Smitha R Nair :: ഓണ നിലാവ്

Views:

 /


ഒത്തിരി നാളായി ആഗ്രഹിച്ച ഒരു യാത്ര....
നാളെ അതു സഫലമാവുകയാണ്..

ശിവരഞ്ജൻ എന്തെന്നില്ലാത്ത ആഹ്ലാദത്തിമിർപ്പിലാണ്....

എത്ര നാൾ കൂടിയാണ് അച്ഛൻ തന്നെ ഒന്ന് വിളിച്ചത്....
മഹേഷിന്റെ ഫോണിൽക്കൂടി അച്ഛന്റെ പതിഞ്ഞ സംസാരം...

"ശിവാ.... മോനെ നീ ഇവിടെ വരെയൊന്നു വരണം.. ഇത്രയും കാലമായി അച്ഛൻ നിന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല..

നിന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ എന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.. പക്ഷേ എന്റെ ജീവിതത്തിന്റെ അവസാനസമയത്ത് എന്റെ ചന്ദ്രിക അടുത്തുണ്ടാവണം...

അതെന്റെ ഒരാഗ്രഹമാണ്. നിന്റെ അമ്മയ്ക്കും, ഭാര്യയ്ക്കും സമ്മതമെങ്കിൽ മാത്രം എന്നെ കൂട്ടുക.."

എത്രയോ കാലമായി കേൾക്കാൻ കൊതിച്ച കാര്യം....
ഉള്ളിലുണ്ടായിരുന്ന വിഷമമൊക്കെ എത്ര പെട്ടെന്നാണ് അലിഞ്ഞു തീർന്നത്....
എന്തെല്ലാം ആഗ്രഹങ്ങളെയാണ് ഇത്രയും കാലത്തിനിടയ്ക്ക് താൻ മനസ്സിൽ കുഴിച്ചു മൂടിയത്.......

വർഷങ്ങൾക്കു മുൻപ് തന്നെയും, അമ്മയെയും ഉപേക്ഷിച്ച് അച്ഛൻ കിഴക്കൻ മല കയറിയപ്പോൾ അമ്മമ്മ ഒരു നെടുംതൂണായി ഒപ്പം തന്നെ നിന്നു....
ചന്ദ്രികമ്മ എന്ന തന്റെ അമ്മയ്ക്ക് അമ്മാവനും, അമ്മയും പറയുന്നതിനപ്പുറം ഒരു വാക്കുണ്ടായിരുന്നില്ല....
അമ്മാവനോടുള്ള വാക്കുതർക്കത്തിന്റെ അവസാനം അച്ഛൻ ഇറങ്ങിപ്പോവുകയായിരുന്നു...
അമ്മയുടെ കണ്ണീർ വിലപ്പോയില്ല..

"എങ്ങോട്ടാണെന്ന് ഒന്ന് പറയൂ... ശിവനും, ഞാനും കൂടി വരാം...അമ്മാമ അന്നേരത്തെ ദേഷ്യത്തിന് വല്ലതും പറഞ്ഞെന്ന് കരുതി.....
ക്ഷമിച്ചൂടെ??"

"ദത്ത് നിൽക്കുന്ന മരുമകന് ആത്മാഭിമാനം പാടില്ലെന്നുണ്ടോ .?
നിങ്ങൾ ഇവിടെ നിന്നോളൂ...
ഞാൻ പോവുകയാണ്... എനിക്കും അച്ഛനുമമ്മയും മാത്രമേ പോയുള്ളൂ..
ഏട്ടനൊരാളുണ്ട്, അവിടെ കുറച്ചു മണ്ണും. ഞാനങ്ങോട്ടു പോകുന്നു.. നമ്മുടെ മോന് അവന്റെ അച്ഛനെ എന്നെങ്കിലും കാണണമെന്ന് തോന്നിയാൽ എന്നെ തിരക്കി വന്നേക്കൂ.. ശാന്തിഗ്രാമിൽ.... "

ശിവന്റെ കൈ വിടുവിച്ച് അയാൾ നടന്നകന്നു.  

"ചന്ദ്രേട്ടാ..."
അമ്മ വിതുമ്പി..

"കേറിപ്പോടീ അകത്ത്... പോണോരു പോട്ടെ.."
അമ്മാമ മുരണ്ടു...

കൗസല്യാമ്മ ഒരു പുച്ഛച്ചിരി ചിരിച്ചു..
"പോയ പോലിങ്ങ് വരും നോക്കിക്കോ...'

അമ്മ സാരിത്തുമ്പു കൊണ്ട് വാപൊത്തി അകത്തേക്കോടി...
അന്ന് അച്ഛന്റെ കൈവിരലിൽ തൂങ്ങി കരഞ്ഞ എട്ടു വയസ്സുകാരനിൽ നിന്ന് ബഹുദൂരം മുന്നേറിയിരിക്കുന്നു......

അച്ഛന്റെ അതേ രൂപസാദൃശ്യവുമായാണ്
ശിവരഞ്ജൻ വളർന്നു വന്നത്....
അച്ഛന്റെ ആവശ്യം വന്നപ്പോഴൊക്കെ ഉള്ളിലേറെ കരഞ്ഞും, പുറമേക്ക് പുഞ്ചിരിച്ചും അമ്മയും മോനും ജീവിച്ചു..
അധികാര ഗർവ്വ് കാട്ടിയിരുന്ന അമ്മാമനും, അമ്മമ്മയും ഒടുവിൽ വരെയും അതു തുടർന്നു പോന്നു .

 "ചൊട്ടയിലെ ശീലം ചുടല വരെ " എന്നല്ലേ.

രണ്ടു പേരും മണ്മറഞ്ഞു പോയെങ്കിലും ആ വീട്ടിലേക്ക് വരാൻ അച്ഛൻ തയ്യാറായില്ല...
പിന്നെ പിന്നെ അമ്മയും നിസ്സംഗതയുടെ മൂടുപടത്തിനുള്ളിൽ മറഞ്ഞിരുന്നു...

വല്യച്ഛന്റെ വീട്ടുകാർ മാത്രം ഫോൺ കോളിലൂടെ വിവരം അറിയിച്ചു..

മഹേഷും, മഞ്ജുവുമായി വല്യച്ഛൻ ഇടയ്ക്കൊക്കെ
ഓണക്കാലത്ത് വന്നു പോയി...
പതിയെ പതിയെ അതും ചുരുങ്ങി...

ഇരുപത്തിയഞ്ചു വർഷം ഒരു വലിയ കാലയളവു തന്നെ..
അമ്മയോട് ചോദിച്ചപ്പോൾ.....
"എന്നെ ഇതു വരെ തിരിഞ്ഞു നോക്കാത്ത ആളെന്തിനാ ഇപ്പോൾ ഇങ്ങോട്ടു വരുന്നത്?
ജീവിക്കാൻ വേറെ നിർവാഹമില്ലായിരുന്നെങ്കിൽ ഇങ്ങനെ ഇട്ടിട്ടു പോകാൻ തോന്നുമായിരുന്നോ..
ആ.... താലി കെട്ടിയ ആളല്ലേ.... വരട്ടെ..
പറ്റും പോലെ ഞാൻ നോക്കാം."

രമ്യയ്ക്ക് പിന്നെ എതിർപ്പൊന്നും ഇല്ലായിരുന്നു...
ആവണിക്കുട്ടി ഈ വക സംഭാഷണങ്ങളൊക്കെ കേട്ട് മൂവരെയും മാറി മാറി നോക്കി...
"ആരൊക്കെയാണ് പോകുന്നത്?"
"ഞാൻ മാത്രം മതി "
ശിവരഞ്ജൻ തറപ്പിച്ചു പറഞ്ഞു.

വാഹനമോടിച്ച് അപരിചിതനെപ്പോലെ, പലരോടും വഴി ചോദിച്ച് വീടിനടുത്തുള്ള ടൗണിലെത്തിയപ്പോൾ മഹേഷ്‌ കാത്തു നിൽക്കുന്നുണ്ടായിരുന്നു...
അവന് വയസ്സ് മുപ്പത്തിയഞ്ച് കാണും..
പക്ഷേ കട്ടിക്കണ്ണടയും, ചെന്നിയിലേക്ക് ചിതറിക്കിടക്കുന്ന നരച്ച മുടിയിഴകളും കൊണ്ട് അതിലും പ്രായം തോന്നിച്ചു..
"ശിവാ..  "
ആ വിളിയിൽ എല്ലാമുണ്ടായിരുന്നു.
മഹേഷിന്റെ കൈയിൽ ഇടം കയ്യാൽ അമർത്തി പിടിച്ചു.
യാത്രയ്ക്കിടയിൽ അയാൾ സംസാരിച്ചു.
"കൊച്ചച്ഛന് തീരെ വയ്യാണ്ടായി...
ഞങ്ങളുടെ കൂടെ വന്നു താമസിയ്‌ക്കില്ല.
തന്നെ ഭക്ഷണം പാകം ചെയ്യും..
കഴിഞ്ഞ ദിവസം തോട്ടിൽ കുളിയ്ക്കുന്നതിനിടയിൽ ഒന്ന് വഴുതി വീണു. കുറെ നേരം അവിടെ കിടന്നു പോയി.. ഉണ്ണിക്കുട്ടനാണ് കണ്ടത്. കാൽ ഇടറിയിരുന്നു. ഞാനും കൂടി എടുത്തു കൊണ്ടു വന്നു. കുറച്ചു കഴിഞ്ഞു നീരു കെട്ടി. ഇപ്പോൾ വെച്ചു കെട്ടിയിരിയ്ക്കുന്നു, ഞങ്ങളുടെ കൂടെയുണ്ട്.. ഓണത്തിന് മുറ്റമൊക്കെയൊരുക്കുന്നത് നോക്കിയിരുന്നു. ആര്യയാ പറഞ്ഞത് കരയുവായിരുന്നെന്ന്.""
"ഉം.."
ശിവരഞ്ജൻ.മൂളി..
ഓർമ്മകൾ വന്നിട്ടുണ്ടാകും..
കായ വറുക്കാനും, മുറ്റമൊരുക്കാനുമൊക്കെ ആയ കാലത്ത് ഏറെ ഉത്സാഹമായിരുന്നല്ലോ. അതിരാവിലെകുളിച്ചു തന്നെ തോളിൽ കയറ്റി ഒരു പോക്കുണ്ടായിരുന്നു. രണ്ടു കാലും അച്ഛന്റെ കഴുത്തിൽ തൂക്കിയിട്ട് രാജകുമാരനെപ്പോലെ അന്ന് ക്ഷേത്രത്തിലേയ്ക്ക്. തിരിച്ചു പോരുമ്പോൾ ഓണപ്പൂക്കളമിടാൻ  ഇലക്കുമ്പിളിൽ പൂക്കൾ ഇറുത്തെടുക്കാനും,തന്റെ ഒപ്പം
ഉത്സാഹത്തോടെ നിന്നിരുന്ന അച്ഛൻ....

"പിടിവാശിയൊക്കെ അയഞ്ഞു..
ഒറ്റയ്ക്ക് ജീവിച്ചു മടുത്തിട്ടുണ്ടാകും..
നിങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചിട്ടുമുണ്ടാകും
പക്ഷേ... വിളിക്കാൻ ദുരഭിമാനം സമ്മതിച്ചില്ല..ഇപ്പോൾ എല്ലാ ഓർമ്മകളുടെയും തള്ളിക്കയറ്റം.. വെറുതെ ഇരിയ്ക്കുമ്പോൾ ആലോചിച്ചു കൂട്ടുന്നതാവും."
മഹേഷ്‌ പറഞ്ഞവസാനിപ്പിച്ചു..
വീട്ടിലേയ്ക്കുള്ള വഴിയിൽ റോഡിന്റെ ഇരുവശത്തും പേരറിയാപ്പൂക്കളും, ചെറിയ വൃക്ഷങ്ങളും നിന്നിരുന്നു...
ആ വൃക്ഷങ്ങളിൽ വയലറ്റ് പൂക്കൾ ചന്തം ചാർത്തിയിരുന്നു...
ചീവീടുകൾ ഉച്ച സമയത്തും ശബ്ദം മുഴക്കിക്കൊണ്ടിരുന്നു.
കുഞ്ഞുന്നാളിൽ അച്ഛനുമമ്മയ്ക്കുമൊപ്പം
വന്ന കാഴ്ചകളെ എന്നേ മറന്നിരുന്നു..
ഏറെ പഴക്കം തോന്നാത്ത ഒരു വീടിന്റെ
മൺ വഴിയിലേക്ക് വണ്ടി കിതച്ചു നിന്നു...
ഉമ്മറത്തു കുറെ ആളുകൾ...
വീട്ടുകാർ തന്നെ...
അച്ഛൻ എവിടെ.???
കേറി വാ മോനെ...
വല്യച്ഛൻ മുറ്റത്തേക്കിറങ്ങി..
നിരയൊത്ത വെയ്പ് പല്ലുകൾ കാട്ടിചിരിച്ചു..
പിന്നെ ചേർത്തു പിടിച്ചു...
മഹേഷിന്റെ ഭാര്യയും,കുട്ടികളും പിന്നെ പ്രായമായ ഒരമ്മ..
ആര്യയുടെ അമ്മയാവും.
അകത്തെ മുറിയിലേക്ക് ആനയിച്ചു...
അവിടെ മുറിയിലെ ലൈറ്റ് ഇട്ടിട്ടില്ല..
മഹേഷ്‌ ചാരിയിട്ടിരുന്ന വാതിൽ തുറന്നു..
കട്ടിലിൽ കിടന്നിരുന്ന രൂപം ആയാസപ്പെട്ടു ജനൽക്കമ്പിയുടെ ബലത്തിൽ എണീറ്റിരുന്നു..
"കേറി വാ... ഇരിക്ക്.."
ഭൂതകാലത്തു നിന്നെങ്ങോ മാറ്റൊലിക്കൊണ്ട പോലെ അച്ഛന്റെ ശബ്ദം..
അച്ഛൻ... തികട്ടി വന്ന കരച്ചിൽ വിഴുങ്ങി...
ആ മുഖത്തേക്ക് നോക്കി.
ഉറഞ്ഞു കൂടിയ വേദനകൾ...
ദൈന്യ ഭാവം മാത്രം.
ആ മുഖത്ത് കടലോളം വാത്സല്യം..
അവൻ ആ എട്ടു വയസ്സുകാരനായി...
അച്ഛന്റെ പഴയ ഗാംഭീര്യം ഇന്നെവിടെ??
"അച്ഛാ... എന്റച്ഛ.."
അടുത്തിരുന്നു കെട്ടി വെച്ച കാൽ പതിയെ നീക്കി അച്ഛനെ പുണർന്നു..
എത്ര നേരം അങ്ങനെ പരസ്പരം മറന്നിരുന്നുവോ..
എല്ലാവരും അവർക്കു ഇടമൊരുക്കി..
സംസാരിക്കാൻ ഒന്നുമില്ലാത്ത അവസ്ഥ...
ഇതു വരെ ഉണ്ടായിരുന്ന നിരാശ എത്ര പെട്ടെന്നാണ് പ്രത്യാശയ്ക്ക് വഴി മാറിയത്?
അച്ഛനുമൊന്നിച്ച് നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ  വർഷങ്ങൾക്കിപ്പുറം ഉള്ളു തുറന്നു ശിവൻ ചിരിച്ചു...ഒരു പാടു കാലങ്ങൾക്കു ശേഷം മലയിറങ്ങുന്ന അച്ഛൻ കാഴ്ചകൾ നിറഞ്ഞ മനസ്സോടെ നോക്കിക്കണ്ടു.
ഓണക്കാലത്തിന്റെ എല്ലാ സന്തോഷങ്ങളിലും അച്ഛൻ തനിക്കു ഒപ്പമുണ്ട് എന്നുള്ള തിരിച്ചറിവ്..
പിടയ്ക്കുന്ന ഹൃദയത്തോടെ ഒരമ്മ ആ വരവും കാത്ത് ഉമ്മറപ്പടിയിൽ നിൽപ്പുണ്ടായിരുന്നു."എന്തിനായിരുന്നു ഇതെല്ലാം? "
എന്നൊരു വാക്ക് മാത്രം ചോദിയ്ക്കണം.
മൃദുവായി ആ നരച്ച നെഞ്ചിൽ ഒരിടി കൊടുത്ത് ദുഖങ്ങളൊക്കെ ഒഴുക്കിക്കളയണം..
ഈ ഓണം ഒരുമിച്ച് മക്കളൊത്ത് ആഘോഷിക്കണം.
നിറ കണ്ണുകൾ തുടച്ച് ചന്ദ്രികാമ്മ വഴിയിലേക്ക് കണ്ണു പായിച്ചു...
അകലെ നിന്നൊഴുകി വരുന്ന ചെറിയ കാർ..ആയമ്മയുടെ മുഖത്ത് ഓണനിലാവ്
പരന്നു!!No comments: