Sreedeep Chennamangalam :: ഒരുവളെപ്പോലൊരുവൾ

Views:ഒരുവളെപ്പോലൊരുവൾ 
- ശ്രീദീപ് ചേന്നമംഗലം 

"സഞ്ജീവ്, താനെന്താ ഈ കാണിക്കുന്നേ?" മുറിയിലേക്ക് ദേഷ്യപ്പെട്ട് വന്ന മൃണാളിനിയുടെ ചോദ്യം സഞ്ജീവ് കേട്ടില്ല എന്ന് നടിച്ചു.

ഒന്ന് ചിരിച്ചു കൊണ്ട് സഞ്ജീവ് ആകാശത്തേക്ക് വിരൽ ചൂണ്ടി. സന്ധ്യയുടെ കുങ്കുമച്ഛായ ആകാശത്തെ അതിസുന്ദരിയാക്കിയിരുന്നു.

"നിനക്കെന്ത് തോന്നുന്നു ഈ സന്ധ്യയെപ്പറ്റി? ചുവന്ന പട്ടുടുത്ത് നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്!" സഞ്ജീവ് പറഞ്ഞു.

"നോക്കൂ സഞ്ജീവ്, നിനക്ക് ഇതിൽ നിന്നും എത്ര നാൾ ഒളിച്ചോടാൻ കഴിയും?" മൃണാളിനിയുടെ ദേഷ്യം ഇരട്ടിച്ചു.

മുറിയിലാകെ ഇരുട്ടായിരുന്നു. ഒരു ചെറിയ ബൾബിന്‍റെ പ്രകാശമൊഴിച്ച്. എങ്കിലും അതിന്‍റെ വെളിച്ചത്തിൽ മൃണാളിനി സഞ്ജീവിനെ ശ്രദ്ധിച്ചു. താടി ഒരുപാട് വളർന്നിരുന്നു. മുടിയൊക്കെ ആകെ അലങ്കോലം. ചുറ്റും കടലാസുതുണ്ടുകൾ. അയാൾ  പറയാറുള്ളത് അവൾ ഓർത്തു - പേറ്റുനോവിന്‍റെ ചാപിളളകൾ!

ഒരറ്റത്ത് മാറ്റമില്ലാതെ നടി നന്ദിത ദാസിന്‍റെ ഭംഗിയുളള ഒരു ഛായാചിത്രം. പന്ത്രണ്ട് വർഷം മുമ്പ് സഞ്ജീവ് തന്നെ വരച്ചത്. അത് വരച്ച് കഴിഞ്ഞ് തന്നെ കാണിക്കുമ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നെന്ന് മൃണാളിനി ഒരു ചെറുചിരിയോടെ ഓർത്തു.

സഞ്ജീവ് എഴുന്നേറ്റ് മൃണാളിനിയുടെ അരികിൽ വന്നിരുന്നു. എന്നിട്ട് അവളെ നോക്കി പറഞ്ഞു - "എന്‍റെ തേടൽ തുടരും. അതിൽ മാറ്റമൊന്നുമില്ല. ആരെന്തു പറഞ്ഞാലും!"

"നോക്കൂ, അമ്മ വല്ലാതെ വിഷമിച്ചിരിക്കുകയാണ്. നീ വാശി മാറ്റിവച്ചാൽ നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് സുഖമായിരിക്കാം. ഈ വാശി മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഒരു അർത്ഥവുമില്ല," മൃണാളിനി പറഞ്ഞു.

മൃണാളിനിയും സഞ്ജീവും ചെറുപ്പം മുതൽ കളിക്കൂട്ടുകാർ. ഇരുവരും പരസ്പരം മനഃസാക്ഷി സൂക്ഷിപ്പുകാരും. സഞ്ജീവ് ആരെങ്കിലും പറഞ്ഞാൽ കേൾക്കുമെങ്കിൽ അത് മൃണാളിനിയെ മാത്രം.

"നീ ഇതും പറഞ്ഞ് ഇങ്ങോട്ട് വരണ്ട എന്നല്ലേ കഴിഞ്ഞ തവണ ഞാൻ പറഞ്ഞേ?" സഞ്ജീവിന് നീരസം തോന്നി.

"ആ പടം നോക്കി നീ എത്ര നാൾ ജീവിക്കും?" മൃണാളിനി ശാന്തമായി ചോദിച്ചു. ഉത്തരം അറിയാമെങ്കിലും.

"ഒരാളെ പോലെ ഏഴു പേർ ഉണ്ടെന്ന് പറയുന്നത് വെറുതെയല്ല. ഇവളെപ്പോലെ ഒരുവൾ ഈ ഭൂമിയിൽ ഉണ്ട് - എനിക്ക് വേണ്ടി. അവൾ വരുന്നത് വരെ ഞാൻ കാത്തിരിക്കും," ഉറച്ച സ്വരത്തിൽ സഞ്ജീവ് മറുപടി നൽകി.

നന്ദിത ദാസ് - അവളായിരുന്നു സഞ്ജീവിനെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയും ഏറ്റവും സുന്ദരമായ മനസ്സിന് ഉടമയും. ആ മുഖച്ഛായ ഉളളവരുടെ മനസ്സും കളങ്കമില്ലാത്തതായിരിക്കുമെന്ന് സഞ്ജീവ് വിശ്വസിച്ചു. അതു കൊണ്ട് നന്ദിത ദാസിനെ പോലെയുളള ഒരുവളെ മാത്രമേ താൻ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുകയുളളൂ എന്ന് ദൃഢനിശ്ചയമെടുത്തപ്പോൾ എല്ലാവരും ഞെട്ടിപ്പോയി.

പന്ത്രണ്ട് വർഷമായി അയാൾ തേടിക്കൊണ്ടിരിക്കുന്നു. അയാളുടെ യാത്രകളിലും ജീവിതചര്യകളിലും ആ ഒരുവളെ കാണാൻ അയാൾ അതിയായി ആഗ്രഹിച്ചു. അവളെക്കുറിച്ച് മനോഹരമായ കവിതകൾ അയാൾ രചിച്ചു. ഉന്മാദം നിറഞ്ഞ കഥകൾ സൃഷ്ടിച്ചു. വന്യമായ തേടലുകൾ ഒന്നും തിരികെ നൽകാത്തപ്പോൾ അയാൾ നിരാശനായി.

"മൃണാളിനി, നിനക്ക് പ്രണയദൂരത്തെപ്പറ്റി എന്തറിയാം?"

"സഞ്ജീവ്, ഈ ഒരു സംഭാഷണത്തിന് ഞാനില്ല. ഇതെവിടെ പോകുമെന്ന് എനിക്ക് നന്നായി അറിയാം"

"എന്‍റെ തേടലുകളുടെ സത്ത നീ ഉൾക്കൊള്ളുന്നില്ല. ആ മേഘങ്ങൾ നോക്കൂ," അയാൾ ആകാശത്തേക്ക് നോക്കി പറഞ്ഞു. "അത് അവളെപ്പോലെ തന്നെയല്ലേ? നിനക്ക് അതൊന്നും കാണാൻ കഴിയില്ല. പ്രണയം അത്ര എളുപ്പമല്ല. ചിലപ്പോൾ ഒരുപാട് കാത്തിരിക്കണം. പക്ഷെ അതാണ് എന്‍റെ നിയോഗം. അവളെപ്പോലെ ഒരുവൾ!"

"നിനക്ക് ഭ്രാന്തായി തുടങ്ങി, സഞ്ജീവ്," മൃണാളിനിയുടെ ശബ്ദത്തിൽ ഒരു ഗദ്ഗദം.

"മൃണാളിനി, ഞാൻ അക്ഷമനാണ്. ഒരു മരം വസന്തം കാത്തിരിക്കുന്നത് പോലെയല്ല ഇത്. അത് ഒരു പ്രപഞ്ചസത്യമാണ്. എന്‍റെ തേടൽ അതിലും ഗാഢമാണ്. സത്യത്തേക്കാൾ വലിയ സത്യം. ഏറ്റവും ശ്രേഷ്ഠമായ തേടലുകളിലൊന്നാണിത്. നിനക്ക് അറിയില്ലേ ഒരു ആഗ്രഹം എത്രമാത്രം ഉൽക്കടമാണോ, അത്രയും അത് സാധിക്കുമെന്ന്?"

"എല്ലാത്തിനും അങ്ങനെ ആവണമെന്നില്ല, സഞ്ജീവ്. നീ കുറച്ച് കൂടി പ്രാക്ടിക്കൽ ആയി ചിന്തിക്കൂ. നന്ദിത ദാസിനെ പോലെ ഒരാളെ നിനക്ക് ഒരിക്കലും കിട്ടാൻ സാധ്യത ഇല്ല."

സഞ്ജീവ് അസ്വസ്ഥനായി. അയാൾ എഴുന്നേറ്റ് ജനലിനരികിൽ നിന്നു. താഴെ വണ്ടികളുടെ നിലയ്ക്കാത്ത ശബ്ദങ്ങൾ ശാന്തമായ ആകാശത്തെ അലട്ടില്ലേ എന്ന് അയാൾ ചിന്തിച്ചു.

"കിട്ടും, മൃണാളിനി," ആകാശത്ത് നിന്നും കണ്ണെടുക്കാതെ സഞ്ജീവ് പറഞ്ഞു. "ഞാൻ പറഞ്ഞില്ലേ ഇത് ഒരു വ്യത്യസ്തമായ പ്രണയമാണ്. ഇത് ദൈവത്തിന് പോലും മനസ്സിലാക്കാൻ സമയമെടുക്കും!" ഉറക്കെ ചിരിച്ചു കൊണ്ട് അയാൾ നിർത്തി.

മൃണാളിനി അരിശപ്പെട്ട് മേശപ്പുറത്തിരുന്ന ചായം എടുത്ത് ആ ഛായാചിത്രത്തിലേക്ക് ഒഴിക്കാനൊരുങ്ങി. സഞ്ജീവ് പാഞ്ഞു വന്ന് അവളെ തടഞ്ഞു. ചായം മുഴുവൻ വീണത് തറയിൽ. രണ്ട് പേരുടെയും കൈകൾ വിറച്ചു.

"പോ മൃണാളിനി, നീ ഇനി ഇവിടെ വരരുത്. നിനക്കും എന്നെ മനസ്സിലാക്കാൻ കഴിയാതായി," സഞ്ജീവ് ക്ഷുഭിതനായി. "ഞാൻ നാളെ ഒരു യാത്ര തുടങ്ങുന്നു. ഉത്തരേന്ത്യയിലേക്ക്. എന്‍റെ തേടൽ തുടരാൻ. എന്‍റെ ഒരുവളുടെ കൂടെ അല്ലാതെ ഒരു തിരിച്ചുവരവ് ഉണ്ടാവില്ല!"

അപ്പോഴാണ് കിടക്കയിൽ തുറന്ന് വച്ചിരുന്ന പെട്ടി മൃണാളിനി ശ്രദ്ധിച്ചത്. തേച്ചൊരു ഷർട്ട് വച്ചിട്ട് അയാൾ അത് അടച്ചു. എന്നിട്ട് മുറിയുടെ വാതിൽ തുറന്നു.

"പോകൂ, ഇനി നമ്മൾ സംസാരിക്കാൻ സാധ്യത കുറവാണ്"

മൃണാളിനി ഞെട്ടി. സഞ്ജീവിന് ഇതെന്തു പറ്റി?

"സഞ്ജീവ്..."

"അവളെക്കൂട്ടി വരുന്ന ദിവസം അറിയിക്കാം"

മൃണാളിനി ഗത്യന്തരമില്ലാതെ പുറത്തിറങ്ങി. സഞ്ജീവ് ആ ഛായാചിത്രം വൃത്തിയായി പൊതിയുമ്പോൾ പുറത്ത് മൃണാളിനിയുടെയും അമ്മയുടെയും തേങ്ങലിന്‍റെ നേർത്ത ശബ്ദം അയാൾ കേട്ടു.

അത് അവഗണിച്ച് അയാൾ പിറ്റേന്നുള്ള യാത്രയ്ക്ക് പൂർണ്ണമായും ഒരുങ്ങി. ഒരുവളെപ്പോലുളള ഒരുവളെ തേടാൻ.