Harikumar Elayidam :: പല്ലശ്ശനയിലെ അവിട്ടത്തല്ല്

Views:

കേരളത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന കായിക വിനോദമാണ് ഓണത്തല്ല്.  കയ്യാങ്കളി, തല്ല്, ഓണപ്പട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കേരളത്തിന്‍റെ ആയോധന പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിതിന്. 

പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനടുത്തുള്ള പ്രസിദ്ധമായ ഒരു ഗ്രാമമാണ് പല്ലശ്ശന. യുദ്ധസ്മൃതികളെ അനുസ്മരിപ്പിക്കുന്ന ഒരു നാടൻ കലാരൂപം കൊണ്ട് ഇവിടം പ്രസിദ്ധമാണ്. 'അവിട്ടത്തല്ല്' എന്ന പ്രത്യേകതകള്‍ നിറഞ്ഞ ഒരു നാടന്‍ കലാവിനോദത്തിന്‍റെ ഈറ്റില്ലമാണിവിടം. പ്രമുഖ സാഹിത്യ ചരിത്രകാരനായ പി ഗോവിന്ദപ്പിള്ള കൊല്ലവർഷാരംഭത്തിനും  മുമ്പ് പഴക്കമുളളതാണ് ഈ കലാരൂപത്തിനെന്ന്  മലയാളഭാഷാ ചരിത്രം എന്ന കൃതിയില്‍ അഭിപ്രായപ്പെടുന്നു.

പാലക്കാട് ജില്ലയിൽ നടന്നുവരുന്ന കണ്യാർകളി ആഘോഷത്തിൽ പ്രധാന കേന്ദ്രങ്ങൾ നടുവട്ടം പ്രദേശത്താണ്. അതിലൊന്നാണ് ചിറ്റൂർ താലൂക്കില്‍പ്പെട്ട പല്ലശ്ശന എന്ന ഗ്രാമം. ആദിമനിവാസികൾ ആഹാരസമ്പാദനത്തിനും സ്വന്തം നിലനിൽപ്പിനും വേണ്ടി നടത്തിയ ജീവിത സമരത്തിന്‍റെ ചുട്ടുപഴുത്ത അനുഭവങ്ങളിൽ നിന്നാകണം കണ്യാര്‍കളി എന്ന കലാരൂപം ഉരുവം കൊണ്ടിരിക്കുക. കാലക്രമത്തിൽ ഉണ്ടായ ഗോത്ര മത്സരങ്ങളും കുടിപ്പകകളും അങ്കം വെട്ടലും കൊങ്ങൻപട പോലെ പുറമേ നിന്നുള്ള ശത്രുക്കളുടെ ആക്രമണങ്ങളും കണ്യാർകളിക്ക് പശ്ചാത്തലമേകിയെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

കണ്യാർകളിയിലെ ഒരു പ്രധാന ഇനമാണ് അവിടെത്തല്ലെന്ന ആഘോഷം.

ഓണത്തിനടുത്ത നാളായ അവിട്ടം ദിനത്തിൽ ആഘോഷിക്കുന്നത് കൊണ്ടാവണം ഈ ആഘോഷത്തിന് 'അവിട്ടത്തല്ല്' എന്ന പേരുണ്ടായത്. പല്ലശ്ശനയിലെ ഇടപ്രഭുവായിരുന്ന കുറൂര്‍ നമ്പിടിയെ കുതിരവട്ടത്ത് നായർ ചതിച്ചു കൊന്നത്രേ! അതിനെച്ചൊല്ലി പല്ലശ്ശന ദേശത്ത് ദീർഘകാലം യുദ്ധം നടന്നുവത്രേ. പതിയാട്ടില്‍ പതിയാരും നാഞ്ചത്തെ മന്നാടിയാരുമാണത്രേ അവിട്ടത്തല്ലിനു നേതൃത്വം നൽകിയിരുന്നത്.

ഒരങ്കത്തിനുള്ള പുറപ്പാടെന്ന വണ്ണമാണ് ചടങ്ങുകളുടെ ആരംഭം. കച്ചകെട്ടി, വാളും പരിചയുമെടുത്തു കിഴക്കേ മുറിയിൽ നിന്ന്  പടയോട്ടം പുറപ്പെടുന്നു. വേട്ടക്കൊരുമകൻ കാവിന്‍റെ പിൻഭാഗത്ത് സമ്മേളനം. പിന്നീട് ഇവിടം കേന്ദ്രീകരിച്ച് 'പടവിളി' മുഴക്കുന്നു.

അപ്പോഴേക്കും കാവിലെ ശാന്തിക്കാരൻ എത്തി പടയാളികളുടെ ശിരസ്സിൽ പനിനീർ തളിച്ച് അനുഗ്രഹിക്കുന്നു. ശേഷം ഓരോ പടത്തലവന്മാരുടെ കീഴിൽ പടയാളിസംഘം രണ്ട് ചേരിയായി തിരിയുന്നു. അതോടെ തമ്മില്‍ ഏറ്റുമുട്ടി തല്ലു തുടങ്ങുന്നു.

ഈ സമയം വടക്കേത്തറക്കാരുടെ വരവായി. എല്ലാ സംഘങ്ങളും ഒത്തുചേര്‍ന്ന്, ഒടുവിൽ കലാശക്കൊട്ട് കൊട്ടുന്നു. കുഞ്ഞുങ്ങളെ കാവിൽ കൊണ്ടുവന്നത് 'തല്ലിക്കുക' എന്നത് വഴിപാടായി നടത്താൻ അമ്മമാർ ശ്രദ്ധിക്കുന്നുണ്ട്.
No comments: