Jagan :: തീവെട്ടിക്കൊള്ള

Views:

പ്രതിദിനചിന്തകൾ
തീവെട്ടിക്കൊള്ള

എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ വൈകും എന്നതായിരുന്നു ഇന്നത്തെ പത്രങ്ങളിലും പ്രധാന വാർത്ത. യാതൊരു വിധത്തിലും അതിശയം തോന്നിയില്ല.

ഇത് ഇപ്പോൾ പതിവായി, ജൂൺ - ജൂലൈ മാസങ്ങളിൽ കാലവർഷത്തോടൊപ്പം, കൃഷിക്കനുയോജ്യമായ തിരുവാതിര ഞാറ്റുവേലക്കാലത്ത് കേരളത്തിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണല്ലോ? പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള പ്രവേശന നടപടി ക്രമങ്ങൾ കൂടുതൽ കാര്യക്ഷമവും, സുതാര്യവും ആക്കുന്നു എന്ന വ്യാജേന മാറി മാറി വരുന്ന കേരള സർക്കാരുകൾ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ കൂടുതൽ കുഴപ്പങ്ങളിലേക്കും കരുക്കുകളിലേക്കും ചെന്നുവീഴുന്നതു് എന്തുകൊണ്ടാണു്? ഇതര സംസ്ഥാനങ്ങളിൽ ഇതേ സമയം ഈ പ്രക്രിയ സമാധാനപരമായും പ്രശ്നരഹിതമായും നടക്കുന്നത് നാം കാണുന്നു. കേരളത്തിൽ മാത്രം എന്താണ് ഈ പ്രശ്നം?

പ്രവേശന പരീക്ഷകൾ ഒന്നും തന്നെ ഇല്ലാതെ പ്രി - ഡിഗ്രിക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം നൽകിയിരുന്ന ഒരു കാലം പണ്ട് നമുക്കുണ്ടായിരുന്നു. അന്നത്തെ ബിരുദത്തിന്, ഇന്നുള്ളതിനേക്കാൾ മഹത്വവും ഉണ്ടായിരുന്നു. അക്കാലത്ത് ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും കേട്ടുകേൾവി പോലും ഇല്ലായിരുന്നു.

ഒരു മാർക്ക് തിരുത്തൽ കേസിനെ തുടർന്ന് നടപ്പാക്കിയ പ്രവേശന പരീക്ഷമൂലം സംജാതമായ ശതകോടികൾ ടേൺ ഓവർ ഉള്ള വ്യാപാര വ്യവസായ അവസരങ്ങൾ മത്സരോന്മുഖമായതു മൂലം ഉണ്ടാകുന്ന അപകടങ്ങൾ ആണ് കേരളത്തിൽ പ്രതിവർഷം നടമാടുന്ന ഈ പ്രവേശന മാമാങ്കത്തിലൂടെ നാം അനുഭവിക്കുന്നത്. പന്ത്രണ്ടു വർഷക്കാലം വലിയ പ്രതീക്ഷയോടെ ഉത്സാഹിച്ച് പഠിച്ച് വന്ന നമ്മുടെ കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നത്.

ഓരോ വർഷവും ഫീസ് വർദ്ധനയുടെ പേരിൽ സ്വാശ്രയ മുതലാളിമാരും സർക്കാരും തമ്മിൽ മാസങ്ങളോളം നീണ്ടു നിൽക്കുന്ന -ചക്കളത്തിപ്പോരാട്ടം. അത് ഒത്തുതീർപ്പ് ആക്കി, "ഇനി അടുത്ത വർഷം വീണ്ടും കാണാം" -എന്ന് ഉപചാരം ചൊല്ലി പിരിയുമ്പോഴേക്കും ഇതര സംസ്ഥാനങ്ങളിൽ സുഗമമായി പ്രവേശനം പൂർത്തിയായിട്ടുണ്ടാകും.

നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരു വർഷം നഷ്ടമാകുന്നു. ഓരോവർഷവും ഈ മാമാങ്കം തുടരുന്നു. സ്വാശ്രയ മുതലാളിമാരും രാഷ്ട്രീയ നേതാക്കളും കീശ വീർപ്പിക്കുന്നു. മറ്റൊരു സംസ്ഥാനങ്ങളിലും ഇത്തരം തീവെട്ടിക്കൊള്ള നടക്കുന്നില്ല. ഇത് നമ്മുടെ കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്.

ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ അധികൃതർ തയ്യാറായേ മതിയാകൂ.




No comments: