Jagan :: .....വരമ്പത്തു കൂലി

Views:

പ്രതിദിനചിന്തകൾ
.....വരമ്പത്തു കൂലി

 "താൻ താൻ നിരന്തരം   ചെയ്യുന്ന കർമ്മങ്ങൾ 
താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ " - ഇത് മഹദ്‌വചനം. 

മുൻ ആഭ്യന്തര മന്ത്രിയും   ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ അത്യുന്നത നേതാവുമൊക്കെ ആയ ഒരു വ്യക്തിയുടെ പുത്രനു വേണ്ടി നാലുപേർ കേൾക്കെ പുറത്തു പറയാൻ കൊള്ളാത്ത കേസിലെ പ്രതി എന്ന പേരിൽ, വെറും നാലാംകിട സാമൂഹ്യവിരുദ്ധർക്കും പിടികിട്ടാപുള്ളികൾക്കും സമാനമായ വിധത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു. ആ പിതാവിന്റെയും,  ആ പ്രതിയുടെ ഭാര്യയുടെയും ദുഃഖത്തിലും, ആ കുടുംബം നേരിടുന്ന നാണക്കേടിലും കേരളീയർ എന്ന നിലയിൽ നമുക്കും പങ്കുചേരാം. 

ഇത്തരുണത്തിൽ സ്വാഭാവികമായും അടുത്തകാലത്ത് ഇന്ത്യയിൽ ആകമാനവും കേരളത്തിൽ പ്രത്യേകിച്ചും ചർച്ചയായ, ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ അടിത്തറ ഇളക്കിയ (ആദ്യം നിഷേധിച്ചെങ്കിലും ഒടുവിൽ അവർ തന്നെ സമ്മതിച്ചല്ലൊ ! ), ശബരിമല വിഷയം ഓർത്തു പോകുന്നു. അതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നത് ആവർത്തന വിരസത ആകുമെന്നതിനാൽ അതിനു മുതിരുന്നില്ല. ശബരിമലയിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന ആചാരങ്ങൾ തൂത്തെറിയണം, നശിപ്പിക്കണം എന്നതിലുപരി ഈ പിതാവും കൂട്ടരും പതിവായി  ചോദ്യം ചെയ്തിരുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യം ആയിരുന്നു. അയ്യപ്പന് ഒന്നിലധികം സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു എന്ന സ്ഥാപിക്കാൻ ഈ പിതാവും കൂട്ടാളികളും അധരവ്യായാമം നടത്തി സമയം കളയുന്നതിന്  ലോകം സാക്ഷിയായി. അതിന് അവർക്ക് ആയുധമായി കിട്ടിയതോ? നമ്മുടെ അത്യുന്നത നീതിപീഠത്തിൽ നിന്നുള്ള ഒരു വിധിയും. 

അന്ധവിശ്വാസം എന്ന വിമർശകർക്ക് എഴുതിത്തള്ളാം എങ്കിലും ഒരു വസ്തുത പറയാതിരിക്കാൻ കഴിയില്ല. ഒരു ജനതയുടെ വികാരവും, ആശയും, ആവേശവും ആയ, അവരുടെ  രക്ഷകൻ എന്ന അവർ വിശ്വസിക്കുന്ന അയ്യപ്പൻറെ ബ്രഹ്മചര്യം ചോദ്യം ചെയ്യാൻ കാരണമായ വിധി പുറപ്പെടുവിച്ച കോടതി ബെഞ്ചിൽ ഉണ്ടായിരുന്ന ന്യായാധിപൻ സമാനമായ കേസിൽ പെട്ട് ബ്രഹ്മചര്യം തെളിയിക്കേണ്ട ഗതികേടിൽ ആയത് ആഴ്ചകൾക്കു മുൻപ് നാം കണ്ടു. കേരളത്തിൽ അതിനു കളമൊരുക്കിയ പാർട്ടി നിലം തൊട്ടില്ല. ഇപ്പോൾ നേതാവിന്റെ മകൻ ബ്രഹ്മചര്യം തെളിയിക്കേണ്ട ഗതികേടിൽ......!

മകൻ ചെയ്യുന്ന തെറ്റിന് അച്ഛന് ഉത്തരവാദിത്വമില്ല, അച്ഛൻ മറുപടി തരേണ്ടതില്ല എന്നൊക്കെ വെറുതെ ഭംഗിക്ക് പറയുന്നതാണെന്നും  ഈ പിതാവിന്റെ പുത്രന്മാർ ചെയ്യുന്നതെല്ലാം പിതാവിന്റെ പദവിയുടെ ബലത്തിൽ ആണെന്നും  ആർക്കാണ് അറിയാത്തത് ?

അപ്പോൾ ഇതൊക്കെ അവനവൻ ചെയ്തതിന് ഈശ്വരൻ നൽകുന്ന വിധി എന്ന വിശ്വാസികൾ പറഞ്ഞാൽ അവരെ പഴിക്കാനാകുമോ ? "പണ്ടൊക്കെ ദൈവം പിന്നെ.....  പിന്നെ ആയിരുന്നു, ഇപ്പോൾ ഒപ്പം തന്നെയുണ്ട് " എന്ന പ്രായമുള്ളവർ പറയും. ശരിയാ, അവിടെ ഇപ്പോൾ എല്ലാം കംപ്യൂട്ടറൈസ്ഡാ മാഷേ....... !!




No comments: