സ്‌നേഹാര്‍ദ്രതയുടെ പൂച്ചെണ്ടുകള്‍


http://malayalamasika.in/2015/12/blog-post_18.html
കവിത പലതരത്തിലാകാം. പുതിയതും പഴയതുമായ ചുവടുവയ്പുകളെല്ലാം സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല. പാട്ടാണോ കവിതയാണോ കൂടുതല്‍ ആസ്വാദ്യമെന്നത് വായനയുടെ തലങ്ങളെയും അവബോധത്തെയും ആശ്രയിച്ചിരിക്കും. കവിത ഇഷ്ടപ്പെടുന്നവര്‍ക്ക് പാട്ടും പാട്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് കവിതയും ഒരുപോലെ രുചിക്കാറുണ്ട്. ഈണം എന്നത് ഇന്ദ്രിയങ്ങളെ കീഴടക്കുന്ന സിദ്ധിയാണെന്നുള്ളത് പുതിയ കാര്യമല്ല. മന്ത്രങ്ങളും സൂക്തങ്ങളും സ്‌തോത്രങ്ങളുമെല്ലാം താളാത്മകമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. വേഗത്തില്‍ സ്വാധീനിക്കപ്പെടുകയും അവ മനസ്സിനെ കീഴ്‌പ്പെടുത്തുകയും അതിലൂടെ എളുപ്പത്തില്‍ ഒരു ഭാവതലത്തില്‍ എത്തപ്പെടുകയും ചെയ്യുന്നു. വേഗത്തില്‍ കയറിപ്പറ്റാന്‍ ഇടയുള്ള ഗാനങ്ങള്‍ക്ക് കാവ്യഗുണം കൂടിയുണ്ടാകുമ്പോഴുള്ള സ്വാധീനശക്തി ഊഹിക്കാവുന്നതാണ്.
    ഒരു ഭാവത്തെ, അര്‍ത്ഥത്തെ, ആശയത്തെ ഉദ്‌ഘോഷിപ്പിക്കാനോ, ഉദ്യമിപ്പിക്കാനോ വേണ്ടിയാകാം ഒരു ഗാനം/കവിത രചിക്കപ്പെടുന്നത്. എന്തിനാണ് എഴുതുന്നത് എന്ന ആശയം എഴുത്തുകാരന്‍ സ്വയം ചോദിക്കേണ്ടിവരുമ്പോള്‍ അയാള്‍ അയാളോടുതന്നെ നീതിപുലര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നു. പ്രത്യേക ഉദേശ്യലക്ഷ്യത്തോടെയും അല്ലാതെയും കവിത ജനിക്കാം. വെറുതെ എഴുതുമ്പോഴും എഴുതുന്നയാളുടെ വീക്ഷണം, ദര്‍ശനം സ്വയം അടയാളപ്പെടുത്തിക്കൊണ്ടിരിക്കും. വായനക്കാരനെ/ആസ്വാദകനെ മുന്‍നിര്‍ത്തി മാത്രം എപ്പോഴും എഴുതിക്കൊണ്ടിരിക്കുവാന്‍ ഒരു കവിക്കും സാധ്യമല്ല. കവികള്‍ തങ്ങളുടെ കാവ്യദര്‍ശനമെന്ന ദര്‍പ്പണത്തിലൂടെ ലോകത്തെയും കാലത്തെയും കാണുന്നവരാണ്. അവര്‍ ഇന്നലെകളെയും നാളെകളെയും ഒരുപോലെ തിരിച്ചറിയുന്നു. ഇത്തരം തിരിച്ചറിയലുകള്‍ 'ലോകാനുഗ്രഹപരയാം കവിത' എന്ന ആശാന്റെ ആശയത്തിനുമപ്പുറത്ത് 'അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി' എന്ന ദണ്ഡിയുടെ വാക്യത്തിനോളം പഴക്കമുള്ളതാണ്.
    കവിതകൊണ്ട് ഒരു സമൂഹത്തെ, ഒരു ജനപദത്തെ, ഒരു സംസ്‌കാരത്തെ ഉദ്ധരിക്കപ്പെടാമെന്ന യുക്തി പ്രസക്തമാണ്. അത് സ്‌നേഹത്തിലൂടെ, ഭക്തിയിലൂടെ, പ്രപഞ്ചദര്‍ശനത്തിലൂടെയെല്ലാം സാധ്യമാകുന്നു. ഇന്നോളമുണ്ടായിട്ടുള്ള കവിതകളെല്ലാംതന്നെ മേല്‍പ്പറഞ്ഞ വിതാനങ്ങളിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും അവയുടെ പ്രസക്തി ഇനിയും മങ്ങിയിട്ടില്ല. മനുഷ്യര്‍ പൊതുവേ എപ്പോഴും ഏതെങ്കിലും വിശ്വാസപ്രമാണങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നവരാണ്. ചില കാലങ്ങളില്‍ ചില വെളിപാടുകളെയും ദര്‍ശനങ്ങളെയും അഭയം തേടുന്നു. ഒന്നു പരാജയപ്പെടുമ്പോള്‍ മറ്റൊന്ന് എന്ന തരത്തില്‍ മനുഷ്യര്‍ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇത് കാലഗണനയെ മാത്രം ലക്ഷ്യമാക്കിയല്ല; പ്രായവും ഒരുപരിധിവരെ സ്വീകരിക്കപ്പെടുന്നതാണ്.
    ഒരാള്‍ ഇരുപത് വയസ്സിലോ മുപ്പതുവയസ്സിലോ സ്വീകരിക്കുന്ന ദര്‍ശനം നാല്പതുവയസ്സ് കഴിയുമ്പോള്‍ മാറ്റപ്പെടാം. അത് സ്വയം മാറുന്നതിന്റെയും അനുഭവങ്ങളാല്‍ മാറ്റപ്പെടുന്നതിന്റെയും അടയാളപ്പെടലാണ്. അതുകൊണ്ടാണ് മുന്‍കാലങ്ങളിലെ വിപ്ലവകാരികള്‍ പലരും പില്‍ക്കാലത്ത് ദൈവവിശ്വാസികളായും ആദ്ധ്യാത്മികവാദികളുമായി കാണപ്പെടുന്നത്. ഒന്നും അവസാനവാക്കല്ലെന്നും ഒന്നിലും പൂര്‍ണ്ണമായ സത്യസാക്ഷാത്ക്കാരങ്ങള്‍ ലഭിക്കുന്നില്ലെന്നും നാം തിരിച്ചറിയപ്പെടുന്നു. അപ്പോഴും നാം വിശ്വസിച്ചുകൊണ്ടേയിരിക്കുന്നു. ഇത് പരാശക്തിയെയാകാം, പ്രപഞ്ചശക്തിയെയാകാം, അമ്മദൈവങ്ങളെയാകാം, അഞ്‌ജേയങ്ങളായ സിദ്ധിവിശേഷങ്ങളെയാകാം. വിശ്വാസിയല്ലാത്ത ഒരാള്‍പോലും തന്റെ ജീവിതത്തിലുണ്ടാകുന്ന നിമിത്തങ്ങളെയും തിരിച്ചറിയലുകളെയും തിരിച്ചുവായിക്കുവാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നേക്കാം. എപ്പോഴും അര്‍പ്പിതമായ മനസ്സ് മനുഷ്യനില്‍ സംജാതമാണെന്നര്‍ത്ഥം. എന്തിനാണ് ക്ഷേത്രത്തില്‍ പോകുന്നതെന്ന ചോദ്യത്തിന് പോകാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് പോകുന്നു എന്നു പറയുന്നവരുണ്ടാകാം. പരമ്പരാഗതമായി പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നു പറയുന്നവരുണ്ടാകാം. പ്രത്യേക പുണ്യബോധസിദ്ധിക്കായി പോകുന്നവരുമുണ്ടാകാം. നിയതമായ അര്‍ത്ഥത്തിലും അവബോധത്തിലുമല്ലാതെതന്നെ ആരാധനാലയങ്ങള്‍ നമ്മെ വശീകരിക്കാറുണ്ട്. അത് അവ നല്‍കുന്ന ഏകാന്തമായ ധ്യാനാവസ്ഥയും പരിമളപൂരിതമായ പരിസരാവസ്ഥയുമെല്ലാം കൂടിച്ചേരുമ്പോഴുള്ള ഭാവതലമാണ്.
    പ്രപഞ്ചശക്തിയെയും പ്രകൃതിയുടെ അത്ഭുതാദരവിനേയും കുറിച്ചുള്ള കാവ്യാവബോധം മലയാളകവിതയില്‍ ഏറെ പരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരം ചില കവികളെ പ്രത്യേകിച്ചും പൂന്താനത്തെയും പി. കുഞ്ഞിരാമന്‍ നായരെയും പോലുള്ളവരെ ഭക്തകവികളെന്നു നിര്‍വ്വചിക്കപ്പെട്ടു. കടലും കായലും ഭൂപ്രകൃതിയുമെല്ലാം മതിവരാതെ കണ്ടാസ്വദിക്കുന്ന കവികളുടെ മനസ്സ് കടന്നുപോകുന്ന അനന്തവും അഭൗമവുമായ ഒരു സൗന്ദര്യതലമുണ്ട്. 'നീ'യും 'ഞാനും' നമ്മളാകുന്ന, ഭൂമിയാകാശങ്ങള്‍ ഒന്നാകുന്ന, സൂര്യനും സൂര്യകാന്തിയും ഒരുമിക്കുന്ന സരളസ്‌നേഹരസം കവികളില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള പ്രാപഞ്ചികദര്‍ശനമാണ്.
    ശക്തിയുടെ പ്രതീകങ്ങളായ കാറ്റ്, അഗ്നി, ജലം എന്നിവയെല്ലാം ഭാരതീയര്‍ക്ക് ദൈവങ്ങളാണ്. ഇവയെല്ലാം ആരാധനയ്ക്കപ്പുറത്തുള്ള അവബോധമായിമാറാം. പ്രകൃതിയോടുള്ള സ്‌നേഹം, അമ്മയോടുള്ള സ്‌നേഹമായും ആരാധനയായും മാറുന്നു. അമ്മയാണ് സത്യം എന്ന ചൊല്ലുതന്നെ ബോധ്യപ്പെടുന്നത് ദൈവസങ്കല്പത്തെയാണ്. അമ്മദൈവങ്ങളെക്കുറിച്ചുള്ള ആരാധനയാണ് നമ്മുടെ ആരാധനകളില്‍ ഏറ്റവും പഴക്കമുള്ളതും പ്രിയമുള്ളതും. തമിഴകത്തെ കണ്ണകിയും കേരളത്തിലെ ആറ്റുകാലമ്മയും കൊടുങ്ങല്ലൂരമ്മയും ചോറ്റാനിക്കരയമ്മയും കൊടിമൂട്ടിലമ്മയും പണിമൂലയമ്മയും തുടങ്ങി എത്രയോ അമ്മദൈവങ്ങള്‍ നമുക്ക് ദേവിമാരായുണ്ട്. പിതൃബോധത്തെക്കാള്‍ മാതൃബോധമാണ് നമ്മുടെ ആരാധനയില്‍ സ്ഥാനമുള്ളതെന്നാണ് ഇവയെല്ലാം സ്ഥാപിക്കപ്പെടുന്നത്. ഇത്തരമൊരമ്മസങ്കല്പം പ്രിയകവി രജി ചന്ദ്രശേഖറിന്റെ 'സ്‌നേഹഗംഗ'യില്‍ ആഴത്തില്‍ കടന്നുവരുന്നുണ്ട്.
    അമ്മയില്ലാതെ എന്തുജീവിതമെന്ന തലത്തിലേക്ക് വളരുന്ന സങ്കല്പബോധമാണ് 'സ്‌നേഹഗംഗ.'
    ''നീ കാറ്റ്, ഞാനൊരു പായ്‌തോണി, നിന്നിച്ഛ-
     നേര്‍വഴിയേകുന്നു നിത്യം''- (നീ മാത്രമാണെൻറെയുള്ളിൽ) എന്ന തരത്തില്‍ ഏതു തെറ്റിനും മാപ്പുകൊടുക്കുന്ന കോടതിയാണ് അമ്മയെന്ന വാക്യം അന്വര്‍ത്ഥമാക്കുകയാണിവിടെ. താങ്ങും തണലും അമൃതുമായ് അമ്മ അലിവായി നിറയുന്ന സാര്‍വ്വലൗകികത്വം ഇവിടെ ആവിഷ്‌കൃതമാകുന്നു. 'അമ്മയല്ലാതൊരു ദൈവമില്ല' എന്ന നിയതമായ താത്ത്വികസന്ദേശമാണ് തുടര്‍ന്നുള്ള അമ്മസങ്കല്പത്തിലധിഷ്ഠിതമായ കവിതകളിലെല്ലാം കടന്നുവരുന്നത്. മാതൃബോധവും ഭ്രാതൃബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന സമൂഹത്തിന് ഉന്മേഷവും ഉത്തേജനവും പകരുന്നതോടൊപ്പം അമ്മയെത്തേടാനും തിരിച്ചറിയാനും ഉപകരിക്കുന്നതാണ് ഈ കവിതകള്‍.
    അമ്മസങ്കല്പം പോലെതന്നെ സ്‌നേഹത്തെക്കുറിച്ചു പറയുമ്പോഴും ഈ കവി കലവറയില്ലാതെ സ്‌നേഹം പകരുന്നതുകാണാം. 'സ്‌നേഹഗംഗ' എന്ന പ്രയോഗം തന്നെ പുതുമയുള്ളതാണ്. സ്‌നേഹത്തെ ഗംഗയാക്കിത്തീര്‍ത്താല്‍ തീരുന്നതാണ് മനുഷ്യലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെല്ലാം. സര്‍വ്വ അന്തരങ്ങളും മറന്ന് സ്‌നേഹിക്കണമെന്നും മുള്ളുപോലുള്ള വാക്കിനും നോക്കിനും മുനയൊടിക്കണമെന്നും ആഹ്വാനം ചെയ്യുന്ന 'സ്‌നേഹഗംഗ' സൗഹൃദത്തിന്റെ സ്‌നേഹഗംഗ സൃഷ്ടിക്കുന്നതിനെപ്പറ്റിയും അതില്‍ മുങ്ങിക്കുളിക്കുന്നതിനെക്കുറിച്ചും ആരായുന്നു. വിദ്വേഷവും കാലുഷ്യവും സ്പര്‍ദ്ധയും നിറഞ്ഞുകവിഞ്ഞ ആധുനികാന്തരീക്ഷത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉച്ചരിക്കേണ്ടവയാണ് സ്‌നേഹഗംഗയിലെ വരികള്‍. ഗുളികപോലെ, ലേഹ്യം പോലെ ഗുണവും വീര്യവുമാര്‍ന്നതാണ് ഇതിലെ മിക്കവരികളും. ഇത് ഭക്തിയുടെ നിറസാന്നിദ്ധ്യമാണ്. ഇതില്‍ മതബോധമല്ല സ്‌നേഹബോധമാണ് പ്രധാനം. സ്‌നേഹത്തില്‍ നിന്നുദിക്കുന്ന ഭക്തിയുടെ അപദാനങ്ങളെയാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്.
    ''നീയകത്തുദിക്കെയേതു.......പുണ്യഭാവഭാവുകം.'' (നീയകത്തുദിക്കെ)
     കാവ്യമര്‍മ്മജ്ഞതയുടെ ആത്മാവുതൊട്ടറിഞ്ഞ ആരംഭശ്ലോകമാണിത്. സ്‌നേഹഗംഗയില്‍ തുടര്‍ന്നാവിഷ്‌കരിക്കുന്ന കവിതകളുടെയെല്ലാം സത്ത ഊറ്റിയെടുക്കപ്പെട്ടതാണ് ഈ വരികള്‍. ഒരു വെറും പാട്ടെഴുത്തുകാരന് എഴുതാന്‍ കഴിയുന്നതല്ല ഇത്. മറിച്ച് കവിതയുടെ ഹൃദയം പേറുന്ന സംയമിയായ ഒരാള്‍ക്ക് മാത്രം കുറിക്കാന്‍ കഴിയുന്നതാണ്.
    ''നിന്നെത്തിരഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍
     നീയെന്റെ സ്‌നേഹമാണല്ലോ
     നിന്നെപ്പിരിഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍
     നിയെന്റെ പ്രാണനാണല്ലോ.''  (നീ മാത്രമാണെൻറെയുള്ളിൽ)
      നിയതിയുടെ നിര്‍ണ്ണയിക്കപ്പെടാത്ത നിയമങ്ങളും വ്യാഖ്യാനിക്കാന്‍ കഴിയാത്ത വിക്ഷോഭങ്ങളും ഈ വരികളില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്. സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്ന അജ്ഞാതമായ ശക്തിയെ കവി ഇവിടെ സ്‌നേഹമായും പ്രാണനായും വിവക്ഷിക്കുന്നു.
     ഏതു മനുഷ്യനും എത്തപ്പെടുന്നത് ഒരേ സ്ഥലത്താണെന്ന തിരിച്ചറിവ് എപ്പോഴും എല്ലാവരിലും ഉണ്ടാകണമെന്നില്ല. മറന്നുപോയ ജീവസത്യങ്ങളെ തിരിച്ചറിയുകയും തിരിച്ചുപിടിക്കുകയും ചെയ്യുക എന്നത് കവിതയുടെ കടമയും രാഷ്ട്രീയവുമാണ്. ഓര്‍മ്മകളിലൂടെയും ഉന്മാദങ്ങളിലൂടെയും ഉണര്‍വ്വുകളിലൂടെയും കവിത പൂത്തുലയാറുണ്ട്. അങ്ങനെ കവിത കരുതിവയ്ക്കുന്ന ഗന്ധം കാലങ്ങള്‍ക്ക് പിന്നിലേയ്ക്കും കാലത്തിനുപ്പുറത്തേയ്ക്കും വ്യാപിക്കാറുണ്ട്. അത് തണുപ്പായും ശാന്തമായും വിന്യസിക്കപ്പെടാം.
    ''അമ്മേ, കരള്‍ക്കാമ്പു കത്തുന്നു, നെഞ്ചത്തൊ-
    രമ്മിക്കനം, കാലവേതാളനര്‍ത്തനം.
    നമ്മളില്‍ ചെമ്പട്ടുലയ്ക്കും മിഴിച്ചോപ്പി-
    ലമ്മഹാതാളം തണുക്കട്ടെ ശാന്തമായ്''- എന്നെഴുതിയവസാനിപ്പിക്കുന്ന 'തണുക്കട്ടെ ശാന്തമായ് ' - മതാതീതമായ ആത്മബോധത്തിന്റെ അനിവാര്യമായ സാക്ഷ്യമാണ്.  ഇത് ഭാരതീയമായ ജീവദര്‍ശനത്തിന്റെ ശരിപ്പകര്‍പ്പാണ്. ശാന്തിയാണ് എല്ലാത്തിനും അടിത്തറയെന്ന ശക്തി മഹാഭാരതാന്ത്യത്തില്‍ വ്യാസമഹാകവി കാട്ടിത്തരുന്നുണ്ട്. അതേറ്റുവാങ്ങുന്ന ആന്തരികനിര്‍വൃതി അനന്തമായ സായൂജ്യത്തിന്റെയും അവ്യാഖ്യേയമായ അറിവിന്റെയും ആകെത്തുകയാണ്. അത്തരമൊരു വിശാലമായ സമാധാനത്തിന്റെ ആകാശം വിടര്‍ത്തുകയാണ് കവി ഈ കവിതയില്‍.
    സ്വയംബോധത്തിന്റെ വെണ്മ മനസ്സിലാക്കിയവനു മാത്രമേ അഹംഭാവരഹിതമായ സ്‌നേഹജീവിതം തുടരാനാകൂ. ജീവിതത്തിന്റെ കരുതല്‍ സ്വയമറിയലാണെന്ന് കവി വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.  ഓര്‍മ്മകള്‍ ഓര്‍ക്കപ്പെടാനുള്ളതുമാത്രമല്ല; ഓര്‍ക്കാതിരിക്കാനുള്ളതുകൂടിയാണ്. എന്നാലിവിടെ എല്ലാ ഓര്‍മ്മകളെയും എല്ലാ വിസ്മൃതികളെയും നിയന്ത്രിക്കുന്നത് പരമമായ ശക്തിയാണെന്നും ആ ശക്തിക്ക് നാമരൂപങ്ങളില്ലെന്നും ജാതിമതവേഷങ്ങളില്ലെന്നും വെളിവാക്കുന്നു. അത്തരമൊരു പ്രപഞ്ചബോധമാണ് രജി ചന്ദ്രശേഖറിന്റെ ദൈവബോധം. അതുതന്നെയാണ് അദ്ദേഹത്തിന്റെ ശക്തിയും വ്യത്യാസവും.
    ദേശഭക്തി ദൈവഭക്തിപോലെ സ്വയംഭൂവാകേണ്ടുന്നതാണ്. അത് ആര്‍ക്കും ആരിലും കുത്തിവയ്ക്കാന്‍ കഴിയുന്ന മരുന്നല്ല. എന്നാല്‍ ദേശസംസ്‌കാരവും മാതൃബോധവും ഉല്പാദിപ്പിക്കുന്ന മറുമരുന്നായി അവ കുട്ടികളില്‍ നിലയുറയ്ക്കപ്പെടണം. സംസ്‌കാരത്തിന്റെ സത്ത സ്വത്വത്തിന്റെ വികാസത്തില്‍ ചെലുത്തുന്ന സ്ഥാനത്തെക്കുറിച്ച് പഴമക്കാരും പണ്ഡിതന്മാരും ഒരുപോലെ പരാമര്‍ശിച്ചിട്ടുണ്ട്. ഏതു ചെടിയുടെ വളര്‍ച്ചയിലും നല്ല വെളിച്ചവും വെള്ളവും നല്‍കുന്ന സ്ഥാനമാണ് ഇത്തരം ബോധം കുട്ടികളിലും ചെലുത്തുന്നത്.
    കേട്ടുവളര്‍ന്ന പഴമകളെയും കണ്ടുവളര്‍ന്ന ദേശബോധത്തെയും തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന കവിതകള്‍ ഇതിലുണ്ട്. മാതൃരാജ്യത്തിനായി പൊരുതിയ ധീരമനസ്സുകളെ ഉചിതമായി അനുസ്മരിക്കുന്നു. ഒപ്പം എന്താണു സത്യം, നീതി, ധര്‍മ്മം എന്ന പുനര്‍വിചാരത്തിനു തിരിതെളിക്കുന്നു. ഉണര്‍വ്വിന്റെ പുതുവഴികളിലേക്കും വെളിച്ചത്തിന്റെ അനന്തവിഹായസ്സിലേക്കും അത് കൈയ്യുയര്‍ത്തുന്നു.
     ''സമയമായുറക്കമേ അകലെപ്പോയ് മറയുക
     സമരത്തിന്‍ പെരുമ്പറ മുഴക്കീടുക''- (പെരുമ്പറ)എന്ന രാജ്യസ്‌നേഹത്തിലധിഷ്ഠിതമായ സമരബോധം അനിവാര്യമാണെന്ന തിരിച്ചറിവ് നല്‍കുക കൂടി ചെയ്യുന്നു.
      ''ശങ്കയേവേണ്ട പോവുക ധീര -
     മങ്കം വെട്ടി മുന്നേറുക''- എന്ന ആഹ്വാനം നടത്തുന്ന 'മുന്നേറുക' എന്ന കവിതയിലും ഇതുപോലെ തന്നെ ഭാവിസൂചകമായ പ്രതീക്ഷയാണ് കവി ഉയര്‍ത്തിപ്പിടിക്കുന്നത്. തുടര്‍ന്ന് 'മരണം വരേയ്ക്കും' എന്ന കവിതയില്‍ ഉജ്ജ്വലാദര്‍ശജീവിതം പടുത്തുയര്‍ത്തുവാന്‍ സ്വയമെരിഞ്ഞുതീരുന്ന സൂര്യനെപ്പോലെയാകണമെന്നും ഉദ്‌ഘോഷിക്കുന്നു.  ഉപദേശാത്മകമായ കവിതകളുടെ കാലം കഴിഞ്ഞിട്ടില്ലെന്നു ബോധ്യപ്പെടുത്തുന്ന ഇത്തരം വരികള്‍ ഒരു തികഞ്ഞ വിപ്ലവകാരിയുടെതല്ലെന്നറിയാം. എന്നാല്‍ എന്താണ് അനിവാര്യമായ പുരോഗതിയെന്ന ചിന്തയാണ് ഈ വരികളിലൂടെയെല്ലാം കവി പറയാതെ പറയുന്നതെന്നും ആസ്വാദകര്‍ തിരിച്ചറിയുന്നുണ്ട്.
    നമ്മുടെ ഇതിഹാസ-പുരാണങ്ങളിലെ വീരനായകന്മാരുടെ അപദാനങ്ങളെ കോര്‍ത്തുകെട്ടുന്ന 'ഭാരതമലര്‍വാടി' കവിയുടെ ആദര്‍ശോജ്ജ്വലമായ വിശ്വാസബോധത്തിന്റെ പ്രതീകം കൂടിയാണ്. ശ്രീകൃഷ്ണനും ശ്രീരാമനും ധ്രുവനുമെല്ലാം അങ്ങനെ സചേതനബിംബങ്ങളായി കവിതയില്‍ ജീവിക്കുന്നു. ഇത് സംസ്‌കാരത്തിന്റെ, ജീവിതവീക്ഷണത്തിന്റെ ഭാഗമാണെന്നും ഉറപ്പിക്കപ്പെടുന്നു.
    പാവനമായ പൊന്‍പതാകയ്ക്കായി ജീവിതമാകെ അര്‍പ്പിച്ച മഹാത്മജിയെ അവതരിപ്പിക്കുന്ന 'രാഷ്ടട്രനായകാ' എന്ന കവിത വളരെക്കുറച്ചു വാക്കുകള്‍ കൊണ്ട് ഗാന്ധിജി എന്ത്? എങ്ങനെ? എന്ന വാങ്മയചിത്രം വരച്ചിടുന്നു. ഗാന്ധിജിയെക്കുറിച്ചും ഭഗത് സിങിനെക്കുറിച്ചുമെല്ലാം എത്ര പറഞ്ഞാലും മതിവരാത്ത ഈ കവിക്ക്
    'വെളിച്ചം ദുഃഖമെന്നരുളുവോര്‍ക്കായി
    വെളിച്ചത്തെയെന്നും ഭയക്കുവോര്‍ക്കായി'- പകരം പുതിയൊരു തിരി കൊളുത്തുക (ഇനി)എന്ന ഓര്‍മ്മപ്പെടുത്തലാണ് വീണ്ടും വീണ്ടും നല്‍കാനുള്ളത്. ഇതുതന്നെയാണ് എക്കാലത്തെയും ഉത്തമമായ കവികര്‍മ്മമെന്ന നിനവും ഇവിടെ യാഥാര്‍ത്ഥ്യമാവുന്നു.
    സ്‌നേഹഗംഗയിലെ കവിതകള്‍ ആര്‍ക്കുവേണ്ടി എഴുതിയതെന്ന് പറയാന്‍ പ്രത്യേകിച്ച് കഴിയില്ല. എന്നാല്‍ എല്ലാത്തരത്തിലുള്ളവര്‍ക്കും വേണ്ടിയുണ്ടായവയാണ് ഈ കവിതകളെന്നു തോന്നാം. 'രാഷ്ട്രപുനര്‍നിമ്മിതിക്കായി എന്മാനസമുണരട്ടേ'എന്നു പ്രത്യാശിക്കുന്ന കവിമനസ്സിന് എന്തുമാത്രം ദേശഭക്തിയുണ്ടെന്നു ചിന്തിക്കാവുന്നതാണ്. പക്ഷേ, അത് സ്വന്തം മനസ്സിനോടുമാത്രമല്ല കവി പറയുന്നതെന്നും അടുത്തനിമിഷം നാം തിരിച്ചറിയുന്നു. എല്ലാത്തരം ഭക്തിയും സ്‌നേഹത്തില്‍ നിന്നുല്‍ഭവിക്കുന്നതാണെന്നും സ്‌നേഹം  പരസ്പരാശ്രിതത്വം പ്രദാനം ചെയ്യുന്ന വികാരമാണെന്നും കവി അടിവരയിടുന്നു.
    ''സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം,
     സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു.''
    *   *    *   *   *   *   *   *  *
    ''സ്‌നേഹിക്കയുണ്ണി നീ നിന്നെ
     ദ്രോഹിക്കുന്ന ജനത്തെയും'' - തുടങ്ങിയ കവിവാക്യങ്ങളുടെ തുടര്‍ച്ചയായി സ്‌നേഹഗംഗയെ സ്വീകരിക്കാം.
    ചൊല്ലിപ്പഠിക്കാനും ചൊല്ലിരസിക്കാനും ഏവര്‍ക്കും കഴിയുന്ന സ്‌നേഹഗംഗയിലെ കവിതകള്‍ സൂക്ഷ്മമായ വായനയില്‍ വൃത്തനിബദ്ധമാണെന്നു തിരിച്ചറിയാം. നതോന്നതയും തരംഗിണിയും മഞ്ജരിയുംതൊട്ട് മലയാളമൊഴിവഴക്കങ്ങളുടെയും ചൊല്‍ശീലുകളുടെയും വകഭേദങ്ങള്‍ വളരെയേറെ ഉള്‍വടിവോടെ, അയത്‌നലളിതമായി ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എങ്ങനെ കവിത രൂപപ്പെടുന്നുവെന്നും രൂപപ്പെടുത്താമെന്നുമുള്ള ബോധം 'സ്‌നേഹഗംഗ' - യുടെ ശക്തിയായി മാറുന്നു. വായനയുടെ സ്വച്ഛന്ദതയ്ക്ക് ആക്കം കൂട്ടുന്ന ഇതിലെ ഈരടികള്‍ ആരെയും ആര്‍ദ്രമാക്കും; ഒപ്പം ഉണര്‍ത്തുകയും ചെയ്യുമെന്നുള്ളതില്‍ സംശയമില്ല.

No comments: