Sidheek Subair :: വേഷം കെട്ടലുകളുടെ ലോകം

Views:


ശ്രീ രജി ചന്ദ്രശേഖറിന്‍റെ, വാനവെണ്‍വെളിച്ചം എന്ന കവിതയ്ക്കു ജീവിത സത്യത്തിന്‍റെ "വെൺ വെളിച്ചം" പരത്താൻ കെൽപ്പുണ്ട്. എല്ലാത്തരം വല്ലായ്മകളെയും വെല്ലാൻ കരുത്തുള്ളതാവണം കവിത. വീഴ്ത്താനും വാഴ്ത്താനും പലതരം വമ്പുകള്‍ പറയാനും ലോകം മിടുക്കുകാട്ടുമ്പോൾ യഥാർത്ഥ ജീവിതരഹസ്യത്തിന്‍റെ 'വൻ പൊരുൾ' തിരയുന്ന കവി, അതിലൊന്നും ഉൾചേരാതെ വാണീ വാഗ് വൈഭത്തിൽ അനുരക്തനായി സ്വയം സമർപ്പിക്കുകയാണ്, സ്വയം ഉരുകുകയാണ് .

'വല്ലാത്ത വേഷം വിളിച്ചു വേഗം' എന്നു തുടങ്ങുന്ന വരികൾ തന്നെ വല്ലാത്തൊരനുഭവസ്ഥലിയായി ഉരുവം കൊള്ളുന്നു. വല്ലാതെ തോന്നാവുന്ന ഒരു വാക്കിനപ്പുറം 'വല്ലാത്ത' എന്ന മൊഴി പകരുന്നത് എല്ലാ വല്ലായ്മകൾക്കുമപ്പുറമുള്ള വ്യതിരിക്ത മനോമണ്ഡലമാണ്. - കാരത്തിൽ തുടങ്ങുന്ന വാക്കുകൾ മാത്രം ഉപയോഗിച്ച് കവിത ചമയ്ക്കുന്നൊരു വല്ലാത്ത വൈഭവം കവി കാഴ്ചവയ്ക്കുന്നു.
   
വേഷം കെട്ടലുകളുടെ ലോകത്താണ്, വല്ലായ്മകളെ വെല്ലുന്ന സദ്യ കവി ഒരുക്കുന്നത്. ജീവിതം വേണ്ടെന്നു വയ്ക്കുവാൻ ചിന്തിക്കുന്നവരും ഉണ്ട്. അത് പലപ്പോഴും നമ്മിൽ വേലിപ്പടർപ്പായി വളർന്നു പന്തലിക്കുന്നുണ്ടാവാം. അത്തരം ദുഷ്ചിന്തകളാകുന്ന വേലി വെട്ടുകയാണ് കവി ഇവിടെ. വേലിയാണ്, അത് ഇനിയും വളരും കവി ഇവിടെ ഉള്ളതിനാൽ അതിനെതിരെ പൊരുതും എന്ന ആത്മവിശ്വാസം കൂടി നമുക്ക് വായിച്ചെടുക്കാം. എന്ത് എഴുതുന്നു എന്നതിനപ്പുറം ആ എഴുത്തിലെ സത്യസന്ധതയാണ് കവിയുടെ വേറിട്ട കാവ്യ വാഴ് വിന് ആധാരം, നിദാനം.

വല്ലായ്മകളെ വെല്ലാൻ വിരുന്നൊരുക്കുകയാണ് കവി. വേണ്ടാതെ വളരുന്ന എന്തിനെയും വെട്ടിക്കളയേണ്ട ദൗത്യം സമൂഹജീവി എന്ന നിലയിൽ കവിയ്ക്കുമുണ്ട്. അതിനപ്പുറത്തുമുള്ള ജീവിതം കവിതയില്‍ വിളമ്പുകയാണ് കവി. ആരാലും പരിഗണിക്കാത്ത ജീവനുകളെ വിളിച്ച്, അവരുടെ വല്ലായ്മകളെ നീക്കി, വേണ്ടാത്തതിൽ നിന്നും വേണ്ടുന്നവ കൊണ്ട്, നല്ലവരാക്കി വിളമ്പി നിറയ്ക്കുകയാണ് കവി. അതെ, നിസ്വരായവർക്ക് എന്തു വേണം എന്തു വേണ്ട എന്ന് കവിയ്ക്കറിയാം. അങ്ങനെ വിളമ്പാൻ പാകമായ സ്വത്വം തന്നെയാണ് പ്രിയപ്പെട്ട കവിയുടെ കവിതയും. വേണ്ടുന്നതെന്നും വിളമ്പി നൽകാൻ കവിതയുടെ ലോകം വിശാലമാകുമ്പോൾ വിശാലമാകുന്നത് കവിത മാത്രമല്ല നല്ല മനസ്സു കൂടിയാണ്. കവികൾ എല്ലാം നല്ലവരാകണമെന്നില്ല, എന്നാൽ നല്ല കവിതയും നല്ല കവിയും ഒന്നിക്കുയാണ് ഈ വരികളിൽ. വാക്കുകൾക്കപ്പുറത്തെ വിസ്മയ വാഴ് വാണ് കവിതയുടെയും കവിയുടെയും ലക്ഷ്യം.

വാക്കിലെ വിഷം ചെറുതല്ലാത്ത ദുരിതങ്ങളാണ് ലോകത്തിന് നൽകുന്നത്. വാഴ്ത്തലും വീഴ്ത്തലും അവിടെ പതിവുകാഴ്ചകളാകുന്നു. ഇത്തരം കാഴ്ചകളുടെ നിലയില്ലാവാഴ് വിൽ വിങ്ങുകയും കവിതകൊണ്ട് പ്രതിരോധിക്കുകയുമാവും കവിയുടെ കർത്തവ്യം. തന്നെ വീഴ്ത്താൻ, വേരു പിഴുതെറിയാൻ, വഴുക്കിന്‍റെ വഴക്കിൽ കുരുക്കി വാരിക്കുഴി ചമയ്ക്കുന്ന, വിഷ വിത്തിടുമ്പോൾ വാക്കു കിട്ടാതെ വിങ്ങുന്ന സമകാലിക മനുഷ്യമുഖം കവിതയിലും കാണാം.

വാക്കില്ലാതാവുക എന്നത് കവിയുടെ മരണമാണ്. അതിനാൽ നൻമയുടെ മരണവും. ഈ കവിയെന്നല്ല എല്ലാ കവികളും ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടാവും. ഓരോ പ്രതിസന്ധിയും ഓരോ സാധ്യത കൂടിയാണ്. ഈ സാഹചര്യം വലിയ വിങ്ങലായി വിയർത്തു പൊന്തുകയാണ്.

വിഷം ചേർത്ത വാക്കിൽ നിന്നും അവയെ വാർത്ത് കളഞ്ഞ് നൽവിത്തിടുന്നവനാണ് കവി.അതെ കവിതയും ഒരു പ്രവർത്തനമാണ് നല്ല മാനവനാകാനുള്ള പ്രവർത്തനം. കവിതയുടെ നൽ വിത്തുകൾ മനസ്സുകളിൽ പാകി, ജീവിതത്തിൽ വിളയിച്ച് നല്ല നാളെകൾ കൊയ്യാനുള്ള പ്രവർത്തനം. മനുഷ്യർ വിങ്ങുകയും വിയർക്കുകയും വാക്കിടറുകയും ചെയ്യുന്നത് സ്വാഭാവികം. വാരിക്കുഴികളിലും ചതിക്കുഴികളിലും വഴുക്കിന്‍റെ അഴുക്കിലും ആഴാതെ തുടരുന്നത് കവിയുടെ ഉൾബലം.

വാഴ്ത്തലുകൾ എല്ലാം നല്ലതിനായിരിക്കണമെന്നില്ല. വാഴ്ത്തലുകൾ നമ്മെ വീഴ്ത്താനുള്ള ശക്തമായ ആയുധമാണെന്നിരിക്കെ, ഇത്തരം വാഴ്ത്തലുകളിൽ വീഴാൻ കവി വിമനസ്സാകുന്നു. നല്ല വാഴ് വിന്‍റെ ലക്ഷണമായ ഋജു രേഖയാണ് കവി.

വാക്കിലാരാണോ വിഷം കലർത്തുന്നത് അവരുടെ ലക്ഷ്യം വാക്കുകളെ വിഷലിപ്തമാക്കുക എന്നതാണ്.അങ്ങനെ സമൂഹത്തെ വിഷമയമാക്കി തീർക്കുന്നതിനെ കവി ചെറുകുന്നു. വിഷം കലർന്ന വാക്കുകളെയും മനോഭാവത്തെയും അറുത്തു കളയുക എന്നതും ധർമ്മം തന്നെയാണ്.സമൂഹത്തെ വിഷത്തിൽ നിന്നും മോചിപ്പിക്കുന്ന " വിഷം വലിച്ചെടുക്കുന്ന കല്ലാ"യി കവി മാറുന്നു.അതെ വിഷലിപ്തമായ വാക്കുകളല്ല, നേരിന്‍റെ നെറിയുടെ സത്യത്തിന്‍റെ  വാക്കാണ് കവനത്തിനാവശ്യം അത് പുലരുന്ന ജീവിതമാണ് ഇവിടെ വിരിഞ്ഞ് മന്ദഹസിക്കേണ്ടത്.

വിഷം വാർത്തു കളഞ്ഞു വേണം വാക്കിന്‍റെ  വിത്തിടാൻ എന്നുകൂടി കവി സൂചിപ്പിക്കുന്നുണ്ട്. വിങ്ങി വിയർത്താൽ മാത്രമേ അത്തരം കവിത സാധ്യമാവുകയുള്ളൂ. കാവ്യരചനാ പ്രക്രിയയും അതിജീവനമാണ്. വിഷവാക്കുകൾ തുപ്പുന്ന ലോകരുടെ നാവിൽ നിന്നുള്ള അതിജീവനം.

വിഴുപ്പുകൾ ചുമക്കുകയും അലക്കുകയും ചെയ്യുന്നത് ജീവിത സാഹചര്യം. വമ്പുകൾ വീശുന്ന വിഴുപ്പുകൾ പേറാൻ കവി തയ്യാറല്ല. അങ്ങനെ വിഴുപ്പു ചുമന്ന് നേടുന്ന നേട്ടങ്ങളും വേണ്ട, വൻ പുകൾ വേണ്ട, കുറുക്കു വഴിയിലൂടെ കിട്ടുന്ന പുകഴ്ച്ചയും വകുപ്പും വേണ്ട. സമകാലിക ലോകത്തിലെ കൊള്ളരുതായ്മകളെ ശക്തമായ ഭാഷയിൽ വിമർശിക്കുന്ന വിമർശകനെ കാണുകയാണ് ഇവിടെ. കവിതയ്ക്ക് വേണ്ടത് ഒന്നു മാത്രമാണ് കാപട്യമില്ലാത്ത നന്മ നിറയുന്ന വിവിധ അർഥം കേളികൊട്ടുന്ന വാക്കുകൾ മാത്രം, അതുവഴി കവിതയും.

വാണീദേവതയുടെ വാഗ് വൈഭവത്തെ വേണമെന്നും അതിന്‍റെ അനുഗ്രഹങ്ങൾ ജീവിതത്തിൽ തെളിച്ചമാകണമെന്നും കവി ആഗ്രഹിക്കുന്നു. വാനിലെ വെൺവെളിച്ചമാകുന്ന പരമസത്യമെന്ന പോലെ തെളിച്ചമാകാൻ കുതിക്കുന്ന വാക്കുകളും അതിൽ പിറവി കൊള്ളുന്ന കവിതയുമാണ് കവിയ്ക്കു വേണ്ടുന്ന വരം .
   
വരം വേണ്ടുന്നവന് കഠിനമായ തപം ആവശ്യമെന്നിരിക്കെ വളരെ വലിയ തപ ത്തിന്‍റെ  ബാക്കിയായി ശ്രീ രജി ചന്ദ്രശേഖറിന് ലഭിച്ച "വരം'' തന്നെയാണ് ഈ കവിത. 'വ'-യിൽ തുടങ്ങുന്ന വാക്കുകൾ മാത്രമാണ് ഈ കവിതയിൽ ഉപയോഗിച്ചിട്ടുളളത്, എന്നു നേരത്തെ പറഞ്ഞല്ലൊ. "നല്ല വാക്കുകൾ നല്ല കാലമാകുന്നു" എന്ന് കടമ്മനിട്ടയും.

അയത്നലളിതമായി വന്നു നിറഞ്ഞ സൽഫലമാണീ കവിത. വാക്കുകൾ വ കാരത്തില്‍ തുടങ്ങി, അതിനുമപ്പുറം വിശാലതയിലേയ്ക്ക്, ആശയങ്ങൾ സ്ഫുടം ചെയ്യുന്ന അർഥതലങ്ങളുടെ ചക്രവാളത്തിലേക്ക് ഈ കവിത ആസ്വാദകരെ കൊണ്ടെത്തിക്കും.

വാന വെൺ വെളിച്ചമായ് നിരവധി സമൂഹങ്ങൾക്ക് വെട്ടമാകട്ടെ ഈ കവിനാളം.

No comments: