Jagan :: ഇത് കേരളമാണ്.......! നമ്മളോടാ കളി........!!

Views:


മോട്ടോർ വാഹന നിയമത്തിൽ നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കുന്നതിനു പുറമേ പിഴത്തുകയിൽ വൻ വർദ്ധനയും ഇന്നു മുതൽ നിലവിൽ വന്നു.
നിലവിൽ ഉണ്ടായിരുന്ന പിഴത്തുകയുടെ പത്തിരട്ടി വരെയുള്ള തുകയാണ് ഇന്നു മുതൽ പിഴയായി അടയ്ക്കേണ്ടി വരിക.......!
ബോധപൂർവ്വം തന്നെ ശതമാനക്കണക്ക് പറയുന്നില്ല, തല കറങ്ങും..........!
  • കഴിഞ്ഞില്ല, ഓരോ വർഷവും ഏപ്രിൽ 1 ന് പിഴത്തുക 10 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്യും..........!!
  • ഉദാഹരണത്തിന്, ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാൽ 100 രൂപ പിഴ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി 1000 രൂപ ഈടാക്കും. അടുത്ത വർഷം അത് 1100 രൂപയാകും. അങ്ങനെ അങ്ങനെ.............!
  • മദ്യപിച്ച് വാഹനം ഓടിച്ചാൽ 2000 രൂപ പിഴ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി 10,000 രൂപ ഈടാക്കും.തടവ് വേറേ........!  അടുത്ത വർഷം 11,000 രൂപ. (തടവ് ശിക്ഷ വർദ്ധനവിന്റെ ശതമാനക്കണക്ക് അടുത്ത ഗസറ്റിൽ........!)
ഇങ്ങനെ പോകുന്നു പട്ടിക...........!!

ദോഷം പറയരുതല്ലോ, നാലാൾ കേട്ടാൽ കുറ്റം പറയാത്ത തരത്തിൽ തന്നെയാണ് പിഴത്തുകവർദ്ധിപ്പിച്ചിരിക്കുന്നത്. ദോഷൈകദൃക്കുകൾ പ്രതിഷേധിച്ചെന്നിരിക്കും. കണ്ട ഭാവം നടിക്കരുത്.............!!
പണത്തിന്റെ മൂല്യം കുറയുന്നതനുസരിച്ച് എല്ലാ മേഖലയിലും നിരക്കു വർദ്ധന നാം നടപ്പാക്കിയതല്ലേ.............?
  • എം.എൽ.എ മാരുടേയും എം.പി മാരുടേയും മന്ത്രിമാരുടേയും ഒക്കെ ശമ്പളവും അലവൻസും പലവട്ടം പല മടങ്ങ് വർദ്ധിപ്പിച്ചില്ലേ...........?
  • കൂടാതെ, സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും പലവട്ടം വർദ്ധിപ്പിച്ചില്ലേ..........?
  • ഭൂമിയുടെ ന്യായവില പല തവണ വർദ്ധിപ്പിച്ചതു കൂടാതെ ഇപ്പോഴും വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നില്ലേ...........?
  • ഭൂമി രജിസ്ട്രേഷൻ ചാർജ്ജിന്റെ കാര്യവും അങ്ങനെ തന്നെയല്ലേ..........?
  • ഇന്ധന വിലയുടെ കാര്യം പിന്നെ പറയുകയേ വേണ്ട. ഒരു ലക്കും ലഗാനുമില്ലാതെ ദിനംപ്രതി വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുകയല്ലേ................?
  • വിദ്യുച്ഛക്തി നിരക്ക വർദ്ധനയുടെ കാര്യം  പറയാതിരിക്കുന്നതല്ലേ ഭംഗി..............?
  • സ്വർണ്ണത്തിന്റെ വില വർദ്ധനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നില്ലേ..........?
  • യാതൊരു വില വർദ്ധനയും ഇല്ലാത്തത് സാധാരണക്കാരന്റെ ജീവന് മാത്രം.............!!
കഴിഞ്ഞില്ല,
അവന്റെ ദൈനംദിന വരുമാനത്തിലും യാതൊരു വർന്ധനവും വരുന്നില്ലെന്നു മാത്രമല്ല, കുറവുണ്ടാകുന്നു താനും............!!
ഇപ്രകാരം വിലയിരുത്തുമ്പോൾ മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചതിൽ അപാകത ഉണ്ടെന്ന് പറയാനാകില്ല.........!
കാലോചിതമായ വർദ്ധന അവിടെയും  ബാധകമാകുന്നത് ന്യായമല്ലേ..........?

അതുപോലെ തന്നെ വാഹന പരിശോധന നടത്തുന്ന പോലീസ്, മോട്ടോർ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കിമ്പള വർദ്ധനയും കാലോചിതമായി വർദ്ധിപ്പിക്കേണ്ടത് ന്യായമല്ല എന്ന് പറയാനാകുമോ...........?

ഉദാഹരണത്തിന്,
മദ്യപിച്ച് വാഹനമോടിച്ചു പോയ നിങ്ങളെ പോലീസ് കയ്യോടെ പിടികൂടി എന്നിരിക്കട്ടെ. ഇന്നലെ വരെ 2000 രൂപയായിരുന്നു പിഴ.
ഒരുവിധം ഗുണമുള്ള മദ്യം പൈന്റിന് 1000 രൂപ വിലയുണ്ടെന്നിരിക്കട്ടെ.              ഒരു പൈന്റിനുള്ള തുക പരിശോധിക്കുന്ന ഉദ്യോഗസ്ഥന് കിമ്പളം കൊടുത്ത് നിങ്ങൾ തലയൂരുന്നത് ന്യായം. 2000 രൂപ പിഴ ഈടാക്കാവുന്ന കേസിന് അതിൽ അധികം തുക കിമ്പളം വാങ്ങുന്നത് ന്യായമല്ലെന്ന് ഉദ്യോഗസ്ഥനും അറിയാം.
ഇന്നത്തെ കാലത്ത് 1000 രൂപയ്ക്ക് ഒരു കിലോ മീൻ പോലും കിട്ടില്ല. ആ ഉദ്യോഗസ്ഥന്റെ കഷ്ടപ്പാട് ഇന്നലെ വരെ ആരു കണ്ടു............?
പക്ഷെ, ഇന്നു മുതൽ അങ്ങനെയല്ല.............!
മദ്യപിച്ച് വാഹനം ഓടിച്ചാൽ 10, 000 രൂപയാണ് പിഴ............!
ആവർത്തിച്ചാൽ  15,000 രൂപ.............!!
എത്ര കുറഞ്ഞാലും ഒരു 5000 രൂപ കിമ്പളം വാങ്ങി കേസ് "സെറ്റിൽ" ചെയ്യുന്നത്
ന്യായമല്ലെന്ന് ആരും പറയില്ല..........!!

ഇരയ്ക്കും ലാഭം, വേട്ടക്കാരനും ലാഭം........!

ഇന്നലെ വരെ നാം  'ചീളു കേസ്'  എന്ന് നിസ്സാരമായി കണ്ടിരുന്ന ഹെൽമെറ്റ്,
സീറ്റ് ബെൽറ്റ് എന്നിവയ്ക്ക് ഇന്ന് മുതൽ വൻ  'ഡിമാന്റ് ' ആണ് ഉണ്ടായിരിക്കുന്നത്......!
പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് പുതിയ വരുമാന മാർഗ്ഗമാണ് ഹെൽമെറ്റും സീറ്റ് ബെൽറ്റും തുറന്നുകൊടുത്തിരിക്കുന്നത്............!
ഇവ രണ്ടും ഉപയോഗിക്കാതുള്ള ഡ്രൈവിംഗിന് കേവലം 100 രൂപ ആയിരുന്നല്ലോ നിലവിൽ ഉണ്ടായിരുന്ന പിഴ?  ഇതിൽ കിമ്പളത്തിനുള്ള സാദ്ധ്യത തീരെ കുറവായതിനാൽ പിഴയൊടുക്കി ഇര തലയൂരുകയായിരുന്നു പതിവ്. 100 രൂപയിൽ കുറഞ്ഞ തുക കിമ്പളം വാങ്ങുന്നത് തെണ്ടിത്തരമായതിനാൽ ഉദ്യോഗസ്ഥരും അതിന് മുതിരില്ലായിരുന്നു.
എന്നാൽ,  ഇന്ന് സ്ഥിതി മാറി. 1000 രൂപയാണ് ഈ നിയമ ലംഘനത്തിന്റെ പുതിയ  'റേറ്റ് '........!
തീർച്ചയായും ആരായാലും    ''കണ്ണടച്ചു കൊണ്ട് " 500 രൂപ  പാട്ടും പാടി തന്നു തലയൂരിപ്പോകും.............!
ഇരു കൂട്ടർക്കും ലാഭം.......!!

ഇനി പ്രൈവറ്റ് ബസ്സുകൾ,  ചരക്കു വാഹനങ്ങൾ മുതലായവയുടെ കാര്യം പറയേണ്ടതില്ലല്ലോ..........?
നടുറോഡിൽ കൈ കാണിച്ചു നിർത്തിയുള്ള ആ "പരിശോധന"യിൽ RC ബുക്കിനുള്ളിൽ തിരുകി വയ്ക്കുന്ന നോട്ടുകളുടെ എണ്ണം ക്രമാധികം വർദ്ധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.......!

സോഷ്യൽ മീഡിയയിൽ ഇന്ന് വന്ന  പുതുമയുള്ള ഒരു പരസ്യം കണ്ടപ്പോൾ ആണ് പിഴത്തുകയിലെ ഈ വർദ്ധന നാട്ടിൽ തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുന്ന യുവാക്കൾക്ക് അന്തസ്സുള്ള ഒരു തൊഴിലവസരം കൂടിയാണ് തുറന്നു കൊടുത്തിരിക്കുന്നത് എന്ന് മനസ്സിലായത്.......!
പരസ്യം ഇപ്രകാരമായിരുന്നു.
"നിയമത്തെ ഭയക്കേണ്ടതില്ല........! നിങ്ങൾ ധൈര്യമായി മദ്യപിച്ചു കൊള്ളൂ.........!! നിങ്ങളേയും നിങ്ങളുടെ വാഹനത്തേയും ഞങ്ങൾ സുരക്ഷിതമായി നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരും.......!കേരളത്തിൽ എല്ലാ ജില്ലയിലും സേവനം ലഭ്യം. Mobile: ......"
പ്രതിസന്ധികളിൽ നിന്നും പുതിയ പുതിയ അവസരങ്ങളും സാദ്ധ്യതകളും കണ്ടെത്തണമെന്ന മഹാൻമാർ പറഞ്ഞിട്ടുള്ളത് ഈ യുള്ളവൻ വെറുതേ ഓർത്തു പോയി........!!

ഇപ്രകാരമുള്ള നേട്ടങ്ങൾ പലർക്കും ഉണ്ടാകുമെന്നല്ലാതെ ഖജനാവിലേക്കുള്ള വരുമാനം വർദ്ധിക്കുമെന്നോ, നിയമ ലംഘനം കുറയുമെന്നോ ഉളള തെറ്റിദ്ധാരണ ഒന്നും വച്ചുപുലർത്തേണ്ടതില്ല,
ഇത് കേരളമാണ്.......!
നമ്മളോടാ കളി........!!

ഗുണപാഠം:
നികുതി നിരക്കും, പിഴ നിരക്കും ന്യായമാണെങ്കിൽ ജനം അനുസരിക്കും.
ഉദ്യോഗസ്ഥർ സത്യസന്ധത പുലർത്തും.
അല്ലെങ്കിൽ അഴിമതിയുടെ വാതായനങ്ങൾ നാം അറിയാതെ തുറന്നു പോകും.

കാണാമറയത്ത്:
ഐ.എ.എസ് ഉദ്യോഗസ്ഥർക്കായുള്ള പ്രത്യേക ശിക്ഷാ നിരക്കുകൾ ''അസാധാരണ ഗസറ്റ് വിജ്ഞാപനം" ആയി ഉടൻ പുറപ്പെടുവിക്കുന്നതാണ്.





No comments: