പൊന്‍കണി





ഇന്നുമെൻ പാട്ടിൽ കണിക്കൂട്ടൊരുക്കുന്ന -
തൊക്കെയും നിൻ മായയല്ലെ - കണ്ണാ
നിന്നുടെ ലീലകളല്ലെ


മഞ്ഞപ്പട്ടാഭകൾ ചാർത്തും കണിക്കൊന്ന -
പൊന്നുടുപ്പിട്ടൊരു സന്ധ്യ
കോലക്കുഴൽവിളി കാതോർത്തു കാറ്റുകൾ
ആലോലമാടുന്ന പീലി. 

കാലിക്കുടമണി കിങ്ങിണി നാദങ്ങൾ
താളം തുളുമ്പുന്ന തീരം
മേലെ കടമ്പിന്റെ കൊമ്പിൽ തുകിൽ മേളം,
ഊറിച്ചിരിക്കുന്ന കള്ളൻ

മാറിൽ തുടുക്കും മുഖം ചേർത്തുറങ്ങുന്ന
വീണ, തലോടുന്ന വേണു
രാഗാർദ്രമോർമ്മയിലാകെയുലഞ്ഞൊരു
വെൺനിലാച്ചേലതൻനാണം

ഇന്നുമെൻ പാട്ടിൽ കണിക്കൂട്ടൊരുക്കുന്ന -
തൊക്കെയും നിൻ മായയല്ലെ - കണ്ണാ
നിന്നുടെ ലീലകളല്ലെ

No comments: