രാജീവൻ മമ്മിളിയുടെ നാടകയാത്രകൾ. :: രാധാകൃഷ്ണന്‍ കുന്നുംപുറം

Views:


ക്ലാസ് മുറിയിൽ അദ്ധ്യാപകർ അക്ഷരങ്ങളും അറിവുകളും പകർന്നു നൽകുമ്പോഴും രാജീവൻ എന്ന കുട്ടിയുടെ മനസ്സിൽ അവ ചിത്രകങ്ങളായി ജീവനെടുക്കയായിരുന്നു. അവയെ അരങ്ങിൽ ഒരു സ്വപനംപോലെ അവൻ കണ്ടിരുന്നു. .പിന്നീട് സ്കൂൾ കലോൽസവ വേദികളിൽ ആ കുട്ടി പല കഥാപാത്രങ്ങളായി മാറി. കാലം കഴിഞ്ഞപ്പോൾ അയാൾ മലയാള നാടകവേദിയുടെ പ്രിയപ്പെട്ടവനും സംവിധായകനുമായി.    
       .                   
അമച്വർ നാടകവേദിയിൽ പി എം താജ്, ജയപ്രകാശ് കുളൂർ, സതീഷ് കെ സതീഷ് എന്നിവരുടെ നാടകങ്ങളിലൂടെ രാജീവൻ നാടക കലാകാരനിലേക്കുള്ള പ്രയാണം തുടർന്നു. പിന്നീട് സ്റ്റേജിന്ത്യയുടെ ബൊമ്മക്കൊലു എന്ന പ്രശസ്ത നാടകത്തിലൂടെ ജനകീയ നാടക വേദിയിലേക്ക് രംഗപ്രവേശനം നടത്തി. തുടർന്ന് ചിരന്തനയടക്കം മലബാർ നാടക പ്രസ്ഥാനങ്ങളിൽ രാജീവൻ മമ്മിളി നിറസാനിദ്ധ്യമായി മാറി.            

മലയാള നാടകത്തറവാട്ടിലെ അപൂർവ്വ സർഗ്ഗപ്രതിഭയായ കെ ടി മുഹമ്മദെന്ന നാടകാചാര്യനുമായി കണ്ടുമുട്ടിയത് നാടകത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് വഴികാട്ടി. നാടകമെന്ന വിശ്വകലാരൂപത്തെ അവിടം മുതൽ കുടുതൽ ഗൗരവമായി ഈ കലാകാരൻ സമീപിച്ചു.

അങ്കമാലി നാടകനിലയത്തിനു വേണ്ടി ജയൻ തിരുമന രചിച്ച ജീവിതയാത്ര സംവിധാനം ചെയ്തു കൊണ്ട് അരങ്ങിൽ രാജീവൻ മമ്മിളി തന്റെ കൈയ്യൊപ്പ് ചാർത്തി. അവിടുന്നിങ്ങോട്ട് രംഗവേദിയെ കാഴ്ചവട്ടങ്ങളുടെ കഥയരങ്ങാക്കി മാറ്റി ഈ സംവിധായകൻ. മലയാള നാടകവേദിയിലെ പ്രമുഖ സമിതികൾക്ക് നാടകം അണിയിച്ചൊരുക്കന്നതിനിടയിൽ രാജീവൻ മമ്മിളി കെ പി എ സിയിലും തന്റെ സാനിദ്ധ്യം അറിയിച്ചു. ഫ്രാൻസിസ് ടി. മാവേലിക്കര രചിച്ച 'ഭീമസേനന് ' ദൃശ്യചാരുത പകർന്ന അദ്ദേഹം തുടർന്ന്  എട്ട് നാടകങ്ങൾ അവിടെ അണിയിച്ചൊരുക്കി. മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നിരവധി തവണ രാജീവൻ മമ്മിളിയെ തേടി വന്നു. ഇതിനകം നൂറോളം നാടകങ്ങൾ അണിയിച്ചൊരുക്കിയ ഇദ്ദേഹത്തിന് എസ്. എൽ പുരം, തിലകൻ, ബാലൻ കെ നായർ തുടങ്ങിയവരുടെ പേരിലുള്ളവയടക്കം ഒട്ടേറെ പുരസക്കാരങ്ങൾ ലഭിച്ചു.

ജനകീയ നാടകവേദിയിൽ എന്നും ജനപ്രിയനാടകങ്ങൾ അണിയിച്ചൊരുക്കുന്ന ഈ നാടക പ്രതിഭ വരും വർഷങ്ങളിലേക്കുള്ള പുതിയ നാടകങ്ങളുടെ പണിപ്പുരയിലാണ്. ഇന്നലകളിൽ മഹാഗുരുക്കന്മാരും കാണികളും പകർന്നു നൽകിയ അറിവിന്റെ അനുഭവവെളിച്ചത്തിൽ രംഗവേദിയിൽ പുതിയ മുഖചാർത്തുകൾ വരച്ചു ചേർക്കുന്ന തിരക്കിൽ തന്റെ "കഥവീട്ടിൽ " കാലത്തിന് ജീവിതകഥകൾ പറഞ്ഞു കേൾപ്പിച്ച് ഒരു കുടുംബനാഥനായി ജീവിതത്തിന്റെ അരങ്ങിൽ നിന്നും നാടകത്തിന്റെ അണിയറയിലേക്കുള്ള യാത്രയിലാണ് ഈ ജനകീയ നാടക കലാകാരൻ. ആ യാത്രകൾക്ക് കൂട്ടായി ഭാര്യ ബിന്ദുവും മകൾ കൃഷ്ണമീരയും ഒപ്പമുണ്ട്. അങ്ങിനെ ആ ജീവിതം കലയുടെ സ്നേഹസന്ദേശമാകന്നു.