നിങ്ങളോർക്കുക...

Views:

കൊഴിഞ്ഞോരു നാളുകള്‍ ഓര്‍ത്തു പകര്‍ത്തുമ്പോള്‍
കണ്ണുനിറയുന്ന കാലമല്ലോ

അടര്‍ന്നുപോവുന്നോരാ നിത്യഹരിതങ്ങള്‍
പുകമറ പോലെ മറഞ്ഞു പോയി

ബാല്യകാലത്തിലെ സന്തോഷനാളുകള്‍
ബാഷ്പങ്ങളായി തടഞ്ഞുനിന്നു

നിമിഷം ദിനങ്ങളായ് ആഴ്ചകള്‍ പലതുമായ്
മാസങ്ങള്‍ പിന്നെയതാണ്ടുകളായ്‌

ചെയ്യാത്തതും പിന്നെ ചെയ്തതും നോക്കുമ്പോള്‍
ചെയ്തു തീര്‍ക്കാത്തവ ഏറെതന്നെ

പാഠങ്ങള്‍ പലതും പഠിച്ചുവെന്നാകിലും
പാഠം പോലല്ല പണിപ്പുരകള്‍

അന്തമില്ലാതുള്ള അന്താക്ഷരിപോലെ
അന്തരംഗം എന്നും ഭയന്നിരുന്നു

അന്തിമയങ്ങുമ്പോള്‍ അന്നത്തിനായുള്ള
ആഗ്രഹം മാത്രമാ പൂര്‍വ്വികര്‍ക്ക്

നവയുഗ ജീവിതം പലതുമാശിച്ചപ്പോള്‍
നാനോയും ഫ്ലാറ്റും അതില്‍പ്പെടുത്തി

ക്ഷണികമാം ജീവിതം പിന്നെയും ക്ഷണികമായ്
ക്ഷണിക്കാതെ രോഗങ്ങള്‍ വന്നിടുമ്പോള്‍

ആശയമില്ലാത്തതോരോന്നു ചെയ്യിച്ചു
ആചാരശീലങ്ങളും നശിച്ചു

സ്നേഹത്തിനിടമില്ല ആചാരമൊന്നില്ല
സംശയം തോന്നിയാല്‍ നിഗ്രഹമാ

അവസാനനേരത്തു ആശ്രിതരില്ലാതെ
അനാഥജഡങ്ങളും പെരുകിവന്നു

കീഴ് വഴക്കങ്ങളെ കീഴ്മേല്‍ മറിച്ചവര്‍
കാഴ്ചക്കാരായ് മാത്രം നോക്കിനിന്നു

സംസ്ക്കാരശുദ്ധമാം ഭാരതമണ്ണിനെ
സംസ്ക്കരിച്ചീടല്ലേ മര്‍ത്യന്മാരേ

സംസ്ക്കരിക്കാന്‍ നിങ്ങള്‍ക്കാവില്ലയെന്നത്
സംശയമില്ലാത്ത നിത്യസത്യം

എങ്കിലും നിങ്ങളെ ഓര്‍മ്മിപ്പിച്ചീടുന്നു
എന്നെന്നും കാണണം ഭാരതത്തെ
കാണണമെന്നാലതൊന്നാമതായ്ത്തന്നെ
കാണണം ലോകരാഷ്ട്രങ്ങളിലും.
---000---


No comments: