Ameer Kandal :: പാർക്കർ പേന

Views:

മാർച്ച് മാസത്തെ വാർഷിക പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്കൂൾ അടക്കുന്നതിന്‍റെ തലേദിവസം നാല് സിയിലെ കുട്ടികളോടൊത്ത് കുറച്ച് നല്ലവർത്തമാനങ്ങളൊക്കെ പറഞ്ഞ് ഇന്‍റർവെൽ ബെല്ലിനൊപ്പം സ്റ്റാഫ് റൂമിലേക്ക് ഗമിച്ചു. കട്ടൻ ചായ നുണഞ്ഞ് സ്വല്പം തൊണ്ടക്കുഴി നനക്കാമെന്ന പൂതിയായിരുന്നു മനസ്സിൽ. സ്റ്റാഫ് റൂമിൽ സ്ഥിരമായിരിക്കുന്ന ജനാലക്കരികിലെ മൂലയിൽ കസേര വലിച്ചിട്ട് ചാരിയിരുന്നു .

'ടീച്ചറേ... എന്‍റെ കുട്ടികൾ എനിക്ക് തന്ന സമ്മാനം കണ്ടോ... ഹൊ.. കുട്ടികൾക്കൊക്കെ എന്തുവാ സ്നേഹം! സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി.. ടീച്ചറേ.."

ഇടക്കിടക്ക് അല്പസ്വല്പം പൊങ്ങച്ചം വിളമ്പുന്നതിൽ കലാനൈപുണിയുള്ള മനുജ ടീച്ചർ ഒരു കുന്ത്രാണ്ടവും താങ്ങി പിടിച്ച് സ്റ്റാഫ് റൂമിന്‍റെ വാതിൽ നിറഞ്ഞ് കടന്നുവന്നു. നാല് ബിയിലെ ക്ലാസ് ടീച്ചറാണ് മനുജ. വന്നയുടൻ ചതുര പെട്ടിയുടെ പുറത്ത് ഭംഗിയായി ഒട്ടിച്ചിരുന്ന തിളങ്ങുന്ന ചുവന്ന മിനുക്ക് പേപ്പർ പതിയെ ഇളക്കി മാറ്റി. പെട്ടിയുടെ കവർ പൊട്ടിച്ച് അതിനകത്തുണ്ടായിരുന്ന ഗിറ്റാറിന്‍റെ മോഡലിൽ പണിത ഒരു ക്ലോക്ക് എച്ച്.എമ്മിന്‍റെ മേശപ്പുറത്തെടുത്തു കിടത്തി.

വാഹ്!.. സംഭവം കിടുക്കി... ടീച്ചറേ... ആ പിഞ്ചു കുട്ടികൾക്ക് ഇങ്ങനെയൊരു മനസ്സ് ഉണ്ടായല്ലോ.. സമ്മതിക്കണം... കൺഗ്രാജുലേഷൻസ്.. ടീച്ചർ ...."

കസേരയിൽ ഉപവിഷ്ടയായിരുന്ന ഹെഡ്മിസ്ട്രസ് സുരേഖ ടീച്ചർ തന്‍റെ വട്ടക്കണ്ണടയൂരി മേശപ്പുറത്ത് വെച്ച് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകൾ വാരി വിതറി.

മനുജയുടെ ഉള്ളം ആത്മഹർഷത്താൽ നിറഞ്ഞു തുളുമ്പി.

'ടീച്ചറേ... എനിക്ക് കിട്ടിയ സമ്മാനം കണ്ടോ ... എന്‍റെ ക്ലാസിലെ കുട്ടികളെനിക്ക് കാഞ്ചീപുരം സാരിയാ വാങ്ങി കൊണ്ട് തന്നത് ...

നാല് എയിലെ മീര ടീച്ചറാണ് രംഗ പ്രവേശനം ചെയ്തിരിക്കുന്നത്. ഒരു വൻകിട ടെക്സ്റ്റയിൽസിന്‍റെ പേര് പ്രിന്‍റ് ചെയ്ത പ്ലാസ്റ്റിക് കൂടിൽ നിന്ന് മീര ടീച്ചർ മജന്തകളറിന്‍റെ പട്ട് സാരിയെടുത്ത് മേശപ്പുറത്ത് നിവർത്തിയിട്ടു.

അപ്പോഴേക്കും നാല് സിയിലെ സോഫിയ ടീച്ചറും എന്തോ താങ്ങി പിടിച്ചോണ്ട് സ്റ്റാഫ് റൂമിലേക്ക് മന്ദഹാസത്തോടെ കടന്നു വന്നു.

'ടീച്ചറേ... ഒക്കത്തിരിക്കണത് ടീച്ചറിന്‍റെ കുട്ടികളുടെ സമ്മാനമാണോ...?"
എച്ച് എമ്മിന്‍റെ ആകാംക്ഷ പുറത്ത് ചാടി.
         
 'ഹോ... പറയണ്ട ടീച്ചറേ.. പാവം കുട്ടികൾ... എല്ലാവരും ചേർന്ന് പൈസയൊക്കെ പിരിച്ച് വാങ്ങി കൊണ്ട് വന്നതാ...'
   
മാറോട് ചേർത്ത് താങ്ങി പിടിച്ചിരുന്ന സാമാനം കൂട് പൊട്ടിച്ച് മേശമേൽ കുടിയിരുത്തി. സ്ഫടിക ഗ്ലാസിലെ ചതുര പെട്ടിക്കകത്ത് മിനുങ്ങികത്തണ താജ് മഹൽ

 'ഒത്തിരി പൈസയായി കാണുമല്ലോ.. ഇതിന് ...'
എച്ച്.എം ആരോടൊന്നില്ലാതെ പിറുപിറുത്തു.
 
മാർച്ച് വേർപിരിയലിന്‍റെ മാസം കൂടിയാണല്ലോ. പ്രത്യേകിച്ച് എൽ.പി.സ്കൂളായതിനാൽ നാലാം ക്ലാസിലെ കുട്ടികൾ തുടർ പഠനത്തിന് തൊട്ടടുത്ത യു.പി.സ്കൂളുകളിലേക്ക് ടി.സി. വാങ്ങി പോകും. സ്കൂളിൽ നിന്ന് പിരിഞ്ഞ് പോകുന്ന നാലിലെ കുട്ടികളാണ് സമ്മാനപ്പൊതികളുമായി ഇപ്പോൾ ടീച്ചർമാരെ പുളകം കൊള്ളിച്ചിരിക്കുന്നത്.

നേരത്തെയൊന്നും ഇങ്ങനെയൊരു കീഴ് വഴക്കം ഉണ്ടായിരുന്നില്ല.  ചെറുപ്പക്കാരികളായ പുതിയ ടീച്ചർമാർ വന്നതിന് ശേഷമുള്ള പരിഷ്ക്കാരങ്ങളായിരിക്കും. ഒരു പക്ഷേ ഇവിടെ നിന്ന് രക്ഷപെട്ട് പുതിയ സ്കൂളുകളിലേക്ക് പോകുന്നതിന്‍റെ കുട്ടികളുടെ സന്തോഷ പ്രകടനവുമായിരിക്കാം.

എന്തായാലും തന്‍റെ ക്ലാസിലെ കുട്ടികൾക്കൊന്നും ഇങ്ങനെയൊന്നും തോന്നിയില്ലല്ലോ ... തന്‍റെ കുട്ടികൾക്കിതെന്ത് പറ്റിയെന്ന് ഉത്ക്കണ്ഠപ്പെട്ട് അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഞാനങ്ങനെയിരിക്കുകയായിരുന്നു.

'മാഷേ... നാല് സി യിലെ കുട്ടികൾ സാറിനൊന്നും വാങ്ങി തന്നില്ലേ.... കുട്ടികൾക്കൊന്നും മാഷിനോട് ഒരു സ്നേഹവുമില്ലേ..."
 
കൂരമ്പു പോലെ എച്ച്.എമ്മിന്‍റെ പരിഹാസത്തിൽ പൊതിഞ്ഞ ചോദ്യ ശരങ്ങൾ ഇടനെഞ്ചിലേക്ക് പാഞ്ഞടുത്തു.

പെട്ടെന്നാണ് പോക്കറ്റിലിരിക്കുന്ന പാർക്കർ പേനയെക്കുറിച്ചുള്ള ഓർമ്മ ഹാലജൻ ലൈറ്റ് പോലെ കത്തിയത്.
   
ടീച്ചർമാരേ.. എനിക്കും കിട്ടി അടിപൊളി സമ്മാനം .. എന്‍റെ  മക്കളേ എനിക്ക് പത്തഞ്ഞൂറ് രൂപ വിലയുള്ള പാർക്കർ പേനയാ സമ്മാനമായി നൽകിയത് ..
   
ഝടിതിയിൽ പോക്കറ്റിൽ നിന്ന് വെള്ളി നിറത്തിലുള്ള പാർക്കർ പേനയെടുത്ത് ഗമയോടെ എല്ലാവരും കാണത്തക്ക രൂപത്തിൽ പൊക്കിപ്പിടിച്ചു.
         
സത്യത്തിൽ ക്ലാസിലെ ഇച്ചിരി പഠിപ്പിസ്റ്റായ സന മറിയത്തിന്‍റെ പേനയായിരുന്നു അത്. ഓളുടെ വാപ്പച്ചി ഗൾഫിൽ നിന്ന് വന്നപ്പോൾ കൊണ്ട് കൊടുത്തതാണ്. രാവിലെ ക്ലാസിലായിരുന്നപ്പോൾ അവളുടെ കൈയിലിരുന്ന പേനയുടെ ചന്തം കണ്ട് കൗതുകത്തിൽ ഒന്നു വാങ്ങി എഴുതി നോക്കിയതാണ് .തിരികെ കൊടുക്കാൻ മറന്നു പോയി.പേനയാകട്ടെ എന്‍റെ പോക്കറ്റിലുമായി.
   
സ്റ്റാഫ് റൂമിൽ സ്വല്പനേരത്തേക്ക് നിശബ്ദത കോരിയിട്ട് ലലജാമണികളുടെ ശ്രദ്ധ മുഴുവനും എന്‍റെ കൈയിൽ തലയുയർത്തി നിൽക്കുന്ന മിനുത്ത പാർക്കർ പേനയിലേക്ക് ഊളിയിട്ടു.കൺമഷിയെഴുതിയതും സുറുമയിട്ടതുമായ നയനങ്ങളിൽ പൊൻതരിവെട്ടം നിമിഷനേരത്തേക്ക് മിന്നി മറഞ്ഞു.
     
അപ്പോഴേക്കും നാല് സിയിലെ സന മറിയവും കൂട്ടരും കലപില കൂട്ടി വാതിൽപ്പടിയിൽ ഹാജരായിട്ടുണ്ടായിരുന്നു. സന മുന്നോട്ടാഞ്ഞ് തെല്ല് കൊഞ്ചലോടെ മൊഞ്ചോടെ മൊഴിഞ്ഞു

"സാറേ ....പേന... എന്‍റെ പേന സാറ് നോക്കാൻ വാങ്ങിയിട്ട് തരാൻ മറന്നു പോയി. .. എന്‍റെ പേന തരുവോ ... സാറേ ...'
   
കാറ്റ് പോയ ബലൂൺ കണക്കെ ഞാൻ കസേരയിലേക്ക് അമർന്നു. കർട്ടൺ താഴും മുമ്പ് ഉടുമുണ്ട് അഴിഞ്ഞ് പോയ നായകനടന്‍റെ പരുവത്തിലായിരുന്നു ഞാനപ്പോൾ. പിന്നെ ആർക്കും മുഖം കൊടുക്കാതെ പയ്യെ എഴുന്നേറ്റ് പുറത്തേക്ക് പാഞ്ഞു.
4 comments:

ardhram said...

കലക്കി

Unknown said...

സന്തോഷം

Unknown said...

ജീവിതത്തിലെ വിരസമായ ഇത്തരം സന്ദർഭങ്ങളെ പോലും ഹൃദ്യമായി പങ്കുവെക്കാനും അങ്ങനെ ജീവിതകാലം മുഴുവൻ ഓർക്കാൻ കഴിയുന്ന മുത്തും പവിഴവും ആക്കിത്തീർക്കാൻ കഴിയുമെന്ന് പടിപ്പിച്ചതിന് നന്ദി

Unknown said...

ഒത്തിരി സന്തോഷം - അമീർകണ്ടൽ