Sidheek Subair :: സൗഹൃദത്തിന്‍റെ തുമ്പിക്കൈ

Views:

സൗഹൃദത്തിന്‍റെ തുമ്പിക്കൈ

സൗഹൃദം എന്ന വാക്കിന്‍റെ അര്‍ത്ഥതലങ്ങള്‍ വീണ്ടുവിചാരപ്പെടുന്ന എന്‍റെ ജീവിതത്തിലേയ്ക്ക് ശുഭ്രനക്ഷത്ര ദീപ്തിയായി തെളിയുന്ന  ഒരു സാന്നിധ്യമുണ്ട്.   കവിതയുടെ നാള്‍വഴിയിലൂടെ ഈരടികളായി ഒഴുകിത്തുടങ്ങിയിട്ട് 90 ദിനങ്ങള്‍ ആവുന്നതേയുള്ളു.  2019 സെപ്റ്റംബര്‍ 8 ന് രാവിലെ 9.00 മണിയോടെയാണ് അദ്ദേഹത്തെ  കാണാനായി ഞാന്‍ ആ വീട്ടിലെത്തിയത്. ശ്രീ. അനില്‍ ആര്‍ മധുവും അവിടെയുണ്ടായിരുന്നു,  പിന്നെയങ്ങോട്ടുള്ള ഒരു ദിവസവും അവിടെ ചെല്ലുകയോ, ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാതെ കടന്നു പോയിട്ടില്ല എന്നത് അത്ഭുതമായി തോന്നുന്നു.

തനിക്കൊരു നിലപാടുള്ള ഏതു  കാര്യത്തിലും അതു തുറന്നു പറയാന്‍ യാതൊരു മടിയുമില്ലാത്തയാള്‍. കവിതയില്‍ പറയുന്നതു പോലെ അവ ചുരുക്കി, എന്നാല്‍ വ്യക്തമായി പറയും. ഈ സ്വഭാവം അദ്ദേഹത്തിനു പലതും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം.  എന്നാല്‍ എനിക്കൊരു പച്ചയായ മനുഷ്യനെയാണ് കാണാന്‍ കഴിഞ്ഞത്. ചിരിക്കുന്നവരൊക്കെ ബന്ധുക്കളല്ലെന്ന് എന്‍റെ പ്രിയ മുത്തശ്ശി പറഞ്ഞ് ഞാന്‍ കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട്.  ഉള്ളത് ഉള്ളില്‍ തട്ടും വിധം പറയണം.  കവിതയായാലും സൗഹൃദമായാലും ഇവയ്ക്ക് രണ്ടിനും ഒരേ പോലെ വില കല്‍പിക്കുന്നയാള്‍. ഞാനിപ്പോള്‍ അനുഭവിക്കുന്ന സൗഹൃദ സാഹോദര്യം ചെറുതല്ലാത്ത പൊന്‍ വെളിച്ചമാണ് എന്‍ ഇരുള്‍ തിങ്ങും കരളറയില്‍ നിറക്കുന്നത്.

തുമ്പിക്കൈ 9 കവിതകളുടെ, യഥാക്രമം കവിതാ വരവും നീ, കാത്തരുളുക നീ, ചിരിയുതിരും മിഴി, സദ്ഗതി, കട്ടിയിരുട്ടും നീക്കിടൂ, നൂറ്റെട്ടു തേങ്ങ, ഗജമുഖഹരഹര, ഭക്തി തരംഗിണി - സമാഹാരമാണ്. ഒന്‍പതു കവിതകള്‍ കൊണ്ട് ഗണനായകന് അര്‍പ്പിച്ച പൂജാമാലികയാണ് തുമ്പിക്കൈ എന്ന കവിതാ സമാഹാരം.   തന്‍റെ ഉള്ളില്‍ ഗണപതിയെ, വിഘ്‌നേശ്വരനെ കുടിയിരുത്തുകയാണ്.  അഹന്തയെ ഇല്ലായ്മ ചെയ്ത് നന്മയെ കവിതയിലൂടെ പുനസ്ഥാപിക്കുന്ന ഒരു ഇടപെടല്‍, സ്വയം പാകപ്പെടല്‍.
തുമ്പിക്കൈ ആനയുടെ ഏറ്റവും ബലവത്തായ ശരീരഭാഗമാണ്.  ശ്രീ രജി മാഷിന് സൗഹൃദമെന്ന തുമ്പിക്കൈ, പ്രാണവായു ആഹരിക്കാനുള്ള കവിതക്കൈയ്യാണ്.  അതിലൂടെ അദ്ദേഹം നാളെകളായി പുലരുകയാണ്.

പ്രാര്‍ത്ഥന തന്നെയാണ് ജീവിതം.  ഒരാളെ നാം ഇഷ്ടപ്പെടുന്നെങ്കില്‍ അവര്‍ക്കായി അവരറിയാതെ പ്രാര്‍ത്ഥിക്കണം.  അതെ, കണ്ണന്‍ കുചേലനോട് ചെയ്തതും അതു തന്നെയാണ്. ഒറ്റ സന്ദര്‍ഭത്തില്‍ മാത്രം കണ്ണു നിറഞ്ഞ  കണ്ണന്‍, ഓമല്‍ ഓടക്കുഴല്‍ നാഥന്‍, തന്‍റെ സൗഹൃദത്തിന് ചങ്ങാത്തത്തിന് എന്തും നല്‍കി.  കുചേലന്‍ സൗഹൃദത്തിനിടയില്‍/സംഭാഷണത്തിനിടയില്‍ വിട്ടുപോയത് അല്ലെങ്കില്‍ മറന്നത് തന്‍റെ ദാരിദ്ര്യമാണ്. അത് പറയാതെ നിറച്ചതോ കൃഷ്ണനും.

നിങ്ങള്‍ കരുതും ഈ കണ്ണന്‍ എന്തിനാ വിഘ്‌നേശ്വരന്‍റെ കഥയില്‍ കടന്നുവന്നതെന്ന്.  എന്‍റെ കവിതയിലെ കല്ലുകരടുകളും, ജീവിതത്തിലെ കടല്‍ച്ചുഴികളും സ്നേഹസൗഹൃദഭാഷണം കൊണ്ട് മായ്ച്ചു കളയുന്ന ഒരു മൂത്ത ജ്യേഷ്ഠനും മാഷുമാണ്, എനിക്കിന്ന് സ്വന്തം ചോരത്തുടിപ്പായി വിശേഷിപ്പിക്കാവുന്ന മാഷ്.

കവിതയുടെ സ്വകീയമായ മണ്ഡലത്തില്‍ അത് മികച്ചതാണ് എന്ന ധാരണയില്‍ കഴിഞ്ഞ എനിക്ക്, എന്താണ് കവിത എന്നും താളനിബദ്ധമായി എങ്ങനെ കാവ്യ രചന നടത്താമെന്നും മനസ്സിലാക്കിച്ചുതന്ന മാഷാണ്, മാഷ്.
90 ദിവസത്തിനിടയില്‍ സ്വന്തം പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്, ഒരു കുഞ്ഞിന് ജന്‍മം നല്‍കുന്നതു പോലെയാണ്. മാഷിന്‍റെ നിരന്തരസൗഹൃദ സാന്നിധ്യമാണ്, തുമ്പിക്കൈയ്യായെന്നെ ചേര്‍ത്തുപിടിച്ചു നടത്തിയത്.

കവിതാരചന പ്രാര്‍ത്ഥനയും അര്‍ച്ചനയുമാകുന്ന ധന്യതയാണ് തുമ്പിക്കൈ എന്ന കവിതാ സമാഹാരം.


No comments: