Anu P Nair :: ജീവിതം. അങ്ങനെ ഒന്നുണ്ടായിട്ടുണ്ടോ ഇതുവരെ?

Views:



ജീവിതം. അങ്ങനെ ഒന്നുണ്ടായിട്ടുണ്ടോ ഇതുവരെ ? ഓർമ്മ വച്ച കാലം മുതൽ ശേഖരിച്ചു കുട്ടിയ സ്മൃതികളിലൊന്നും ജീവിക്കുകയായിരുന്നു എന്ന ചിത്രം തെളിയുന്നില്ല . മുപ്പത്തിമൂന്ന് കൊല്ലം കടന്നു പോകുന്നു. ഇനി ഒരു പക്ഷേ ഇത്രയും തന്നെ മുന്നിലുണ്ടാവാം. ചിലപ്പോൾ അത്രയും തന്നെ ഉണ്ടാകണമെന്നുമില്ല. എന്തായാലും ആ കാലവും അത്ര നല്ലതൊന്നുമാകില്ല.
ഞാൻ പുറത്താക്കപ്പെടാം, കിടപ്പാടം ഇല്ലാത്തവനായി മാറിയേക്കാം, വീഴുമ്പോൾ താങ്ങാൻ ഒരു തുണയില്ലാത്തവനായേക്കാം. ഇതൊക്കെ ആസന്ന ഭാവിയിൽ തന്നെ കണ്ടേക്കാം. എനിക്കിപ്പോൾ  പേടിയല്ല ഒരു തരം മരവിപ്പാണ്.

മുപ്പത്തിമൂന്ന് കൊല്ലം !!
ബോധമുറച്ചപ്പോൾ മുതൽ പരിഹാസവും ഒറ്റപ്പെടുത്തലും മാത്രം . പൊക്കമില്ലാത്തതും ചുണ്ടിലെ പാടും തന്നത് വലിയ വലിയ നഷ്ടങ്ങൾ . ഒന്നിനും കൊള്ളാത്തവനെന്നും തീട്ടം തിന്നിയെന്നും വിളിച്ചത് ജനിപ്പിച്ച തന്ത തന്നെയായിരുന്നു. അഛന് ഞാൻ ഒരു അപശകുനമായിരുന്നു. എല്ലാം തികഞ്ഞ മറ്റൊരു മകൻ അദ്ദേഹത്തിനുണ്ടായിരുന്നു. അവന്‍റെ പിറന്നാളിന് അച്ഛൻ നാട്ടിലുണ്ടെങ്കിൽ  പായസം വയ്പ്പും കേക്ക് മുറിയ്ക്കലും.

ഞാൻ ജനിച്ചിട്ടുണ്ട് എന്ന യാഥാർഥ്യം അച്ഛൻ ഒരിക്കലും ഉൾക്കൊണ്ടിരുന്നില്ല. അതു കൊണ്ടുതന്നെ എന്‍റെ പിറന്നാളുകൾ ഓർക്കേണ്ടത്  അച്ഛന്‍റെ ആവശ്യമായിരുന്നില്ല. പൊക്കമില്ലാത്ത മകനെ കഴിവുകെട്ടവനായി മാറ്റാനും അവന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനും അച്ഛന് വല്ലാത്ത ഉത്സാഹമായിരുന്നു.

ഒരിക്കൽ അച്ഛനും അമ്മയും അവരുടെ പ്രിയ പുത്രനും ഞാനും കൂടെ ഇരിക്കുമ്പോൾ പ്രിയ പുത്രന്‍റെ കമന്‍റ്-

''ചേട്ടൻ വെറുതേ ഇരുന്ന് തിന്നുവല്ലേ.'' ശരിയാണെന്ന  മട്ടിൽ  അഛൻ ചിരിച്ചു.

''ചെന്നവന്‍റെ ചന്തി കടിയടാ'' എന്ന് അമ്മ.

അടുത്ത ജന്മത്തിലെങ്കിലും നല്ല പൊക്കമുള്ള വൈരൂപ്യങ്ങളില്ലാത്ത ഒരാളായി ജനിക്കണം. അഛന്‍റെയും അമ്മയുടെയും ഒറ്റ മകനായി അവരുടെ സ്നേഹം മുഴുവൻ കുടിച്ചു വളരണം.

ഉപാധികളില്ലാതെ സ്നേഹിക്കുന്ന അഛനേയും അമ്മയെയും എല്ലാവർക്കും ലഭിക്കില്ല. ഇത്തിരി കൂടെ പൊക്കവും തടിയും ഉണ്ടായിരുന്നെങ്കിൽ അഛനും അമ്മയും അവരുടെ മകനും ഒരു പക്ഷേ മറ്റൊരു തരത്തിൽ എന്നോട് പെരുമാറിയേനേ. നീ വെറുതേ ഇരുന്ന് തിന്നുന്നുവെന്ന് ആരും എന്നോട് പറയില്ലായിരുന്നു.

വെറുതേ ഇരുന്ന് ഓരോന്ന് എഴുതുന്നതല്ല. അത്രത്തോളം ജീവിതം മടുത്തു. MA, B.Ed, DCA, SET. ഞാൻ നേടിയ ബിരുദങ്ങളാണ്. താത്ക്കാലികമെങ്കിലും ഒരു സ്കൂളിലെ അധ്യാപകനാണ്. പക്ഷേ ഇതൊന്നും ആർക്കും വേണ്ട. പൊക്കത്തിന്‍റെ പേരിൽ അയിത്തമാണ് പലർക്കും. പലരുടേയും പുച്ഛം കലർന്ന നോട്ടങ്ങൾ കുത്തുവാക്കുകൾ. അവരുടെയൊന്നും പ്രതീക്ഷകൾക്കൊത്ത് ഞാൻ ഉയരുന്നില്ല.  കുറച്ചു കൂടി ഉയരമുണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാവുമായിരുന്നില്ല.

പൊക്കത്തിലൊന്നും കാര്യമില്ല എന്ന് പറയുന്ന സൈക്കോളജിസ്റ്റുകളേ, നിങ്ങൾക്ക് മുന്നിൽ എനിക്ക് പറയാൻ ഉള്ളത് എന്‍റെ അനുഭവങ്ങളാണ്. ഞാൻ MA യ്ക്ക് പഠിക്കുമ്പോൾ കൂടെ പഠിച്ചിരുന്ന ഒരു പെണ്ണ് എന്‍റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട് -

''ഈ പൊക്കേം വച്ചോണ്ട് പെണ്ണുകെട്ടീട്ട് എന്ത് കാണിക്കാനാടാ... '' എന്ന്.

പൊക്കമില്ലാത്തവൻ ആയതു കൊണ്ട് അവന് പെണ്ണ് കൊടുക്കില്ലെന്ന് ഇടവായിലെ പ്രബുദ്ധരായ രക്ഷിതാക്കൾ. ചില വീടുകളിൽ പെൺകുട്ടികളെ പേടിപ്പിക്കാനായി പറയുന്നതിങ്ങനെ-

''മര്യാദിക്കൊക്കെ ജീവിച്ചില്ലേൽ അനൂന് കെട്ടിച്ചു കൊടുക്കും.''

അച്ഛൻ ജീവിച്ചിരുന്ന കാലത്ത് കുറേ സ്ഥലത്ത് എനിക്ക് കല്യാണ ആലോചനയുമായി പോകുമായിരുന്നു. കോമഡിയാണ്. രാത്രി കള്ളു കുടിച്ച് പെണ്ണിന്‍റെ അച്ഛനോട് എന്നെ കുറ്റം പറയുകയും തെറി വിളിക്കേം ചെയ്യും. പകല് കുളിച്ച് കുറി തൊട്ട് കല്യാണ ആലോചനയുമായി ആ ആളുടെ വീട്ടിൽ.

ഇതു തന്നെയാണ് അഛന്‍റെ മരണ ശേഷം അമ്മയുടേയും ശൈലി. അവരുടെ മകൻ സദ്ഗുണ സമ്പന്നനും മര്യാദാ പുരുഷോത്തമനുമാകുന്നു. ഞാൻ ഒന്നിനും കൊള്ളാത്ത ശുദ്ധ തെമ്മാടി. ഈ കേൾക്കുന്ന ആൾക്കാർക്ക് അറിയില്ല ഇവരുടെ യഥാർഥ പ്രശ്നം എന്താണെന്ന്. എന്നെ അവർ അംഗീകരിക്കുന്നില്ല. അതിനു കാരണം എന്‍റെ പൊക്കമില്ലായ്മയും .

മടുത്തു. ആഗ്രഹങ്ങളൊന്നും സഫലമാകാത്ത പരിഹസിക്കപ്പെടുന്ന കുറ്റപ്പെടുത്തപ്പെടുന്ന ഒറ്റപ്പെടുത്തപ്പെടുന്ന ഈ ജന്മം. ഒക്ടോബർ 23 ഞാനിന്നു വെറുക്കുന്ന ഒരു ദിനമാണ്. 33 വർഷം മുൻപത്തെ ദുരന്തം . അതാണ് ഞാൻ . പണ്ടേതോ ഒരു ഇന്‍റർവ്യൂവിൽ ഒരു ഗായകൻ പറഞ്ഞു-

''എനിക്ക് കുട്ടികൾ വേണ്ട. കാരണം കുട്ടികളെ ജനിപ്പിക്കുകയാണെങ്കിൽ അവർക്ക് വൈകല്യങ്ങൾ ഉണ്ടാവാൻ പാടില്ല. അതെനിക്ക് ഉറപ്പ് പറയാനാവില്ല.'' 

ശരിയാണ് അദ്ദേഹം പറഞ്ഞത്. ഒരു വൈകല്യം മതി സ്നേഹം, പ്രണയം, രതി ഇവയൊക്കെ ഒരു മനുഷ്യന് നിഷേധിക്കപ്പെടാൻ.

ഇതൊന്നുമില്ലാതെ എന്തിനാണ് ജീവിതം. അമ്പലനടയിൽ ഭജനമിരിക്കാനോ ?

--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
23-10-2019



No comments: