Anandakuttan :: കഥ :: മാത്തുക്കുട്ടിയുടെ മരണം.

Views:



മാത്തുക്കുട്ടിക്ക് പെയിന്റിംഗാണ് ജോലി.

പണ്ട് ജാനുവിന്റെ വീട്ടിൽ പെയിന്റിംഗ് പണിക്കു വന്നതാ. ദൂരെ എവിടെ നിന്നോ !

അങ്ങനെ ജാനുവിനോടൊപ്പം അവളുടെ വീട്ടിൽ തന്നെ അങ്ങു 'കൂടി.'
.....................................

"ഈ മനുഷ്യൻ കുറേക്കാലമായി പറയുകയാ, ആത്മഹത്യ ചെയ്യുമെന്ന് .
എപ്പോഴും ആശിപ്പിക്കും. എവിടെ, ഇയാൾ ചാകില്ല." മാത്തുവിന്റെ ഭാര്യ ജാനു, അയൽക്കുട്ടത്തിൽ നിരാശയോടെ പറഞ്ഞു.

"അങ്ങനെ പറയല്ലേ ജാനു ,നിന്റെ പിള്ളേരുടെ തന്തയല്ലേ.ജീവിച്ചു പോട്ടെ."

"ഓ , മടുത്തു.ഇയാളുടെ ഒടുക്കത്തെ കള്ളുകുടി. "

ഒരു ദിവസം മാത്തു വീണ്ടും പറഞ്ഞു ഭാര്യയോട് , "ഇന്ന് ഞാൻ കെട്ടി തൂങ്ങി ചാകുമെടി."

"ഓ , നല്ല കാര്യം . ഞാനും പിള്ളേരും സ്വസ്ഥമായി ജീവിക്കട്ടെ."

അന്നു രാവിലെ മാത്തു കള്ളുകുടിച്ച് നാലു കാലിൽ വീട്ടിലെത്തി.

ഒരു കയറുമെടുത്ത് മുറിക്കകത്തു കയറി കതകടച്ചു.

കണ്ടു നിന്ന ഭാര്യ സന്തോഷത്തോടെ കുളിമുറിയിലേക്ക് കയറി - അയാളുടെ ശവശരീരം കാണാൻ ഉടനെ തന്നെ നാട്ടുകാരൊക്കെ എത്തുമല്ലോ , കുളിച്ച് വൃത്തിയായി നില്ക്കാം ,എന്നവൾ വിചാരിച്ചു.

അയാൾ ഒരു കസേരയിൽ കയറി ,ഫാനിൽ
കയറു കെട്ടി ,കഴുത്തിൽ കുരുക്കിട്ട് ചാടാൻ തുടങ്ങുമ്പോഴായിരുന്നു കുളിമുറിയുടെ വാതിലടഞ്ഞ ശബ്ദം കേട്ടത്.

ശബ്ദം കേട്ടപ്പോൾ അയാൾക്കൊരു സംശയം.

അവളും ആത്മഹത്യ ചെയ്യാൻ പോകുകയാണോ?

'താൻ മരിച്ചാൽ അവൾക്ക് ദുഖം താങ്ങാൻ കഴിയില്ലായിരിക്കും. പാവം.'

പെട്ടന്നയാൾ കഴുത്തിലെ കുരുക്കഴിച്ചിട്ട് , കതകു തുറന്നു പുറത്തിറങ്ങി കുളുമുറിക്കടുത്തെത്തി , കതകിൽ തട്ടി.

"എടീ വാതിൽ തുറക്ക്. ഇല്ല, ഞാൻ തൂങ്ങിച്ചാകുന്നില്ല. കതകു തുറക്ക്."


"ഛെ, എന്താ ഇത്? നിങ്ങൾ തൂങ്ങിയില്ലേ ,
മനുഷ്യനെ കുളിക്കാനും സമ്മതിക്കില്ലേ.?"

മാത്തു ഇളിഭ്യനായി.

അയാൾ മുറ്റത്തേക്കിറങ്ങി.

പെയിന്റർ പരമൻ ഒരു ചാക്ക് പെയിന്റുമായി എത്തി.

"എന്താ പരമാ വിശേഷം?പെയിന്റൊക്കെയായിട്ട്.?"

"ഇവിടുത്തെ ചേച്ചി പറഞ്ഞിട്ട് വന്നതാ.
എന്തോ വിശേഷം നടക്കുന്നു, വീടൊന്നു വൃത്തിയാക്കണം പോലും ".

പരമൻ വീടിനു പിന്നിലേക്കു പോയി.കൂടെ മാത്തുവും.

വീടിനു പിന്നിൽ പരമന്റെ ജോലിക്കാർ ചുവരൊക്കെ വ്യത്തിയാക്കി പെയിന്റ് ചെയ്യുന്നു.

ഒരു എത്തും പിടിയും കിട്ടാതെ മാത്തു അന്തം വിട്ടു നിൽക്കുന്നു.

പെയിന്റ് ചാക്കിൽ നിന്ന് പരമു ഒരു 'പൈന്റ് കുപ്പി ' പുറത്തേക്കെടുത്തു.

മാത്തുവിന് സ്വർഗ്ഗം കിട്ടിയപ്പോലെയായി.

നിമിഷങ്ങൾക്കുള്ളിൽ കുപ്പി രണ്ടു പേരും കൂടി 'വീശി ' കാലിയാക്കി.

"സെക്രട്ടറി അയാൾ ചത്തില്ല.തല്കാലം ആരും വരേണ്ട." അയൽകൂട്ടത്തിലെ ( നുണക്കൂട്ടം) പൊന്നമ്മചേച്ചിയെ ഫോണിൽ വിളിച്ച് ജാനു പറയുന്നത് മാത്തു കേട്ടു .

നിരാശ നിറഞ്ഞ ഭാര്യയുടെ വാക്കുകൾ അയാളെ വേദനിപ്പിച്ചു.

പരമു വീണ്ടും കുപ്പി ഒന്നുകൂടി പുറത്തെടുത്തു.

മാത്തു അടിച്ചു ലെവലായി.

'പാവം ഭാര്യയുടെ വിഷമം തീർത്തു കളയാം.'

അവളുടെ സന്തോഷമാണ് തന്റെയും സന്തോഷമെന്ന് മാത്തു ആത്മഗതം ചെയ്തു. , വീണ്ടും മുറിക്കകത്തു കയറി.

കസേര മറിഞ്ഞു വീണ ശബ്ദവും
മാത്തുവിന്റെ മരണവെപ്രാളവും , പരമവുവിനോട് കൊഞ്ചിക്കുഴഞ്ഞു നിന്ന ജാനു കേട്ടില്ല.
..........................................
പെയിന്റർ പരമുവും ജാനുവും ഇപ്പോൾ ആ വീട്ടിൽ സുഖമായി ജീവിക്കുന്നു. പരമുവിന് ജാനുവിന്റെ രണ്ടു മക്കളെ സൗജന്യമായി കിട്ടി.

പെയിന്റർ പാക്കരൻ ജാനുവിന്റെ വീട്ടിനു മുന്നിലൂടെ പോകുമ്പോൾ അങ്ങോട്ട് നോക്കാറുണ്ട്.

'ജാനു എന്നാണാവോ , തന്നെ പെയിന്റിംഗിനു വിളിക്കുന്നത് ' എന്ന മോഹവുമായി.




No comments: