Jagan :: കോൺഗ്രസ്സ് നാഥനില്ലാ കളരി

Views:

പ്രതിദിനചിന്തകൾ
കോൺഗ്രസ്സ് നാഥനില്ലാ കളരി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടുപിടിക്കാൻ രാഹുൽ ഗാന്ധി പാർട്ടിയ്ക്ക് അനുവദിച്ചുനൽകിയ ഒരു മാസത്തെ കാലാവധി അവസാനിച്ചു. ഇന്ത്യ മുഴുവൻ വല വച്ച് അരിച്ചുപെറുക്കിയിട്ടും ലക്ഷണമൊത്ത ഒരു അദ്ധ്യക്ഷനെ ഇതുവരെ കണ്ടെത്താനായില്ല. സമയപരിധി നീട്ടില്ലെന്നും, മോറട്ടോറിയം പ്രഖ്യാപിക്കില്ലെന്നും, അധിക കാലാവധിക്ക് പിഴപ്പലിശ ഈടാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. ഇതേതുടർന്ന് ഇറ്റലി അടക്കമുള്ള വിദേശ രാഷ്ട്രങ്ങളിൽ അധ്യക്ഷനുവേണ്ടി അന്വേഷണം നടത്താൻ വിദഗ്ധസംഘം ഉടൻ പുറപ്പെടുമെന്നറിയുന്നു. ദോഷൈകദൃക്കുകൾ പലതും പറഞ്ഞെന്നിരിക്കും, കാര്യമാക്കേണ്ട. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതുപോലും ഒരു വിദേശി ആണെന്നുള്ള വിവരം അവർക്കറിയില്ലല്ലോ ?

കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം തേടി ഇനി പാഴൂർ പടിപ്പുര വരെ പോയി സമയം കളയേണ്ടതില്ലല്ലോ, വ്യക്തമല്ലേ?വിമർശകർ എന്തെല്ലാം കുറവുകൾ രാഹുൽ ഗാന്ധിയിൽ ആരോപിച്ചാലും നെഹ്‌റു / ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരു AICC പ്രസിഡന്റ് ഉണ്ടായാൽ മാത്രമേ കോൺഗ്രസിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുകയുള്ളൂ എന്നു കണ്ടെത്തുകയും തന്റെ രാഷ്ട്രീയഭാവി പോലും നോക്കാതെ  അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യാൻ കാണിച്ച ആ ധൈര്യത്തിനും വലിയ മനസ്‌സിനും ഒരു ബിഗ് സല്യൂട്ട്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സന്നദ്ധസംഘടന പിരിച്ചുവിടണമെന്ന ഗാന്ധിജിയുടെ നിർദ്ദേശം നിരാകരിച്ച്‌ ജവഹർലാൽ നെഹ്‌റു,  അതിനെ ഒരു രാഷ്ട്രീയ പാർട്ടി ആയി നിലനിർത്തിയതും, ഇന്ത്യയുടെ ഭരണം സ്വന്തം കൈകളിലൊതുക്കാൻ അതിനെ ഉപയോഗിച്ചതും, അതിനുവേണ്ടി അദ്ദേഹം നടത്തിയ കാലുവാരലും, ഒടുവിൽ ഇന്ത്യയെ കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതുപ്പോലെ വിഭജിച്ചതുമൊക്കെ ഇന്ത്യയോളം പഴക്കമുള്ള, ഇന്നും ജീവനുള്ള ചരിത്രം.

പ്രധാനമന്ത്രിപദത്തിൽ എത്തിയ നെഹ്‌റു കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭരണം നെഹ്‌റു കുടുംബത്തിൽ തന്നെ നിലനിർത്താൻ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. കുട്ടി ആയിരുന്ന ഇന്ദിരാപ്രിയദർശിനിയെ ആ ഉദ്ദേശത്തോടെ തന്നെ പരിശീലനവും വിദ്യാഭ്യാസവും നൽകി വളർത്തിയത് ചരിത്രം. ഇന്ദിരാ ഗാന്ധിയും ആ പാത പിന്തുടരാൻ ശ്രമിച്ചു എന്നുള്ളതും നാം കാണാതെ പോകരുത്. അങ്ങനെ ഇന്ത്യ എന്നാൽ കോൺഗ്രസ് എന്നും, കോൺഗ്രസ് എന്നാൽ നെഹ്‌റു കുടുംബം എന്നും ഉള്ള വിശ്വാസം ജനങ്ങളിലും പ്രത്യേകിച്ച് കോൺഗ്രസ് പ്രവർത്തകരിലും അടിച്ചേൽപിക്കാൻ 'അവർക്ക് 'കഴിഞ്ഞു. നെഹ്‌റു, ഇന്ദിര, രാജീവ്..... പട്ടിക നീളുന്നു. ഈ പ്രതിഭാസത്തിന് അപവാദമായി ഒരു ലാൽ ബഹദൂർ ശാസ്ത്രി. അദ്ദേഹത്തിൻറെ അന്ത്യം ഇപ്പോഴും ദുരൂഹമായി തുടരുന്നു. രാജീവിന് ശേഷം സോണിയ AICC പ്രസിഡന്റ് ആയെങ്കിലും വിദേശ പൗരത്വത്തിൽ തട്ടി പ്രധാനമന്ത്രി മോഹം പൂവണിഞ്ഞില്ല. പകരം നിഷ്കാമകർമ്മിയും 'ജന്മനാ മൗനിയുമായ' മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരുത്തിക്കൊണ്ട് സോണിയ പിൻസീറ്റ് ഡ്രൈവിംഗ് വിജയകരമായി നടത്തി. തുടർന്ന് നടത്തിയ ഭരണത്തിന്റെ ഗുണം കൊണ്ട് എല്ലാം കൈവിട്ടുപോയി. കാലിനടിയിലെ മണ്ണുപോലും ഒലിച്ചുപോയത് ആരും അറിഞ്ഞില്ല. നെഹ്‌റു ഇന്ദിരയെ വളർത്തിയതുപോലെ കുഞ്ഞുങ്ങളെ വളർത്താൻ കഴിയാത്തതിൽ വന്നു ഭവിച്ച ദുരന്തം. ഇപ്പോൾ ഇന്ദിരയുടെ മൂക്കു പോലെ നീണ്ട മൂക്കുള്ള, അവർ സാരി ചുറ്റുന്നതുപോലെ സാരി ചുറ്റുന്ന, അവർ സംസാരിക്കുന്നത് പോലെ സംസാരിക്കാൻ ശ്രമിക്കുന്ന പ്രിയങ്കയെയും, രാജീവ് ഗാന്ധിയെ പോലെ വെള്ള പൈജാമയും വെള്ള കുർത്തയും ധരിക്കുന്ന രാഹുലിനെയും ഒക്കെ AICC പ്രസിഡന്റ് ആക്കാനും പ്രധാനമന്ത്രി ആക്കാനും ഒക്കെ കെണി വച്ച് കാത്തിരിക്കേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി നിൽക്കുന്നു.

ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ  തകർച്ചയെ തുടർന്ന് അധ്യക്ഷ സ്ഥാനത്ത് തുടരാൻ തനിക്ക് താല്പര്യമില്ല എന്ന് രാഹുൽ  തുറന്നു പറഞ്ഞിട്ടും അദ്ദേഹത്തെ വെറുതേ വിടാൻ പാർട്ടിക്കാർ അനുവദിക്കുന്നില്ല. കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ മേൽ വിവരിച്ച, നെഹ്‌റു കുടുംബത്തിൽ നിന്നുള്ള നേതാക്കളെക്കാൾ മികച്ച എത്രയോ നേതാക്കൾ ഉണ്ടായിരുന്നു, ഇന്നും ഉണ്ട് ? മണ്മറഞ്ഞുപോയവരും ഇന്നും സജീവമായി  നിൽക്കുന്നവരുമായ എത്രയോപേർ ? വിവാദം ഒഴിവാക്കാനായി ആരുടേയും പേര് ഇവിടെ പരാമർശിക്കുന്നില്ല. പക്ഷെ കോൺഗ്രസിലെ കുഴലൂത്തുകാരായ '. നേതാക്കൾ' കോൺഗ്രസിനെ നെഹ്‌റു കുടുംബത്തിനെ വലംവയ്ക്കുന്ന ഉപഗ്രഹമായി എന്നും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നു. അതിൽ കവിഞ്ഞൊരു ചിന്ത അവർക്കുണ്ടാകില്ല. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ, ഒരു ഭരണാധികാരി എന്ന നിലയിൽ തന്റെ കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത, ഒരു പരിധി വരെ അധോമുഖനായ, സന്നിഗ്ധഘട്ടങ്ങളിൽ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടി മാളത്തിലൊളിക്കുന്ന രാഹുൽ ഗാന്ധിയുടെ സത്യസന്ധമായ കണ്ടെത്തൽ പോലും മനസ്സിലാക്കാനോ, അവസരസത്തിനൊത്ത ഉയർന്ന, ബദൽ സംവിധാനം കണ്ടെത്താനോ, ഇന്ത്യാ മഹാരാജ്യത്തിൽ നിന്നും മറ്റൊരു നേതാവിനെ തെരഞ്ഞെടുക്കാനോ, ഏഴു പതിറ്റാണ്ടിലേറെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കോൺഗ്രസിന് കഴിയുന്നില്ല എന്ന സ്ഥിതി കോൺഗ്രസിനെ അപചയത്തിലേക്കും, സർവ്വനാശത്തിലേക്കും നയിക്കും, സംശയമില്ല.
മെയ് 23ന് ശേഷം കോൺഗ്രസ്സ് നാഥനില്ലാ കളരിയായി മാറി. മുൻപ് പരാമർശിച്ച തരത്തിൽ കോൺഗ്രസിനെ നെഹ്‌റു കുടുംബത്തിന്റെ ഉപഗ്രഹം എന്ന നിലയിൽ നിന്നും മുക്തമാക്കാൻ കേരളത്തിൽ നിന്നുള്ള കടൽകിഴവന്മാരും യുവതുർക്കികളും ഉൾപ്പെടെ ഉള്ള നേതാക്കന്മാരും വടക്കേ ഇന്ത്യൻ ലോബികളും സമ്മതിക്കില്ല. മാറി ചിന്തിക്കാൻ അവർക്കാകില്ല. കാരണം വളരെ ലളിതം. ഉപഗ്രഹ രാഷ്ട്രീയം ആകുമ്പോൾ മേലനങ്ങി വലിയ പണി ഒന്നും ചെയ്യേണ്ടതില്ല. ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ ശങ്കരാടിയുടെ കഥാപാത്രം പറയുന്നപോലെ, "ഇത്തിരി വെള്ളം കോരൽ, ഇത്തിരി വിറകുവെട്ടൽ, ഇത്തിരി പെട്ടി ചുമക്കൽ, പിന്നെ സഫ്ദർജംഗ് മാർഗിലെ വീട്ടിൽ കുറച്ച് അടുക്കളപ്പണി. അത്രതന്നെ, കഴിഞ്ഞു. നേട്ടങ്ങളും മറ്റു സൗകര്യങ്ങളും ചറപറാ എ
ന്ന് ഇങ്ങു പോരും."

ഒന്നുറപ്പിക്കാം. രാഹുൽ ഗാന്ധി നിർദേശിച്ചതുപോലെ, നെഹ്‌റുകുടുംബത്തിന് പുറത്തുനിന്നും ഒരു അധ്യക്ഷൻ ഉണ്ടാകാതെ കോൺഗ്രസ് ഇനി രക്ഷപെടില്ല, തീർച്ച.


1 comment:

Raji Chandrasekhar said...

രാഷ്ട്രീയ വിമർശനത്തിന്റെ പുതിയ മുഖം....