Dr Lekshmi Vijayan V T :: വരു, പരമ വെഭവത്തിലേക്ക് മുന്നേറാം

Views:

ഈ ആഗസ്ത് 15ന് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യത്തിൻറെ അമൃതമഹോത്സവത്തിന് നേരത്തേതന്നെ ആരംഭം കുറിച്ചുകഴിഞ്ഞു; അത് വർഷം മുഴുവനും തുടരുകയും ചെയ്യും. ഇപ്പോൾ നമുക്കുമുന്നിൽ പ്രശ്നങ്ങളൊന്നും ബാക്കിയില്ല എന്നല്ല, പഴയ വിഷയങ്ങളിൽച്ചിലതൊക്കെ
പരിഹരിക്കപ്പെട്ടിട്ടുണ്ട്, മറ്റുപലതും ഇനിയും ബാക്കിയാണ്; പുതിയ ചില പ്രശ്നങ്ങൾ വന്നുചേർന്നിട്ടുമുണ്ട്. ഇവയൊക്കെയിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഈ സന്തോഷം തികച്ചും സ്വാഭാവികമാണ്. നമ്മുടെ രാജ്യത്തിന്റെ വിശാലഭൂവിഭാഗത്തിൽ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ഭരണം നടത്താനും, നിയമങ്ങൾ സ്ഥാപിക്കാനുമുള്ള അധികാരം ലഭിച്ചത് നൂറുകണക്കിന് വർഷങ്ങൾക്കുശേഷം 1947 ആഗസ്ത് 15നാണ്. സ്വാത്രന്ത്ര്യലബ്ധിയ്ക്കായി ഭാരതീയർ നടത്തിയ ദീർഘസമരങ്ങൾ അടിമത്തത്തിൻറെ കാലദൈർഘ്യത്തോളം തന്നെ നീളമേറിയതും കഠിനവുമായിരുന്നു.

വൈദേശിക ഭരണത്തിനെതിരെയുള്ള ഭാരതീയ ജനതയുടെ ഈ സമരങ്ങൾ ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ എല്ലായിടത്തും വ്യാപിച്ചിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഈ സംഘർഷത്തിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയിട്ടുമുണ്ട്. സ്വാതന്ത്ര്യലബ്ധിയുടെ പാതയിൽ തടസ്സങ്ങളുയർത്തിയ പ്രശ്നങ്ങൾക്കെതിരെ സമൂഹത്തിൽ ജാഗ്രതയുണ്ടായി. അതേപോലെത്തന്നെ സ്വാതന്ത്ര്യത്തിനായി ആയുധമെടുത്തും നിരായുധരായുമുള്ള പ്രതികരണങ്ങൾക്കൊപ്പംതന്നെ പുതുമയുടെയും സമൂഹജാഗ്രതയുടെയും പ്രവർത്തനങ്ങളെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മുന്നേറുകയും ചെയ്തു.

ഈ ശ്രമങ്ങളെല്ലാം തരണം ചെയ്ത്, നമ്മുടെ മനസ്സിനും താല്പര്യങ്ങൾക്കുമനുസരിച്ച്, നമ്മുടെജനതതന്നെ ഭാരതം ഭരിക്കുന്ന സ്ഥിതിയിലേക്കെത്തിച്ചേർന്നത് 1947 ആഗസ്ത് 15 നാണ്. ബ്രിട്ടീഷ് ഭരണാധികാരികൾക്ക് വിടചൊല്ലിക്കൊണ്ട് നാം, നമ്മുടെ നാട്ടിന്റെ ഭരണചക്രത്തിന്റെ കടിഞ്ഞാൺ കൈകളിലേന്തി.

അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ നമ്മളിലുള്ള ഉത്സാഹവും, രാജ്യത്തിലാകമാനമുള്ള ഉത്സവാന്തരീക്ഷവും തികച്ചും സ്വാഭാവികവും ഉചിതവുമാണ്. ദീർഘകാലം നീണ്ടുനിന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ത്യാഗപൂർണ്ണമായ പരിശ്രമങ്ങളാൽ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന വീരരേയും, തങ്ങളുടെ സർവ്വസ്വവും ഹോമിച്ച് ചിരിച്ചുകൊണ്ട് പ്രാണൻ പോലും സമർപ്പിക്കുകയും ചെയ്തവരെയും (നമ്മുടെ വിശാല രാജ്യത്തിന്റെ ഓരോരോ കോണിലും പരാക്രമം പ്രദർശിപ്പിച്ച വീരന്മാരുണ്ട്) തിരഞ്ഞ് കണ്ടെത്തി, അവരുടെ ത്യാഗത്തിന്റെയും ബലിദാനത്തിന്റെയും കഥകൾ സമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. മാതൃഭൂമിയോടും രാഷ്ട്രബന്ധുക്കളോടുമുള്ള അവരുടെ ആത്മബന്ധം, അവർക്കായി തങ്ങളുടെ സർവ്വസ്വവും ത്യജിക്കാനുള്ള അവരിലെ പ്രേരണ, അവരുടെ ത്യാഗപൂർണ്ണമായ ചരിത്രം എന്നിവ ആദർശരൂപത്തിൽ നാം സ്മരിക്കുകയും വരിക്കുകയും വേണം.

അതോടൊപ്പംതന്നെ ഈ അവസരത്തിൽ നമ്മുടെ ഉദ്ദേശം, സങ്കല്പം, കർത്തവ്യം എന്നിവ സ്മരിച്ചുകൊണ്ട് അവ പൂർത്തീകരിക്കുന്നതിനായി ഒരിക്കൽക്കൂടി ബദ്ധശ്രദ്ധരും സക്രിയരുമായി മാറേണ്ടതുണ്ട്. രാഷ്ട്രത്തിന് സ്വയംഭരണം എന്തിനാണ്? കേവല സ്വരാജ്യത്തിൽ നിന്ന് വീണ്ടും അന്യരാൽ ഭരണം നടത്തുന്ന സ്ഥിതിയിലേക്ക് എന്തുകൊണ്ട് മാറില്ല, ദേശത്തിനും ദേശവാസികൾക്കും എന്തൊക്കെ പ്രയോജനം കിട്ടാതിരിക്കില്ല? പക്ഷേ ഇതൊന്നും ഇനി നടക്കില്ലെന്ന് സംശയലേശമെന്യെ നമുക്കറിയാം. ആത്മപ്രഭാവം ഓരോ വ്യക്തിയുടെയും സമാജത്തിന്റെയും സ്വാഭാവികമായ താല്പര്യവും, സ്വാതന്ത്ര്യത്തിന്റെ പ്രേരണയുമാണ്. മനുഷ്യന് സ്വാതന്ത്ര്യത്തിൽ മാത്രമേ സുരാജ്യാനുഭവമുണ്ടാകയുള്ളൂ; മറിച്ചില്ല. ഓരോ രാഷ്ട്രത്തിന്റെ ഉദയവും വിശ്വജീവിതത്തിൽ സംഭാവനകൾ നൽകാനായിട്ടാണെന്ന് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിശ്വജീവിതത്തിന് തങ്ങളുടെ സംഭാവനകൾ നൽകുന്നതിനായി ഏതൊരു രാജ്യത്തിനും സ്വതന്ത്രയായിരിക്കേണ്ടതുണ്ട്. ലോകത്തിൽ, സ്വന്തം ജീവിതത്തിൽ, സ്വപ്രകാശത്തിലൂടെ ആ രാജ്യം ലോകത്തിന് സംഭാവന നൽകുന്നതിനായി പ്രവർത്തിക്കുന്നു. അതിനാൽ സംഭാവന നൽകുന്ന രാഷ്ട്രത്തിൻറെ സ്വാതന്ത്ര്യം അവയുടെ സംഭാവനയുടെ ആദ്യ ഉപാധിയാണ്.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജനങ്ങളെ ജാഗരൂകരാക്കി, സായുധമോ, നിരായുധമോ ആയ മാർഗ്ഗങ്ങളിലൂടെ സ്വാതന്ത്ര്യസമരത്തിൽ സക്രിയരാവുകയും, ഭാരതീയ സമൂഹത്തിൻറെ സ്വാതന്ത്ര്യപ്രാപ്തിക്ക് യോഗ്യമാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മഹാപുരുഷന്മാരെല്ലാംതന്നെ സ്വാതന്ത്യത്തിന്റെ പ്രയോജനം വ്യത്യസ്ത വാക്കുകളാൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വർഗ്ഗീയ രവീന്ദ്രനാഥ ടാഗോർ, അദ്ദേഹത്തിന്റെ പ്രസിദ്ധമായ, " ചിത്ത് ജേഥാ ഭയശൂന്യ ഉന്നത ജതോ ശിര" യെന്ന കവിതയിൽ ഭാരതത്തിൻറെ സ്വാതന്ത്ര്യാന്തരീക്ഷത്തിന്റെ ആവശ്യകതയെക്കുറിച്ച് വർണ്ണിച്ചിട്ടുണ്ട്. സ്വാതന്ത്ര്യവീര സവർക്കർ തന്റെ പ്രസിദ്ധമായ സ്വതന്ത്രതാദേവിയുടെ ആരതിയിൽ, സ്വതന്ത്രതാദേവിയുടെ ആഗമനത്തിൽ സ്വീയ ഭാവങ്ങളായ ഉത്തമതാ, ഉദാത്തത, ഉന്നതി എന്നിവ ഭാരതത്തിൽ സ്വയം പ്രകാശിതമാവും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വർഗ്ഗീയ മഹാത്മാ ഗാന്ധിജി തന്റെ ഹിന്ദ് സ്വരാജിൽ അദ്ദേഹത്തിന്റെ സങ്കല്പത്തിലെ സ്വതന്ത്ര ഭാരതത്തിന്റെ ചിത്രം നൽകിയിട്ടുണ്ട്. അതുപോലെ ഡോ. ബാബാ സാഹബ് അംബേദ്കറും രാജ്യത്തിന്റെ പാർലമെൻറിൽ ഭരണഘടന സമർപ്പിക്കുന്ന അവസരത്തിലെ രണ്ട് പ്രഭാഷണങ്ങളിൽ, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ സാഫല്യത്തിനായുള്ള നമ്മുടെ കർത്തവ്യങ്ങളെക്കുറിച്ചും അസന്ദിഗ്ധമായി എഴുതിയിട്ടുണ്ട്.

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഉത്സാഹവും ആനന്ദവും നിറഞ്ഞ ഈ പുണ്യസമയത്ത് ഹർഷോല്ലാസത്തോടെ വിഭിന്ന പദ്ധതികളെ പൂർത്തീകരിക്കുന്നതിനോടൊപ്പം നാം ആത്മവിചിന്തനം ചെയ്യേണ്ടത്, നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രയോജനം ഭാരതത്തിന്റെ ജീവിതത്തിൽ സ്വപ്രകാശനത്തിലൂടെയാകുമെങ്കിൽ ഭാരതത്തിന്റെ ആ സ്വത്വം(വ്യക്തിഗതമായത്) എന്താണ്? വിശ്വജീവനത്തിൽ ഭാരതത്തിന്റെ ആ സംഭാവന പ്രാവർത്തികമാക്കുന്നതിനായി നമുക്ക് ഭാരതത്തെ എത്തരത്തിലാണ് ശക്തിശാലിയാക്കേണ്ടത്? ഈ പ്രവർത്തനങ്ങളെ സഫലികരിക്കുന്നതിനായി നമ്മുടെ കർത്തവ്യമെന്താണ്? അത് നിർവ്വഹിക്കുന്നതിനായി സമൂഹത്തെ എങ്ങനെ തയ്യാറാക്കണം? 1947ൽ നമ്മൾ സ്വയം നമ്മുടെ പ്രാണപ്രിയ ഭാരതത്തിന്റെ യുഗാദർശത്തെയും, അതനുസരിച്ചുള്ള യുഗസ്വരൂപത്തെയും നിലനിർത്തുന്നതിന് വളരെ ശ്രമകരമായ സ്വാധീനം ചെലുത്തി; ആ പ്രവർത്തനം പൂർത്തീകരിക്കുന്നതിനനുസൃതമായ ചിന്തയും ദിശാബോധവും സ്പഷ്ടമാകേണ്ടതുണ്ട്.


ഭാരതവർഷത്തിന്റെ സനാതനമായ കാഴ്ചപ്പാട്, ചിന്ത, സംസ്കൃതി എന്നിവയുടെയും തനത് ആചരണങ്ങളിലൂടെ നൽകുന്ന സന്ദേശത്തിൻറെയും വൈശിഷ്ട്യം, അവ പ്രത്യക്ഷാനുഭൂതവും വിജ്ഞാനസിദ്ധവും സത്യത്കേന്ദ്രീകൃതവും സമഗ്രവും ഏകാത്മവും സ്വാഭാവികവുമായി എല്ലായിടത്തും അന്തർഭവിക്കുന്നതാണ് എന്നതത്രെ. വിവിധതയെ വ്യത്യസ്തത എന്നല്ല, മറിച്ച് ഏകാത്മകതയുടെ സ്പഷ്ടീകരണമെന്നാണ് കണക്കാക്കേണ്ടത്. അവിടെ ഒന്നാകുന്നതിനായി ഒരേപോലെയാകേണ്ടതില്ല. എല്ലാത്തിനും ഒരേ നിറം നൽകുന്നതും, അവയെ സ്വന്തം വേരിൽ നിന്നും പറിച്ചുമാറ്റുന്നതും, കലഹവും വിഭാഗവും സൃഷ്ടിക്കും. സ്വയം സ്വന്തം വൈശിഷ്ട്യത്തിൽ ഉറച്ച് നിന്നുകൊണ്ട്, മറ്റുള്ളവരുടെ വൈശിഷ്ട്യത്തെ ആദരിച്ച് എല്ലാവരെയും ഒരേ നൂലിൽ കൂട്ടിച്ചേർത്ത് സംഘടിതമായ ഒരു സമൂഹമെന്നരീതിയിൽ ഉയർത്തേണ്ടതാണ്. ഭാരതമാതാവിനോടുള്ള ഭക്തിയാണ് പുത്രന്മാരായ നമ്മളെയെല്ലാം ഒന്നിപ്പിക്കുന്നത്. നമ്മുടെ സനാതനസംസ്കൃതി, നമുക്ക് സംസ്കാരപൂർണ്ണമായ സദ്ഭാവനയുടെയും, ആത്മാർപ്പണത്തോടെയുള്ള ആചരണങ്ങളുടെയും ബോധം നൽകുന്നു. ഒപ്പംതന്നെ മനസ്സിന്റെ പവിത്രത തൊട്ട് പരിസ്ഥിതിയുടെ വിശുദ്ധി വരെ വളർത്തി വർദ്ധിപ്പിക്കുന്നതിന്നുള്ള അറിവും ലഭിക്കുന്നു. പ്രാചീനകാലം തൊട്ട് നമ്മുടെ സ്മൃതിവീഥിയിലൂടെ സഞ്ചരിച്ച നമ്മെപ്പോലെ പരാക്രമശീലരായ നമ്മുടെ പൂർവ്വികരുടെ ആദർശബോധം നമുക്ക് എക്കാലവും മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ടേയിരിക്കുന്നു.

നമ്മുടെ സമാനമായ ഈ സമ്പത്ത് അതിൻറെ വൈശിഷ്ട്യത്തോടൊപ്പം സ്വന്തമാക്കുകയും, സങ്കുചിതമായ സ്വാർത്ഥതയും ഭേദഭാവങ്ങളും പൂർണ്ണമായും ത്യജിച്ച്, ദേശഹിതത്തെ നമ്മുടെ കർമ്മമണ്ഡലത്തിൻറെ ആധാരമാക്കാം. സമ്പൂർണ്ണ സമൂഹത്തെയും ഇത്തരത്തിൽ നിലനിർത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്; സമൂഹത്തിൻറെ സ്വാഭാവിക അവസ്ഥയും!

കാലാകാലമായി നമ്മുടെ സമൂഹത്തിൽ കടന്നുവന്ന് അതിനെ കാർന്നു തിന്നുന്ന ഒരുപാട് അപാകതകളുണ്ട്. ജാതി,ഭാഷ,ദേശം,കാഴ്ചപ്പാട് തുടങ്ങിയവയിലെ വ്യത്യസ്തത,ധനമോഹവും ലൗകികതയും ഉണ്ടാക്കുന്ന ക്ഷുദ്രസ്വാർത്ഥത തുടങ്ങിയ തിന്മകളെ മനോവാക് കർമ്മങ്ങളിൽ നിന്ന് സമ്പൂർണ്ണമായും ഉച്ചാടനം ചെയ്യാൻ, പ്രബോധനത്തോടൊപ്പം തന്നെ സ്വയം പ്രവർത്തിച്ച് മാതൃകയാകേണ്ടിവരും. സമതായുക്തവും ചൂഷണരഹിതവുമായ സമൂഹത്തിനുമാത്രമേ സ്വാതന്ത്ര്യസംരക്ഷണം സാധ്യമാകൂ.

സമൂഹത്തെ ഭ്രമിപ്പിച്ചോ, പ്രകോപിപ്പിച്ചോ, കലഹിപ്പിച്ചോ സ്വന്തം കാര്യം നേടാൻ ആഗ്രഹിക്കുന്നവരും,സ്വന്തം ദ്വേഷാഗ്നിയെ തണുപ്പിക്കാനാഗ്രഹിക്കുന്ന ഗൂഢാലോചനാവിഭാഗങ്ങളും രാഷ്ട്രത്തിനകത്തും, പുറത്തും സജീവമാണ്. അവർക്ക് ഒരവസരവും നൽകാത്ത ജാഗ്രത്തും സുസംഘടിതവും സമർത്ഥവുമായ സമൂഹമാണ് സ്വസ്ഥസമൂഹം. അന്യോന്യം സദ്ഭാവനയോടൊപ്പം തന്നെ സമൂഹത്തിൽ നിരന്തരം പരസ്പര സമ്പർക്കവും സംവാദവും വീണ്ടും സ്ഥാപിക്കപ്പെടേണ്ടതാണ്.

സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിൽ ജനങ്ങൾക്ക് സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുത്തയക്കേണ്ടതുണ്ട്. രാഷ്ട്രത്തിൻറെ പൂർണ്ണഹിതം, സ്ഥാനാർത്ഥികളുടെ യോഗ്യത രാഷ്ട്രീയകക്ഷികളുടെ വിചാരധാരകളെ സമന്വയിപ്പിക്കാനുള്ള വകതിരിവ്, നിയമ-ഭരണഘടനാ-പൗരധർമ്മങ്ങളുടെ അവശ്യജ്ഞാനം, അവ പ്രതിബദ്ധതയോടെ പാലിക്കുന്ന സ്വഭാവം എന്നിവ ജനാധിപത്യ വിജയത്തിന് അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയപരിമിതികളോടെയുള്ള ജനാധിപത്യത്തിൽ വരുന്ന തളർച്ചകൾ നമ്മുടെ മുന്നിൽ കാണാനുണ്ട്. പരസ്പരവിവാദങ്ങളിൽ സ്വന്തം വീരത തെളിയിക്കാൻ ഉപയോഗിക്കുന്ന വാക്കുകളിലെ സംയമനമില്ലായ്മയും (ഇവയിൽ പലതും മാധ്യമങ്ങളിൽ മാന്യതയുള്ളതാണ്)ഇതിനുകാരണമാണ്.
നേതാക്കൾക്കൊപ്പം നമ്മളും ഇത്തരം രീതികളിൽ നിന്നും അകന്നുനിന്നു പൗരധർമ്മത്തെയും ഭരണഘടനയെയും നിയമത്തെയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അന്തരീക്ഷം സംജാതമാക്കുകയും വേണം. 

വ്യക്തിയെയും സമൂഹത്തെയും ഇത്തരത്തിൽ യോഗ്യമാക്കാതെ ഒരു തരത്തിലുള്ള പരിവർത്തനവും ലോകത്തെവിടെയും വന്നിട്ടില്ല പേരെടുത്തിട്ടുമില്ല. വ്യക്ത്യധിഷ്ഠിതമായി നമ്മുടെ സ്വതന്ത്ര രാഷ്ട്രത്തിൻറെ കാലാനുസൃതമായ ഭരണ വ്യവസ്ഥയും നടപ്പുഭരണത്തിന്റെ നല്ല വശങ്ങളും ദേശാനുകൂലമാക്കി സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിന് സമൂഹത്തിൽ വ്യക്തിത്വത്തെ കുറിച്ചുള്ള തിരിച്ചറിവും വിശുദ്ധമായ ദേശഭക്തിയും വ്യക്തിപരവും ദേശീയവുമായ അച്ചടക്കവും ഏകാത്മകതയുടെ ചതുരംഗ സാമർത്ഥ്യവും വേണം. അപ്പോഴാണ് ഭൗതിക ജ്ഞാനവും കൗശലവും ഗുണവും ഭരണത്തിൻറെ ആനുകൂല്യവും യഥാർത്ഥത്തിൽ സഹായകമാകുന്നത്.

നിരന്തരമായ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഒരവസ്ഥയുടെ ആഘോഷമാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം. കഴിയുന്നത്ര ത്യാഗത്തിലൂടെയും, കർമ്മത്തിലൂടെയും അതിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ച്, തനത് കാലാനുസൃത ഭരണ വ്യവസ്ഥകൾ നിർമ്മിച്ച് ഭാരതത്തെ പരമ വൈഭവത്തിന്റെ ധന്യതയിൽ എത്തിക്കാനുണ്ട്. വരൂ, ആ തപോപഥത്തിലൂടെ ഹർഷോല്ലാസത്തോടെ സംഘടിതവും സ്പഷ്ടവുമായ ദൃഢഭാവത്തോടെ നമുക്കു മുന്നേറാം.

--- ഡോ. മോഹൻറാവ് ഭാഗവത്
സർസംഘചാലക്
രാഷ്ട്രീയ സ്വയംസേവക സംഘം



No comments: