Jagan :: വെളുക്കാൻ തേച്ചത് പാണ്ടാകുമോ.....?

Views:


കേരളത്തിൽ ജി.എസ്.ടി യിൻമേൽ 1 % പ്രളയ സെസ് ഇന്നg മുതൽ നടപ്പിലാകുന്നു. ദീർഘകാലത്തെ ചർച്ചകൾക്കുശേഷം ജി.എസ്.ടി. നടപ്പാക്കിയപ്പോൾ ഭാരതീയർ ഒന്നടങ്കം അഭിമാന പൂർവം ഏറ്റുചൊല്ലിയ  "ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി " എന്ന മുദ്രാവാക്യം ഇനി കേരളീയർക്ക് അന്യം............!
ഇനി നമുക്ക് "ഒരു സംസ്ഥാനം, ഒരു വിപണി, ഒരു നികുതി" എന്ന് മുദ്രാവാക്യം വിളിച്ചു പഠിക്കാം.

ഇൻഡ്യൻ മാർക്കറ്റിലാകെ ഉൽപ്പന്നങ്ങൾക്ക് ഒറ്റനികുതി, ഒറ്റ വില എന്ന ജി.എസ്.ടി യുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നു തന്നെ കേരളം പുറത്തായി. ഇൻഡ്യയിൽ ആകെ ഈ പ്രളയ സെസ് നടപ്പാക്കിയിരുന്നെങ്കിൽ ഈ സ്ഥിതി ഉണ്ടാകില്ലായിരുന്നു. എന്നാൽ അതിന് ജി.എസ്.ടി കൗൺസിലും കേന്ദ്ര സർക്കാരും അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ ആണ്  "ഞങ്ങടെ ജനങ്ങളെ ഞങ്ങൾ പിഴിഞ്ഞാൽ നിങ്ങൾക്കെന്താ കേന്ദ്രമേ" എന്ന് ചോദിച്ചു കൊണ്ട് കേരള സർക്കാർ വ്യത്യസ്ത നിലപാട് സ്വീകരിച്ചതും ഇവിടെ മാത്രം പ്രളയ സെസ് നടപ്പാക്കിയതും.........!!

കേരളത്തിൽ രണ്ടു വർഷക്കാലത്തേക്കാണ് സെസ് പിരിവ് എന്നാണ് ഇപ്പോൾ പറയുന്നത് . അതൊക്കെ കണ്ടറിയേണ്ട കാര്യമല്ലേ?
ഇൻഡ്യയിലാകെ നടപ്പാക്കിയിരുന്നെങ്കിൽ രണ്ടു മാസക്കാലത്തേക്ക് മതിയായിരുന്നു എന്ന് വിദഗ്ദ്ധ ഭാഷ്യം.

പണ്ട്, രാജഭരണക്കാലത്ത് ഒരു പ്രത്യേക ആവശ്യത്തിന് പണം സ്വരൂപിക്കുന്നതിനായി, താൽക്കാലികമായി ഒരു ചെറിയ കാലയളവിൽ മാത്രം പിരിച്ചെടുക്കാനും, അതിനു ശേഷം നിർത്തലാക്കാനും ലക്ഷ്യമിട്ടായിരുന്നല്ലോ വിൽപ്പന നികുതി എന്ന ആശയം തന്നെ അന്നു നടപ്പാക്കിയത്.
എന്നാൽ, അത് ജനങ്ങളുടെ തലയിൽ നിന്നും ഒഴിയാത്ത ബാധ ആയി, ദിനംപ്രതി വർദ്ധിച്ചു വരുന്ന ഭാരമായി ,സർക്കാരിന്റെ ഏറ്റവും വലിയ വിഭവ സമാഹരണ സ്രോതസ്സായിഇന്നും നിലനിൽക്കുന്നു.

12%, 18%, 28 % ജി.എസ്.ടി. നിരക്കിൽ വരുന്ന 928 ഉൽപ്പന്നങ്ങൾക്കാണ് സെസ് നടപ്പാക്കുന്നത്. അരി, പഞ്ചസാര, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മുതലായവയ്ക്ക് സെസ് ഈടാക്കില്ലെന്നാണ് പറയുന്നത്.
കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.............?

നിത്യോപയോഗ സാധനങ്ങൾക്ക് ആകെ വില വർദ്ധന ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല.
എന്നാൽ, 1% സെസ് ഈടാക്കന്നതുമൂലം സാധനവില വർദ്ധിക്കില്ലെന്നാണ് അഭിനവ സാമ്പത്തിക ശാസ്ത്രം അനുശാസിക്കുന്നതെന്നാണ് ധനതത്വശാസ്ത്രത്തിന്റെ തന്നെ ഉപജ്ഞാതാവ് ആയ നമ്മുടെ ധനമന്ത്രി ഉദ്ഘോഷിക്കുന്നത്.
അതിന്റെ പിന്നിലെ ശാസ്ത്രം അദ്ദേഹത്തോടു തന്നെ ചോദിച്ച് മനസ്സിലാക്കാൻ വൈകരുത്.

സെസ് പിരിവ് നടത്തുന്നതിലും, റിട്ടേൺ സമർപ്പിക്കുന്നതിലും വ്യാപാരികൾക്ക് പല വിധത്തിൽ ആശയക്കുഴപ്പം ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ജി.എസ്.ടി നടപ്പാക്കിയിട്ട് മാസങ്ങളായെങ്കിലും, പല തവണ അതിലെ അപാകതകൾ പരിഹരിക്കാൻ പരിഷ്ക്കാരങ്ങൾ നടപ്പാക്കിയെങ്കിലും, ഇപ്പോഴും റിട്ടേൺ സമർപ്പിക്കുന്നതിലെ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നു. അതിനു മുകളിൽ ആണ് ഇപ്പോൾ കൂനിൻമേൽ കുരു പോലെ പ്രളയ സെസ് നടപ്പാക്കുന്നത്.
റിട്ടേൺ സമർപ്പണത്തിലെ ആശയക്കുഴപ്പങ്ങൾ ഇരട്ടി ആകുമെന്ന് ഉറപ്പ്.

മറ്റൊരു കാര്യം കൂടി ഇവിടെ പ്രതിപാദിക്കാതിരിക്കാൻ കഴിയില്ല. വിഭവസമാഹരണത്തിനും പണപ്പിരിവിനുമായുമുള്ള ഏറ്റവും നല്ല ഉപാധി ആയി സർക്കാരിനു മുന്നിൽ തുറന്നു കിട്ടിയ മാർഗ്ഗമാണ് പ്രളയം. ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, വ്യാപാരികൾ, പ്രവാസികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും, പ്രവാസി സംഘടനകളിൽ നിന്നും ഒക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തി.കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായം വേറെ.

എന്നാൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പുനരധിവാസ പ്രവർത്തനങ്ങൾ, പുനർ നിർമ്മാണ പ്രവർത്തനങ്ങൾ, മുതലായവയെക്കുറിച്ച് പ്രസംഗങ്ങളും, പ്രസ്താവനകളും, വാഗ്ദാനങ്ങളും അല്ലാതെ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ കാണുന്നില്ല.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്ക് പതിനായിരം രൂപ വീതം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നത് പോലും ഇതു വരേയും എല്ലാവർക്കും കിട്ടിയിട്ടില്ല എന്നാണ് അറിയുന്നത്.

എന്നാൽ, മുഖ്യമന്ത്രിയുടേയും, മന്ത്രിമാരുടെയും, എം.എൽ.എ മാരുടേയും ശമ്പള വർദ്ധന അടക്കമുള്ള ധൂർത്തിന് ഒരു കുറവും വരുത്തുന്നുമില്ല. വിവിധ വകുപ്പുകളിലായി വിവിധ തരത്തിലുള്ള ധൂർത്ത് നിർബാധം തുടരുന്നു.
(അതിനെ കുറിച്ച് ഈ പംക്തിയിൽ തന്നെ മുൻപ് പ്രതിപാദിച്ചിട്ടുണ്ടല്ലോ?)
പ്രളയദുരിതാശ്വാസ നിധിയിലേക്ക പിരിക്കുന്ന പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും, അതിൽ നിന്നുള്ള ചെലവിന് പ്രത്യേകം കണക്ക് സൂക്ഷിക്കണമെന്നും ഉള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ ചെവിക്കൊണ്ടുമില്ല.
അപ്പോൾ പിന്നെ കാര്യങ്ങൾ എല്ലാം ശുഭം.

പ്രളയം മൂലവും, ഇന്ധന വിലവർദ്ധന മൂലവും, വൈദ്യുതി നിരക്കു വർദ്ധന മൂലവും ജീവിതം വഴിമുട്ടി നിൽക്കുന്ന കേരള ജനതയുടെ മേൽ യാതൊരു തത്വദീക്ഷയും ഇല്ലാതെ നടപ്പാക്കിയ ഈ പ്രളയ സെസ്, "ഇടി വെട്ടിയവന്റെ തലയിൽ പാമ്പുകൊത്തി " എന്ന പറയുന്നതു പോലെ ആയി.
നിസ്സഹായരായ ജനങ്ങളുടെ മേൽ അടിക്കടി നികുതി വർദ്ധന എന്നും, നിരക്കു വർദ്ധന എന്നുമുള്ള യുദ്ധപ്രഖ്യാപനം നടത്താതെ, ചെലവു കുറച്ചും, ധൂർത്ത് നിർത്തലാക്കിയും, കിട്ടാനുള്ള നികുതി കുടിശികയും, ബിൽ കുടിശികയും കാര്യക്ഷമമായി പിരിച്ചെടുത്തും, ജനങ്ങൾക്ക ഭാരമാകാത്ത  പുതിയ വിഭവ സമാഹരണമാർഗ്ഗങ്ങൾ സ്വീകരിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടത്.
ജി.എസ്.ടി ഫ്രീ സ്റ്റോക്ക്:
അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ സെസ് എന്ന മാരണം ഇല്ലാത്തതിനാൽ കേര ളത്തിലെ വ്യാപാരികൾക്കു കിട്ടുമായിരുന്ന വ്യാപാരത്തിന്റെ നാൽപത് ശതമാനത്തോളം അന്യസംസ്ഥാനത്തേക്ക് പോകും എന്നുറപ്പ്.വിവാഹം, ഓണം, റംസാൻ, ക്രിസ്മസ് തുടങ്ങി ഉത്സവകാല കച്ച വടത്തിന്റെ സിംഹഭാഗവും കേര ള ത്തിലെ വിപണിയിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറും.........!അതിൽ നിന്ന്നികുതി ഇനത്തിലും സെസ് ഇനത്തിലും സർക്കാരിന് കിട്ടേണ്ട തുക ആരിൽ നിന്നും പിരിച്ചെടുക്കും..........!!??വെളുക്കാൻ തേച്ചത് പാണ്ടാകുമോ.............?
No comments: