കഥ :: Smitha R Nair :: ചില നേരങ്ങളിൽ ചിലർ

Views:


അലസമായി പാറിപ്പറക്കുന്ന നീളൻ മുടിയിഴകളെ അതിന്‍റെ പാട്ടിനു വിട്ടു. വീടിന്‍റെ മുൻപിലുള്ള പൂന്തോട്ടത്തിലെ ചെറിയ പാറപ്പുറത്തിരുന്ന്, സായാഹ്ന ശോഭയിൽ ലയിച്ച്‌ താഴ്വാരത്ത് കൂടി പോകുന്ന വാഹനങ്ങളെ മയൂഖി നോക്കി. സോപ്പുപെട്ടി കമിഴ്ത്തിവച്ചതു പോലെ ഒരാന വണ്ടി കിതച്ചു കിതച്ചു മുകളിലേക്ക് കയറി വരുന്നുണ്ടായിരുന്നു.

മേഘത്തിന് പരിചയമുള്ള ആരുടേയോ മുഖഛായ ..
ആരുടെയാണ്?  ചിന്തയിൽ പെട്ടെന്നൊരു കൊള്ളിയാൻ....
കഴിഞ്ഞയിടക്ക് കാറപകടത്തിൽ മരിച്ച കടപ്ലാമറ്റത്തെ റോബിൻ...
അതാ... അതിങ്ങോട്ട് വരുന്നു... അവൾ പെട്ടെന്ന് പാറപ്പുറത്തു നിന്നും പുറകോട്ട് എഴുന്നേറ്റോടി.....
പക്ഷേ... വീട്ടുമുറ്റത്തെത്തും മുൻപ് ആ മേഘപാളി അവളെ പൊതിഞ്ഞു. അതിനുള്ളിൽ നിന്നും കൂർത്ത നഖങ്ങളുള്ള, നിറയെ രോമമുള്ള രണ്ടു കൈകൾ അവളെ വലിച്ചടുപ്പിച്ചു... സർവ്വശക്തിയും സംഭരിച്ച് കുതറുകയും ഉറക്കെ വിളിച്ചു കൂവുകയും ചെയ്തു. 

"അമ്മേ::..." വീട്ടുമുറ്റത്തെ ചരൽക്കല്ലുകൾക്കിടയിലേക്ക് എടുത്തെറിയപ്പെട്ട മയൂഖിയെ അസംഖ്യം ഈയലുകൾ വന്നു പൊതിഞ്ഞു.....
ആയിരക്കണക്കിന് ... പതിനായിരക്കണക്കിന് .. അതിനടിയിൽ മയൂഖി കണ്ണുകൾ പൂട്ടിക്കിടന്നു.

നിലവിളി കേട്ട് ഓടിയെത്തിയ മൃദുല കണ്ടത് മുറ്റത്ത് നിന്നും പറന്നുയരുന്ന അസംഖ്യം ഈയലുകളെയാണ്. ഒടുവിൽ വാടിത്തളർന്ന ചേമ്പിൻ തണ്ടുപോലെ അനക്കമറ്റുകിടക്കുന്ന മകളെയും. നീണ്ട മുടിയിഴകൾ ചിതറിക്കിടന്നിരുന്നു. അരുണാഭമായ അവളുടെ അധരങ്ങൾ ഒന്നുകൂടി തിണർത്തിരുന്നു.

"എന്‍റെ മോളേ.... "
രാത്രിയുടെ നിശബ്ദതയിൽ മാറ്റൊലി ക്കൊണ്ട നിലവിളിയിൽ വീടാകെ നടുങ്ങി.
സുപാൽ വേഗം ലൈറ്റിട്ടു....
അപസ്മാര ബാധിതയെപ്പോൽ കണ്ണുകൾ തുറിച്ചു കിടക്കുന്ന മൃദുല.....
മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്നും വെള്ളമെടുത്ത് അയാൾ മൃദുലയുടെ മുഖത്ത് കുടഞ്ഞു. കവിളിൽ ശക്തിയായി തട്ടി.പെട്ടെന്ന് ഞെട്ടിയ മൃദുല അയാളെ തുറിച്ചു നോക്കി..

വാതിൽക്കൽ മുട്ടുകേട്ടു. മയൂഖിയും, മനുവും അമ്പരന്നു നിൽക്കുന്നു.....

"ആരാ അച്ഛാ അമ്മയാണോ നിലവിളിച്ചത്?"

"അയ്യോ .. അമ്മക്കെന്താ പറ്റിയത്?"

"സ്വപ്നം കണ്ടു പേടിച്ചതാന്ന് തോന്നുന്നു. മോളേ ... നീയൊന്ന് വിളിച്ചേ:"
അവർ രണ്ടു പേരും അമ്മയുടെ ഇടത്തും വല്ലത്തുമായിരുന്നു... 

"അമ്മേ.... എന്താമ്മേ സ്വപ്നം കണ്ട് പേടിച്ചോ..?"
അവൾ മയൂഖിയെ കയ്യുയർത്തി തന്നോടടുപ്പിച്ചു..

"അമ്മ ഐസ് പോലെ തണുത്തല്ലോ"
മനു അമ്മയുടെ ഇടതു കൈപ്പത്തിയിൽ തൊട്ടു കൊണ്ട് പറഞ്ഞു...
മൃദുലയുടെ വൈരക്കല്ല് പതിച്ച മുക്കുത്തി മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. സിന്ദൂരം നെറ്റിത്തടത്തിൽ നിന്നൊഴുകി ഇറങ്ങിതുടങ്ങിയിരുന്നു. 

സുപാൽ സ്വർണ്ണക്കൊലുസണിഞ്ഞ ...  ചെറിയ രോമരാജികളുള്ള മനോഹരമായ കാൽവണ്ണകൾ മടിയിലെടുത്തു വെച്ചു.  കാൽപാദങ്ങൾ തിരുമ്മി ചൂടാക്കാൻ ആരംഭിച്ചു....

അല്പസമയത്തിന് ശേഷം തലയിണയിൽ ചാരിയിരിക്കുന്ന അമ്മയെ കണ്ട് സമാധാനിച്ചാണ് അവർ ഉറങ്ങാൻ പോയത്...
സമയം മൂന്നു മണി...

"എന്‍റെ ഭാര്യേ... മനുഷ്യനെ ഇതു പോലെ പേടിപ്പിക്കല്ലേ.. ഇതിനും മാത്രം ഭയന്നു പോകാൻ നീ എന്താ കണ്ടത്?"

"എനിക്ക് മുഴുവൻ ഓർത്തെടുക്കാൻ കഴിയുന്നില്ല സുവേട്ടാ... നമ്മുടെ മോള് അവള് നമ്മളെ വിട്ട് പോയെന്ന്... അങ്ങനെ എന്തോ... ശരിക്കും ഞാൻ അതനുഭവിച്ചു.... എനിക്ക്... എനിക്ക് പേടിയാ ഏട്ടാ..,"

"നീ വെറുതെ അതുമിതും ആലോചിച്ചു കിടന്നിട്ടാ...അവൾക്കൊന്നും വരില്ല.. ഇപ്പൊ എങ്ങോട്ടും ഇറങ്ങുന്നില്ലല്ലോ.. കോളേജ് തുറക്കണ്ടേ...കുറച്ചു നാൾ ഇനി ടിവിയും, പത്രവും ഒന്നും നീ നോക്കണ്ട..അതിലൊക്കെ കൊലപാതകോം,റേപ്പും പിന്നെ രോഗം അങ്ങനെ . ആവശ്യമില്ലാതെ ഒന്നും ചിന്തിച്ചു കൂട്ടണ്ട ഉറങ്ങാൻ നോക്ക് ..."

അയാൾ ലൈറ്റ് അണച്ചു വന്നു കിടന്നു...

ആ നെഞ്ചിൽ മുഖമമർത്തി കിടന്ന മൃദുലയുടെ ശിരസ്സിൽ മെല്ലെ സുപാൽ തലോടിക്കൊണ്ടിരുന്നു.. എത്ര ആലോചിച്ചിട്ടും ആ സ്വപ്നത്തിന്‍റെ  അർത്ഥതലങ്ങൾ കണ്ടെത്താൻ മൃദുലയ്ക്ക് കഴിഞ്ഞില്ല...
തനിക്കു ചുറ്റുമുള്ള,....  അസ്വസ്ഥത സ്വപ്നത്തിലും പ്രതിഫലിക്കുന്നതാകാം..

രാവിലെ ഏഴു മണിയാകാറായി ഉറക്കമുണർന്നപ്പോൾ.. കിടക്കയിൽ ഭർത്താവിനെയും കണ്ടില്ല...  അയ്യോ...  എന്തൊരു ഉറക്കമായിരുന്നു?
ശ്ശോ ഇന്ന് സുവേട്ടന് എന്ത് ഉണ്ടാക്കിക്കൊടുക്കും?

ധൃതിയിൽ മുടി വാരിക്കെട്ടി, റെഡിയായി അടുക്കളയിൽ ചെന്നപ്പോൾ മയൂഖി ദോശ ചുടുന്നു...
മനു തേങ്ങ ചുരണ്ടുന്നു...
സുവേട്ടൻ ചായ ഇടുന്നു...
ഇതെന്തു കളി?

"ങാ... നീ എഴുന്നേറ്റോ... നിന്നെ ഉണർത്തണ്ട എന്ന് കരുതി.. ഞങ്ങൾ അടുക്കളയിൽ കയറി..."

"നന്നായി... അപ്പൊ ഞാനില്ലേലും എല്ലാരും ജീവിക്കും... ല്ലേ."

"തനിക്കു ശേഷം പ്രളയം എന്നല്ലേ എല്ലാരുടേം വിചാരം അല്ലേ മായമോളെ..."

"ഉം.. ഉം.. സ്ഥലം വിട്... പോകാനുള്ള പണി നോക്ക്.. ഇനി ഞാനേറ്റു.."
അയാൾ ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു..

"അമ്മേ... അമ്മ എന്താ സ്വപ്നം കണ്ടത്?"
മൃദുല ഒന്ന് പകച്ചു..കണ്ടത് പറഞ്ഞാൽ അവൾക്ക് വിഷമം ആകും..

"ഓ... അതോ...അത് ഒരു പ്രേതം അമ്മയെ പിടിക്കാൻ വന്നെന്ന്..."

"ഈ അമ്മേടെ ഒരു കാര്യം... പകൽ മുഴുവൻ കുത്തിയിരുന്ന് സിനിമ കാണിച്ച അല്ലെ.. ഏതും പോരാത്ത ആകാശഗംഗ.. ഞാൻ അച്ഛനോട് പറഞ്ഞില്ലെന്നേ ഉള്ളൂ."

"മ്മ്... ഇനി കാണുന്നില്ലേ...."

കാളിംഗ് ബെൽ മുഴങ്ങി...

"ആരാന്ന് നോക്കിക്കേ മോളേ...അല്ലേ വേണ്ട.. ടാ മനു ആ തേങ്ങ മുഴുവൻ വാരിതിന്നാതെ എഴുന്നേറ്റു കതക് തുറക്കെടാ... അവിടെ മുഴുവൻ വൃത്തികേടാക്കി ചെക്കൻ..."

"എനിക്ക് വയ്യാ... ഞാൻ ഇതു മുഴുവൻ ചുരണ്ടിയിട്ട് എഴുന്നേൽക്കൂ..അമ്മപോയ്‌ നോക്ക്.."

"മ്മ്... അമ്മ പോയി നോക്ക്... നിന്നെക്കൊണ്ട് തോറ്റു ഞാൻ.."

വാതിൽ തുറന്നതും ഒന്ന് ഞെട്ടി... കടപ്ലമറ്റത്തെ റോബിൻ..
ങേ.. ഇവൻ മരിച്ചില്ലാരുന്നോ..ഇല്ലല്ലേ... അത് വെറും സ്വപ്നം ആയിരുന്നല്ലോ..
മൃദുല പിറുപിറുത്തു.

"എന്താ മൃദുലാന്‍റീ ഇങ്ങനെ തുറിച്ചു നോക്കുന്നെ?"

"അത്... അത്..ഒന്നുമില്ല എന്താ വന്നത്?  കേറിവാ...,"

"വേണ്ട... കേറുന്നില്ല.. അമ്മ കുറച്ചു മാമ്പഴം തന്നു വിട്ടു. എല്ലാരും എന്തിയേ? ഞാൻ ഇന്ന് ജോലിക്ക് തിരിച്ചു പോവാ..."
റോബിൻ അകത്തേക്ക് പാളി നോക്കി.

അവന്‍റെ ശബ്ദം കേട്ടതും, മനുവും മയൂഖിയും ഓടിയെത്തി...
"റോബിച്ചനാരുന്നോ.. കേറി വാടാ അളിയാ."

ഞാനിന്നു പോവാടാ...ചെന്നിട്ട് വിളിക്കാം.. ഇന്നാ ഇതു പിടിച്ചോ.."

കയ്യിലിരുന്ന ചട്ടുകം അമ്മയുടെ കയ്യിലേല്പിച്ച് മയൂഖി റോബിന്‍റെ കയ്യിൽ നിന്നും പ്ലാസ്റ്റിക് കവർ വാങ്ങി.. അതിനിടയിൽ ഒരു നുള്ള് കൊടുക്കാൻ മറന്നില്ല...
അവൻ ഒന്ന് ഞെട്ടിയെങ്കിലും ഒന്നുമറിയാത്ത ഭാവത്തിൽ നിന്നു..

"നിന്നെ എന്‍റെ കയ്യിൽ കിട്ടട്ടെ മോളേ.."  എന്ന് മനസ്സിലോർത്തു..
കുളിച്ചു റെഡിയായി വന്ന സുപാലിനോടും യാത്ര പറഞ്ഞു മുറ്റത്തേക്കിറങ്ങി..
അപ്പോഴും മൃദുല ചിന്തിച്ചു കൊണ്ടിരുന്നത് റോബിൻ എങ്ങനെ ഈ സ്വപ്നത്തിനിടയിൽ വന്നു പെട്ടുവെന്നാണ്..

ഭാവി മരുമകനെ ആണ് താൻ വേറൊരു രൂപത്തിൽ കണ്ടതെന്ന് മൃദുലക്ക് മനസ്സിലായില്ലെന്ന് മാത്രം!!!
No comments: