Prof. V T Rema :: കേരളം ഓണത്തെ വരവേല്ക്കുമ്പോൾ

Views:

കേരളം ഓണത്തെ വരവേൽക്കുമ്പോൾ സങ്കടക്കണ്ണീരോടെ മാവേലിയെ വരവേൽക്കാൻ പരുങ്ങുകയാണ് കെഎസ്ആർടിസി ജീവനക്കാരന്റെ കുടുംബം .സർക്കാർ വാഹനങ്ങളിൽ ഓണത്തിന്റെ
യാത്ര ചെയ്യുമ്പോൾ വാഹനത്തിൻറെ ഗതി നിയന്ത്രിച്ച് യാത്രക്കാരനെ കടകളിൽ എത്തിക്കുന്ന കെഎസ്ആർടിസി ഡ്രൈവറും അവന്റെ കുടുംബവും കണ്ണീർ മങ്ങലിലാണ് കടയിലേക്ക് നോക്കുന്നത്.കേരളത്തിന് ചാലകത നൽകുമ്പോൾ സ്വന്തം സ്വപ്നങ്ങൾ കരിയുന്ന അവസ്ഥയിലാണ് കെ എസ് ആർ ടി സി ജീവനക്കാർ . കാശുള്ളവന്റെ മുന്നിൽ മദ്യചഷകങ്ങൾ നിറച്ചുവയ്ക്കാൻ സർക്കാറിന് ധൃതിയാണ് സാധാരണക്കാരന്റെ സ്വപ്നം വിറ്റു കാശാക്കാൻ ലോട്ടറി നടത്തുന്ന കേരള സർക്കാർ അധ്വാനിക്കുന്ന കെഎസ്ആർടിസി കാർക്ക് മണ്ണപ്പംനൽകാനാണ് ശ്രമിക്കുന്നത്. കോരന്റെ കഞ്ഞി കുമ്പിളിൽ തന്നെ !

ഒന്നാന്തരം വണ്ടികൾ കട്ടപ്പുറത്ത് കയറ്റിയിട്ട് തുരുമ്പ് പിടിക്കുമ്പോൾ കടം വാങ്ങി കമ്മീഷൻ പറ്റി പുതിയ വാഹനങ്ങൾ വാങ്ങി കൂട്ടുകയും കെടു കാര്യസ്ഥതയിലൂടെ കേരളത്തിൻറെ കടക്കെണി പല മടങ്ങ് പെരുക്കുകയും ചെയ്യുന്ന സർക്കാർ ഇടതു ആദർശത്തെ തന്നെ ചവിട്ടി മൂടുകയാണ് എന്നതാണ് കേരളത്തിൻറെ തിരിച്ചറിവ് .

വിഴിഞ്ഞം സമരത്തിൽ
സമയോചിതമായി ഇടപെടാൻ മടിച്ച മുഖ്യമന്ത്രിയും കൂട്ടരും സ്വന്തം ചികിത്സയ്ക്ക്, സ്വന്തം വളർച്ചയ്ക്ക്,അഴിമതിക്ക്, സ്വജന പക്ഷപാതത്തിന്, സ്വന്തക്കാരെ ജോലിയിൽ തിരുകി കയറ്റുന്നതിന്, സ്തുതി പാഠകരെ കൂടെ നിർത്തുന്നതിന് ഒക്കെ സമയവും സമ്പത്തും വഴികളും കണ്ടെത്തുമ്പോൾ പണിയെടുത്ത് നടുവൊടിഞ്ഞ യഥാർത്ഥ തൊഴിലാളിക്ക് ഓണം പോട്ടെ ഒരുനേരത്തെ കഞ്ഞിക്ക് അർഹതപ്പെട്ട ശമ്പളം പോലും കൊടുക്കാൻ അറയ്ക്കുന്നത് ഇടതുപക്ഷ ക്രൂരതയുടെ പുതിയ അധ്യായമാണ്.
"അവശന്മാരാർത്തന്മാർ ആലംബഹീനന്മാർ,
അവരുടെ സങ്കടമാരറിയാൻ ... .?.!!"
എന്ന് പണ്ടു കവി പാടിയതിൽ നിന്ന് ദശകങ്ങൾക്കു ശേഷവും കമ്യൂണിസ്റ്റ് ഭരണം ഒരടി മുന്നോട്ടു പോയിട്ടില്ല ... കഷ്ടം!
പാവപ്പെട്ടവന്റെനെഞ്ചത്ത് കുത്തുന്ന പന്തം കത്തിച്ച് കൊടിവിളക്കാക്കുന്ന നിന്ദ്യതേ,
നിന്റെ പേരോ കമ്യൂണിസം?

--- പ്രൊഫ.വി.ടി. രമ



No comments: