Jagan :: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ...

Views:

പ്രതിദിനചിന്തകൾ
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ...
Image result for free police cap sketches

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു കസ്റ്റഡി മരണം കൂടി. അതും, കസ്റ്റഡി മരണവിഭാഗത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ ഉരുട്ടിക്കൊല. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ 44-ാം വാർഷിക ദിനത്തിൽ തന്നെ മുഖ്യമന്ത്രിയ്ക്ക് പൊലീസിൻറ്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടി വന്നത് വിധിവൈപരീത്യം ആകാമെന്ന് നിയമസഭയൽ അദ്ദേഹം പറയുകയുണ്ടായി.

പ്രതിപക്ഷം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ നിശിതമായി വിമർശിക്കുന്നു. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നു. സാരമാക്കേണ്ടതില്ല. ഇത് സാധാരണ പതിവുള്ള രാഷ്ട്രീയ നാടകവും, രാഷ്ട്രീയ മദ്രാവാക്യവും ആയി കണ്ടാൽ മതി. യഥാർത്ഥത്തിൽ ഈ ഉരുട്ടിക്കൊലയിൽ മുഖ്യമന്ത്രിക്ക് എന്ത് പങ്കാണ് ഉളളത്? അടിയന്തിരാവസ്ഥക്കാലത്ത് രാജൻ എന്ന വിദ്യാർത്ഥിയെ കക്കയം ക്യാമ്പിൽ വച്ച് ഉരുട്ടികൊന്നപ്പോൾ UDF സർക്കാർ ആയിരുന്നു കേരളം ഭരിച്ചിരുന്നത്.ആ കസ്റ്റഡി മരണത്തിന്റെ പാപഭാരം ചുമന്നതും രാഷ്ട്രീയ തകർച്ച നേരിട്ടതും അന്ന മുഖ്യമന്ത്രി ആയിരുന്ന ലീഡർ കരുണാകരൻ ആയിരുന്നു. UDF ഭരിച്ചാലും LDF ഭരിച്ചാലും കസ്റ്റഡി മരണം അനുസ്യൂതം നടക്കുന്നു. അത് ഉരുട്ടിക്കൊലയാകാം, അല്ലാതുളള കൊലയാകാം.

ഓരോ കസ്റ്റഡി മരണവും ഭരിക്കുന്ന കക്ഷിയെ തല്ലാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിക്കുന്നു. ഇരു മുന്നണികളും തമ്മിൽ ഇക്കാര്യത്തിൽ ഒരു വ്യത്യാസവും ഇല്ല. കസ്റ്റഡി മരണം അവർക്ക വീണു കിട്ടുന്ന - അവർ ആഗ്രഹിക്കുന്ന - അവസരം ആണ്. അവർ അത് ഫലപ്രദമായി ഉപയോഗിക്കാൻ മത്സരിക്കുന്നതല്ലാതെ തങ്ങൾ ഭരിക്കുമ്പോൾ ഇത്തരത്തിൽ കസ്റ്റഡി മരണം ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ ഒരു നടപടിയും ഇരു മുന്നണി സർക്കാരുകളും ഇതുവരെ ചെയ്തിട്ടില്ല. അതിനുള്ള ആർജ്ജവവും ദിശാബോധവും യഥാർത്ഥത്തിൽ അവർക്ക് ഇല്ല എന്ന തന്നെ പറയാം.

മുഖ്യമന്ത്രിയോ സർക്കാരോ അല്ല ഇത്തരം കൊലപാതകങ്ങൾക്ക് യഥാർത്ഥ കുറ്റക്കാർ. നമ്മുടെ പൊലീസ് സേന തന്നെ ആണ്. കേരള പോലിസ് മികച്ച സേന തന്നെയാണ്. ലോകോത്തര നിലവാരം പുലർത്തുന്ന സ്കോട്ട്ലൻഡ് യാർഡ് പോലീസിനോളം തന്നെ മികച്ച പോലീസ് ഓഫീസർമാർ നമുക്കുണ്ട. വലിയൊരു ശതമാനം മികവാർന്ന ഓഫീസർമാർ തന്നെയാണ്. പക്ഷെ, ഒരു പാത്രം പാലിനെ വിഷമയമാക്കാൻ ഒരു തുള്ളി വിഷം മതി എന്ന പറയുന്നതു പോലെ, നമ്മുടെ പോലീസിൽ ചെറിയ ഒരു വിഭാഗം കൊടും കുറ്റവാളികളേക്കാൾ ഭയക്കേണ്ട നിലവാരത്തിലുള്ള ക്രിമിനലുകൾ ആണ്. അത്തരം ചരിത്രമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി സേനയിൽ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്. മൂന്നാം മുറയിലൂടെ ഒരു കുറ്റകൃത്യവും സത്യസന്ധമായി തെളിയിച്ച ചരിത്രമില്ല. ക്രൂര മർദ്ദനത്തിലൂടെ കുറ്റം അടിച്ചേൽപിക്കാമെന്ന മാത്രം.

കുറ്റം തെളിയിക്കാൻ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ആണ് ഈ ആധുനിക യുഗത്തിൽ നടപ്പാക്കേണ്ടത്. അതിന് ഉന്നത പരിശീലനം സിദ്ധിച്ച ധാരാളം ഓഫീസർമാർ നമുക്കുണ്ട്.രാഷ്ട്രീയ ഇടപെടൽ മൂലം അവർക്കു് പോലിസ് യൂണിഫോം നൽകാതെ, മറ്റ് വകുപ്പുകളിലേക്കും, കോർപ്പറേഷനിലേക്കും ഒക്കെ മാറ്റി ഒതുക്കി ഇരുത്തി മുരടിപ്പിക്കുന്നു. നിർബന്ധമായും ഇവരുടെ സേവനം കുറ്റാന്വേഷണത്തിനു തന്നെ ഉപയോഗപ്പെടുത്തണം. മൂന്നാംമുറ വിദഗ്ദ്ധരെ നിർബന്ധമായും ഒഴിവാക്കണം. കസ്റ്റഡി മരണക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്ക് മാതൃകാപരമായ കടുത്ത ശിക്ഷ തന്നെ നൽകണം. കേവലം സസ്പെൻഷൻ അല്ലെങ്കിൽ ട്രാൻസ്ഫർ, ഇവയിൽ ഒതുക്കരുത്. കസ്റ്റഡി മരണക്കേസിന്റെ വിചാരണയ്ക്ക് കാലവിളംബം ഉണ്ടാകാതെ സർക്കാരും കോടതിയും അതീവ ശ്രദ്ധ പുലർത്തണം.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. കുറ്റവാളികൾ ആയ പൊലിസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടന - അത് UDF സംഘടന ആകട്ടെ, LDF സംഘടന ആകട്ടെ - യാതൊരു വിധത്തിലും ഇടപെടരുത്. എങ്കിൽ മാത്രമേ നമ്മുടെ പോലീസ് സേനയ്ക്ക വന്നു ഭവിച്ച ഈ കളങ്കം നമുക്ക് ഇല്ലാതാക്കാൻ കഴിയൂ. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്താ ചെയ്ക? ഇനി ഒരു കസ്റ്റഡി മരണം ഉണ്ടാകാതെ നാം ജാഗരൂകരാകുക.





No comments: