K V Rajasekharan :: മോദിയുടെ മികവും സോണിയയുടെ പിഴവും

Views:


മോദിയുടെ മികവും സോണിയയുടെ പിഴവും
--- കെ വി രാജശേഖരൻ

രാമന്‍റെ നിയോഗവുമായി ലങ്കയിലേക്ക് കുതിച്ച ഹനുമാൻ സ്വാമിയെ വഴിയിൽ തടഞ്ഞ സുരസ പറഞ്ഞത്‌ 'എനിക്ക് വിശക്കുന്നൂ നീയെനിക്ക്  ആഹാരമാകണമെന്നാണ്. ' ആഞ്ജനേയനെ വിഴുങ്ങാൻ സുരസ അവരുടെ വായുടെ വലിപ്പം കൂട്ടി, ആഞ്ജനേയൻ ശരീരം വലുതാക്കി പ്രതിരോധിച്ചു. സുരസ വീണ്ടും വീണ്ടും വായുടെ വലിപ്പം കൂട്ടി.   സ്വാമിയും സ്വന്തം ശരീര വലിപ്പം വീണ്ടും വീണ്ടും വർദ്ധിപ്പിച്ച് സുരസയെ വെല്ലു വിളിച്ചു.

രാഷ്ട്രത്തിന്‍റെ താത്പര്യം സംരക്ഷിക്കുവാൻ ഭാരതീയ ജനത ഏൽപ്പിച്ച ദൗത്യം ഫലപ്രദമായി നിർവ്വഹിക്കാൻ പ്രയാണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്‍റെയും മകൻ രാഹുലിന്‍റെയും  അധികാരത്തോടുള്ള ആർത്തി തീർത്തിട്ടു പോയാൽ മതിയെന്നതാണ് സോണിയ നിരന്തരം തുടരുന്ന ആക്രോശങ്ങൾ! ഓരോ ആക്രോശങ്ങൾ കഴിയുമ്പോഴും മോദിയുടെ കർമ്മശേഷിയുടെ രൂപപ്രഭാവം സോണിയക്കും കൂടെ നിൽക്കുന്നവർക്കും കാണാനും കണക്കെടുക്കുവാനും കഴിയുന്നതിലേറയായി വളരുകയാണ്.

കൊറോണപ്രതിരോധത്തിന് ഭാരതം നടപ്പിലാക്കിയ മൂന്നാം ഘട്ട ലോക്ഡൗൺ ലക്ഷ്യങ്ങൾ നേടി, അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ നരേന്ദ്രമോദിയോട് സോണിയയുടെ ചോദ്യം:
"മേയ് പതിനേഴിനു ശേഷം എന്ത്"?  
 'പതിനേഴിനു ശേഷം പതിനെട്ട്' 
എന്ന് രാഹുൽ ചാടിക്കയറി മറുപടി പറഞ്ഞുയെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വിരുതന്മാർ ട്രോളുന്നത്.  രാഹുലിന്‍റെ മറുപടിയെ ചിരിച്ചു മറക്കാം. സോണിയയുടെ ചോദ്യത്തോടൊപ്പം മോദിയ്ക്കും ഭാരതസർക്കാറിനും ഇക്കാര്യത്തിൽ കൃത്യമായ പദ്ധതിയില്ലെന്ന കള്ള പ്രചരണവും!  കോൺഗ്രസ്സ് വക്താവ് രൺധീർ സിങ്ങ് സുർജേവാലയുൾപ്പടെയുള്ള പാണന്മാരാണെങ്കിൽ കൊറോണാ ഭാരതത്തിലെന്നവസാനിക്കുമെന്ന് മോദി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്!

മൂന്നാം ലോകമഹായുദ്ധമെന്ന് ലോകം വിലയിരുത്തുന്ന ഈ മഹാമാരിയെ നേരിടുന്നതിൽ മോദിഭരണകൂടത്തിന്‍റെ ആസൂത്രണമികവ്  ചോദ്യം ചെയ്യാനിറങ്ങി പുറപ്പെടുന്നവർ അതിനെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭാരതവിഭജനം ആസൂത്രണം ചെയ്തതിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ ആസൂത്രണമികവുമായി താരതമ്യം ചെയ്യാൻ തയാറാകണം. അന്നത് നെഹ്രുവിന്‌ ആദ്യ അനുഭവമായിരുന്നുയെന്നാണെങ്കിൽ കൊറോണയുടെ പ്രതിസന്ധി മോദിക്കെന്നല്ല ലോകത്തിനു തന്നെ പുതിയ അനുഭവമാണെന്ന് കണക്കിലെടുക്കണം.

1948 ജൂണിനകം അധികാരക്കൈമാറ്റമെന്നത് ലോർഡ് മൗണ്ട് ബാറ്റന്‍റെയും ലേഡീ മൗണ്ടു ബാറ്റന്‍റെയും മോഹത്തിനു വഴങ്ങി 1947 ആഗസ്റ്റ് പതിനഞ്ചിലേക്ക് മാറ്റിവെച്ചു.  ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ സർവ്വശക്തിയും സഹായിക്കാനുണ്ടായിരുന്നിട്ടും ലോകം കണ്ട ഏറ്റവും വലിയ ആക്രമണങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാനാകുന്ന ഒരു വിഭജന പദ്ധതി തയാറാക്കി നടപ്പാക്കുവാനുള്ള ആസൂത്രണമികവ് നെഹ്രുവിൽ ചരിത്രത്തിന് കാണാൻ കഴിഞ്ഞിട്ടില്ല. വിഭജനം അനിവാര്യമായിരുന്നെങ്കിൽകൂടി അതുമായി ബന്ധപ്പെട്ടുണ്ടായ നരഹത്യകളും ആക്രമങ്ങളും മികച്ച ആസൂത്രണത്തിലൂടെ ഒഴിവാക്കാനാകുമായിരുന്നുയെന്നാണ് പക്ഷം പിടിക്കാതെ ചരിത്രം പഠിച്ചിട്ടുള്ളവർ മനസ്സിലാക്കിയിട്ടുള്ളത്. അതൊക്കെ കഴിഞ്ഞ് സോവിയറ്റ് മോഡലിൽ പഞ്ചവത്സര പദ്ധതികളിലേക്ക് വഴി തിരിച്ചുവിട്ട ഭരണകൂടം 1962ൽ ചൈന ആക്രമിച്ചപ്പോൾ ഭാരതത്തിന് നെഹ്രുവിയൻ ആസൂത്രണത്തകർച്ചയുടെ നേരനുഭവമാക്കി.

ഇവിടെ സോണിയയും കൂടെയുള്ളവരും മറക്കാതിരിക്കേണ്ട ഒരു പൊതുയാഥാർഥ്യമുണ്ട്.  രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാനും നിലനിർത്തുവാനും നടത്തുന്ന കുതന്ത്രങ്ങളുടെ ആസൂത്രണവും രാഷ്ട്രത്തിന്‍റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുവാൻ നടത്തുന്ന ആസൂത്രണവും രണ്ടാണ്.

ആ രണ്ടു  തരം ആസൂത്രണങ്ങളുടെയും വിജയം നിയതിയുടെ നിയന്ത്രണത്തിനു വിധേയമാണു താനും. ഇന്ദിര മക്കൾ രാജീവിനെയും സഞ്ജയ്യെയും കൃത്യമായ ആസൂത്രണത്തോടെയാണ് വളർത്തി വലുതാക്കിയത്.  അക്കാര്യം 1985ൽ അടൽബിഹാരി വാജ്പേയ് സ്വന്തം ശൈലിയിൽ വിശദീകരിച്ചു. 'ഒരമ്മയ്ക്ക് രണ്ടു മക്കളുണ്ടായിരുന്നു. ഒരു മകനെ അമ്മ വിമാനം ഓടിക്കാൻ പഠിപ്പിച്ചു. മറ്റേ മകനെ രാഷ്ട്രീയവും.  രാഷ്ട്രീയം പഠിപ്പിച്ച മകൻ വിമാനം ഓടിക്കാൻ നോക്കി. ദൗർഭാഗ്യകരമായ അന്ത്യമായി ഫലം. ഇപ്പോൾ വിമാനം ഓടിക്കാൻ പഠിച്ച മകൻ രാഷ്ട്രീയവുമായി ഇറങ്ങിയിട്ടുണ്ട്. രാഷ്ട്രത്തിന്‍റെ ഗതിയെന്താകുമെന്ന് ദൈവത്തിനേ അറിയൂ!'.

ഇന്ദിരയുടെ ദാരുണകൊലപാതകം നൽകിയ അവസരം മുതലെടുത്ത് ശവസംസകാരത്തിനു പോലും കാത്തു നിൽക്കാതെ ഇൻഡ്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാജീവ് അമ്മയുടെ മരണം വോട്ടാക്കി മാറ്റുവാൻ തിരഞ്ഞെടുപ്പു തീയതി തന്നെ നേരത്തെയാക്കിയ വേളയിൽ ദില്ലിയിലെ ജനങ്ങളോട് വാജ്പേയ്ജി പങ്കുവെച്ച സന്ദേഹം പ്രവാചകതുല്യമായിരുന്നുയെന്ന് കാലം തെളിയിച്ചു.

അങ്ങനെ ആസൂത്രണം അപ്രസക്തമാക്കുന്ന ഇടപെടലുകൾ കാലം നടത്താറുണ്ടെന്ന ഉൾക്കാഴ്ചയോടെ തന്നെ നെഹ്രു കുടുംബ വാഴ്ച അരക്കിട്ടുറപ്പിച്ച ആസൂത്രണത്തിന്‍റെയും ആ കുടുംബവാഴ്ചക്കാലത്തെ ആസൂത്രണങ്ങളുടെയും മികവുകൾ പഠന വിഷയമാക്കാവുന്നതാണ്. 
 • ഗാന്ധി വധത്തിന്‍റെ പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച ശരിയായ രീതിയിലും ദിശയിലുമുള്ള അന്വേഷണത്തിനു വഴിമുടക്കുകയും കമ്യൂണിസ്റ്റു പക്ഷ സഖാക്കളുടെ സഹായത്തോടെ ആ കുറ്റം ഹിന്ദുത്വ ദേശീയതയുടെ വക്താക്കളുടെ നേരെ ക്രൂരമായും അടിസ്ഥാനരഹിതമായും തിരിച്ചുവിട്ട് ദേശീയതയുടെ രാഷ്ട്രീയധാരയെ തത്കാലത്തേക്ക് തടസ്സപ്പെടുത്തി.  
 • ചൈനീസ് യുദ്ധവേളയിൽ ചൈനാ ചാരന്മാരുടെ റോൾ ഏറ്റെടുത്ത് കമ്യൂണിസ്റ്റു പക്ഷം നൽകിയ അവസരം ഉപയോഗിച്ച് കമ്യൂണിസ്റ്റു രാഷ്ട്രീയ പക്ഷത്തെ ദേശവിരുദ്ധ പക്ഷം എന്ന അവർ അർഹിക്കുന്ന ഇടം നൽകി അവരെ ഭാവി ഭാരത രാഷ്ട്രീയത്തിൽ അപ്രസക്തരാക്കി. 
 • അങ്ങനെ ഭാരതരാഷ്ട്രീയത്തിലെ പ്രധാന പ്രതിപക്ഷങ്ങളായ ഇടതുവലതുപക്ഷങ്ങൾക്ക് കടിഞ്ഞാണിട്ടതിനു സമാന്തരമായി കോൺഗ്രസ്സിനുള്ളിലെ പ്രമുഖരെ കാമരാജ് പ്ലാനിലൂടെ ഒതുക്കി.  
 • അതിനു മുമ്പുതന്നെ പ്രമുഖരെ കടത്തിവെട്ടി ഇന്ദിരയെ എഐസിസി അദ്ധ്യക്ഷയാക്കി കുടുംബവാഴ്ചയ്ക്കു വഴി വെടിപ്പാക്കി. 
 • ലാൽ ബഹാദൂർ ശാസ്ത്രി താഷ്കെന്റിൽ വെച്ച് ഇല്ലാതാക്കപ്പെട്ടതോടെ ഇന്ദിര സിംഹാസനസ്ഥയായി. 
ഇന്ദിര ഇല്ലാതായിടത്താണ് അധികാരം കുടുംബത്തിന്‍റെ കൈ പിടിയിൽ തന്നെ ഒതുക്കുവാനുള്ള ആസൂത്രണം പിഴവില്ലാതെ നടപ്പാക്കപ്പെട്ടത്.
 • രാജീവ് ഇല്ലാതായ ശേഷം ചെറിയ ഇടവേളക്കുശേഷം സീതാറാം കേസരിയെന്ന വയോധികനെ ചെവിക്കു പിടിച്ച് പുറത്താക്കി സോണിയ കസേരയിൽ കയറിയിരുന്ന് ഞാനാണിനി കോൺഗ്രസ്സ് അദ്ധ്യക്ഷ എന്ന് പ്രഖ്യാപിച്ചപ്പോഴും ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ നീങ്ങി.  
 • പിന്നീടാണ് പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കാത്ത അവസ്ഥയായത്. 
 • വിനീത വിധേയനായിരുന്ന രാഷ്ട്രപതി കെ ആർ നാരായണൻ എന്തു സഹായവും ചെയ്യുവാൻ തയാറായിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയാകൂവാൻ സോണിയയക്ക് പിന്തുണ നൽകുന്നുണ്ടെന്ന സൂചന നൽകുന്ന ലിസ്റ്റുമായി രാഷ്ട്രപതി ഭവനിലെത്തിയത്. 
 • എന്തു ചെയ്യാം മുലായം സിങ്ങ് യാദവ് ജോർജ്ജ് ഫെർണാണ്ടസ്സിന്‍റെവീട്ടിലെത്തി ലാൽകൃഷ്ണ അദ്വാനിയുമായി ആശയവിനിമയം ചെയ്തതോടെ സമാജ് വാദി പാർട്ടിയുടെ പിന്തുണ പോയി. സോണിയയുടെ ആസൂത്രണം പൊളിഞ്ഞു. 
 • 2004ൽ ഭാരതീയ ജനതാപാർട്ടിയേക്കാൾ വിരലിലെണ്ണാവുന്ന സീറ്റുകളേ കൂടുതൽ കിട്ടിയുള്ളെങ്കിലും തട്ടിക്കൂട്ടിയ മുന്നണിയുടെ നേതാവായി പ്രധാനമന്ത്രിയാകാൻ അവകാശവാദവുമായി രാഷ്ട്രപതി എപിജെ അബ്ദുൾകലാമിനെ കാണാനെത്തിയെങ്കിലും ഭരണഘടന ഉയർത്തുന്ന വെല്ലുവിളികൾ വ്യക്തമാക്കപ്പെട്ടതോടെ പദവി ഡോ മൻമോഹൻ സിങ്ങിനു നൽകി പിൻസീറ്റ് ഡ്രൈവിങ്ങിനു വഴിതേടേണ്ടി വന്നു. 
രാഷ്ട്രീയ അധികാരത്തോട് ലക്ഷ്യമിട്ടു നടത്തിയ ആസൂത്രണം വീണ്ടും യഥാർത്ഥ ലക്ഷ്യം നേടാത്ത ഗതികേടിലാണ് സോണിയ ചെന്നുപെട്ടത്.

2014ലെയും 2019ലെയും തിരഞ്ഞെടുപ്പ് പരാജയങ്ങൾക്കു ശേഷവും സോണിയയുടെ ആസൂത്രണ കമ്മീഷൻ അധികാരം തിരിച്ചു പിടിക്കുവാനുള്ള കുതന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്.
പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ നടത്തിയ ന്യായീകരിക്കാനാവില്ലാത്ത സമരങ്ങളും ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും ശക്തികൾ തുടർന്നു പോന്ന ജനാധിപത്യ വിരുദ്ധ വിധ്വംസക പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും കടന്നുവന്ന കോവിഡ് 19 ന്‍റെ പ്രഹരവും കൂടിയാകുമ്പോൾ 
ഭാരതം പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലെത്തുമെന്നും 
അത് ഭരണപിടിച്ചെടുക്കലിന്‍റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്നും ഉള്ള അതിമോഹം കാര്യക്ഷമമായ കൊറോണാ പ്തിരരോധത്തിന്‍റെ പശ്ചാത്തലത്തിൽ തകർന്നടിഞ്ഞതിന്‍റെ  നിരാശയാണ് സോണിയാപക്ഷത്തിന്‍റെ ഈ വക ചോദ്യങ്ങളിൽ നിന്നും പരാമർശങ്ങളിൽ നിന്നും വായിച്ചെടൂക്കാവുന്നത്.
ഏതു തരം മഹാമാരിയും പ്രകൃതിക്ഷോഭവും ഉയർത്തുന്ന പ്രധാന വെല്ലുവിളി അവയുടെ സാദ്ധ്യതകൾ പ്രവചനാതീതമായിരിക്കും എന്നതുതന്നെയാണ്.

ഇങ്ങനെയൊരു മഹാരോഗം പടരുവാൻ പോകുന്നൂയെന്ന സൂചനകൾ ചൈനയിലെ അധികാരകേന്ദ്രങ്ങളിൽ നിന്നും സോണിയക്കോ രാഹുലിനോ വധേരയ്ക്കോ സീതാറാം യച്ചൂരിക്കോ പാക്-ചൈനാ അച്ചുതണ്ടിനു വേണ്ടപ്പെട്ടവരായ ഒവൈസിയ്ക്കോ ഡി രാജയ്ക്കോ സ്വാഭാവികമായും മുൻകൂർ ലഭിച്ചിട്ടുണ്ടാകാം. 

പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ, ഭാരത സർക്കാറിനോ ലോകാരോഗ്യ സംഘടനയിൽ നിന്നും മറ്റ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും വിവരങ്ങൾ ലഭിച്ചതിനുശേഷമേ ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ കഴിയുമായിരുന്നുള്ളൂയെന്ന പരിമിതി തീർച്ചയായും വസ്തുതയാണ്.  പക്ഷേ രോഗം പ്രചരിച്ചു കഴിഞ്ഞ വുഹാനിൽ നിന്നും ഇൻഡ്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ച് നാട്ടിലേക്കു കൊണ്ടുവരുന്നതിലാരംഭിച്ച സത്വര നടപടികളുടെ ചടുലത ഭാരത്തിലെ പൊതുസമൂഹത്തിൽ
'മോദി ഹേ തോ മുമ്കീൻ ഹേ'
(മോദിയുണ്ടെങ്കിൽ കാര്യം നടക്കും)
എന്ന വിശ്വാസം ആവർത്തിച്ചുറയ്ക്കുവാനുള്ള അവസരം ഒരുക്കി.
 • ഭാരതത്തിലെ രോഗബാധിതരുടെ എണ്ണം വളരെ പരിമിതമായിരുന്ന സമയത്തുതന്നെ സാമൂഹിക അകലം പാലിക്കുവാനും ശുചിത്വം പാലിക്കുവാനുമുള്ള സന്ദേശം ഭാരതമാകെ നൽകി. 
 • ലോക്ക് ഡൗൺ ചെയ്തുകൊണ്ട് വിവിധഘട്ടങ്ങളിലായി പൊതു സമാജത്തെ രോഗപ്രതിരോധത്തിന് ഒരുക്കിയെടുത്തു. 
 • രോഗനിർണ്ണയ പരിശോധനയ്ക്കാവശ്യമായ സാമഗ്രികളും അടിസ്ഥാന ചികിത്സാ സൗകര്യങ്ങളും വിഭവ ശേഷിയും യുദ്ധകാല വേഗതയോടെ ഒരുക്കിയെടുത്തു.  
 • ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പോലീസ് സേനയും പൊതുസേവനമേഖലയും അടങ്ങുന്ന വിപുലമായ മനുഷ്യവിഭവശേഷി സജ്ജമാക്കി. 
രാഷ്ടം ഒന്നടങ്കം അവരോട് കടപ്പെട്ടിരിക്കുന്നുയെന്ന ബോധം വളർത്തിയെടുത്തതും ഭൗതികമായുള്ള അകലം പാലിക്കുമ്പോഴും ഒരുമനസ്സോടെ മഹാമാരിയെ നേരിടുന്നതിനുള്ള ആശയും ആവേശവും ജനങ്ങൾക്കു നൽകുന്ന മോദിനേതൃത്വപ്രഭാവം ലോകം കണ്ടുകൊണ്ടിരിക്കുന്ന ദിവസങ്ങളിൽ കൂടെയാണ് നാം കടന്നു പോകുന്നത്.

ഒപ്പം തന്നെ ലോക്ക് ഡൗൺ മൂലമുണ്ടായ സാമ്പത്തിക വെല്ലുവിളികളെയും പ്രതികൂല സാഹചര്യത്തെയും ജനങ്ങളുടെ പ്രശ്നങ്ങളെയും നേരിടുന്നതിന് ആസൂത്രണതലത്തിലും പ്രയോഗവത്കരണതലത്തിലും കാട്ടിയ മികവും മോദിഭരണകൂടത്തിൽ ജനാധിപത്യഭാരതത്തിന്‍റെ വിശ്വാസം വർദ്ധിപ്പിക്കുന്നു.  
 • ജനകോടികൾക്ക് ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങളെത്തിച്ചു. 
 • ജൻധൻ അക്കൗണ്ടിലൂടെയും പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ അത്യാവശ്യത്തിനുള്ള പണം സാധാരണക്കാരനിലേക്കെത്തിച്ചു. 
 • സൗജന്യ പാചകവാതക വിതരണമുൾപ്പടെയുള്ള മറ്റു നപടികളിലൂടെയും ദേശീയ ജനാധിപത്യ മുന്നണി സർക്കാർ ആപത്ഘട്ടത്തിൽ സാധാരണക്കാരനു താങ്ങായി മാറി.  
ഈ കാര്യം പഠിക്കുമ്പോഴാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും പോലുള്ള ചുവടുവെപ്പുകൾക്ക് സോണിയയും യച്ചൂരിയും അടങ്ങുന്ന പ്രതിപക്ഷം ഹിന്ദുവിരുദ്ധ വർഗീയശക്തികളെയും രാഷട്ര വിരുദ്ധ പ്രതിലോമകാരികളെയും കൂടെ ചേർത്ത് വഴിമുടക്കുവാൻ പണിയെടുത്തതിലൂടെ ഉണ്ടായ കാലവിളംബം ശാസ്ത്രീയമായ ആസൂത്രണത്തിന് എത്രമാത്രം തടസ്സമായിയെന്ന് വ്യക്തമാകുന്നത്.


(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)No comments: