Kavya Ayyappan :: ലവ് വിൻസ് റാണി ടീച്ചർ ഫെയിൽസ്

Views:


ശ്രീ അനു പി യുടെ ' ലവ് വിൻസ് റാണി ടീച്ചർ ഫെയിൽസ് ' എന്ന ചെറു കഥ, പുറമെ ലളിതം എന്ന് തോന്നുന്നു എങ്കിലും കഥയുടെ അകക്കാമ്പുകൾ  തേടി പോകുമ്പോൾ കഥകൃത്ത് കൈകാര്യം ചെയ്യുന്ന വിഷയം അല്പം ഗൗരവമുള്ളതാണെന്ന് കാണാൻ കഴിയും.

ആഗലെയ ഭാഷയിൽ എഴുതിയിരിക്കുന്ന കഥയുടെ പേരിൽ നിന്നും തന്നെ തുടങ്ങാം. നമ്മുടെ ഭാഷയോടുള്ള ബഹുമാന സൂചകമായി മലയാളത്തിൽ തന്നെ പേര് വെക്കാമായിരുന്നു എന്ന ഒരു അഭിപ്രായം കടന്ന് വരാൻ സാധ്യത ഉണ്ടെങ്കിലും, അതിന് പിന്നിൽ മറ്റൊരു സംഗതി ഇല്ലേ എന്നൊരു സംശയം.

പ്രണയമെന്ന വികാരത്തെ   ശരീരം കൊണ്ട് കൂടുതൽ അടയാളപ്പെടുത്തുകയും പ്രണയസുന്ദര നിമിഷങ്ങളിൽ പൊതുയിടങ്ങളിൽ പോലും ചുണ്ടുകൾ കോർക്കാൻ ഭയപെടാത്ത ഇംഗ്ലീഷ് സംസ്ക്കാരം കടന്ന് വന്നതിന്‍റെ ഒരു സൂചന പേരിൽ കാണാൻ കഴിയുന്നു.

തലമുറകളുടെ വേഗതയെ കഥ അവതരിപ്പിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട നിരവധി തലങ്ങളെ ചർച്ച ചെയ്യുന്നുണ്ട്. കുട്ടികളുടെ  മാനസിക വളർച്ചയെ അടുത്തിരുന്നിട്ടും തിരിച്ചറിയാൻ കഴിയാത്ത, അവർക്കു വേണ്ട വിധമുള്ള ശാരീരിക, ലൈംഗിക അവബോധം കൊടുക്കാൻ വിസ്സമ്മതിക്കുന്ന മാതാപിതാക്കൾ ഒരുവശത്ത് നിൽക്കുമ്പോൾ, വിദ്യാഭ്യാസം മറ്റു പാഠ്യ - പാഠ്യേതര മേഖലകളിലെ അറിവ് എന്നത് പോലെ ഇത്തരം അറിവുകളും വേണമെന്ന അധ്യാപക പക്ഷം മറുവശത്തും നിൽക്കുന്നു. ഈ രണ്ടു പക്ഷവും തമ്മിലുള്ള സംഘർഷം കഥയിൽ വ്യക്തമായി ആവിഷ്‌ക്കരിക്കുന്നുണ്ട്.
ഇതിന്‍റെയെല്ലാം കാരണങ്ങളിലേക്ക് കഥകൃത്ത് കടന്ന് ചെല്ലുമ്പോൾ, സാമൂഹിക മാധ്യമങ്ങളുടെ വളർച്ച ഒരു സമൂഹത്തെ എങ്ങിനെയെല്ലാം വളർത്തുന്നു, തളർത്തുന്നു എന്നതും വ്യക്തമാക്കുന്നുണ്ട്.

കഥയിലെ സൂരജ് എന്ന കുട്ടിയെയും മറ്റു കുട്ടികളെയും സംബന്ധിച്ച്, പ്രണയത്തിലെ പെൺകുട്ടിയെ ഒരു ഉപഭോഗ വസ്തു മാത്രമായി മാത്രം മനസ്സിലാക്കുന്ന അറിവ് സ്വയം നേടിയെടുത്തതാണ്. അതിന് അവനെ പ്രാപ്തനാക്കിയത് സാമൂഹിക മാധ്യമങ്ങൾ ആണെന്ന് പറയാതിരിക്കാൻ വയ്യ. ശരീരം മാത്രമായി മാറുന്ന പ്രണയത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഒന്നിനെ കുറിച്ചുമുള്ള ശരിയായ ധാരണ ഇന്നാർക്കും ഇല്ല എന്നത് വ്യക്തം.

പന്ത്രണ്ട് വയസ്സ്ക്കാരന് കാമസൂത്രം പറഞ്ഞു കൊടുത്ത അദ്ധ്യാപികയെ സംബന്ധിച്ച വാർത്തയുടെ  സത്യാവസ്ഥ അറിയാതെ, ചൂടൻ ഗോസിപ്പുകളെ ആഘോഷമാക്കുന്ന ഒരു വിഭാഗം ആളുകളെ ശ്രീ അനു പി,  വിട്ട് കളഞ്ഞിട്ടില്ല.
സ്ത്രീ എന്ന ഒരു പക്ഷത്തു നിന്നു കഥയെ വായിക്കുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധയിൽ പെടുന്നു, ഒരു സ്ത്രീക്ക് പൊതു സമൂഹത്തിൽ ശരീരത്തെ കുറിച്ച് സംസാരിക്കാൻ സമൂഹം അനുമതി നൽകുന്നില്ല എന്നത് മറ്റൊരു സത്യം.

ഇത്തരത്തിൽ പൊതുവെ ഇന്നത്തെ ചുറ്റുപാടുകൾ ചർച്ചചെയ്യേണ്ട, നിരവധി വിഷയങ്ങൾ അദ്ദേഹം, ഒഴുക്കോടെ പറഞ്ഞു പോകുന്നുണ്ട്.
എന്തുകൊണ്ടും കഥ, പുതുമ എന്നതിനെ മാറ്റി നിർത്തിയാൽ, കഥയുടെ ആഴങ്ങൾ തീവ്രമാണ്.




No comments: