Parthan Ravi :: മീരയും മീനയും

Views:

 

            


‘നോട്ടമുണ്ടെന്നാണ് മീര പറഞ്ഞത്“

എന്നാൽ

"എനിക്ക് ബോധ്യപ്പെട്ടില്ല” മീന മറുപടി പറഞ്ഞപ്പോൾ “നീ ഏത് ലോകത്താണ് ജീവിക്കുന്നത്?" എന്ന അടുത്ത ചോദ്യം വന്നു. എന്നാലതിനു മറുപടി പറയാതെ ഒരു ദീർഘനിശ്വാസം വിട്ടുമീര.


കാരണം തേടുക എന്നത് മീരയ്ക്ക് താല്പര്യമില്ലാത്ത കാര്യമാണ്. കഴിഞ്ഞതിനെപ്പറ്റി ആലോചിച്ച് തലചൂടാക്കാൻ ഒട്ടും താല്പര്യമില്ലാത്ത ആളാണ് മീര. എന്നിട്ടും, മീനയെ ആദ്യമായി കണ്ടത് ഓർത്തെടുക്കാൻ ശ്രമിച്ചു.

കോളേജ് അഡ്മിഷൻ കഴിഞ്ഞ് വാർഡനെ കാണാൻ വരാന്തയിൽ കാത്ത് നിന്നപ്പോഴാണ് മുടി പറ്റെവെട്ടിയ കാത് കുത്താത്ത പെണ്ണ്; ആൺകുട്ടിയാണോഎന്ന് സംശയിക്കത്തക്ക ശരീരപ്രകൃതിയും നടത്തവും നോട്ടവും. മുഖത്ത് ലവലേശം നാണമില്ലാത്ത ഭാവം. എന്നാൽ വശ്യമായ ചിരിയും ഐശ്വര്യവും.


അമ്മയാണ് വിളിച്ച് കാണിച്ചു തന്നത് ആ സാധനത്തെ. പിന്നെ "മോളേ" എന്ന് വിളിച്ചുകൊണ്ട് ചോദിച്ചു. “ഇവിടെയാണോ വാർഡൻ വരുമെന്ന് പറഞ്ഞത്?" പെട്ടെന്ന് മുഖം പ്രസന്നമായി ചിരിച്ചുകൊണ്ട്

"അതേ അമ്മേ!” എന്ന് മറുപടി പറഞ്ഞു.


മറ്റൊരാൾ അമ്മേ എന്ന് വിളിച്ചപ്പോ എനിക്ക് ദേഷ്യം വന്നു, അസൂയമൂത്ത് അമ്മയെ ഞാൻ നുള്ളി. പലിശസഹിതം അപ്പോതന്നെ അമ്മ തിരികേതന്നു. അതോർത്ത് മീരയ്ക്ക് ചിരിവന്നു.


കണ്ണാടിക്ക് മുന്നിൽ തലമുടി ചീകിനിന്ന മീന “എന്താടി ഒരു കിണി? ആലോചിച്ച് ആലോചിച്ച് കിണിക്കണത് എന്താ?"

മീന ദേഷ്യപ്പെട്ടു,

”നിന്നെകണ്ട നശിച്ച നിമിഷം ഓർമിക്കുകയായിരുന്നു”.

"ഓ, അതിലിത്ര ചിരിക്കാനെന്തിരിക്കുന്നു?”


ഇന്ന് മീന കാത് കുത്തി, പനങ്കുലപോലെ മുടിനീട്ടിവളർത്തി, ഇരുവശത്ത് നിന്ന് വകുപ്പെടുക്കാതെ, ചെവിവശത്ത് നിന്ന് കുറച്ച് പിരിച്ച്, എൺപതുകളിലെ സിനിമാനായികമാരെ അനുസ്മരിപ്പിച്ചു നടക്കുന്നു.


പത്ത്പതിനാറുകൊല്ലം ആണിനെപോലെ നടന്നതിനാൽ അന്നനടമാത്രം ചിലപ്പോ പരാജയപ്പെടും. ഒളികണ്ണ്നോട്ടം, നാണച്ചിരി എന്നിവ മീരയിൽ നിന്ന് പകർന്ന് കിട്ടി.


ഇന്നലെ ബസ്സ്റ്റോപ്പിലേക്ക് പോയപ്പോൾ മീരയ്ക്ക് കിട്ടിയ സഞ്ചിമൃഗത്തിന്റെ (കണ്ടക്ടർ) നോട്ടമാണ് തർക്കത്തിന് കാരണം.

എന്നാൽ നീണ്ട് മെലിഞ്ഞ ജുബ്ബ വേഷധാരിയായ യുവാവ് ഇടവിട്ട ദിവസങ്ങളിൽ ബസ്റ്റോപ്പിൽ പ്രത്യക്ഷപ്പെടാറുണ്ട്. പിന്നീടാണ് മനസ്സിലാക്കിയത് അടുത്ത ടൂട്ടോറിയൽ കോളേജിലെ ഇംഗ്ലീഷ് സാഹിത്യ അധ്യാപകനാണെന്നത്. ചുള്ളിക്കാട് എന്നാണ് പിള്ളേര് ഇരട്ടപ്പേരിട്ട് വിളിക്കുന്നത്. ഷേക്ക്സ്പിയർനാടക ഡയലോഗ് ക്ലാസ്സിൽ ഇംഗ്ലീഷ് ഉച്ചാരണത്തിൽ ശബ്ദമികവോടെ അവതരിപ്പിച്ച് എല്ലാവരേയും കയ്യിലെടുത്ത ആളാണ്.

അയാളുടെ നോട്ടം മീനയ്ക്ക് അസ്വസ്ഥതയുണ്ടാക്കി എന്നത് ചെറിയകാര്യമല്ല. പക്ഷെ മീരയ്ക്ക് അത്ര പോര. അയാൾ സിഗററ്റ് വലിക്കുന്നത്, മുറുക്കാൻ ചവച്ചു തുപ്പുന്നത്, ഒക്കെ കണ്ടിട്ടുള്ളതിനാൽ, മദ്യപാനവും കാണും എന്നാണ് കരുതുന്നത്.


 ഊരുംപേരും അറിയാത്ത ആളുമായി എന്തോ ഒന്ന് കൊളുത്തിവലിക്കുന്നതായി മീന പറയുമ്പോൾ, മീരയ്ക്ക് ചിരിവരും, ങ്ഹും ഇത്രയുംനാൾ ആൺമനവുമായി നടന്നവൾ എത്ര പെട്ടെന്നാണ് മാറിയത്. എതിർലിംഗ താല്പര്യമില്ലാ എന്നായിരുന്നു സ്ഥിരംമൊഴി. എന്നാലിന്ന് ഭാവത്തിലും നടപ്പിലും സുന്ദരിയായ യുവതി തന്നെ. മറ്റുള്ളവർ നോക്കുന്നത് ഇന്ന് ആസ്വാദ്യമായ കാര്യവും, "ദേശാടനകിളികൾ കരയാറില്ല" എന്നാണ് കാമ്പസിലുള്ളവർ ഇവരെ കളിയാക്കുന്നത്. എന്നാൽ അത്തരം ഗൗരവമായ ബന്ധങ്ങൾ അവർക്കിടയിലില്ല.

ഒരുദിവസം കുറഞ്ഞത് പത്ത് തവണയെങ്കിലും വഴക്കിടും. എന്നാലതെല്ലാം നിമിഷങ്ങൾക്കകം തീരും. പക്ഷെ കുറച്ച് നാളുകളായി, താടിയുള്ള ജുബ്ബക്കാരനെ പറ്റിയാണ് തർക്കം, മീരയ്ക്ക് വഷളനും മീനയ്ക്ക് പ്രാണനാഥനും,

മീര തരം കിട്ടുമ്പോഴെല്ലാം പ്രശസ്ത കാഥികൻ പ്രഫ.വി. സാംബശിവന്റെ കഥാപ്രസംഗത്തിലെ പാട്ട്പാടി കളിയാക്കും, "പേര്പോലും അറിയില്ല, ദാ കിടക്കണ് കട്ടിലിൽ ചാഞ്ഞും കമിഴ്ന്നും"

“എന്നാത്മ നായകൻ ഇന്ന് രാവിലെ ബസ്റ്റോപ്പിൽ വരും. എന്ത് നല്കും.. എന്ത് വിളിക്കും...” “നീ ....യിരേ" എന്ന് വിളി.

മീനയ്ക്ക് ദേഷ്യംകേറി 

“നീ എന്താ പറഞ്ഞത്... ഉം... എനിക്ക് മനസ്സിലാവില്ലാ എന്ന് കരുതിയോ”?

“അല്ലടി ഉയിരേ! എന്നാണ് നിൻറ വൃത്തികെട്ട ആൺ മനസ്സാണ് അങ്ങനെ ചിന്തിപ്പിക്കുന്നത്.

അടുത്ത വഴക്കിനുള്ള കാരണം കിട്ടി..

എന്നാൽ ഇന്നത്തെ അവധി കുളമാകാതെ ആഘോഷിക്കണം എന്ന ചിന്ത.

"നീ വേഗം റെഡിയാവൂ മീന" മീര എന്തോ ആലേചനയിൽ മുഴുകി.

മീന ദുർദൂരപത്രാദി കേരതൈലം ഉള്ളംകൈയിലെടുത്ത്, നെറുകയിലൊഴിച്ച് മുടിയിഴകളെ തഴുകാൻ തുടങ്ങിയപ്പോൾ അവിടമാകെ പ്രത്യേക സുഗന്ധം നിറഞ്ഞു.

മീര പറഞ്ഞു. “പെണ്ണേ ഇങ്ങനെ ഒടക്കറുത്താ ഉള്ളമുടികൂടി പോകും, ഞാൻ ശരിയായി പുരട്ടിതരാം ഇങ്ങ് വാ, ഈ പടിയിലിരിക്ക്”

മീരയുടെ നീണ്ട വിരലുകൾ അവളുടെ തലയിലൂടെ പതുക്കെ തലോടികൊണ്ടിരുന്നപ്പോൾ മീനയുടെകണ്ണുകളടഞ്ഞു വന്നു,

കഴുത്തിൽ മീരയുടെ ശ്വാസം പതിച്ചപ്പോൾ “എടീഎനിക്ക്സഹിക്കാനാവുന്നില്ല!” എന്ന് പറഞ്ഞ്, മീന എഴുനേൽക്കാൻ ശ്രമിച്ചു.

എന്നാൽ മീര ശാസിച്ചിരുത്തി “എടി മൊട്ടച്ചിയായ നിന്നെ കാതുകുത്തി ഈ കോലത്തിലെത്തിച്ചത് ഞാനാ.

എന്റെ ആഗ്രഹമാണ് നിന്നിൽ നീണ്ട് നിവർന്ന് വളർന്ന് കിടക്കുന്നത്”.

മീര മീനയെ മുറുകെ പുണർന്നു, എന്നിട്ട് പറഞ്ഞു

“നീ ആൺകുട്ടിയല്ല നീ എല്ലാ അർത്ഥത്തിലും പെണ്ണായിമാറിക്കഴിഞ്ഞു”,

"ഇനി അയാളെ കാണുമ്പോ ചിരിക്കൂ. പേര് ചോദിക്കൂ,"

എന്നാൽ മറുപടി പറയാതെ മീരയുടെ വായ് മീന ചുണ്ടുകൊണ്ട് പൊത്തി പിടിച്ചു.


പാർത്ഥൻ രവി






No comments: