സ്വയമറിവിന്റെ അറിവ്

Views:
http://www.malayalamasika.in/2015/12/blog-post_18.html

പവിത്രമായ ഹിമശൃംഗത്തിലെ മഞ്ഞുരുകിയൊലിക്കുന്ന ഗംഗാപ്രവാഹം, സര്‍വ്വപാപങ്ങളെയും കഴുകി മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കുന്നു. ഇവിടെയും പ്രവാഹമാണ്; സ്‌നേഹഗംഗയുടെ അമൃതധാര. ഈ 'സ്‌നേഹഗംഗ' മാനവചേതനയെ നവ്യാനുഭൂതികളിലെത്തിക്കുന്നു; ദര്‍ശനത്തിന്റെ സ്‌നേഹതീര്‍ത്ഥം കൊണ്ട് ശുദ്ധമാക്കുന്നു.
    'സ്‌നേഹഗംഗ' 41 മുക്തിമന്ത്രങ്ങളുടെ സമാഹാരമാണ്. ഭാവതീവ്രവും ഉദാത്തവുമായ മാനസികാവസ്ഥയിലെത്തിക്കുന്ന ഭക്തിയുടെ മുത്തുകളാണവ. മൂന്നായി തിരിക്കപ്പെട്ടാണ് ഈ കാവ്യം ചിട്ടപ്പെടുത്തിയിട്ടുള്ളതെങ്കിലും മൂന്നിനെയും പരസ്പരം ബന്ധി പ്പിക്കുന്ന ഒരു ഏകീഭാവം കാണാം. ലോകത്തെ ഒരു കുടുംബമായി കണ്ട്, പ്രപഞ്ചമാതാവിനെ പ്രണമിച്ചുകൊണ്ട് ഏകലോകവീക്ഷണത്തിന്റെ അഭൗമലാവണ്യം നിറഞ്ഞൊഴുകുന്നതാണ് ആദ്യഭാഗം. സാര്‍വ്വലൗകികമായ ഭക്തിക്ക്് അമൂര്‍ത്തമായ സങ്കല്പവും ദര്‍ശനോത്സുകതയും ആവശ്യമെന്നുതോന്നാം. എന്നാല്‍ നമ്മിലും തൊട്ടടുത്തും നമ്മുടെ കര്‍മ്മങ്ങളിലുമൊക്കെ അതിന്റെ പ്രഭവവും പ്രഭാവവും അനുഭവവേദ്യമാകുന്നതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ് ആദ്യത്തെ പന്ത്രണ്ട് ഗീതങ്ങള്‍.
    അമൂര്‍ത്തസങ്കല്പങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ അനല്പമായ യോഗവൈഭവം തന്നെ വേണ്ടിയിരിക്കുന്നു. എന്നാല്‍ അതിന് ആകാത്തവര്‍ക്ക് മോക്ഷത്തിനായി ആറ്റുകാലമ്മയെ ശരണം പ്രാപിച്ചാല്‍ മതിയാകും. ദര്‍ശനസായൂജ്യമെന്നപോലെ ശരണസാമീപ്യവും നിര്‍വൃതിജനകമെന്ന് ദ്യോതിപ്പിക്കുന്ന പതിനൊന്നു ഗീതങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാംഭാഗം. അമ്മയായി നാടിനെ സങ്കല്പിച്ച് ദേശഭക്തിയുടെ കര്‍മ്മധന്യത മുഴങ്ങുന്ന പതിന്നാല് ദേശഭക്തിഗീതങ്ങളാണ് മൂന്നാം ഭാഗത്തില്‍.
    സ്വന്തം മാതാവിനോട് സ്‌നേഹാദരങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു മനസ്സിനു മാത്രമേ പ്രപഞ്ചത്തെയും ദേവിയെയും ദേശത്തെയും അമ്മയായിക്കണ്ട് ആദരവും അര്‍പ്പണമനോഭാവവും പ്രകടമാക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെയാണ് മാതൃഭക്തിയുടെ മൂര്‍ത്തമായ ഈ ഭാഗം ഉന്മിഷത്താകുന്നത്.
    മൂന്നുഭാഗങ്ങളെയും ഓരോ ശ്ലോകങ്ങള്‍കൊണ്ട് തിരിച്ചിരിക്കുന്നു. ഇവയെ പേരുകള്‍ കൊടുത്ത് വിഭജിക്കാതിരുന്നത് ശ്രദ്ധേയം. അത് കവിയുടെ സമഭാവനയുടെയും ഉള്‍ക്കാഴ്ചയുടെയും മഹത്വമാണ്. കവിതയിലുടനീളം ഒഴുകിപ്പരക്കുന്നതും അതുതന്നെ.
    ആരംഭശ്ലോകം തപിക്കുമുള്ളിനെ തണുപ്പിക്കുന്ന സ്‌നേഹനന്മയാണ്, 'നീ' എന്ന തിരിച്ചറിവാണ്. നീയാണ് പുണ്യവും ഊര്‍ജ്ജവും ജന്മസുകൃതവും. 'നീ'യെന്നു സൂചിപ്പിക്കുന്നത് പ്രപഞ്ചശക്തിയെത്തന്നെ. ഒരു മഹാദര്‍ശനം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവ്യദിശാബോധം, നിര്‍വൃതിദായകമായ ആരാധനാഭാവം. ആ ചൈതന്യസാരം ഏതെന്നും എവിടെയെന്നും തേടി അലയേണ്ടതില്ല. അത് നമ്മില്‍, നമ്മുടെ തൊട്ടടുത്ത് എവിടെയുമുണ്ട് എന്ന ബോധം, അമൂര്‍ത്തദര്‍ശനങ്ങളെ ചിന്തയെന്ന കടക്കോലിനാല്‍ കടഞ്ഞ് പ്രത്യക്ഷനവനീതമാക്കുന്ന മഹനീയ സംസ്‌കരണം.
    നന്മയുടെ ദര്‍ശനം നമ്മിലെത്തിക്കുന്നതാണല്ലോ കവിധര്‍മ്മം. കവി കരുതിയ 'കാഴ്ച' നമ്മിലെത്തുന്നില്ലായെങ്കില്‍ കവി ആകുലപ്പെടും. ഇരുളില്‍ തപ്പിത്തടയുന്നവര്‍ക്ക് ദര്‍ശനത്തിന്റെ യുക്തി, ഭക്തിയിലൂടെ കാട്ടിക്കൊടുക്കും. എന്നിട്ടും എല്ലാം ഒരേ ഉണ്മയുടെ വെളിപ്പെടലുകളാണെന്ന തത്ത്വം ഉല്‍ക്കൊള്ളാന്‍ പറ്റാത്തവര്‍ക്കായി, തന്റെ സമീപമുള്ള ആറ്റുകാലമ്മയുടെ ചരണമാണ് ചൂണ്ടിക്കാണിക്കുന്നത്. അത് രണ്ടാം ഭാഗത്തിന് ഒരു പ്രത്യേക മാനം നല്കിയിരിക്കുന്നു. നീയും ഞാനും ഒന്നെന്ന ചിന്ത ഇവിടെയും കാണാം. നീ ഞാനല്ല, എന്നില്‍ നീയുണ്ട് എന്ന ചിന്ത. നിന്റെ മഹത്വവും കാമ്പുമാണ് എന്നില്‍ നിറഞ്ഞിരിക്കുന്നത് എന്ന ചിന്ത.
    ''ഏതാത്മീയത്തിടമ്പില്‍..........''- എന്ന ശ്ലോകത്തില്‍ ഭക്തി  കാരുണ്യമാണ്, അന്‍പാണ്, അനുകമ്പയാണ്. അത് മോദവും താപവുമാണ് എന്നെല്ലാമാണ് കവി നല്‍കുന്ന സന്ദേശം. കവിയെന്താണ് ഇങ്ങനെ ഇവിടെ വട്ടം കറങ്ങുന്നതെന്ന് തോന്നാം. എന്നാല്‍ ആ വട്ടം കറങ്ങല്‍ തന്റെ 'ഇടം' കണ്ടെത്തിയ കര്‍മ്മനിരതന്റെ ഭാവപാരമ്പര്യമാണ്. ഇവിടെ കവി ചുവടുറപ്പിക്കുന്നു; ഭക്തിയുടെ വിവിധ ഭാവങ്ങള്‍ സമ്മിളിതമായ പതിന്നാല് ഗീതങ്ങളിലൂടെ..
    ഭക്തിയുടെ പാരവശ്യം ഇവിടെ തീര്‍ന്നുപോകുന്നില്ലേയെന്ന് നമുക്ക് ആശങ്കപ്പെടാം. ''ഉള്ളം വറ്റിവരണ്ടതല്ല...'' എന്നു തുടങ്ങുന്ന ശ്ലോകമാണ് അതിനുള്ള മറുപടി. എങ്ങും എവിടെയും മഹത്വം കുടികൊള്ളുന്നുവെന്ന ധ്വനി, മനുഷ്യമനസ്സുകളെത്തന്നെയാണ് ലക്ഷ്യമിടുന്നത്. സ്‌നേഹവും ഭക്തിയും നന്മയുമൊക്കെ നമ്മുടെയുള്ളിലുണ്ട്. എന്നാല്‍ നാമതറിയുന്നില്ല. അല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുന്നില്ല. അതറിയുന്നതാണ് മഹത്വം. അതിനുള്ള ഉള്‍ക്കാഴ്ച സ്വയമേവ കിട്ടിയവരുണ്ട്. ചിലര്‍ക്ക് അതവിടെയുണ്ട് എന്ന് പറഞ്ഞുകൊടുക്കണം. പറഞ്ഞുകൊടുത്താലും മനസ്സിലാകാത്തവര്‍ക്ക് അത് കാട്ടിക്കൊടുക്കേണ്ടിവരും.
    നമ്മുടെ ചിന്തകള്‍ക്ക്, ആശങ്കകള്‍ക്ക്, ആകുലതകള്‍ക്കെല്ലാം പരിഹാരം നമ്മിലുണ്ട്. അതു നാമറിയുക. അറിയുവാന്‍ ശ്രമിക്കുക. അങ്ങനെ ശ്രമിച്ചാല്‍ എല്ലാം കാണാന്‍ കഴിയും. കാണാന്‍ കഴിയാത്തവര്‍ക്ക് അത് കണ്ടെത്തുവാന്‍ ഉപകരിക്കുന്നവയാണ് ഈ കവിതകള്‍.
    ലോകത്തെ കുടുംബമായിക്കാണണമെന്നും മാലോകര്‍ ബന്ധുക്കളാകണമെന്നുമുള്ള ആര്‍ഷഭാവങ്ങള്‍ ഒരു സമദര്‍ശിക്കു മാത്രമേ കാണാനും പറയാനും കഴിയുകയുള്ളൂ. സന്മനോഭാവവും സൗഹൃദവും വയോജനത്തോട് സ്‌നേഹാദരവും എല്ലാം ഈ കാഴ്ചപ്പാട് വെളിവാക്കുന്നു. തനിക്കു മാത്രമുള്ള ഉയര്‍ച്ചയല്ലിവിടെ കവി കാംക്ഷിച്ചിരിക്കുന്നത്; സാര്‍വ്വത്രികമായ അഭ്യുന്നതിയാണ്. ഒന്നും കിട്ടിയില്ല എന്ന പരാതിയില്ല. കിട്ടിയതില്‍ നന്ദിയുള്ളവനാണ്. എങ്കിലും ഇതൊന്നും എനിക്കുമാത്രം പോരാ. സര്‍വ്വരും സംതൃപ്തരാവാന്‍ കനിയുവാനാണപേക്ഷ.
    എന്റേതായി ഒന്നുമില്ല. എല്ലാം നിന്റേതാണ്. നീയാണ് എല്ലാം എന്നതും സര്‍വ്വരും ഒന്നാണെന്ന ചിന്തയും കൂട്ടിവായിക്കുമ്പോള്‍ എല്ലാവരിലും എല്ലാറ്റിലും 'നീ' എന്ന പ്രപഞ്ചപ്പൊരുളിനെ കാണാന്‍ ശ്രമിക്കുന്ന കവിയെക്കാണാം.
    കലാപവും ഈര്‍ഷ്യയും തീര്‍ക്കുന്ന കുഴികളില്‍ ചതിപ്പെട്ടു വീണിടാതെ ഏവരും നേര്‍വഴിക്കുനീങ്ങണമെന്ന് കവി ആഗ്രഹിക്കുന്നു, സ്വപ്നത്തില്‍പ്പോലും ആര്‍ക്കും കാല്‍വഴുതരുതേ എന്നും.
    ഒരു തുടം വെണ്ണിലാവായി കവിതകള്‍ മനസ്സില്‍ തെളിയുകയാണ്. പരാതികളില്ല, പരിഭവങ്ങളില്ല. ചതിയില്‍ പെടുന്നവരോടും വേദനിപ്പിക്കുന്നവരോടും കലഹവുമില്ല. മറ്റൊരാളെയും സങ്കടപ്പെടുത്തുവനാഗ്രഹിക്കുന്നുമില്ല. എല്ലാം ശാന്തമായി തണുക്കട്ടെയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്.
    ''ഉള്ളു കാന്തക്കരുത്തായ് തുടിക്കണം സ്‌നേഹഗംഗയില്‍ മുങ്ങിക്കുളിക്കണം.''- ഇതില്‍പ്പരം എന്താണ് ഒരു കവി നമ്മോട് പറയേണ്ടത്. 

അനിൽ ആർ മധു
http://www.malayalamasika.in/2014/10/blog-post_50.htmlNo comments: