11 October 2019

Sidheek Subair :: മോക്ഷമേകും കാലസരിത്ത്....

Views:ചെമ്പട്ടുടുക്കുമെൻ കാളീ, നിന്‍റെ
അമ്പലവാതിലിൻ പാളീ
പാതി തുറന്നുള്ളു കാളീ, നിത്യം
ഭീതിയിലാഴ്ത്തുന്നൊരാളീ...

ആലാപനം :: Sidheek Subair


രജി മാഷിന്‍റെ (ശ്രീ രജി ചന്ദ്രശേഖര്‍ഈ നാലുവരിക്കവിത വായിച്ചപ്പോള്‍ എഴുതണമെന്നു തോന്നിയ ചില കുഞ്ഞുകാര്യങ്ങള്‍...

- 1 -

ചെമ്പട്ടുടുത്ത കാളിയെ നിത്യകാമുകിയായി കാണുകയും ഉപാസിക്കുകയും ചെയ്യുന്ന കവിയുടെ കരളു കലങ്ങിയുയരുന്ന നിലവിളിയാണ് - ചെമ്പട്ടുടുക്കുമെന്‍ കാളീ... 

കാളിയില്‍ കാമുകിയേയും കാമുകിയില്‍ കാളിയേയും ദര്‍ശിക്കുന്ന, അദ്വൈത (രണ്ടല്ല, ഒന്നെന്ന) ബോധമാണിവിടെ പ്രകടമാവുന്നത്.

ഈ കാളി, മറ്റാരുടേതുമല്ല, കവിയുടെ മാത്രം. രൗദ്രദീപ്തയായ കാളിയെ കവിക്ക് സ്നേഹിക്കാനാവുന്നത് സ്നേഹമയമാര്‍ന്ന അവളുടെ ഉള്ളറിയുന്നതു കൊണ്ടാണോ.... (അങ്ങനെ ആരുടെയെങ്കിലും ഉള്ളറിയാനാകുമോ, എന്തോ...!)

ചെമ്പട്ടിന് ഹൃദയച്ചുവപ്പിന്‍റെ പ്രവാഹവേഗമുണ്ട്. ജീവൻ തീരും വരെ സ്പന്ദിക്കുന്ന, പ്രണയരക്തം പമ്പു ചെയ്യുന്ന മിടിപ്പിന്‍റെ രുദ്രതാളമുണ്ട്. അത് ശരീരത്തിലാകെ ദ്രുതചലനമായി, എല്ലാ പ്രവൃത്തികളിലും തുടിക്കുന്നുമുണ്ട്... അതാണ് ഈ നാലുവരിക്കവിതയുടെ താളം.

"ഉള്ളു കാളി" എന്ന പ്രയോഗം സംശയമുണർത്തുന്നു. ആരുടെ ഉള്ളാണ് കാളിയത് ? കാളിയുടേയോ, കവിയുടേയോ, വായനക്കാരന്‍റെയോ !  
"അമ്പലവാതിലിൻ പാളീ, പാതി തുറന്നുള്ളു, കാളീ" എന്നുമെടുക്കാം, അതും പരിഗണിക്കണമല്ലൊ.

- 2 -

അകത്താര് പുറത്താര്  - എന്ന പുത്തന്‍ ചോദ്യപ്പോരിനൊടുവില്‍ ഗത്യന്തരമില്ലാതെ വാതിൽ തുറക്കുന്ന കാളി, വാതിലിനിപ്പുറം അക്ഷമയോടെ കാത്തു നിൽക്കുന്ന കവി, അവരറിയാതെ അവരെ വീക്ഷിക്കുന്ന വായനക്കാരൻ -  ആരുടെ ഉള്ളിലാണു കാളൽ ? അതിന് എന്തായിരിക്കാം കാരണം ?

നീ മരുവുന്ന, നീ വാഴുന്ന അമ്പലം, അതിന്‍റെ വാതിലിൻ പാളി, നീ പാതിയേ തുറന്നുള്ളു. അപ്പോൾ തന്നെ ഉളള് കാളി. ഹൃദയത്തിലുള്ളതെല്ലാം അറിയുന്ന കാളിയുടെ തീക്ഷ്ണനോട്ടത്തില്‍ കവിയുടെ മുൻ ചരിത്രങ്ങളാകെ നിറഞ്ഞുവോ? അറിയില്ല, എങ്കിലും ആ നോട്ടത്തിൽ കവിയെന്നും പാളുന്നുണ്ട്. ഭക്തി, അടങ്ങാത്ത സ്നേഹമായി, പ്രണയിനിയെ കൈവിട്ടുപോകുമോയെന്ന ഭയമായി കവിയിൽ അലയടിക്കുന്നു. പ്രിയതമയെ പിരിയേണ്ടി വരുമോയെന്ന ആശങ്കയാണ് കവിയുടെ ഉള്ളു കാളുന്നതിന് ആധാരം. അപ്പൊ, കവിയുടെ ഉള്ളാണു കാളുന്നതെന്നുറപ്പിക്കാം.


- 3 -

അമ്പലം മനസ്സാണ്. ശ്രീകോവിലിന്‍റെ ഇരുപാളി വാതിലില്‍ ഒരു പാളിയേ തുറന്നുള്ളു, എന്നു പറഞ്ഞാല്‍ മനസ്സു പാതിയേ തുറന്നുള്ളു. പാതി സമ്മതമേ അറിയിച്ചിട്ടുള്ളു. മറുപകുതിയോ, അതവള്‍ മറ്റാര്‍ക്കോ വേണ്ടി കാത്തു വച്ചിരിക്കുകയാണോ..

പെണ്‍മനസ്സിനെ പൂർണ്ണമായും മനസ്സിലാക്കാന്‍ ആര്‍ക്കാണു കഴിയുക. അതിന്‍റെ സൂചനയുമാകാം, പാതി മാത്രം തുറന്ന അഥവാ പാതി അടഞ്ഞ വാതിൽ. അനേകായിരം രഹസ്യങ്ങളുടെ, ആരും തുറക്കാത്ത നിലവറയാണത്. അവിടെ നിധി കാക്കുന്ന ഭൂതങ്ങളും നാഗത്താന്മാരുമുണ്ടാകും. നാഗം കാമപ്രതീകവുമാണല്ലൊ. അതുകൊണ്ട് ആ വാതില്‍ തുറന്ന് അകത്തോട്ട് കടക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനും മനസ്സമാധാനത്തിനും നല്ലത്.

കവി, അവളുടെ ആരാധകനും ഉപാസകനുമാണ്, എന്നാലും കരളിന്‍റെ ഉള്ളറകളില്‍ ജ്വലിച്ചുയരുന്ന കാളി, അത്ര വേഗം ഉള്ളു തുറക്കുന്നവളുമല്ല.  പെണ്ണാണവള്‍, പ്രസാദിപ്പിക്കുക ക്ഷിപ്രസാധ്യമല്ലെന്നു സാരം. തപസ്സിന്‍റെ, പരീക്ഷണത്തിന്‍റെ വൻകൊടുമുടികൾ ഖേദപ്പെട്ട് താണ്ടിയാൽ മാത്രമേ അവളുടെ ദർശനംപോലും സാധ്യമാകൂ.


4 -

ഇരുപാളി വാതിൽ, ശിവ-പാർവ്വതി ബന്ധത്തെ സൂചിപ്പിക്കുന്നു. നല്ലപാതി എന്ന കല്പനയും ഓര്‍ക്കുമല്ലൊ. നല്ലപാതി ഭാര്യയാണ്.  പരസ്പരം കൊണ്ടും കൊടുത്തും പൂര്‍ണ്ണത പ്രാപിക്കാനുള്ള അശ്രാന്ത പരിശ്രമമാണ് ഈ പ്രണയോപാസന, അതാണ് സമ്പുഷ്ടമായ ദാമ്പത്യജീവിതത്തിന്‍റെ ഫലസിദ്ധി. (ഇവിടെ കാളി, കാമുകിയല്ല; ഭാര്യ തന്നെ. അപ്പൊ ഭാര്യയെ നഷ്ടപ്പെടുമോയെന്ന ഭീതിയാണോ കവിയുടെ ഉള്ളു കാളല്‍.. )

കാളി, കവിക്ക്  ആളിയാണ്, തോഴിയാണ്. എല്ലാം ചെയ്യാനും എല്ലാമെല്ലാം നൽകാനും പങ്കുവയ്ക്കാനും  ഉഗ്രപ്രഹരശേഷിയുള്ള സഖീസ്വരൂപം - ശക്തിസ്വരൂപിണി. പിന്തുണയുടെ ആള്‍രൂപം. എന്തിനും കൂട്ടു നില്‍ക്കും, കൂടെ നില്‍ക്കും.

ഒരു പുരുഷനു മേൽ ശക്തി സ്ഥാപിക്കാൻ ദേവിക്ക് ആളിയാവേണ്ടി വരും. ഇതൊരു അവതാരമെടുക്കലാണ്. നൻമയെ ഭീതികൊണ്ട് നിലനിർത്താനുള്ള അവതാരം. നേരത്തെ പറഞ്ഞപോലെ ഭീതിയാണ് ഇവിടെ ഭക്തിയായി ജനിക്കുന്നത്, ഭക്തനായി പുലർത്തുന്നത്, കാമുകനായി വളർത്തുന്നത്. അവളെ കാമുകിയാക്കുന്നതും.


5 -

ഈ ലോകം ഭീതിയാലാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ഭീതിയിൽ നിന്നുള്ള മോചനം കാളിയിൽ, കാമുകിയിൽ അലിഞ്ഞ് ഇല്ലാതാകലാണ്. അതാണ് കവിയുടെ ലക്ഷ്യവും. എത്രമാത്രം ഭീതിദവും കഠിനകണ്ടകാകീര്‍ണവുമാണ് മാർഗമെങ്കിലും അവളിൽ ലയിച്ചമരാൻ കൊതിക്കുന്ന ഒരു ഭക്തനെ കൂടി, പുരുഷനെ കൂടി, കാമുകനെ കൂടി നമുക്കിവിടെ കാണാം.

അതെ ചെമ്പട്ടുടുത്ത് പാതി തുറന്ന മനസ്സുമായി, നിത്യവും ഭീതി പരത്തുന്ന രാപ്പകലുകളിൽ ഈ പെണ്ണ്, കാളി കവിയ്ക്കെന്നും പ്രണയത്തികവാണ്,  ലവണമായി അലിഞ്ഞലിഞ്ഞ് ചേരലാണ്, ആശ്വാസക്കടലാണ്, മോക്ഷമേകും കാലസരിത്താണ് ----
11 comments:

 1. സിദ്ധിയുള്ള കവിയാണ് സിദ്ദിഖ് സുബൈർ
  അല്ല കവി മാത്രമല്ല ഗദ്യരചയിതാവ് കൂടിയാണ്
  അതൂമല്ലതന്നപ്പുറം നല്ലൊരു നിരൂപകൻ
  കവിതയുടെ നല്ല വായനക്കാരൻ
  ആസ്വാദകൻ
  അങ്ങനെ ഏതൊക്കെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുന്പോഴൊക്കെയും ഒന്നും അറിയാത്ത
  ആ നില്പ് ഉണ്ടല്ലോ വാക്കുകളുടെ നിസ്സഹായത
  അതാണ് അവിടെ സംഭവിക്കുന്നത്
  അപ്പോഴും സിദ്ദിഖ് സുബൈർ എന്ന ഞങ്ങളുടെ കണിയാപുരം കാരുടെ അഹന്കാരവും അഭിമാനവുമായ ആ ആസ്വാദകനും സർഗ്ഗ ധനനും വിനയം മാറ്റി തലയെടുപ്പോടെ ഉയർന്നു നില്ക്കുന്ന
  കാഴ്ച നമുക്ക് കാണാം
  നാലു വരികൾ വായിച്ചു കഴിഞ്ഞപ്പോൾ ഏതെല്ലാം വീഥിയിലൂടെ ആ കവി മനസ്സ് സഞ്ചരിച്ചുചു എന്ന്
  ഈ ആസ്വാദനം വായിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും
  ആശംസകൾ

  ReplyDelete
 2. നാല് വരിയിൽ നിന്ന് നാൽപത് സർഗം., രണ്ടാം സർഗത്തിൽ സ്വല്പം പരിഹാസം ., ഇഷ്ടം ., സ്പഷ്ടം . നാല് വരിയിൽ ഒളിപ്പിച്ചവനോ ., ഒളിച്ചവനെ കയ്യോടെ പിടികൂടിയവനോ കേമൻ ,കണ്ടെത്താൻ കഴിയാഞ്ഞത് ഹാ കഷ്ടം

  ReplyDelete
 3. രജി മാഷിൻ്റെ നാല് വരി കവിതയും അതിന് സിദ്ധിഖിൻ്റെ ആസ്വാദനവും. ഉജ്ജ്വലമായിരിക്കുന്നു. സി ദ്ധിഖിനുളളിലെ സിദ്ധിയുടെ മാസ്മരികത അപാരം
  - അമീർകണ്ടൽ

  ReplyDelete
 4. സിദ്ധിക്ക് അസാമാന്യ സിദ്ധിയുള്ളയാളാണ്.

  എന്റെ 4 വരി കവിതയ്ക്ക് അദ്ദേഹമെഴുതിയ ആസ്വാദനക്കുറിപ്പാണിത്.

  വായിച്ചിട്ട് നല്ലൊരു കമൻറ് കൊടുക്കണേ

  ReplyDelete
 5. സ്നേഹനിധികളായ എല്ലാ പേർക്കും കടപ്പാടും നന്ദിയും

  ReplyDelete
 6. എന്താണിത്? എങ്ങനെയാണിത്? ഓരോ വരിയ്ക്കുമാത്രമല്ല വാക്കിനും വ്യാഖ്യാനവും വർണ്ണനയും... ഒരു വിത്തിനുള്ളിൽ ഒളിച്ചിരുന്ന ജീവന്റെ നാമ്പ് ക്ഷണനേരത്തിൽ ഒരു അരയാലായി പടർന്നു പന്തലിച്ചത് കണ്ട പോലെ. ആശ്ചര്യം !!! ആരാധന. നിരൂപണത്തിനിടയാക്കിയ കവിയോടും, കവിതയെ പുകഴേറ്റിയ നിരൂപകനോടും.

  ReplyDelete
 7. കവിയ്ക്കും നിരൂപകനും ആശംസകൾ

  ReplyDelete
 8. സന്തോഷം മാത്രമെന്നും

  ReplyDelete
 9. നീരാട്ടിനിറങ്ങാം, നീന്തിത്തുടിക്കാം, അതു സാഗരത്തിലും നദികളിലും ആകാം. എന്നാൽ ഒരു ചെറു കുളത്തിൽ ആസ്വദിച്ചാറാടുകയാണിവിടെ താങ്കൾ. ഒരു ചെറു ജലാശയത്തെ താങ്കൾ സാഗരമാക്കിയിരിക്കാകയാണ്, ഭാവനയുടെ കല്പടവുകൾ കയുകയാണ്, ഞങ്ങളെ അതിലൂടെ പിടിച്ചു കയറ്റുകയാണ്, കാവ്യത്തെ ഉദാത്തമാക്കുന്ന സ്പർശ ചാരുത.

  ReplyDelete

Popular Posts - Last 7 days


Subscribe

* indicates required
View previous campaigns.