ദ്വാരപാലകൻ - കവിതയെന്ന ഹരം പുനർജ്ജനിക്കുമ്പോൾ :: ദിവ്യ. പി. നായർ

Views:

ഒരു വായനക്കുറിപ്പ്

കവിതയെന്ന ഹരം പുനർജ്ജനിക്കുമ്പോഴുണ്ടായ നവമുകുളങ്ങളാണ് രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്റെ "ദ്വാരപാലകൻ" എന്ന കവിതാസമാഹാരം. നിത്യസഞ്ചാരി എന്ന ആദ്യ കവിത മുതൽ കവി പരിതപിക്കുന്നതും കിടപിടിക്കുന്നതും തന്നോടോ, ലോകത്തോടോ, കാലിക കാഴ്ചകളോടോ അല്ല, അക്ഷരങ്ങളോടാണ്. വീണ്ടും പറ്റിച്ചേർന്നു കിടക്കാൻ കൊതിക്കുന്നതും കവിതയോടാണ്. മൽസരിക്കാൻ ഒരുപാടുള്ളപ്പോഴും, ഒതുങ്ങി മാറാൻ നിർബന്ധിതനാകുമ്പോഴും എനിക്ക് "മടുക്കില്ലെന്ന് " ഉറക്കെ വിളിച്ചു പറയാൻ ഈ കവി മടിക്കുന്നില്ല.

ശകാരധ്വനികളിൽ ഒതുക്കി തന്റെ മാത്രമായ അക്ഷരങ്ങളെ ഒരിക്കലും വിട്ടുപോകാതെ ഊര്‍ജ്ജവും തേജസ്സും നൽകി ഇദ്ദേഹം പുനരവതരിപ്പിക്കുന്നു. അങ്ങിനെ ലോകത്ത് കവി കണ്ട കാഴ്ചകൾ നടരാജനടനമായും മൗനങ്ങളായും ഒരേ മട്ടിൽ ആർത്തലക്കുന്നു. ചിലപ്പോഴൊക്കെ രാത്രി സ്വപ്നങ്ങൾ ഹരിതമോഹങ്ങളും, തീരങ്ങൾ കുൂട്ടുകാരിയും, അമ്മ കാലപ്രവാഹിനിയുമായി കവിതയിൽ രൂപം മാറുന്നു. എന്നല്ല തന്നെ പിന്നിലാക്കിയ കാലത്തെ നോക്കി കവിത പൊട്ടിച്ചിരിക്കുന്നതും കരയുന്നതും നമുക്കു കാണാം. അപ്പോഴെല്ലാം അസ്വാദനശേഷിക്കനുസരിച്ച് വായനക്കാരന് ഏതറ്റം വരെയും സഞ്ചരിക്കാൻ സ്വാതന്ത്ര്യം നൽകി കവി മാറി നിൽക്കുന്നു, വായനക്കാരന് പിൻതുണയും അവകാശവും നൽകി കൊണ്ട്.

ദ്വാരപാലകനിലെ ഓരോ കവിതയും ഓരോ ജീവപ്പകര്‍ച്ചയാണ്. അതു കൊണ്ടു തന്നെ എല്ലാ കവിതകളും ഒരേ തൂലികയിൽ നിന്നാണോ ഉയിര്‍കൊണ്ടത് എന്ന് നാം സംശയിച്ചു പോകും. എന്തെന്നാൽ പുതുമയെ ഇരുകൈകളിലും പുണർന്നു നിൽക്കുമ്പോഴും പഴമയുടെ വേരുകൾ ഈ കവിയെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. ഒപ്പം തന്നെ അട്ടഹസിക്കന്നവന്റെയും ഒച്ചയില്ലാതെ കരയുന്നവന്റെയും ഉള്ളറിയാനുള്ള ശ്രമങ്ങളും കവിത നടത്തുന്നു.

ഇതൊക്കെയാണെങ്കിലും തിവ്രാനുഭവങ്ങളുടെ കത്തുന്ന മരുഭൂമികൾ കാൽപാദങ്ങൾ പൊള്ളിച്ചിട്ടില്ലാത്തതിന്റെ ആഴക്കറവുകള്‍ ചില കവിതകളിൽ ശക്തിരാഹിത്യമായും തുടിച്ചുയരുന്നുണ്ട്. അപ്പോഴും വായനയിലെ ഹൃദ്യമായ അനുഭവക്കാഴ്ച പകർന്നു നൽകാൻ ദ്വാരപാലകൻ എന്ന കാവ്യസമാഹാരത്തിനു കഴിയുന്നു.