ചെങ്ങല്ലൂർ രംഗനാഥൻ :: മാതംഗകേസരികള്‍ :: കൃഷ്ണപ്രസാദ്

Views:

അന്തിക്കാട് ചെങ്ങല്ലൂർ മനയുടെ രണ്ടാം നിലയിലെ ജനാല തുറക്കുമ്പോൾ പ്രത്യേകം സൂക്ഷിക്കണമായിരുന്നു. ജനാല ചിലപ്പോൾ മുറ്റത്തു നിൽക്കുന്ന ആനയുടെ പുറത്തു തട്ടിയാലോ? അതായിരുന്നു ചെങ്ങല്ലൂർ രംഗനാഥൻ എന്ന ആന. കേരളത്തിൽ തലപ്പൊക്കത്തിൽ ഇവനെ വെല്ലാൻ മറ്റൊരാനയെയും ചരിത്രം ചൂണ്ടിക്കാട്ടിയിട്ടില്ല.
തൃശൂർ മ്യൂസിയത്തിൽ ഇപ്പോഴും രംഗനാഥന്റെ അസ്ഥികൂടം അതേപടി സംരക്ഷിച്ചു വച്ചിട്ടുണ്ട്. 11.5 അടി ഉയരത്തിൽ തലയെടുപ്പിന്റെ റെക്കോർഡിട്ട രംഗനാഥൻ, ആന ഫോസിൽ രൂപത്തിൽ എന്നും നിലനിൽക്കുമ്പോൾ, രംഗനാഥന്റെ നിൽപ്പുകൊണ്ടു തലപ്പൊക്കം കിട്ടിയ ചെങ്ങല്ലൂർ മന പൊളിച്ചു നീക്കുകയാണ്.

rangathan-skeleton



ചെങ്ങല്ലൂർ രംഗനാഥൻ ആനയുടെ അസ്ഥികൂടം തൃശൂർ മ്യൂസിയത്തിൽ.
ഓടിറക്കി കഴുക്കോലിന്റെ അസ്ഥികൂടവുമായി മനയുടെ ഫോസിൽ!




1905ൽ കേരളത്തിലെത്തിച്ച ആന 1917ൽ ചരിയുന്നതുവരെ കഴിഞ്ഞിരുന്നത് ഈ മനയുടെ മുറ്റത്താണ്. ചിത്രങ്ങളിൽ മനയുടെ രണ്ടാം നിലയോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന രംഗനാഥനെ കാണാം.
തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലായിരുന്നു രംഗനാഥൻ എന്ന ആന. ഉയരം മൂലം ക്ഷേത്രഗോപുരം കടക്കാൻ പ്രയാസപ്പെട്ടിരുന്ന ആനയെ ഉപയോഗിച്ചിരുന്നതു ക്ഷേത്രാവശ്യത്തിനുള്ള വെള്ളം കാവേരിയിൽനിന്നു കൊണ്ടുവരാൻ.
പണിയെടുത്തു മെലിഞ്ഞും ക്ഷേത്രഗോപുരത്തിൽ ഉരസി മസ്തകം മുറിവേറ്റും വലഞ്ഞ ആനയെ പോറ്റുക ബുദ്ധിമുട്ടായപ്പോൾ വിൽക്കാൻ പത്രപ്പരസ്യം നൽകി. പരസ്യം കണ്ട് അന്തിക്കാട് ചെങ്ങല്ലൂർ മനയിലെ പരമേശ്വരൻ നമ്പൂതിരി 1905ൽ തമിഴ്നാട്ടിൽ പോയി ആനയെ വാങ്ങി. കൊടുത്ത വില 1500 രൂപ. ആയുർവേദ ചികിൽസയും ഇഷ്ട ആഹാരങ്ങളും നൽകി രംഗനാഥനെ ഗജവീരനാക്കി. കേരളത്തിൽ തലയെടുപ്പിൽ ഒന്നാമനായി.
ആറാട്ടുപുഴ പൂരത്തിനു ശാസ്താവിന്റെ തിടമ്പ്, തൃശൂർ പൂരത്തിനു തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ഇവയൊക്കെ ഏറ്റാൻ നിയുക്തനായി. 1914ൽ ആറാട്ടുപുഴ പൂരത്തിനു നിൽക്കുമ്പോൾ അടുത്തുനിന്ന ആനയുടെ കുത്തേറ്റു വീണ രംഗനാഥൻ മൂന്നു വർഷം ഈ മനയുടെ മുറ്റത്തു കിടപ്പായി. ചികിൽസ മുഴുവൻ മനയിൽ നടത്തി. പക്ഷേ 1917ൽ വിടവാങ്ങി.
ranganathan
കേരളത്തിലെ ഏറ്റവും പൊക്കമുള്ള ആനയെന്നു കരുതപ്പെടുന്ന രംഗനാഥൻ ആന അന്തിക്കാട് ചെങ്ങല്ലൂർ മനയ്ക്കു മുന്നിൽ (ഒരു നൂറ്റാണ്ടു മുൻപുള്ള ചിത്രം).

ആനയുടെ അസ്ഥികൾ അതേപടി ശേഖരിച്ചു തൃശൂർ മ്യൂസിയത്തിനു കൈമാറി. കേരളത്തിലെ തലപ്പൊക്കമുള്ള ആന എന്ന പേരിൽ. മന പിന്നെയും നൂറു വർഷം കേടുകൂടാതെ നിലനിന്നു. സ്ഫടികം സിനിമയിൽ പല രംഗങ്ങളും ചിത്രീകരിച്ചത് ഈ മനയിലാണ്. ആടുതോമായെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെ കണ്ടുപിടിത്തങ്ങൾ കൂട്ടിയിട്ട തട്ടിൻപുറവും അടുക്കളയും അടക്കം. ഏപ്രിൽ 19 എന്ന സിനിമയും ഇവിടെ ചിത്രീകരിച്ചു.
മന നിലനിർത്താനുള്ള എല്ലാ ശ്രമങ്ങൾക്കുമൊടുവിൽ വേദനയോടെയാണു പൊളിക്കാൻ തീരുമാനിച്ചതെന്നു ചെങ്ങല്ലൂർ മനയിലെ ഹരിദാസും കുടുംബവും പറയുന്നു. മനയിലെ പൈതൃക വസ്തുക്കൾക്കൊപ്പം ചെങ്ങല്ലൂർ രംഗനാഥനെ പൂട്ടിയിരുന്ന ചങ്ങലയും ഇവർ പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട്.