ഓർമയാനം
സാറില്ലാ ക്ലാസിലെ ഇത്തിരി നേരങ്ങൾ .....

Views:

Photo by Chelsea Aaron on Unsplash

അഞ്ചാം ക്ലാസ് വരെ  ഞങ്ങൾ കുട്ടികൾക്ക് മതിയായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. ക്ലാസിൽ സാറില്ലെങ്കിൽ മറ്റു ക്ലാസുകാരെ ബഹളവിപ്ലവപ്രശ്നങ്ങളാൽ ബുദ്ധിമുട്ടിക്കരുതെന്നു മാത്രം.

കുഴപ്പങ്ങളുണ്ടാക്കാതെയും ഇറങ്ങി നടക്കാതെയും ക്ലാസിൽ അടങ്ങിയിരുന്ന് കളിക്കാവുന്ന കളികൾ അനുവദനീയമായിരുന്നു.

കള്ളനും പോലീസും കളിക്കാണ് മുൻതൂക്കം .നാലുപേർ ചേർന്ന് ഒരു സെറ്റ്. അങ്ങനെ വിവിധ സെറ്റുകൾ ചേർന്ന് ക്ലാസ് മുറികളിക്കളമാക്കും. നോട്ട് ബുക്കിൽ നിന്ന് പേപ്പർ കീറിയെടുത്ത് ചെറുകഷണങ്ങളാക്കി കള്ളൻ, പൊലീസ്, രാജാവ് മന്ത്രി എന്നിങ്ങനെ എഴുതും. എഴുതിയപേപ്പർ കഷണങ്ങൾ പേരുകൾ പുറത്ത് കാണാത്ത രീതിയിൽ നാലായി മടക്കി  സംഘത്തിൽ ഒരുവൻ കണ്ണുമടച്ച് മറ്റ് മൂന്ന് പേർക്കു മുന്നിലുമായിടും.പിന്നെ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള വെപ്രാളമാണ്.

പേപ്പർ കഷണം ഇട്ട ആളിന് (കലഞ്ഞിടുക എന്നാണതിന് പേര്) മൂന്ന് പേരും കൈയ്യൊഴിഞ്ഞ് ശേഷിക്കുന്നത് എടുക്കാം. ഇട്ട ആളും എടുത്ത ശേഷമേ മടക്ക് നിവർത്തൂ. പൊലീസ് ആരെന്ന് ആദ്യമേ വെളിപ്പെടുന്നു. മുന്നിലിരിക്കുന്ന മൂന്ന് പേരിൽ നിന്ന് കള്ളനാരെന്ന് ചൂണ്ടിപ്പറയണം. രാജാവിനെ ചൂണ്ടി കള്ളനെന്ന് പറഞ്ഞാൽ രാജാവിന്റെ അടി തുടയിൽ പൊലീസിന് കിട്ടും. മന്ത്രിയെ ചൂണ്ടിയാലും കഥ അങ്ങനെ..

കള്ളനെ കണ്ടെത്തിയാൽ ചെയ്ത കുറ്റം പൊലീസ് തെളിയിക്കണം. അന്നേരം പൊലീസിന് ശിക്ഷിക്കാൻ അധികാരമില്ല. ചോദിച്ചറിയണം. ചേന, ചേമ്പ്, തേങ്ങ, പാക്ക് എന്നീ വമ്പൻ മോഷണങ്ങളാണ് പതിവ്. അഞ്ചാറ് റൗണ്ടുകൾ കഴിയുമ്പോൾ മോഷണമുതലിന്റെ സ്ഥിരം പേരുകൾ കേട്ട് മടുക്കും എല്ലാർക്കും. അപ്പോ കാച്ചിൽ, വാഴക്കുല, ചേമ്പ് അങ്ങനെ വരും.

കുറ്റം  പൊലീസ് മന്ത്രിയെ അറിയിക്കുന്നു.മന്ത്രിയും രാജാവും കള്ളന് നല്കേണ്ട ശിക്ഷയെപ്പറ്റി ധാരണയിലെത്താൻ രഹസ്യ ചർച്ച. അര മിനിട്ട് കൊണ്ട് ചർച്ച തീർത്ത് മന്ത്രി ശിക്ഷ എന്തെന്ന് വിളിച്ചു പറയുന്നു. ചന്തിക്ക് അഞ്ചടി ...അല്ലെങ്കിൽ അപ്പോൾ വായിൽ തോന്നുന്ന അടിമുറയിലെ എണ്ണം... മന്ത്രിയുടെ ശിക്ഷാവിളംബരം കടുത്ത് പോയെങ്കിൽ രാജാവിന് കുറയ്ക്കാം. ഇനി കുറഞ്ഞ് പോയെന്ന് ബോധ്യപ്പെട്ടാൽ കൂട്ടാം.

അടി കൊടുക്കുന്നത് പൊലീസ് തന്നെ. അടുത്ത റൗണ്ടിൽ കള്ളൻ രാജാവായേക്കാം, മന്ത്രി കള്ളനാവാം. ഭാഗ്യം പോലിരിക്കും.

മിക്കപ്പോഴും ഞാനും ദീപകും അജി.എസ്.ദാസും, ബിജുവുമായിരിക്കും കള്ളനും പൊലീസും കളിയിൽ ഒന്നിക്കുക. മറ്റ് ചിലപ്പോർ വേറെ സെറ്റിലേക്ക്  പരിഗണിക്കപ്പെടും. ഇത്തിരി പിണക്കത്തിന്റേയും കൊതികെറുവിന്റെയുമൊക്കെ പേരിൽ  കളിക്ക് കൂട്ടാതെയും മറ്റ് സെറ്റുകളിൽ ചേർക്കാതിരിക്കാൻ പാര പണിയുമൊക്കെ  സംഭവിക്കാറുമുണ്ട്. ചിലർ  ഇത്തിരി കുണ്ടണിയും കുന്നായ്മയും മറ്റുള്ളവരെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ എന്തോ പോലെയാണ് എന്ന മട്ടിൽ കളിക്ക് കൂടാതെ കഥപറച്ചിൽ നടത്തും..

കളി തുടങ്ങും മുമ്പ് വരെ ക്ലാസിലെ  വഷളന്മാർ പാവത്താന്മാരെപ്പോലെ എങ്ങും തൊടാതെ അടങ്ങിയിരിക്കും. കളി കത്തിക്കയറി തുടങ്ങുമ്പോൾ വരും അലമ്പുണ്ടാക്കാൻ. പേപ്പർത്തുണ്ടുകൾ  വന്നെടുത്ത് അല്ലെങ്കിൽ പിടിച്ചുപറിച്ച് കീറിക്കളയുക... വായിലിട്ട് ചവച്ച് തുപ്പിക്കളയുക. അതൊക്കെയാണ് അവരുടെ രസം. അടിപിടിയിലും ബഹളത്തിലുമേ ആർക്കും ശല്യമില്ലാത്ത കളിയെന്ന് പറയപ്പെടുന്ന കളി, ഞങ്ങളുടെ ക്ലാസിൽ അവസാനിക്കാറുള്ളൂ.

ഉച്ചത്തിലുള്ള കീറലുകളും കാറലുകളും തൊട്ടടുത്ത ക്ലാസും അതിനപ്പുറവും കടന്ന് ഉത്തമൻ സാറിന്റേയോ സെയിനി സാറിന്റേയോ ചെവികളിൽ എത്തും. ചന്തികൾ നോക്കി പടപടപ്പുകൾ തുടങ്ങിക്കഴിയുമ്പോഴാണ് കാര്യങ്ങൾ കൈവിട്ടതിനെ കുറിച്ച് എല്ലാർക്കും ബോധ്യം വരുന്നത്. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കുരുത്തംകെട്ടവമാർ കാരണം കിട്ടിയ അനപ്പുകൾ  അവനവന് പറ്റുംവിധത്തിൽ ആറ്റിയൊഴിക്കാനേ പറ്റൂ.

അലമ്പുണ്ടാക്കിയവന്മാർക്കെതിരെ പിന്നെ പ്രതികാര നടപടി.

"ഇനി ജമ്മത്ത് നിന്റൂടൊന്നും മിണ്ടൂലടാ"

ഒടുക്കത്തെ പിണക്കം പ്രഖ്യാപിക്കപ്പെടുന്നു. എവട! രണ്ട് ദിവസത്തേക്ക്. പിന്നേയും എല്ലാരും കൂട്ടുകാർ. മറക്ക വിടുമ്പോൾ വീണ്ടും കഥ പഴയത് തന്നെ.

അത് നമ്മുടെ സ്വന്തം കുടുംബക്കാര്യം.  പക്ഷേ മറ്റേതെങ്കിലും ക്ലാസിൽ നിന്ന് ആരെങ്കിലും നമ്മളിലൊരാളെ ഞോണ്ടിയാൽ... അപ്പോഴാണ്, അലമ്പമാർക്ക് നമ്മളോടുള്ള സ്നേഹത്തിന്റെ ആഴം വെളിപ്പെടുന്നത്.

മുന്നിൽ നില്ക്കുമവർ. കൈവിടാതെ കാത്ത്....

2 comments:

Vishnu said...
This comment has been removed by the author.
ardhram said...

മനോഹരമായ എഴുത്ത്