസ്റ്റ് ചൈന ടിബറ്റ് കയ്യേറിയതോടെ  ഭാരത്തിന്‍റെ അതിർത്തിയിലെത്തി.  ഇൻഡ്യൻ കമ്യൂണിസ്റ്റുകൾക്ക് ഭാരതം പിടിച്ചെടുക്കാൻ പുതിയ ഒരു പോർമുഖം തുടങ്ങിയതിന്‍റെ ആവേശമായി.  അതേ തുടർന്നാണ് പോളിറ്റ് ബ്യൂറോ അംഗം ബിടി രണദിവേ 1959ൽ ചൈനീസ് അംബാസിഡറെ പോയിക്കണ്ടതെന്നും പിന്നീട് 1962ലെ ചൈനാ ആക്രമണത്തിന്‍റെ കാലത്തെ ചാരപ്പണിക്ക് സഖാക്കൾ ഉടുത്തൊരുങ്ങി ഇറങ്ങിയതിന്‍റെ പിന്നിൽ ആ കൂടിക്കാഴ്ച ഒരു ഘടകമായിരുന്നെന്നും ഭാരതം ഓർമ്മിച്ചുവെക്കേണ്ടതുണ്ട്.

ചുരുക്കത്തിൽ, കശ്മീരിലെ വിഘടനവാദികൾക്കൊപ്പം നിൽക്കുന്ന കമ്യൂണിസ്റ്റ് പക്ഷ രാഷ്ട്രീയത്തിന് ആ പാർട്ടിയുടെ ഭാരതത്തിലെ ജനനത്തോളം പഴക്കമുണ്ട്.   'ഭാരത് തേരേ ടുക്ക്ടേ ഹോംഗേ ഇൻഷാ അള്ളാ ഇൻഷാ  അള്ളാ'  എന്ന് 'ബ്രേക്ക് ഇൻഡ്യാ'  കൂട്ടായ്മയ്ക്കൊപ്പം നിന്ന്  മുദ്രാവാക്യം വിളിക്കുന്ന കമ്യൂണിസ്റ്റ് സഖാക്കളായ യുവാക്കളുടെ/വിദ്യാർത്ഥികളുടെ തലതിരിഞ്ഞ കൂട്ടം ജമ്മു കശ്മീരിനെ ഭാരതത്തിന്‍റെ ദേശീയ മുഖ്യധാരയിൽ കൊണ്ടു വരുന്നതിനെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ രാജ്യദ്രോഹത്തിന്‍റെ ശപിക്കപ്പെട്ട ഒരു പാരമ്പര്യത്തിന്‍റെ പിന്തുടർച്ച മാത്രമാണ്.  

ഇവിടെ അടിസ്ഥാനപരമായ ഒരു വ്യത്യാസം കണക്കിലെടുക്കേണ്ടതുണ്ട്.  പഴയകാലത്തെ കമ്യൂണിസ്റ്റുകൾ ചെയ്തതും രാജ്യ ദ്രോഹമായിരുന്നെങ്കിലും  അവരുടെ ലക്ഷ്യമതായിരുന്നില്ല. മാർക്സിയൻ പ്രത്യയയശാസ്ത്രം അടിസ്ഥാനവർഗവിമോചനത്തിന് ഉതകുമെന്ന തെറ്റിദ്ധാരണയിൽ ഭാരതത്തിൽ കമ്യൂണിസം കൊണ്ടുവരുവാൻ സോവിയറ്റ് യൂണിയന്‍റെയും ചൈനയുടെയും സഹായം തേടിയവരായിരുന്നു അവർ.  പക്ഷേ സോവിയറ്റ് സാമ്രാജ്യത്വം തകരുകയും ചൈനയുടെ കമ്യൂണിസ്റ്റ് പൊയ്മുഖം അഴിഞ്ഞു വീണ് അവരുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ സാമ്രാജ്യത്വ വികസനലക്ഷ്യം പ്രകടമായിക്കഴിയുകയും ചെയ്ത വർത്തമാന കാലത്തും ചൈനയ്ക്കും പാക്കിസ്ഥാനുമൊപ്പം നിൽക്കുന്നതിന്‍റെ പിന്നിൽ പ്രത്യയശാസ്ത്ര പ്രതിബദ്ധതയല്ലാ ചെയ്യുന്ന ജോലിക്ക് കിട്ടുന്ന കൂലി തന്നെയാണ് പ്രധാനം.  

അതവിടെ നിൽക്കട്ടെ. ഏക ഭാരതം, പുതിയ കശ്മീർ എന്ന ലക്ഷ്യത്തിനായി  'ദില്ലി കീ ദൂരീ ഔർ ദിൽകീ ദൂരീ ഹടാനാ ഹേ!' (ദില്ലിയിലേക്കുള്ള ദൂരവും മനസ്സുകൾ തമ്മിലുള്ള അകലവും കുറയ്ക്കണം) എന്ന് നിശ്ചയിച്ചാണ് കശ്മീർ രാഷ്ട്രീയ നേതാക്കളെ ഇപ്പോൾ ചർച്ചയ്ക്കു വിളിച്ചത്. ജമ്മു കശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മറ്റുമ്പോൾതന്നെ അടർന്നു മാറുവാൻ ഇടവരുത്താതെ ഉടച്ചു ചേർക്കുവാനാണ്  'ഉടച്ചു വാർക്കലിന്‍റെ പെരുന്തച്ചൻ' നരേന്ദ്ര മോദി നിശ്ചയിച്ചുറച്ചതെന്ന് വ്യക്തമായിരുന്നു. 

അവിടെ അഴിമതി മുക്ത ഭരണത്തിന്‍റെയും വികസനോന്മുഖ കർമ്മ പദ്ധതികളുടെയും പുതിയ ചരിത്രം കുറിച്ചു.  അടിസ്ഥാന സൗകര്യവികസനത്തിന് വർദ്ധിച്ച പരിഗണന ഉണ്ടായി.  വിഘടനവാദത്തിന് ആളെ കൂട്ടുന്നതും കൂലികൊടുത്ത് കല്ലെറിയിക്കുന്നതും ഗണ്യമായികുറഞ്ഞു.  ഭീകരവാദികളുടെയും പാക്ക് നുഴഞ്ഞുകയറ്റക്കാരുടെയും ഉന്മൂലനത്തിന്‍റെ സംഖ്യ വർദ്ധിച്ചു.  കേന്ദ്രസർക്കാർ അവിടേക്ക് നടത്തുന്ന  ധനനിക്ഷേപം സർവ്വകാല റിക്കാർഡായി.  അവിടെ അധികാരം കയ്യാളിയിരുന്ന കുടുംബങ്ങളുടെ ഭൂമി കയ്യേറ്റങ്ങളുൾപ്പടെയുള്ള അഴിമതികളിൽ ഭരണകൂടത്തിന്‍റെ പിടി വീണു.  എല്ലാത്തിലും ഉപരി ജില്ലാ പഞ്ചായത്തുൾപ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകൾ ജനങ്ങളുടെ വ്യാപകമായ പങ്കാളിത്തോടു കൂടിയുള്ള ജനാധിപത്യത്തിന്‍റെ വഴി തെളിച്ചു.  ആ പ്രക്രിയയെ മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള സാദ്ധ്യത തെളിഞ്ഞു.

ഒപ്പം തന്നെ പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടുകളോടെ കശ്മീർ വിഷയത്തിൽ ശബ്ദം ഉയർത്തിയ രാഹുലും അധീർ രഞ്ജൻ ചൗധരിയും ചിദംബരവും ശശി തരൂരുമൊന്നും പയറ്റി നോക്കിയ കുതന്ത്രങ്ങളൊന്നും  വിജയിച്ചില്ല.  പാക്കിസ്ഥാൻ അതിർത്തിയിൽ നടത്തിയ അതിക്രമങ്ങളും അന്താരാഷ്ട്ര മേഖലയിൽ നടത്തിയ കുടില തന്ത്രങ്ങളും പൊളിച്ചടുക്കപ്പെട്ടു.  ഫറൂക്ക് അബ്ദുള്ളയാണെങ്കിൽ ചൈനയെ ഇടപെടുത്തി ആർട്ടിക്കിൾ 370 തിരിച്ച് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് സ്വയം പരിഹാസ്യനായി. 

അതിനിടെ, ലഡാക്കിൽ കടന്നാക്രമിക്കാൻ നോക്കിയവരുടെ കഴുത്തൊടിച്ച് കാലപുരിക്കയച്ച ജവാന്മാരുടെ കൈകളുടെ കരുത്ത് ചൈന അറിഞ്ഞു.  ഇസ്ലാമിക രാജ്യങ്ങൾ പോലും വെറുതെ ഇൻഡ്യയെ എതിർക്കാൻ വരില്ലായെന്ന് അകത്തും പുറത്തുമുള്ള ശത്രുപക്ഷം തിരിച്ചറിഞ്ഞു.  അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും  ഡൊണാൾഡ് ട്രംപ് മാറി ജോ ബൈദൻ വന്നാൽ ഇൻഡ്യാ വിരുദ്ധ നിലപാടുകൾ കടുക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നും വ്യക്തമായി.  അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റവും താലിബാന്‍റെ വരവും  പാക്കിസ്ഥാന്‍റെ ശ്രദ്ധയും പരിഗണനയും അങ്ങോട്ട് കൂടുതൽ വേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചു.  ഇൻഡ്യൻ പ്രതിരോധ സേനയാണെങ്കിൽ കരുത്ത് തെളിയിച്ച് തല ഉയർത്തി നിൽക്കുന്ന കാലവും!

ജമ്മു-കശ്മീർ വിഷയത്തിൽ അർത്ഥ പൂർണ്ണമായ ചർച്ചയ്ക്കുള്ള ശരിയായ സന്ദർഭമായിയെന്ന് മോദി ഭരണകൂടം കണക്കു കൂട്ടി.  പ്രതിപക്ഷ പ്രതികരണ രീതികൾ അത് ശരിവെച്ചു. 1919 ആഗസ്റ്റ് 5ലെ പാർലമെന്‍റ് നടപടികളുടെ കാര്യം സുപ്രീം കോടതി തീരുമാനിക്കട്ടെയെന്ന ധാരണയിൽ  ആ വിഷയം ചർച്ചയിൽ വിഷയമായതേയില്ല. ഗുലാം നബി ആസാദ് അവതരിപ്പിച്ച അഞ്ച് വിഷയങ്ങളും ചർച്ചയുടെ അന്തരീക്ഷം മലീമസപ്പെടുത്തുന്നതായിരുന്നില്ല. സംസ്ഥാന പദവി തിരികെ നൽകുന്നതിനുള്ള തീരുമാനം വേഗമാക്കുവാനുള്ള മനസ്സ് പ്രധാനമന്ത്രി വ്യക്തമാക്കി.  ഡീലിമിറ്റേഷനും തിരഞ്ഞെടുപ്പും കഴിഞ്ഞ് സംസ്ഥാനപദവിയെ കുറിച്ച് ചിന്തിക്കാമെന്ന് ഭരണപക്ഷം വാഗ്ദാനം ചെയ്തപ്പോൾ സംസ്ഥാനപദവി ആദ്യം, തിരഞ്ഞെടുപ്പ് രണ്ടാമത്, ഡീലിമിറ്റേഷൻ മൂന്നാമതെന്നതായി ഒമർ അബ്ദുള്ളയുടെ പക്ഷം.  1981ലെ സെൻസസ് അടിസ്ഥാനമാക്കി 1995ലാണ്  അവിടെ അവസാനമായി നിയോജകമണ്ഡല പുനർ നിർണ്ണയം നടന്നത്.  1991ലെ സെൻസസ് അവിടെ നടക്കുകയുണ്ടായില്ല.  2001ലെ സെൻസസിനു ശേഷം  രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നടന്നതു പോലെ ഡീലിമിറ്റേഷൻ നടക്കാതെ 2026നു ശേഷമുള്ള സെൻസസിനും ശേഷം മതിയെന്ന ഫറൂഖ് അബ്ദുള്ള സർക്കാരിന്‍റെ നിയമ നിർമ്മാണത്തിൽ ഒമർ അബ്ദുള്ള നേട്ടം കാണുന്നുണ്ടാകും.  

പക്ഷേ, ജമ്മു കശ്മീരിലെ ഇസ്ലാമിനും സിഖിനും ഹിന്ദുവിനും  സംവരണ അർഹതയുള്ള പട്ടിക ജാതി പട്ടിക വർഗ സമൂഹത്തിനുമെല്ലാം അർഹിക്കുന്ന തുല്യനീതി പ്രദാനം ചെയ്യുന്ന തരത്തിലുള്ള ജനാധിപത്യ പ്രക്രിയക്ക് അവിടം സജ്ജമാക്കുന്നതിൽ നരേന്ദ്ര മോദിക്ക് വിട്ടുവീഴ്ച ചെയ്യാനാവില്ല. ചർച്ചയിൽ ശരിയോടൊപ്പം നിന്നിട്ട് പുറത്തു വന്ന് ശത്രുക്കളെ സന്തോഷിപ്പിക്കുന്ന വിവാദങ്ങൾ ആവർത്തിക്കുന്നവർ അവരുടെ പണി തുടർന്നോട്ടെ!  ചൈനയുടെ സഹായം തേടുമെന്ന് ഭീഷണിപ്പെടുത്തിയ ഫറൂക്ക് അബ്ദുള്ളയോ, പാക്കിസ്ഥാനില്ലെങ്കിൽ ഞാനില്ലെന്നു പറയുന്ന മെഹ്ബൂബ മുഫ്തിയോ,  കാര്യങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെട്ടാൽ ഇമ്രാൻ ഖാനോട് എന്തു പറയുമെന്നോർത്ത് ഉറക്കം കെടുന്ന രാഹുലോ, ചൈനയെ ഭയന്ന് ഞെട്ടിയുണരുന്ന സീതാറാം യച്ചൂരിയോ എന്തുവേണമെങ്കിൽ പറയട്ടെ, ഭാരതം ശരിയായ വഴിയിലൂടെ ശ്രദ്ധേയമായ കാൽവെപ്പുകളിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നോട്ടു തന്നെ.No comments: