Kaniyapuram Nasirudeen :: കഥകളുടെ കയറ്റിറക്കങ്ങൾ

Views:

കഥകളുടെ കയറ്റിറക്കങ്ങൾ
(ഉണ്ണി ആർ എഴുതിയ കഥകളെക്കുകുറിച്ച്)
  കണിയാപുരം നാസറുദ്ദീൻ

കഥാശില്പശാലയിലും മറ്റും പുതിയ എഴുത്തുകാരോട് പറയാറുള്ളത് ഉണ്ണി ആർ എഴുതിയ കഥകൾ വായിക്കണമെന്നാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡി സി ബുക്സിൽ പോയപ്പോൾ ഉണ്ണി. ആർ എന്ന പേര് എന്നിൽ വല്ലാതെ ശല്യം ചെയ്തു കൊണ്ടിരുന്നു. തിരച്ചിലിൽ ഒരു പുസ്തകം കിട്ടി. ഉണ്ണി ആർ ന്‍റെ കഥകൾ...ആകെ 25 കഥകളാണിതിൽ.ഒഴിവുദിവസത്തെ കളി എന്ന പിന്നീട് ചലച്ചിത്രമായ കഥയും ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട് .

എല്ലാ കഥകളിലും ചില സവിശേഷതകൾ കാണാൻ കഴിയും. ഒരു പൂച്ചയെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥയാണ്‌ അത്.

ലീല എന്ന കഥയാണ് തുടക്കത്തിൽ കാണുന്നത് കോട്ടയത്ത് കുടമാളൂർ സ്വദേശിയായ കഥാകൃത്തിന് കോട്ടയം ജില്ലയിലെ പ്രാദേശിക ഏരിയകളൊക്കെ സുനിശ്ചിതം ആണ്. അവിടുത്തെ സമ്പ്രദായങ്ങളും നാടൻ വർത്തമാനങ്ങളാലും  സുഭിക്ഷമാണ് കഥകൾ.

നന്നേ ചെറിയ ശബ്ദം പോലും അങ്ങേയറ്റത്തെ നിരീക്ഷണപാടവത്തോടെയാണ് കഥയിൽ വിന്യസിക്കപ്പട്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ അശ്‌ളീലതയെ ആവിഷ്കരിക്കുന്നു എന്ന് തോന്നുമെങ്കിലും ഒരു ശരാശരി കോട്ടയംകാരനിൽ  ഉണ്ടായേക്കാവുന്ന ദുശ്ശീലങ്ങളേ കുട്ടിയപ്പനിലും ഉള്ളു എന്നും കരുതി വായനക്കാരന് സഹിക്കാം. പറയാൻ മറന്നു. ആദ്യ കഥയിലെ പ്രധാന കഥാപാത്രം ആണ് കുട്ടിയപ്പൻ.

രാത്രിയിൽ ഉറങ്ങാൻ കിടന്ന പിള്ളേച്ചൻ സ്വപ്നം കാണുന്നതാണ് തുടക്കം. വാതിലിലെ നിരന്തരം മുട്ട് കേട്ട് ഉണരുന്നതും വാതിൽ തുറന്നപ്പോൾ മുന്നിൽ കുട്ടിയപ്പൻ.പിന്നെ കുട്ടിയപ്പൻ കഥയിൽ പറയുന്ന ഞാൻ എന്ന കഥാപാത്രവുമായി പുറത്തേക്ക് കൊണ്ട് പോവുകയാണ്. ഈ നട്ടപ്പാതിരനേരത്ത് എന്തിനാ എങ്ങോട്ടാ എന്നെയും കൊണ്ട് പോകുന്നത് എന്ന് ആവർത്തിച്ച് ആവർത്തിച്ചു ചോദിക്കുന്നുണ്ടെങ്കിലും കുറെ ദൂരെ എത്തിയ ശേഷമാണ് വിചിത്രമായ തന്‍റെ ആഗ്രഹം പറയുന്നത്. തിരിച്ചു വീട്ടിൽ എത്തിയ പിള്ളേച്ചനോട് പ്രിയ പത്നി പദ്മിനി ചോദ്യത്തിൽനിന്ന് കുട്ടിയപ്പൻ ആരെന്നും ഇനി എന്തൊക്കെ വിക്രസുകൾ ഒപ്പിക്കുമെന്നും വായനക്കാർക്ക് ബോധ്യപ്പെടുന്നു. തന്ത ഒണ്ടാക്കിയ പണം നശിപ്പിക്കാൻ ഓരോന്ന് പിറന്നിട്ടുണ്ടെന്നും മറ്റും.. 

പിള്ളേച്ചനെയും കൂട്ടി പിന്നെ ജീപ്പിൽ ഒരു കറക്കം ആണ് കഥയിൽ അങ്ങോളം ഞെളിഞ്ഞു നില്ക്കുന്നത്. തന്‍റെ ആഗ്രഹം നിവർത്തിക്കാൻ ആരെ കൂട്ട് പിടിക്കാനും ഏതറ്റം വരെ പോകാനും എത്ര പണം മുടക്കാനും തയ്യാറായി നിൽക്കുകയാണ് കുട്ടിയപ്പൻ. ആനയുടെ തുമ്പിക്കൈയിൽ നിന്ന് കൊണ്ട് തന്‍റെ താത്പര്യം നിർവഹിക്കാൻ ഉള്ള  ജീപ്പ് യാത്ര കഥയിൽ മുഴങ്ങി കേൾക്കുന്നു.

ആദ്യം തന്‍റെ അടുത്ത പരിചയക്കാരനെ സമീപിക്കുന്നു. അവിടെ നിന്ന് അടുത്ത ഇടത്തേക്ക്.... ഇങ്ങനെ കുറെയേറെ സഞ്ചരിക്കുന്ന ജീപ്പ് പോലും മടുക്കുന്നത് പോലെയാണ് നമ്മുടെ പിള്ളേച്ചന്‍റെ പ്രതികരണത്തിൽ പ്രകടമാകുന്നത്.

ഒടുവിൽ ലക്ഷ്യം നേടുന്നത് വരെയും കഥ നീളുന്നു. ലീല എന്ന കൊച്ചു പെൺകുട്ടിയിലേക്ക് എത്തിച്ചേരുന്നു. പോകുംവഴിയിലെ ചെറു ചെറു കാഴ്ചകൾ, വർണ്ണനകൾ ശബ്ദം എന്ന് പറയാൻ പോലുമാകാത്ത ചെറു ശബ്ദം പോലും വർണ്ണിച്ചും വിവരിച്ചും കഥാകൃത്ത് കടന്നു പോകുന്നു.

മനസ്സ് വിചാരിക്കുന്ന വിചാരങ്ങൾ പോലും ഒപ്പിയെടുത്തിരിക്കുന്നു. ലീലയിലെത്തുന്ന ആ സ്ഥലം ഒരിറക്കം ആണ്. അതിലേ ജീപ്പ്  ഓടിച്ചു പോകുമ്പോൾ പിള്ളേച്ചന് ഉള്ള് നടുങ്ങുന്നതും നമ്മെ കേൾപ്പിക്കുന്നു. ഉഷേടെ വീട്ടിലായിരിക്കും എന്ന് എതിരേ നടന്നു വന്ന ആളുടെ ചോദ്യം ഇവരെന്തിനാണെത്തുന്നതെന്ന് നമുക്ക് മനസ്സിലാകുന്നു.

ഉഷേടെ വീട് കണ്ടാൽ വീടെന്ന് പറയാൻകഴിയില്ല എന്ന് പറഞ്ഞ് പറയാനുള്ളത് ഉള്ളിലൊതുക്കി.

ചുരുക്കിപ്പറഞ്ഞാൽ നല്ലൊരു കഥ വായിച്ച അനുഭവം ആണീ കഥകൾ പകർന്നു നല്കിയത്.





No comments: