K V Rajasekharan ചൈനാ-പാക്ക്- അമേരിക്കൻ സഖ്യമാകാം; ഇന്തോ-യുഎസ്സ് സഹകരണം ഉണ്ടാകരുതെന്ന കമ്യൂണിസ്റ്റുപക്ഷം കഷ്ടം!

Views:

കെ വി രാജശേഖരന്‍
+91 9497450866

ചൈനാ-പാക്ക്- അമേരിക്കൻ സഖ്യമാകാം; ഇന്തോ-യുഎസ്സ് സഹകരണം ഉണ്ടാകരുതെന്ന കമ്യൂണിസ്റ്റുപക്ഷം കഷ്ടം!
 

1972 ഫെബ്രുവരി 21.  ലോകത്തിലെ ഏറ്റവൂം വലിയ കമ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ  ചെയർമാൻ മാവോ സേതൂങ്ങ് ഒരു ശക്തനായ  അതിഥിയെ  പ്രതീക്ഷിച്ചിരിക്കയായിരുന്നു.  അന്നത്തെ ലോകത്തിലെ ഏറ്റവും ശക്തനായ ഏകാധിപതി, മാവോ, എന്താകും എങ്ങനെയാകൂം എന്ന  വല്ലാത്തൊരു പിരിമുറുക്കത്തിലുമായിരുന്നു.  ആ നിർണ്ണായക സന്ദർഭത്തിനു വേണ്ടി ചെയർമാൻ മാവോ പുതിയ കുപ്പായമിട്ടൂ;  പുത്തൻ ഷൂസിട്ടു;  മുടി പ്രത്യേകം വെട്ടിച്ചു; മൂഖം വൃത്തിയായി ഷേവും ചെയ്തു.  അടുത്ത കുറെ ദിവസങ്ങളായി തീരെ സുഖമില്ലാതിരുന്നിട്ടും വരാൻ പോകുന്ന  പ്രമുഖനായ അതിഥി ചൈനയിൽ എത്തിച്ചരേണ്ട സമയം ഉൾപ്പടെയുള്ള ഓരോ വിവരങ്ങളും അദ്ദേഹം സ്വന്തം സഹായികളിൽ നിന്നും ചോദിച്ചറിഞ്ഞുകൊണ്ടേയിരുന്നു. അതിഥി,   'മുതലാളിത്ത, സമ്രാജ്യത്വ' അമേരിക്കയുടെ പ്രസിഡന്‍റ് റിച്ചാർഡ് നിക്സനെയും, വഹിച്ചുകൊണ്ട്  ഭൂഖണ്ഡങ്ങൾ താണ്ടി യു എസ്സ് എയർ ഫോഴ്സിന്‍റെ  നമ്പർ വൺ എയർ ക്രാഫ്റ്റ് ബയ്ജിങ്ങിന്‍റെ (അന്നത്ത പീക്കിംഗ്) മണ്ണിൽ തൊട്ടിട്ട് കേവലം മൂന്നു മണിക്കൂറുകളെ ആയിട്ടുണ്ടായിരുന്നുള്ളു.  എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കമ്യൂണിസ്റ്റ് ചൈനയുടെ ചെയർമാൻ മാവോ പ്രധാനമന്തി ചൗ എൻ ലായിക്ക് നിർദ്ദേശം എത്തിച്ചു; എനിക്ക് ഉടൻ തന്നെ അതിഥിയെ കാണണം!  പിന്നീടൊട്ടും വൈകിയില്ല.  പ്രധാന മന്ത്രി ചൗ പ്രസിഡന്‍റ് നിക്സനെ ചെയർമാൻ മാവോയുടെ സാന്നിദ്ധ്യത്തിലേക്ക്  ആദരപൂർവ്വം ആനയിച്ചു.  നിക്സൻ ആ ആദ്യ കൂടിക്കാഴ്ചയെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:  
"അദ്ദേഹം അദ്ദേഹത്തിന്‍റെ കൈ നീട്ടി,  ഞാൻ എന്‍റെയും. അദ്ദേഹം  ഒരു മിനിട്ടോളം എന്‍റെ കൈ കുലുക്കുന്നത് തുടർന്നു".  
അത് ഒരു അമേരിക്കൻ പ്രസിഡന്‍റിന്‍റെ ആദ്യ ചൈനാ സന്ദർശനമായിരുന്നു.  ആ ആഴ്ചയെ വിശേഷിപ്പിക്കുന്നതു തന്നെ "ലോകത്തെ മാറ്റിമറിച്ച ഒരാഴ്ചയെന്നാണ്".  ചൈനാ-അമേരിക്കൻ ബന്ധങ്ങളുടെ  രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായക ദിനമായിരുന്നു അത്.  ( അവലംബം: ദി ചൈനാ ക്വാർട്ടർലി 1994) 

കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനോട് പൊരുതുവാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന്‍റെ കൂട്ട് തേടിയ കമ്യൂണിസ്റ്റ് ചൈനയുടെ സ്വന്തം ചെയർമാൻ മാവോ സേതൂങ്ങും പ്രധാനമന്തി ചൗ എൻ ലായിയും അമേരിക്കൻ പ്രസിഡന്‍റ് റിച്ചാർഡ് നിക്സനും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡോ ഹെൻറി കീസിഞ്ചറിനും വേണ്ടി ചുവന്ന പരവതാനി വിരിച്ചത് ഭാരതത്തിലെ കമ്യൂണിസ്റ്റുകൾ സഹിച്ചു.  സാമ്രാജ്യത്വ ലക്ഷ്യവുമായി ലോകം പിടിച്ചെടുക്കാൻ ഹിറ്റ്ലറോടു ചേർന്ന് രണ്ടാം ലോക മഹായുദ്ധം തുടങ്ങിയ കമ്യൂണിസ്റ്റു സ്റ്റാലിന്‍റെ സോവിയറ്റു യൂണിയൻ   ജർമ്മനി അവരെ വിഴുങ്ങുവെന്നായപ്പോൾ അമേരിക്കയുടെയും ഇംഗ്ലണ്ടിന്‍റെയും 'സാമ്രാജ്യത്വ മുതലാളിത്ത' സഖ്യത്തിന്‍റെ പിന്നാലെ കൂടിയതിനെ ഇവിടെ ഒരു കമ്യൂണിസ്റ്റുകാരനും കുറ്റം പറഞ്ഞിട്ടില്ല.  കമ്യൂണിസ്റ്റ് മാക്സിസ്റ്റ് കക്ഷിയുടെ സ്വന്തം സഖാക്കളായ ഇസ്ലാമിക തീവ്രവാദികളുടെ പിതൃഭൂമിയായ പാക്കിസ്ഥാൻ അമേരിക്കയോട് ചേർന്നാലും സഖാക്കൾക്ക് പരാതിയില്ല.  നരേന്ദ്രമോദിക്ക് വിസ നൽകരുതെന്ന അപേക്ഷയുമായി കാരാട്ടും യച്ചൂരിയും മറ്റൂ സഖാക്കളും തലയിൽ മുണ്ടിട്ട് അമേരിക്കൻ സാമ്രാജ്യത്വ ഭരണകൂടത്തിന്‍റെ മുമ്പിലെത്തിയതിലാണെങ്കിൽ സഖാക്കൾക്ക് കുറ്റബോധമോ ഉളുപ്പോ ഇല്ല.  കമ്യൂണിസത്തിൽ വെള്ളം ചേർത്ത് അമേരിക്കൻ മുതലാളിത്തത്തിലേക്ക് വഴി മാറിയ ചൈന ഇന്നും ഇൻഡ്യൻ സഖാക്കളുടെ യജമാനന്മാരാണ്. അമേരിക്കയും ചൈനയും പാക്കിസ്ഥാനും ചേർന്ന് ഭാരതത്തിനെതിരെ ഒന്നിച്ചപ്പോൾ ഈ രാജ്യത്തെ തകർത്ത് പിടിച്ചെടുക്കുവാൻ തങ്ങളുടെ അവസരം അടുത്തുയെന്ന ആവേശത്തിലായിരുന്നു, സഖാക്കൾ. പക്ഷേ ആ ത്രികോണ സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്തുവന്ന് ഭാരതത്തോട് അടുക്കുന്നതാണ് കമ്യൂണിസ്റ്റു പരിവാറിന്‍റെ ഉറക്കം കെടുത്തുന്നത്.  

 ലോക സാമ്രാജ്യത്വം എന്ന ലക്ഷ്യവുമായി കമ്യൂണിസ്റ്റു  ചൈന അങ്കത്തിനൊരുങ്ങുകയായിരുന്നു.  ആഗോള സമ്പത് വ്യവസ്ഥിതിയിൽ വിതരണ ശൃംഖല വളഞ്ഞ  വഴികളിലൂടെ കയ്യടക്കി;  അയൽ രാജ്യങ്ങളൂടെയെല്ലാം സമാധാനം അതിർത്തി തർക്കം കൊണ്ട് ഇല്ലാതാക്കി;  വൺ ബൽറ്റ് വൺ റോഡ് വല വിരിച്ച്   സ്വന്തം സ്ഥാപിത താത്പര്യത്തിന് വഴിയൊരുക്കി;  ചെറിയ ചെറിയ സാമ്പത്തിക ശേഷി മാത്രമുള്ള രാജ്യങ്ങളെ കടക്കെണിയിൽ കൂരുക്കി ഇല്ലാതാക്കാൻ നോക്കി;  അവസാനം കൊറൊണയെ ആയുധമാക്കി  ലോകത്തെ പിടിച്ചെടുക്കാനുള്ള അന്തിമ നടപടിക്ക് ഉദ്യമിച്ചിറങ്ങി.  ഭാരതത്തിനെതിരെയാണെങ്കിൽ ചൈനയുടെ സൈനിക കടന്നാക്രമണ ശ്രമവും ഉണ്ടായി.   കമ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ ലക്ഷ്യം വെച്ചുള്ള കടന്നാക്രമണങ്ങൾ ഭാരതം കാലങ്ങളായി അനുഭവിച്ചു വന്നിരുന്നതാണ്.    ചൈന ആഗോള ഭീഷണിയാണെന്ന സത്യം ലോകം തിരിച്ചറിഞ്ഞത് കൊറോണക്കാലത്താണെന്നു മാത്രം.  ലോകമാകെ ആ സാഹചര്യം നേരിടുവാനുള്ള ആലോചനചകളിലേക്ക് എത്തിയിരിക്കുന്നു.  ഭാഗ്യവശാൽ ഇൻഡോ പസഫിക് മേഖലയിലെ സമാധാനം ഇല്ലാതാക്കുകയെന്ന ലക്ഷ്യം വെച്ചുള്ള ചൈനീസ് സാഹസങ്ങൾക്ക് പ്രതിരോധം തീർക്കുവാൻ വളരെ നേരത്തെ തന്നെ ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു.  ഇവിടെ ഏറ്റവും കൂടുതൽ ചൈനീസ് ഭീഷണി നേരിടുന്ന രാജ്യം ഭാരതമാണെന്നും  അതേ സമയം തന്നെ ചൈനയെ പ്രതിരോധിക്കാൻ ശേഷിയുള്ള തന്ത്രപ്രധാനമായ രാജ്യവും ഭാരതം തന്നെയാണെന്നും ഉള്ള തിരിച്ചറിവാണ് അമേരിക്കയുടെ ശ്രദ്ധ ഭാരതത്തിലേക്ക് തിരിച്ചത്.  

അങ്ങനെയാണ്  2002 ൽ അടൽ ബിഹാരി വാജ്പേയ് പ്രധാനമന്തിയായിരുന്നപ്പോൾ തന്നെ ഇൻഡ്യയും അമേരിക്കയും തമ്മിൽ പരസ്പരം കൈമാറുന്ന തന്ത്ര പ്രധാന സൈനിക വിവരങ്ങളുടെ പൊതു സുരക്ഷയ്ക്കുവേണ്ടിയുള്ള കരാർ  (General Security of Military Information Agreeement) ഒപ്പുവെച്ച് തുടക്കം കുറിച്ചത്.  നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷം   2016ൽ Logistics Exchange Memorandum of Agreement (LEMOA) ഒപ്പുവെച്ചു.  2018ൽ Communications Compatability and Security Agreement (COMCASA) ഒപ്പുവെച്ചു.     2020ൽ ഇൻഡ്യൻ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്സ് ജയശങ്കറും അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് ടി എസ്പറും ചേർന്നു നടത്തിയ ടു-പ്ലസ്സ്-ടു  കൂടിക്കാഴ്ചയിൽ നാലാമത്തേതായി ഉപഗ്രഹ നിരീക്ഷണവിവരങ്ങൾ ഉൾപ്പടെ പരസ്പരം കൈമാറുന്നതിനുള്ള കരാർ Basic Exchange and Cooperation Agreement (BECA) ഒപ്പു വെച്ചതോടെ സമഗ്രമായ ഇൻഡോ യുഎസ്സ് പ്രതിരോധ ധാരണയാണ് ഉയർന്നുവന്നിരിക്കുന്നത്.  ഉപഗ്രഹങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങളും   നാവിക നിരീക്ഷണ സൗകര്യങ്ങളും പരസ്പരം  പങ്കുവെക്കുക,  പ്രതിരോധ സാമഗ്രികളുടെ സംരക്ഷണത്തിനും സംഭരണത്തിനും ഉതകുന്ന തരത്തിൽ സൈനികതാവളങ്ങളിൽ  സഹകരണം ഉറപ്പാക്കുക,  തുടങ്ങി, രണ്ട് പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള സകാരാത്മക സഹകരണം ഉറപ്പാക്കുന്ന നിരവധി സാദ്ധ്യതകളാണ് ഈ നാലു കരാറൂകളിലൂടെ ഉരുത്തിരിഞ്ഞു വന്നത്.

അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ  കൊറോണക്കാലത്ത്, അമേരിക്കയുടെ വിദേശ-പ്രതിരോധകാര്യ മേധാവികൾ നേരിട്ടുവന്ന് ഈ കരാർ ഒപ്പു വെച്ചതും വളരെ ശ്രദ്ധേയമായിരുന്നു.  ലഡാക്കിൽ നിരന്തര ഭീഷണിയുമായി നിലകൊള്ളുന്ന ചൈനയ്ക്ക് കരാർ വൈകാതെ ഒപ്പിട്ടതിലൂടെ ശക്തമായ സന്ദേശമാണ് നൽകിയത്. പ്രതിരോധ കാര്യങ്ങളിലും വിദേശ കാര്യങ്ങളിലും റിപ്പബ്ളിക്കൻസും ഡെമോക്രാറ്റ്സും  ദ്വികക്ഷി സമവായത്തോടെ അടിസ്ഥാനപരമായ പൊതു സമീപനത്തോടെ നീങ്ങുന്ന ഒരു രീതിയാണ് അമേരിക്കയുടേതെന്നുള്ളതുകൊണ്ട് ആര്  പുതിയ പ്രസിഡന്റായാലും നയപരമായ വ്യതിയാനങ്ങൾക്ക്  ഇട വരാറില്ലെന്നതും ഇവിടെ പരിഗണിക്കപ്പടേണ്ടതാണ്.  നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിലാണെങ്കിൽ, ഡൊണാൾഡ് ട്രംപ് ജയിച്ചാൽ അദ്ദേഹത്തിന്‍റെ കാലത്തു തന്നെ ഇത്രയും മുന്നോട്ടു പോയ പരസ്പര സഹകരണ പരിശ്രമങ്ങള്‍ സ്വാഭാവികമായും മുന്നോട്ടു പോകും.  അതല്ല ജോ ബിദൻ വൈറ്റ് ഹൗസിലേക്ക് എത്തുകയാണെങ്കിലും ഇക്കാര്യത്തിൽ അടിസ്ഥാനപരമായ എന്തെങ്കിലും പിന്നോട്ടു പോക്കിന് സാദ്ധ്യതയില്ല.  അങ്ങനെ ഒരു വിലയിരുത്തലിനു വഴിയൊരുക്കുന്ന കാരണങ്ങൾ പലതാണ്. 
  • തിരഞ്ഞേടുപ്പിനു തൊട്ടു മുമ്പ് ഇങ്ങനെയൊരു സുപ്രധാന കരാർ ഒപ്പിട്ടതിനെതിരെ ഡമോക്രാറ്റുകളുടെ പക്ഷത്തുനിന്ന് എന്തെങ്കിലും കാര്യമായ എതിർപ്പുണ്ടാതായി വാർത്തകളില്ല.  (അങ്ങനെയൊരു എതിർപ്പു ദേശാഭിമാനിയുടെ പത്രാധിപക്കുറിപ്പിൽ (ഒക്ടോബർ 30)  'ശക്തമായി' രേഖപ്പെടുത്തിയിട്ടുണ്ട്!  പക്ഷേ  ആ പത്രം സിപിഐ(എം)  മുഖപത്രമാണല്ലോ, അല്ലാതെ, യു എസ്സ് ഡമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രമല്ലല്ലോ!)   
  • കൊറോണയെ  ചൈന അവരുടെ ആഗോള സാമ്രാജ്യത്വത്തിന്‍റെ ആയുധമായി ഉപയോഗിച്ചതിനെതിരെയുള്ള ശക്തമായ പൊതുവികാരം അമേരിക്കയിലുണ്ട്.  കമ്യൂണിസ്റ്റു പക്ഷത്തിനു സ്വന്തക്കാരനാരയ ബർണി സാൻഡേഷ്സിനെയല്ല ജോ ബിദനെയാണ് ഡമോക്രാറ്റുകൾ അവരുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്നത് ഓർക്കൂക.  ജോ ബിദൻ പറഞ്ഞത് ഡോണാൾഡ് ട്രംപ് ചൈനക്കെതിരെ വെറും വാചകമടി നടത്തുന്നതേയുള്ളെന്നും താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ലോകരാജ്യങ്ങളെയും  അന്താരാഷ്ട്ര സംഘടനകളെയും വീണ്ടും കൂടെ കൂട്ടി  ചൈനയെ നിയന്ത്രിക്കുമെന്നുമാണ് എന്നതും കണക്കിലെടുക്കുക. ചുരുക്കത്തിൽ ഡമോക്രാറ്റ് ഭരണമാണെങ്കിലും റിപ്പബ്ളിക്കൻ ഭരണമാണെങ്കിലും ചൈനയുടെ സാമ്രാജ്യത്വ വികസന കുതന്ത്രങ്ങളുടെ മേൽ പിടി മുറുകുവാനാണ് സാദ്ധ്യത.  
  • ആഗോള സമ്പത് വ്യവസ്ഥയുടെ വിതരണ ശൃംഖലയില്‍ ചൈന നേടിയ മേൽകൈ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കണമെന്ന പാഠം കൊറോണയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൊതുസമൂഹം പഠിച്ചു കഴിഞ്ഞു.  ആ പൊതു ബോദ്ധ്യത്തെ അവഗണിക്കുവാൻ ആ ജനാധിപത്യ രാജ്യത്തെ ഒരു ഭരണാധികാരിക്കും കഴിയില്ല.

ഇന്ത്യയും അമേരിക്കയും ഒന്നിച്ചു ചേരുന്നത് ഈ രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കുമെന്ന കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാർട്ടിയുടെ വിശകലനം പ്രത്യയയശാസ്ത്രപരമായ ഒരു ചോദ്യം ഉയർത്തുന്നു.  'സർവ്വരാജ്യത്തൊഴാലാളികളെ സംഘടിപ്പിച്ച് ശക്തരാക്കി',  ആഗോളതലത്തിൽ 'തൊഴിലാളി വർഗസർവ്വാധിപത്യം' ലക്ഷ്യമാക്കുന്നവർക്ക്  വ്യത്യസ്ഥ ദേശീയതകളുടെ  പരമാധികാരസങ്കല്പം ബൂർഷ്വാ സങ്കല്പമല്ലേ?  അങ്ങനെ വരുമ്പോൾ ഭാരതത്തിന്‍റെയന്നല്ല, ഏതൊരു രാജ്യത്തിന്‍റെയും  പരമാധികാരം നഷ്ടപ്പെടുന്നൂയെന്ന് കമ്യൂണിസ്റ്റുകൾ പറയുന്നതിൽ ആത്മാർത്ഥയുണ്ടോ?  ഇത് പരസ്പരം കൈകൊടുത്ത് ആയോധന പരിശീലനത്തിന് കളരിയിൽ ഇറങ്ങുന്നവരിൽ ഒരാളോട് മറ്റെയാൾ നിന്നെ ആക്രമിക്കാൻ പോകുകയാണെന്ന് രണ്ടു പേരെയും കൊല്ലാൻ കളരിക്ക് പുറത്തു കാത്തുനിൽക്കുന്നവൻ വെറുതെ വിളിച്ചു കൂകും പോലെയല്ലേ?

1940കളിൽ തന്നെ വളർച്ച മുരടിച്ചു പോയ ഇൻഡ്യയിലെ കമ്യൂണിസ്സ് രാഷ്ട്രീയ ധാരണകളുടെ പരിമിതികളാണ് ഇക്കാര്യത്തിലും പ്രകടമാകുന്നത്.  സ്വാതന്ത്യാനന്തര ഭാരതത്തെ ഒരു പുതിയ ഭരണകൂടത്തിന്‍റെ പ്രതിരോധശേഷിയുടെ സ്വാഭാവിക കുറവുകൾ മുതലെടുത്തുകൊണ്ട്  സോവിയറ്റു യൂണിയന്‍റെയോ ചൈനയുടെയോ സഹായത്തോടെ  കമ്യൂണിസ്റ്റു രാജ്യമാക്കി മാറ്റാൻ ഇൻഡ്യയിലെ കമ്യൂണിസ്റ്റുകാർ ശ്രമിച്ചു നോക്കിയ കുതന്ത്രങ്ങൾ ഇന്നുവരെ പരാജയപ്പെട്ടതിന്‍റെ കാരണങ്ങൾ അവർ പഠിച്ചറിഞ്ഞില്ല.  ചൈനയും പാക്കിസ്ഥാനും അമേരിക്കയും ചേർന്ന് ഭാരത്തിനെതിരെ ഉയർത്തിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചേരിചേരാനയം ഉപേക്ഷിച്ച് രാജ്യം ഇൻഡോ സോവിയറ്റ് കരാറിലെത്തിയ സാഹചര്യം മുതലെടുത്തുകൊണ്ട് കെജിബിയെന്ന സോവിയറ്റ് ചാര സംഘടന ഇന്ദിരാ ഗാന്ധിയെ മുതൽ സിപിഐ പ്രാഥമികാംഗങ്ങളെ വരെ കൂടെ ചേർത്തു നടത്തിയ അധീശത്വ ശ്രമങ്ങളെ അതിജീവിക്കാൻ ഈ രാജ്യത്തിനു കഴിഞ്ഞതിന്‍റെ ചരിത്രപാഠവും കമ്യൂണിസ്റ്റു പക്ഷം പഠിച്ചില്ല.  സോവിയറ്റ് യൂണിയൻ ഇല്ലാതാകുകയും ഭാരതത്തിലെ രാഷ്ട്രീയ അസ്ഥിരതകൾ വളരുകയും ചെയ്ത 1990കളിൽ ചൈനയും പാക്കിസ്ഥാനും പാശ്ചാത്യ ശക്തികളും യഥാക്രമം ഭാരതത്തിനുള്ളിലുള്ള കമ്യൂണിസ്റ്റുകളുടെയും ഇസ്ലാമിസ്റ്റുകളുടെയും സോണിയാ പക്ഷത്തിന്‍റെയും സഹായത്തോടെ നടത്തിയ ശ്രമങ്ങൾ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ദേശീയ പക്ഷം അധികാരത്തിലെത്തിയതോടെ ഫലപ്രദമായി പ്രതിരോധിക്കപ്പെട്ടതിന്‍റെ നേർ ചിത്രം കമ്യൂണിസ്റ്റുകൾ വേണ്ടതു പോലെ കണ്ടറിഞ്ഞില്ല.  പോഖ്റാൻ ആണവ പരീക്ഷണം, അതിനുശേഷം അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ നേരിട്ട രീതി, കാർഗിൽ വിഷയത്തിൽ അമേരിക്ക ഇടപെട്ടിട്ടും കാട്ടിയ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്‍റെ ശക്തി ഇതൊന്നും കണ്ടറിയാനുള്ള അവസരവും കമ്യൂണിസ്റ്റു വിശകലന വിശാരദന്മാർ പ്രയോജനപ്പെടുത്തിയില്ലെന്നുണ്ടോ?  അമേരിക്കയും ചൈനയും പാക്കിസ്ഥാനും ചൈനയും അവരിലോരോരുത്തരോടും ചേർന്നു നിൽക്കുന്ന ഭാരതത്തിനുള്ളിലുള്ള രാഷ്ട്രീയ ശക്തികളും കൂട്ടായ പരിശ്രമം നടത്തി 2004ൽ ദേശീയ പക്ഷത്തെ മാറ്റി അധികാരത്തിലെത്തിയെങ്കിലും നരേന്ദ്രമോദിയിലൂടെ 2014 ൽ ജനാധിപത്യ ഭാരതം ദേശീയപക്ഷത്തെ വീണ്ടും ഭരണത്തിലെത്തിച്ചതെന്തായാലും കമ്യൂണിസ്റ്റുകളുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ടാകണം. അതിനു ശേഷം ചൈനാ-പാക്ക്-യുഎസ്സ് അച്ചുതണ്ടിൽ നിന്ന് യുഎസ്സ് അടർന്നു മാറി ഭാരതത്തോട് ചേരാൻ തുടങ്ങിയതിൽ ചൈനയ്ക്കും പാക്കിസ്ഥാനും ഉണ്ടാകാൻ പോകുന്ന തന്ത്രപരമായ നഷ്ടങ്ങളെയാണ് കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാർട്ടിയെ ഇന്ന് ഭയപ്പെടുത്തുന്നത്.  ഇന്ത്യയും അമേരിക്കയും തമ്മിൽ സകാരാത്മക സഹകരണം വളരുന്നതോടെ ചൈനയുടെ സാമ്രാജ്യ വിസ്താര തന്ത്രങ്ങൾക്ക് തടസ്സം ഉയരും.  ആ ഒരു സാഹചര്യത്തിൽ എന്നും ചൈനയുടെ വിശ്വസ്തവിധേയരായ കമ്യൂണിസ്റ്റു മാക്സിസ്റ്റു പക്ഷം വലിയവായിൽ നിലവിളിക്കുന്നതു മനസ്സിലാക്കാം.  പക്ഷേ ഭാരതം അമേരിക്കയുടെ സാമന്തരാജ്യമായി എന്നൊക്കെ എഴുതി പിടിപ്പിക്കുന്നത് സ്വന്തം കുടുംബത്തെ കുത്തുപാള എടുപ്പിക്കാൻ നടക്കുന്ന മുടിയനായ പുത്രൻ സ്വന്തം അമ്മയെ അരുതാത്ത രീതിയിൽ അധിക്ഷേപിക്കുന്നതു പോലെയാണെന്ന് പറഞ്ഞേ തീരൂ.

ഭാരതവും ആമേരിക്കയും തമ്മിൽ ഒപ്പിട്ടു കഴിഞ്ഞ ധാരണകൾ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിലേക്ക് മറ്റൊരു രാജ്യം കൈകടത്തുന്നവയല്ല.  മറിച്ച്, രണ്ടു പരമാധികാരരാജ്യങ്ങൾ ഒന്നിച്ചുചേരുന്നതോടെയുണ്ടാകുന്ന ശാക്തിക വർദ്ധനവിലൂടെ, ലോക സമാധാനത്തിനെതിരെയുള്ള ഏത് ഭീഷണിയെയും (കമ്യൃണിസറ്റ് ചൈനയുടെതാണെങ്കിലും മത ഭീകരവാദത്തിന്‍റെയാണെങ്കിലും) പ്രതിരോധിക്കുന്നതിനുള്ള പ്രഹരശേഷി പലമടങ്ങായി ഉയർത്തുന്നതാണ്.  അതോടൊപ്പം തന്നെ പ്രതിരോധ ആയുധങ്ങളുടെയും സാമഗ്രികളുടെയും സംഭരണത്തിന് റഷ്യയുമായോ ഫ്രാൻസുമായോ ജർമ്മനിയുമായോ മറ്റേതെങ്കിലും രാജ്യങ്ങളുമായോ ബന്ധപ്പെടുന്നതിനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്  നരേന്ദ്രമോദി ഭരണകൂടം മുന്നോട്ടു പോകുന്നതും കൂടി കണക്കിലെടുക്കുമ്പോൾ ഭാരതത്തിനും ലോകത്തിനും ശുഭകരമായ ഭാവിയാണു തെളിഞ്ഞു വരുന്നത്.  ശസ്ത്രവും ശാസ്ത്രവും സാങ്കേതിക വിദ്യയും നിക്ഷേപങ്ങളും ആഗോള കമ്പോളത്തു നിന്നും സ്വീകരിക്കുന്നതിനു  തയ്യാറാകുമ്പോളും ആത്മ നിർഭര ഭാരതത്തിന്‍റെ ബലമുള്ള അടിത്തറയിൽ ഈ രാജ്യത്തെ ശക്തമായ  പ്രതിരോധവ്യവസായ കേന്ദ്രമാക്കിമാറ്റാനുള്ള മോദി സർക്കാരിന്‍റെ വികസനോന്മുഖ സമീപനം കൂടി കണക്കിലെടുക്കുമ്പോളാണ് ദേശീയതയുടെ പക്ഷത്തുള്ളവരുടെ  ആത്മ വിശ്വാസം ഉയരൂന്നത്. 

അതോടൊപ്പം ഇൻഡോ-പസഫിക്ക്   മേഖലയിൽ ശാന്തിയും നാവികപാതാ സുരക്ഷയും ഉറപ്പാക്കുവാൻ ഭാരതത്തിനും ജപ്പാനും ആസ്ട്രേലിയക്കും അമേരിക്കക്കും കൂട്ടായ പങ്കാളിത്തമുള്ള ഒരു ചതുഷ്കോണ സുരക്ഷാ സംരംഭമായ 'ക്വാഡ്' എന്നു വിളിക്കപ്പെടുന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗും സുപ്രധാനമായ ചുവടുവെപ്പാണ്.  അക്കാര്യം കണക്കിലെടുക്കുമ്പോൾ  ഇൻഡോ-പസഫിക്ക് മേഖലയുടെ ചരിത്രപരവും വാണിജ്യപരവുമായ പ്രാധാന്യങ്ങളും കണക്കിലെടുക്കണം. കമ്യൂണിസ്റ്റു ചൈന രൂപം കൊള്ളുന്നതിനും ഭാരതം  സ്വതന്ത്രയാകുന്നതിനും വളരെ മുമ്പ് 1930ൽ തന്നെ കാൾ ഹൗഷോഫർ എന്ന ജർമ്മൻ രണതന്ത്രജ്ഞൻ പോലും യൂറേഷ്യൻ രണതന്ത്ര കാഴ്ചപ്പാടിന് അനുസൃതമായിട്ട് നോക്കിക്കണ്ടിരുന്ന ഇടമായിരുന്നു  ഇൻഡോ പസഫിക്ക്   മേഖല.  തന്ത്ര പ്രധാനമായ നാവിക പാത ഉൾക്കൊള്ളുന്ന ഈ  മേഖല തടസ്സങ്ങളില്ലാത്ത സമാധാന മേഖലയായി തുടരണമെന്നതിൽ ആഗോളസമൂഹത്തിനുള്ള താത്പര്യത്തിനുള്ള കാരണത്തിലേക്ക് ചരിത്രം നൽകുന്ന സൂചനയാണത്.  ജനസംഖ്യകൊണ്ടും സാമ്പത്തികവളർച്ചകൊണ്ടും  പുതിയ ലോകക്രമത്തിലാകെ അവഗണിക്കാനാകാത്ത ശക്തിയായി വളരുന്ന രാജ്യമെന്ന നിലയിൽ ഭാരതത്തിനും ഇൻഡോ പസഫിക് മേഖലയിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ്  2007 ൽ  (കമ്യൃണിസ്റ്റു പിന്തുണയോടെ) ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ മൻ മോഹൻ സിംഗും അമേരിക്കൻ പ്രസിഡന്‍റ് ജോർജ്ജ് ബുഷും ഉൾപ്പടെയുളള രാജ്യത്തലവന്മാർ ഇൻഡ്യാ-ജപ്പാൻ-ആസ്ട്രേലിയാ-അമേരിക്കൻ ചതുഷ്കോണ അച്ചുതണ്ടിനെ  കൂറിച്ചുള്ള ചിന്ത ഗൗരവപൂർവ്വം തുടങ്ങിയത്.  ചൈനാ സർക്കാരിനോടും ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയോടും രാജീവ് ഗാന്ധി ഫൗണ്ടേഷനിലൂടെയും മറ്റും പണം വാങ്ങി കടപ്പെട്ടുപോയ സോണിയയുടെ നിയന്ത്രണത്തിലായിരുന്ന ഡോ മൻമോഹൻ സിംഗ് ആ ചർച്ചയിൽ നിന്നും പിന്നോട്ടു പോയി.  ജപ്പാനിലും ആസ്ട്രേലിയയിലും പിന്നീട് വന്ന ഭരണാധികാരികളും    ചൈനയുടെ നീരസം ഒഴിവാക്കൂന്നതിന് പ്രാധാന്യം നൽകിയതുകൊണ്ട് ആ ചർച്ചകളെ വേണ്ടുംവിധം മുന്നോട്ടു കൊണ്ടു പോയില്ല.   പക്ഷേ 2014ൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്രമോദിയുടെ വരവും മറ്റു രാജ്യങ്ങളിൽ വന്ന രാഷ്ട്രീയ മാറ്റങ്ങളും അത്തരം ചർച്ചകൾ വീണ്ടും സജീവമാക്കി.   2007ൽ ആരംഭിച്ച ക്വാഡ് ആലോചനകൾക്ക് ഒരു ദശാബ്ദ ശേഷം  വീണ്ടും ഗൗരവം വർദ്ധിക്കൂന്നതായാണ് പിന്നീട് കണ്ടത്.  2017ൽ അസിയാൻ (ASEAN) ഉച്ച കോടിയിയുടെയിടയിൽ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും നടത്തിയ ചർച്ചകളിലൂടെ ക്വാഡിനെ വീണ്ടും സജീവമാക്കുവാൻ സാധിച്ചുയെങ്കിൽ അത് ഭാരതത്തിനു ഗുണകരം.   കമ്യൂണിസ്റ്റു ചൈന സാമ്രാജ്യത്വ സാമ്പത്തിക മേഖലയിലുൾപ്പടെ നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കുന്ന ലോക രാജ്യങ്ങൾക്കെല്ലാം ഗുണകരം.  തെക്കൻ ചൈനാ സമുദ്ര മേഖല കേന്ദ്രമാക്കി കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ചൈന കാട്ടുന്ന കടന്നാക്രമണങ്ങളിൽ പൊറുതി മുട്ടിയ കമ്യൂണിസ്റ്റു വിയറ്റ്നാം, മുസ്ലീം ഭൂരിപക്ഷ ഇൻഡോനേഷ്യ, ഫിലിപ്പയിൻസ്,  തുടങ്ങിയ നിരവധി ഏഷ്യൻ രാജ്യങ്ങൾക്ക് ഏറെ ഗുണകരം.

ശ്രദ്ധ അർഹിക്കുന്ന മറ്റൊരു വസ്തുതയാണ് ഇതൊരു സൈനിക സഖ്യമോ ശാക്തികച്ചേരിയോ അല്ലായെന്നുള്ളത്.   നാലു രാജ്യങ്ങളുടെ തന്ത്രപരമായ ഒരു അനൗപചാരിക കൂട്ടായ്മ മാത്രമാണ് ക്വാഡ്.  കൂടിയാലോചനകളും  തന്ത്രപ്രധാനമായ വിവരങ്ങളുടെ കൈമാറ്റങ്ങളും അംഗരാജ്യങ്ങൾ തമ്മിൽ സഹകരിച്ചുള്ള സൈനിക പ്രദർശന പരിശീലനങ്ങളും മറ്റുമാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾക്കു വേണ്ടിയൂള്ള ആ കൂട്ടായ്മയൂടെ ചൂവടുവെപ്പുകൾ.  വസ്തുതകൾ ഇങ്ങനെയായിരിക്കെ, ഇതിനെ ലോക മഹായുദ്ധങ്ങളിൽ പങ്കെടുത്ത സൈനിക ചേരികളോടോ പിന്നീടുയർന്ന അമേരിക്കയുടെയും സോവിയറ്റു യൂണിയന്‍റെയും ചേരികളോടോ ചൈനയുടെയും പാക്കിസ്ഥാന്‍റെയൂം സഖ്യത്തോടോ തുല്യമായി കരുതേണ്ട സാഹചര്യം ഇന്ന് നിലവിലില്ല.   കൃത്യമായി പറഞ്ഞാൽ അത് ഒരു അമേരിക്കൻ സുരക്ഷാ സഖ്യമല്ല.  കൂടുതൽ സ്പഷ്ടമായി പറഞ്ഞാൽ 
  • മറ്റേതെങ്കിലും രാജ്യത്തെയോ രാജ്യങ്ങളെയോ സൈനികമായി ആക്രമിക്കുവാനുള്ള ഒരു കൂട്ടൂകെട്ടല്ല ക്വാഡ് 
  • ഈ കൂട്ടായ്മയിലെ ഏതെങ്കിലും രാജ്യത്തെ മറ്റേതെങ്കിലും ഒരു രാജ്യം സൈനികമായി ആക്രമിച്ചാൽ (ഉദാഹരണത്തിന് ചൈനയോ പാക്കിസ്ഥാനോ ഭാരതത്തെ ആക്രമിച്ചാൽ) സൈനിക സഹായം നൽകി പ്രതിരോധിക്കുവാനുള്ള ബാദ്ധ്യത ക്വാഡിനില്ല.  
വസ്തുതകളതായിരിക്കെ, ഇത് ചൈനയ്ക്കെതിരെയുള്ള കൂട്ടായ്മയാണെന്ന് ഇൻഡ്യൻ കമ്യൂണിസ്റ്റ് പരിവാർ മുറവിളികൂട്ടുന്നതിലൂടെ അവർ സ്വന്തം പക്ഷമായ ചൈനയെ പ്രതിക്കൂട്ടിലിടുന്ന കുറ്റ സമ്മതമാണ് ചെയ്യുന്നത്.  കാരണം  അപകടഭീഷണിയ്ക്കും അപായ സാദ്ധ്യതയ്ക്കും എതിരെയാണ് സുരക്ഷയ്ക്കുവേണ്ടി കൂട്ടായ്മ അനിവാര്യമാകുന്നത്.  ഇൻഡോ പസഫിക്ക് മേഖലയിലെ സുരക്ഷയ്ക്കുള്ള ഭീഷണിയെ പ്രതിരോധിക്കുവാനുള്ള കൂട്ടായ്മയെന്നു പറയുമ്പോൾ പ്രതിരോധം ചൈനയ്ക്കെതിരെയാണെന്ന് കരഞ്ഞുപറയാൻ  ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ  അപകടകരമായ ആ ഭീഷണി ഉയരുന്നത്   കമ്യൂണിസ്റ്റ് ചൈനയിൽ നിന്നാണെന്ന്  അവരും അംഗീകരിക്കുന്നൂയെന്നല്ലേ മനസ്സിലാക്കേണ്ടത്?   

അതെന്തായാലും ഭാരതത്തിന് വിശേഷിച്ചും ലോകത്തിനു പൊതുവെയും സാമ്രാജ്യത്വ കടന്നു കയറ്റ ഭീഷണി ഉയർത്തുന്ന കമ്യൂണിസ്റ്റ് ചൈനയ്ക്കു വേണ്ടി കമ്യൂണിസ്റ്റു മാക്സിസ്റ്റു കക്ഷി ഭാരതവിരുദ്ധ വിമർശനങ്ങളുമായി നിരന്തരംവരുമ്പോൾ  1965 ജനുവരി 1ന് അന്നത്തെ ഇൻഡ്യൻ ആഭ്യന്തര മന്ത്രി ഗുൽ സാരിലാൽ നന്ദ ആകാശവാണിയിലൂടെ  നൽകിയ സൂചനകൾ സ്മരണയിലെത്തും:   "പീക്കിംഗ് സ്വാധീനത്തിലാണ് പുതിയ പാർട്ടി, സിപിഐ(എം) രൂപികരിച്ചത് എന്ന് വിശ്വസിക്കുവാൻ കാരണങ്ങളുണ്ട്.  പീക്കിംഗിന്‍റെ ഉപകരണമായി നിന്നുകൊണ്ട് ഈ രാജ്യത്ത് അസ്വസ്ഥതകൾ വളർത്തിയെടുത്തും,  ഇൻഡ്യക്കെതിരെയുള്ള ചൈനയുടെ തന്ത്രങ്ങൾ നടപ്പിൽ വരുത്തിയും ഏഷ്യയിൽ മേധാവിത്വം സ്ഥാപിച്ച്  പ്രഖ്യാപിത ആഗോള ലക്ഷ്യം നേടുവാനുള്ള ചൈനയുടെ വിപുലമായ രണതന്ത്രത്തിന്  സേവ ചെയ്യുവാൻ വേണ്ടിയാണ് പുതിയ പാർട്ടി രൂപികരിച്ചത്.   ഇടത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ആശയപരമായ പ്രചോദനവും  മറ്റുപല തരത്തിലുള്ള പിന്തുണകളും കിട്ടുന്ന ചൈനയുമായി  അവർക്ക് വളരെ അടുത്ത ബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ട്"  (വിവേക് ബഹാദൂർ സിൻഹ:  ദി റെഡ് റിബൽ ഇൻ ഇൻഡ്യ)

1962ൽ അതിർത്തി കടന്നാക്രമിച്ചശേഷം പിടിച്ചെടുക്കാവുന്നത്ര ഭാരതഭുമി പിടിച്ചെടുത്തിട്ട് തന്ത്രപരമായ വെടി നിർത്തലിനു തയാറായെങ്കിലും  സാമ്രാജ്യത്വ അജണ്ട ബാക്കിവെച്ചിട്ടു തന്നെയായിരുന്നു ചൈന താത്കാലിക പിന്മാറ്റത്തിനു തയാറായത്.   അതിനുശേഷം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയെ പിളർത്തി യുദ്ധകാലത്ത് ചാരപ്പണി ചെയ്ത് ചൈനയോട് പ്രതിബദ്ധതയും വിധേയത്വവും കാട്ടിയ കൂട്ടരെ കമ്യൂണിസ്റ്റ് പാർട്ടി (മാക്സിസ്റ്റ്)യുടെ അമരത്ത് അരിയിട്ടു വാഴിച്ചപ്പോൾ നിരന്തരം ഭാരതത്തെ അകത്തു നിന്ന് തകർത്ത് ചൈനയുടെ അടുത്ത കടന്നുകയറ്റത്തിന് കളമൊരുക്കുകയായിരുന്നു ലക്ഷ്യം.  പിന്നീട് ഭാരതം കാണുന്നത് ഭാരതത്തിന്‍റെ ശത്രുക്കളും ചൈനയുടെ മിത്രങ്ങളുമായ പാക്കിസ്ഥാനു വേണ്ടി വേലയെടുക്കുന്നവരുമായുള്ള ഇടതു സഖാക്കളുടെ ചങ്ങാത്തമാണ്.  പക്ഷേ ഇൻഡ്യൻ കമ്യൂണിസ്റ്റുകാർ ചൈനയുടെ ചാരന്മാരെന്ന് തിരിച്ചറിഞ്ഞതോടെ നിരക്ഷരും അർദ്ധപട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമൊക്കെയാണെങ്കിലും  സ്വരാജ്യം എന്ന മഹത്തായ വികാരം ഉള്ളിലുള്ള  ജനാധിപത്യഭാരതത്തിലെ ബഹുഭൂരിപക്ഷം ജനത കമ്യൂണിസ്റ്റു പരിവാറിനെ തന്നെ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് എറിയാൻ തുടങ്ങിയതാണ് പിന്നീടു കണ്ടത്.  

അങ്ങനെ ജനപിന്തുണയോടെ ജനാധിപത്യ വഴിയിലൂടെ ഒരു കമ്യൂണിസ്റ്റു മാക്സിസ്റ്റ് ഭരണ സാദ്ധ്യത തീർത്തും ഇല്ലാതായിക്കഴിഞ്ഞിട്ടും ചൈനയുടെ സഹായത്തോടെ  അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുന്നതിനുള്ള മോഹം സഖാക്കൾ  കൈവിടാതിരുന്നു.  ചൈന അവരുടെ സാമ്രാജ്യത്വ ലക്ഷ്യസാദ്ധ്യത്തിനു വേണ്ടി ജൈവായുധമായി  ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കോവിഡ്-19  ന്‍റെ പ്രഹരശേഷിയെ സംബന്ധിച്ച സൂചനകൾ ലഭ്യമായപ്പോഴും സഖാക്കളും കൂട്ടായ്മയും കുതന്ത്രങ്ങളുമായി രംഗത്തെത്തി.   ഭാരതത്തിലാകെ  കോവിഡിന്‍റെ പശ്ചാത്തലത്തിൽ പടരാനിടാനുള്ള നാശസാദ്ധ്യതകളുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ വേണ്ടി വേണ്ടാത്ത സമരങ്ങളും ഷാഹിൻ ബാഗും ഡൽഹി ആക്രമണവും എല്ലാം നടത്തി.  നരേന്ദ്രമോദി ഭരണകൂടം അവസരത്തിനൊത്ത് ഉയർന്നതോടെ  അതിലും അവർ പരാജയപ്പെട്ടു.  അവസാനപ്രതീക്ഷയായിരുന്നു, ചൈന ലഡാക്കിൽ നടത്തിയ കടന്നാക്രമണം.  ഇരുപത് ധീരജീവാന്മാർ ബലിദാനികളായെങ്കിലും കടന്നാക്രമിക്കാൻ വന്ന ചൈനീസ് പടയാളികളിൽ അറുപതോളം പേരുടെ കഴുത്തൊടിച്ചു വീഴ്ത്തി.   പിന്നീട് പ്രതിരോധ മേഖലയിലും വാണിജ്യ മേഖലയിലും ഭാരതം വർദ്ധിച്ച  പ്രതിരോധശേഷിയും പ്രത്യാക്രമണസന്നദ്ധതയും പ്രകടമാക്കുകയും ചെയ്തു.  അതോടെ കമ്യൂണിസ്റ്റ് മാക്സിസ്റ്റുകാരുടെ  ആ പ്രതീക്ഷയും തകർന്നു.  ചൈനയുടെ സാമ്രാജ്യത്വ മോഹം ലോകത്തിനു തന്നെ ഭീഷണിയാണെന്ന ബോദ്ധ്യം അന്തർദേശീയ തലത്തിൽ തന്നെ  സാർവത്രികമാവുകയും കൂടി  ചെയ്തതോടെ, അതിർത്തിയിൽ ചൈന ഇനി നടത്തുന്ന ഏത് അതിസാഹസങ്ങൾക്കും പ്രതിരോധം തീർക്കുവാൻ ഭാരതത്തിന് ലോക രാജ്യങ്ങളുടെ പിന്തുണ ഉണ്ടായേക്കാമെന്ന കണക്കുകൂട്ടൽ ചൈനയ്ക്ക് പുതിയ വെല്ലുവിളി ഉയർത്തി. ആ സാഹചര്യമാണ്  അവരോടൊപ്പം നിൽക്കുന്ന ഭാരതത്തിലെ കമ്യൂണിസ്റ്റുകാരെ വെള്ളം കുടിപ്പിക്കുന്നത്.  അതാണ് ഭാരതം അമേരിക്കയോടും മറ്റുള്ളവരോടും ചേരരൂതെന്നും ചൈനയോട് ചർച്ച ചെയ്താൽ മതിയെന്നും കമ്യൂണിസ്റ്റു മാക്സിസ്റ്റു പാർട്ടിയും സഹയാത്രികരും ആവർത്തിക്കുന്നതിന്‍റെ പശ്ചാത്തലം.

ചൈനയും പാക്കിസ്ഥാനും ആയുധമെടുക്കുമ്പോഴും  ആക്രമിക്കുമ്പോഴുമൊക്കെ ഭാരതം പ്രതിരോധിക്കരുതെന്നും ചർച്ചയ്ക്ക് മാത്രം പോകണമെന്നും നിരന്തരം പറയുന്ന കൂട്ടരാണ് സഖാക്കൾ.  ഓടിച്ചിട്ട് പിടിച്ച് കൊന്നു കറിവെച്ച് തിന്നാൻ വരുന്നവനെ ബുദ്ധിമുട്ടിക്കാതെ പതുങ്ങി ഇരുന്നുകൊടുക്കാൻ താറാവിനോട് ഉപദേശിക്കുന്നതിനു തുല്യമാണ് രാജ്യദ്രോഹത്തിന്‍റെ സീമയിലേക്കടുക്കുന്ന അത്തരം ഉപദേശങ്ങൾ.  ശത്രു ഹസ്തദാനം ചെയ്യാൻ മുന്നോട്ട് ഒരടിവെച്ചാൽ രണ്ടടി മുന്നോട്ടു ചെന്ന് സ്വീകരിച്ചിട്ടുള്ളതാണ് ഭാരതത്തിന്‍റെ ചരിത്രം.  ആ സമീപനം ഇനിയും തുടരുകയും വേണം.  പക്ഷേ അതേ കൈ അടിക്കാനുയർത്തകയാണെങ്കിൽ പിടിച്ചൊടിക്കുമെന്ന തലത്തിലേക്ക് കാര്യത്തിൽ ചൈനയുടെ  പക്ഷം പിടിക്കുന്ന ഇൻഡ്യൻ കമ്യൂണിസ്റ്റുകാരനും കൃത്യമായ ധാരണ വേണം.  ഒപ്പം തന്നെ ചൈനയും പാക്കിസ്ഥാനും നടത്തിയ കഴിഞ്ഞകാല ആക്രമണങ്ങളുടെ പശ്ചാത്തത്തിൽ  ഇനി പറയുന്നതും കൂടി ഓർത്തുവെക്കുകയും വേണം.

1947ൽ പാക്കിസ്ഥാന്‍ കവർന്നെടുത്ത പാക്കധീന കശ്മീരാണെങ്കിലും 1962ൽ ചൈന കവർന്നെടുത്ത ഭാരതത്തിന്‍റെ വളരെ വിപുലമായ ഭൂപ്രദേശമാണെങ്കിലും തിരിച്ചു പിടിക്കുവാനുള്ള അവകാശം ഭാരതത്തിനെന്നും ഉണ്ട്.  അതിന് സാമഗ്രിയും ശക്തിയും കുറവുള്ള കാലത്ത് തന്ത്രപൂർവ്വം ഒതുങ്ങിയിരുന്ന് കരുത്താർജ്ജിക്കുവാനും ആത്മവിശ്വാസം വർദ്ധിക്കുമ്പോൾ കടന്നാക്രമിക്കുവാനും  അതല്ലാ സമാധാനത്തിനുവേണ്ടി വിട്ടുവീഴ്ചയാകാമെന്ന് കരുതുവാനുമൊക്കെയുള്ള സ്വാതന്ത്ര്യവും  അവകാശവും ഭാരതത്തിനുണ്ട്.  അതുകൊണ്ട് ചൈനയെയും പാക്കിസ്ഥാനെയും ശത്രുക്കളെന്നു കരുതി അവർക്കെതിരെ തന്ത്രപരമായ നിലപാടെടുകളെടുക്കുവാനും ഭാരതം മുതിർന്നെന്നു വരും.  അതല്ലാ സ്ഥിരം സൗഹൃദം വേണമെന്ന് സഖാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിനും വഴിയുണ്ട്.   കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാർട്ടി ചൈനയിലുള്ള അവരുടെ സ്വന്തക്കാരോട് പറഞ്ഞ് ചൈനയും പാക്കിസ്ഥാനും പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചു തരാൻ പറയണം.  ടിബറ്റിൽ നിന്നും ചൈനയും  പാക്കധീന കശ്മീരിൽ നിന്നും ബലൂചിസ്ഥാനിൽ നിന്നും പാക്കിസ്ഥാനും പിന്മാറി കൊളോണിയലിസം  ഉപേക്ഷിച്ച് പുതിയ സമാധാനപരമായ സഹവർത്തിത്വത്തിനുതകുന്ന ശക്തിസന്തുലനത്തിന് വഴിയൊരുക്കുവാൻ പറയുക.  ഭാരതവും പാക്കിസ്ഥാനും ചൈനയും സ്വതന്ത്ര ടിബറ്റും സ്വതന്ത്ര ബലൂചിസ്ഥാനും പഞ്ചശീലതത്വങ്ങളെ മാനിച്ചുകൊണ്ട് പരസ്പരം അംഗീകരീച്ചുകൊണ്ട് പുതിയ ഒരൂ രാഷ്ട്രീയ ആവാസവ്യവസ്ഥ സൃഷ്ടിക്കുവാൻ കഴിഞ്ഞാൽ അത് ലോകത്തിനു തന്നെ സകാരാത്മായ ഭാവി  ഉറപ്പാക്കുവാനിടവരൂത്തുമല്ലോ?.  അതിനൊക്കെയുള്ള  ഇടപെടൽ ശേഷി ഭാരതത്തിലെ കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാർട്ടിക്കുണ്ടെന്ന മിഥ്യാ ധാരണ ഇതെഴുന്നയാളിനോ പൊതു സമൂഹത്തിനോ സ്വാഭാവികമായും ഇല്ല.  പക്ഷേ അതാണ് ശരിയുടെ ദിശയെന്ന് അറിഞ്ഞ് ചെറിയ ഒരു കാൽവെപ്പെങ്കിലുമായിക്കൂടെ എന്നാണ് പ്രകാശ് കാരാട്ടിനോടും യച്ചൂരിയോടും കൂട്ടരോടും ചോദിക്കുന്നത്.  മൂവായിരം കിലോമീറ്റർ നീണ്ട യാത്രയാണ് ലക്ഷ്യമെങ്കിലും തുടങ്ങേണ്ടത് ചെറിയ ഒരു കാൽവെപ്പിലൂടെയാണെന്ന് മാവോ സേ തൂങ്ങ് പറഞ്ഞതൊന്നോർത്താൽ മതി.  അന്ധമായ ചൈന ഭക്തി ഉപേക്ഷിക്കുകയും നേപ്പാളിനെ ചൈനാ പക്ഷത്തെത്തിക്കുവാൻ വേണ്ടി സീതാറാം യച്ചൂരി നടത്തിയതുപോലെയുള്ള പരിശ്രമങ്ങൾ ഇനി നടത്താതിരിക്കുകയെങ്കിലും ചെയ്യണം.  തീരെ കുറഞ്ഞത് ഭാരതമാണെനിക്ക് ഒന്നാമതെന്ന സമീപനശക്തിയോടെ ചൈനയെയും പാക്കിസ്ഥാനെയും നിലയ്ക്കു നിർത്തുവാൻ  തീരുമാനിച്ചുറച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശകുനം മുടക്കുവാൻ കമ്യൂണിസ്റ്റുകാർ സ്വന്തം മൂക്കുകൾ മുറിച്ച ചോര കൊണ്ട് നിറം മങ്ങിയ പാർട്ടിപതാകയ്ക്ക് ചുവപ്പ് കൂട്ടി വഴിയിൽ വന്നു നിൽക്കാതിരുന്നാൽ മതി.No comments: