K V Rajasekharan :: ഇസ്രയേലിലെ പ്രതിപക്ഷവും ഭാരതത്തിലെ 'പ്രതി'പക്ഷവും

Views:

 

ഇസ്രയേലിലെ പ്രതിപക്ഷവും ഭാരതത്തിലെ 'പ്രതി'പക്ഷവും
ഇസ്രായേൽ പ്രതിപക്ഷവും ഭാരതത്തിലെ 'പ്രതികളുടെ' പക്ഷവും


കെ വി രാജശേഖരൻ
ഹമാസ് ഉയർത്തിയ ഇസ്ലാമിക ഭീകരതയുടെ അപ്രതീക്ഷിത ക്രൂരതാണ്ഡവത്തിന്റെ മുനയൊടിക്കാൻ ഇസ്രായേലിലെ  രാഷ്ട്രീയ കക്ഷികൾ പരസ്പരമുള്ള പോർമുഖങ്ങൾക്ക് അവധി കൊടുത്ത് യുദ്ധ സമയത്തേക്കുള്ള  മന്ത്രിസഭയിൽ (വാർ ടൈം ക്യാബിനറ്റിൽ) ഒന്നുചേരുകയാണ്.  വിശ്വമാനവികതയുടെ സാർവ്വദേശീയ പക്ഷം ഇസ്രായേലിന്റെ പ്രതിരോധപോരാട്ടങ്ങൾക്ക് പിന്തുണനൽകുന്നതിന് ഒരേ ശബ്ദമാണ് മുഴക്കുന്നത്.   മറുവശത്ത്, കാടത്തങ്ങൾ കാട്ടികൂട്ടുവാനും മനുഷ്യത്വത്തെ കുഴിച്ചുമൂടുവാനും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ള കമ്യൂണിസം നശിച്ച് 'നാറാണക്കല്ല് പിടിച്ചിട്ടും' അത് അവശേഷിക്കുന്ന ചൈനയിൽ നിന്ന് ഷീ ജിങ്ങ് പിങ്ങും കേരളത്തിൽ നിന്ന് എം.എ. ബേബിയുമൊക്കെ ഉയർത്തുന്ന  ഒറ്റുകാരുടെ ഒറ്റപ്പെട്ട ശബ്ദങ്ങളും ലോകം ശ്രദ്ധിക്കുന്നുണ്ട്.   ഒരു വയസ്സുള്ള കുഞ്ഞുങ്ങളെ മുതൽ എൺപത്തഞ്ചു കഴിഞ്ഞ മുത്തശ്ശിയെ വരെ കൊന്നൊടുക്കുകയും ബലാൽസംഗം ചെയ്യപ്പെട്ട യുവതികളുടെയും ക്രൂരമായി കൊന്നു തള്ളിയ യുവാക്കളുടെയും മൃതശരീരങ്ങളെ വികൃതമാക്കി അശ്ലീലനൃത്തം നടത്തുകയും ചെയ്യുന്ന  ജിഹാദി ഭീകരതയ്ക്കാണവർ മുഷ്ടി ചുരുട്ടി ഈങ്ക്വിലാബ് മുഴക്കി അഭിവാദ്യം ചെയ്ത് ആവേശം പകരുന്നത്.    ചൈനയിൽ നിന്നും ഇസ്ലാമിക ഭീകരരിൽ നിന്നും പല വഴികളിലൂടെയും പണം പറ്റുന്നതും  അവർക്കു വേണ്ടി പണിയെടുക്കുന്നതും തൊഴിലാക്കി മാറ്റിയ കമ്യൂണിസ്റ്റ് പരിവാറിനൊപ്പമാണ് ഷീ ജീങ്ങ് പിങ്ങിന് വിധേയത്വത്തിന്റെ കരാർ ഒപ്പിട്ടുകൊടുത്ത് പ്രതിഫലം പറ്റുന്ന  രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സും.  പട്ടികൾ കുരച്ചാൽ പടിതുറക്കില്ലായെന്ന് പറയുന്നതു പോലെ ഹമാസിനൊപ്പം ഭാരതത്തിലെ കമ്യൂണിസ്റ്റു പരിവാറും രാഹുലിന്റെ  പരിവാർ കോൺഗ്രസ്സും എത്ര ഒച്ചവെച്ചിട്ടും കാര്യമില്ല.   മനുഷ്യത്വമില്ലാത്ത പോർ തുടങ്ങിയത് ഇസ്ലാമിക ഭീകരവാദികളാണെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നത് ഇസ്രായേലായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച പ്രധാനമന്ത്രി നെതന്യാഹുവിന്റെ വാക്കുകുകളിൽ മാനവ സമൂഹത്തിന് ഇളകാത്ത പ്രതീക്ഷയുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോദി അവസരത്തിനൊത്തുയർന്ന്  ഭാരതം ഭീകരതയ്ക്കെതിരാണെന്നും മാനവികതയ്ക്കൊപ്പമാണെന്നും ആവർത്തിച്ചു പ്രഖ്യാപിച്ചപ്പോൾ  ഈ രാജ്യത്തെ ജനാധിപത്യസമൂഹം ആ നിലപാടിന് ശക്തി പകരുന്നുയെന്നതും വ്യക്തമാണ്. 


ഭാരതത്തിലെ വർത്തമാനകാല പ്രതിപക്ഷം ഇക്കാര്യത്തിലും വേറിട്ടതും നകാരാത്മകവുമായ വർഗീയ പ്രീണനത്തിന്റെ രാഷ്ട്രീയ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.  അവരുടെ സമീപനം, ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിനോട് ചേർന്ന്  നിന്ന് ചൈനയുടെ ആക്രമണകാലത്തു പോലും ചതിച്ചതിലൂടെ ആരംഭിച്ച് നരേന്ദ്രമോദിയുടെ കാലത്തും തുടരുന്ന കമ്യൂണിസ്റ്റ് പ്രതിപക്ഷത്തിന്റെ ഭാരതവിരുദ്ധ രാഷ്ട്രീയ ശൈലിയോട് ചേർന്നു നിൽക്കുന്നതു തന്നെയാണ്.  പക്ഷേ, അതിന് സമാന്തരമായി,  ആദർശത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിന്റെയോ പേരിൽ മറുപക്ഷത്തു നിൽക്കുമ്പോഴും ഭാരതം വെല്ലുവിളിക്കപ്പെട്ടപ്പോഴൊക്കെ മറ്റെല്ലാം മറന്ന് സ്വന്തം രാഷ്ട്ര രക്ഷയ്ക്കുവേണ്ടി ഭരണകൂടത്തോടും പ്രതിരോധസേനയോടും കയ്യും മെയ്യും മറന്ന്  പോരാട്ടങ്ങൾക്ക് ഒന്നിച്ചു ചേർന്നതായ ഒരു ശ്രേഷ്ഠവും മാതൃകാപരവുമായ പ്രതിപക്ഷ പാരമ്പര്യം ഹൈന്ദവ ദേശീയതയോട്  പ്രതിബദ്ധത പുലർത്തിയ ജനാധിപത്യ ശക്തികൾ പിന്തുടർന്നതായി സ്വതന്ത്ര രാഷ്ട്ര ചരിത്രത്തിൽ സുവുർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നത് അഭിമാനകരമായ വസ്തുതയാണ്.


സ്വതന്ത്രഭാരതത്തിന്റെ  അധികാരം പിടിച്ചെടുത്ത നെഹ്രുപക്ഷം കൊളോണിയൽ വിധേയത്വത്തിന്റെ പിന്തുടർച്ചയ്ക്കുവേണ്ടി പണിയെടുക്കുകയും ഭാരതീയ സ്വത്വത്തനിമയിൽ നിന്ന് അകലം തുടരുവാനുള്ള സ്ഥാപിത താത്പര്യത്തോടെ ഹിന്ദുവിനെ അവഗണിച്ചും അവഹേളിച്ചും അടിച്ചൊതുക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ പോലും പാക്കിസ്ഥാൻ കശ്മീർ പിടിച്ചടക്കുവാൻ വേണ്ടി കടന്നാക്രമിച്ചപ്പോൾ അന്നത്തെ സർസംഘചാലക് ശ്രീഗുരുജി ഗൊൾവാൾക്കറും പഞ്ചാബ് സംഘചാലകും ജമ്മൂ കശ്മീരിലെ    സ്വയം സേവകരും ഭാരതസർക്കാരിനൊപ്പം ഉചിതവും സുശക്തമായ ഇടപടലുകൾ നടത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്.  1947 നവംബറിൽ ഹൈന്ദവ പ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് കമ്യൂണിസ്റ്റ് ചെങ്ങാതികളുടെ സഹായത്തോടെ കുതന്ത്രങ്ങളിറക്കുകയും 1950കളുടെ ആദ്യം ഭാരതീയ ജനസംഘം അദ്ധ്യക്ഷൻ ഡോ ശ്യാമ പ്രസാദ് മുഖർജിയുടെ ബലിദാനത്തിന് ഇടവരുത്തുകയും ചെയ്ത നെഹ്രുവിന്റെ സർക്കാറിന് 1962 ലെ ചൈനീസ്  ആക്രമണം നേരിടേണ്ടിവന്നപ്പോൾ, പോർമുഖത്ത് പോലും ധീരജവാന്മാർക്കൊപ്പം സ്വയം സേവകർ അണി നിരന്നതും ചരിത്രമാണ്.  1966ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെയും 1971ൽ ഇന്ദിരാഗാന്ധിയുടെയും കാലങ്ങളിൽ നടന്ന ഇന്തോ പാക്ക് യുദ്ധങ്ങളിലും രാഷ്ട്രീയ സ്വയം സേവക സംഘവും ഭാരതീയ ജനസംഘവും പോരൊരുക്കങ്ങൾക്ക് രാഷ്ട്രത്തോടൊപ്പമായിരുന്നു.  ചുരുക്കത്തിൽ ആരാണ് ഭരണപക്ഷത്ത് എന്നത് നോക്കാതെ ഭാരതം ചൈനയുടെയോ പാക്കിസ്ഥാന്റെയോ കടന്നാക്രമികളെ നേരിട്ടപ്പോഴൊക്കെ തങ്ങൾ നേതൃത്വം കൊടുത്ത  പ്രസ്ഥാനങ്ങളെയും അവയോടൊപ്പം അണിച്ചേരുന്നവരെയും രാഷ്ട്രത്തിന്റെ പ്രതിരോധത്തിന്റെ പോരാട്ടഭൂമിയിലേക്ക് നയിക്കുവാൻ ശ്രീ ഗുരുജി ഗോൾവാൾക്കർക്കോ അടൽ ബിഹാരി വാജ്പേയ്ക്കോ ലാൽ കൃഷ്ണ അദ്വാനിക്കോ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമേയില്ലായിരുന്നു.  


പക്ഷേ ഇടതുവലതു കമ്യൂണിസ്റ്റുകളും നാടൻ/കാടൻ നക്സലൈറ്റുകളും അടങ്ങുന്ന കമ്യൂണിസ്റ്റ് പരിവാർ രാഷ്ട്രം ആക്രമിക്കപ്പെട്ടപ്പോളൊക്കെ എന്നും ശത്രുപക്ഷത്തായിരുന്നു.  പുരകത്തുമ്പോൾ വാഴവെട്ടാമെന്നതായിരുന്നു അവരുടെ രണതന്ത്രം.  വൈദേശിക ആക്രമണത്തിൽ ആടിയുലയുന്ന ജനാധിപത്യ ഭരണകൂടത്തെ തകർത്ത് തരിപ്പണമാക്കാൻ തങ്ങളുടെ പ്രഹരശേഷി പ്രയോഗിക്കാൻ കഴിയുന്ന അവസരങ്ങളായിട്ടാണ് അത്തരം ആക്രമണങ്ങുളെ കമ്യൂണിസ്റ്റ് പക്ഷം കണക്കുകൂട്ടിയത്.  നെഹ്രുവോ അടൽജിയോ നരേന്ദ്രമോദിയോ ആര് പ്രധാനമന്ത്രിയായാലും അവരെന്നും ചതിക്കുവാനുള്ള വഴിയന്വേഷിക്കുകയായിരുന്നു.  1971ൽ ബംഗ്ലാദേശ് യുദ്ധ കാലത്ത് കമ്യൂണിസ്റ്റുകൾ പത്തി താഴ്ത്തിയിരുന്നത് വസ്തതുതയാണ്. പക്ഷേ, അതിനുകാരണം കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയൻ ഇന്ദിരയ്ക്കൊപ്പമായിരുന്നതുകൊണ്ടും സ്വന്തം പ്രതിരോധമന്ത്രി ഉയർത്തിയ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ചെയർമാൻ മാവോയ്ക്ക് ഇങ്ങോട്ട് ശ്രദ്ധിക്കാൻ നിവർത്തിയില്ലാതെ പോയതുകൊണ്ടും ആയിരുന്നു.  (വിമത ശല്യം ഉയർത്തിയ ആ പ്രതിരോധമന്ത്രി പിന്നീട് സംശയകരമായ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു).  കാർഗിലിലുൾപ്പടെ പാക്കിസ്ഥാനും ലഡാക്കിലുൾപ്പടെ ചൈനയും നടത്തിയ കടന്നാക്രമണശ്രമങ്ങളിലൊക്കെ ശത്രുപക്ഷത്തായിരുന്നു, കമ്യൂണിസ്റ്റ് പരിവാർ.


അത്തരം ഭാരതവിരുദ്ധ കമ്യൂണിസ്റ്റ് പരിവാറിനോടൊപ്പം ഭരണം നഷ്ടപ്പെട്ട നെഹ്രു പരിവാറും ചേർന്നതോടെ ഭാരതത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന് പുതിയ ഒരു രൂപം കൈവന്നു.   ലാവ്ലിൻ കേസിലും സ്വർണ്ണം കള്ളക്കടത്തിലും 'സഹകരണ സംഘം'  അഴിമതികളിലുമെല്ലാം പ്രതികളായ പിണറായികൂട്ടായ്മയും ബൊഫോഴ്സ് മുതൽ നാഷണൽ ഹെറാൾഡും കടന്ന് അഴിമതികേസുകളിലെ പങ്കാളിത്തത്തിന്റെ ധാരാളിത്തം കൈമുതലായ സോണിയാ കുടുംബവും പ്രതിപക്ഷത്തെ അഴിമതി കേസുകളിലെ പ്രതികളുടെ പക്ഷത്തെ ഒന്നടങ്കം ഒന്നിച്ചു ചേർത്ത് വിശാല കൂട്ടായ്മയ്ക്ക് വഴിയന്വേഷിക്കുന്നതാണ് പിന്നീട് കണ്ടത്.  കാലിത്തീറ്റ കുംഭകോണം കൊടിയടയാളമായ ലാലൂ പ്രസാദ് യാദവും അഴിമതിയുടെയും അധോ ലോകബന്ധങ്ങളും കൊണ്ട് അന്വേഷണ ഏജൻസികൾക്കും വ്യവസ്ഥാപിത കോടതികൾക്കും നിഷ്പക്ഷ മാധ്യമങ്ങൾക്കും ഭാരതത്തിന്റെ ജനാധിപത്യ പൊതു സമൂഹത്തിനും മുമ്പിൽ വിചാരണയ്ക്ക് ഊഴം കാത്തിരിക്കുന്ന മുലായം കുടുംബവും സ്റ്റാലിൻ കുടുംബവും  ശരദ് പവാർ പക്ഷവും മദ്യനയ/ശീശ്മഹൽ അഴിമതികളിൽ പെട്ട് നട്ടം തിരിയുന്ന  അരവിന്ദ് കേജരിവാളിന്റെ കുറ്റിച്ചൂലു കക്ഷിയും എല്ലാം കൂടെ ചേർന്നതോടെ വർത്തമാനകാല ഭാരതത്തിലെ പ്രതിപക്ഷം ഇന്ന് പ്രതികളുടെ പക്ഷമായി മാറിയിരിക്കുന്നു.  തങ്ങളുടെ അഴിമതി ജീവിതത്തിന് ആക്കവും അളവും കൂട്ടാൻ ചൈനയുടെ സഖ്യ കക്ഷിയായ പാക്കിസ്ഥാനോട് ചേർന്ന് ഇസ്ലാമിക മതമൗലികവാദത്തിനും വർഗീയതയ്ക്കും  തീവ്രവാദത്തിനും ഭീകര വാദത്തിനും വിടുപണി ചെയ്യുന്നതാണ് വോട്ടും നോട്ടും നേടാനുള്ള അവരുടെ കുറുക്കു വഴി.  അതുകൊണ്ടു തന്നെയാണ് ഹമാസ് എന്ന ഇസ്ലാമിക ഭീകരപ്രസ്ഥാനം ഇസ്രായേലിൽ തുടങ്ങി വെച്ച നരനായാട്ടിന് അവർ 'നായാട്ടുവിളി' നടത്തുന്നത്.


നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം ഭീകരതയ്ക്കെതിരെ മാനവികതയുടെ  പ്രതിരോധത്തിന് പിന്തുണ നൽകുമ്പോൾ ശത്രുവിന്റെ ശത്രു മിത്രമാണെന്ന  ന്യായം പിന്തുടർന്ന് മറുപക്ഷത്തേക്ക് മാറി നിൽക്കുന്ന ഈ 'പ്രതികളുടെ കൂട്ടായ്മ' ഒരിക്കൽ പോലും ചൈനയോടോ പാക്കിസ്ഥാനോടോ ഭാരതത്തിനെതിരെയുള്ള ആക്രമണങ്ങളിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടിട്ടില്ല.   ടിബറ്റിൽ നിന്ന് പിന്മാറാൻ ചൈനയോടോ പാക്കധിനിവേശ കശ്മീരിൽ നിന്ന് പിൻമാറാൻ പാക്കിസ്ഥാനോടോ ആവശ്യപ്പെടാത്തവർ ഗാസയിൽ നിന്നും സ്വന്തം മണ്ണിൽ നിന്നുമൊക്കെ പിൻമാറാൻ ഇസ്രായേലിനോടാവശ്യപ്പെടും. ആക്രമത്തിനിരയാകുന്ന ഭാരതത്തോട് മറുപക്ഷവുമായി ചർച്ച ചെയ്യാൻ ഉപദേശിക്കുന്നവർ ഹമാസിനോട് ഇസ്രായേലുമായി ചർച്ച ചെയ്യാനാവശ്യപ്പെടില്ല.  അതൊന്നും ഭാരതത്തിന്റെ ശാപമായ പ്രതികളുടെ കൂട്ടായ്മ ഉയർത്തുന്ന അശ്ലീല രാഷ്ട്രീയ പക്ഷത്തുനിന്നും പ്രതീക്ഷിച്ചിട്ടു കാര്യവുമില്ല. 


അതിർത്തിക്കു പുറത്തു നിന്നും ശത്രുക്കൾ കടന്നാക്രമിക്കുമ്പോൾ ആന്തരിക അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഭരണപക്ഷത്തോട് ചേർന്ന് ശത്രുസംഹാരത്തിന് ഒന്നിച്ചുകുടുവാൻ ഇസ്രായേലിലെ പ്രതിപക്ഷം യുദ്ധ കാല മന്ത്രിസഭയിൽ ചേരാൻ മടികൂടാതെ മുന്നോട്ടു വരികയാണിന്ന്.  ഭാരതീയ ദേശീയതയുടെ ശക്തികൾ പ്രതിപക്ഷത്തായിരുന്നപ്പോൾ വൈദേശിക കടന്നാക്രമങ്ങൾക്കെതിരെ നെഹ്രുവിന്റെയോ ശാസ്ത്രിയുടെയോ ഇന്ദിരയുടെയോ കരങ്ങൾക്ക് ശക്തികൂട്ടുവാൻ എന്നും മുന്നിലുണ്ടായിരുന്നുതാനും.  പക്ഷേ രാഹുലും യച്ചൂരിയും  ഒവൈസിയും  ചൈനയുടെയും പാക്കിസ്ഥാന്റെയും പക്ഷത്ത് നിൽക്കും;  ശത്രുക്കൾക്ക് സഹായകരമായ തരത്തിൽ തെളിവുകൾ തേടും; സൈനിക പ്രതിരോധക്ഷമത വിവാദങ്ങൾക്ക് വിഷയമാക്കി ശത്രുക്കൾക്ക് വിവരശേഖരണത്തിന് വഴിയൊരുക്കും;  ചാരപ്പണിക്ക് 'സന്നദ്ധ സേവകരെയും' നൽകും.  പക്ഷേ അതിനെയൊക്കെ അതിജീവിച്ച് ദേശസുരക്ഷയും വികസനവും ഉറപ്പാക്കി ലോകത്തിന് മാതൃകയാകാൻ അമൃതകാലഭാരതം സുസജ്ജമാണ്, പ്രതിജ്ഞാബദ്ധവുമാണ്.
No comments: