Jayan Pothencode :: പുത്തനോണം

Views:
 
ഓണമിങ്ങോണമിങ്ങോണമെത്തി,
ഓണനിലാവും പറന്നിറങ്ങി
ഓർമ്മകൾ പേറുമെൻ ഹൃത്തടത്തിൽ
ഓർമ്മകൾക്കെന്തു സുഗന്ധമെന്നോ?
മാരികൾ മാറുന്ന കാലമല്ലേ ..!
മാവേലിമന്നാ നീ കാത്തിടേണേ
പുത്തനൊരോണം പിറന്നു വന്നു
പുതുമകൾ നിറയുന്നോരോണമായി ..
ഉള്ളം തുറന്നു ചിരിച്ചിടാനായ്
ഉള്ളിൽ കനിവോടെ വിളങ്ങിടു നീ :
തുമ്പികൾ പാറാതെ തുമ്പങ്ങൾ മാറാതെ
പുത്തനൊരോണം പിറന്നു വന്നു.
ഓർത്തുവയ്ക്കാനൊരു ഓണമെത്തി.
ഒന്നിച്ചുറങ്ങിയോർ നമ്മളല്ലോ?
ഒന്നായി നിന്നവർ നമ്മളല്ലോ!
ഒരുമയും പെരുമയും നൽകി നമ്മൾ
ഒരുമതൻ സ്നേഹം വിളമ്പി നമ്മൾ .
ചത്തവരെല്ലാം ചമഞ്ഞിടുന്നു.
ചന്തത്തിൽ കാര്യങ്ങൾ ചെയ്തിടുന്നു.
പുത്തനാം മോടികൾ കാട്ടിടുന്നു
പുതുമതൻ ഗന്ധം നുകർന്നിടുന്നു.
ഒന്നിച്ചുകൂടുന്നൊരോണങ്ങളില്ലാതെ
ഒപ്പിച്ചുകൂടുന്നൊരോണമായി.
പുത്തനൊരോണം പിറന്നു വന്നു
പുതുമകൾ നിറയുന്നൊ രോണമായി.
പൊള്ളത്തരം കാട്ടിയാടുന്നു മേനികൾ
തമ്മിലൊളിക്കുന്നു നന്മ ഭാവിക്കുന്നു.
പൊയ്മുഖ മണിയുന്നൊരായി നമ്മൾ
പാഴ്വാക്കിനുടമകളായി നമ്മൾ .
ഒരുമതൻ സ്വാദ് നുകർന്നിടാനായ് 
ഒരുമതൻ ഗാഥ നിറച്ചിടേണം.
ഉള്ളം തുറന്നു ചിരിച്ചിടാനായ്
ഉള്ളിൽ കനിവു നിറഞ്ഞിടേണം'
ഞങ്ങടെ ഓണമെന്നാരും പറയാതെ
നമ്മടെ ഓണമായ് കണ്ടിടേണം
തുമ്പികൾ പാറാതെ തുമ്പങ്ങൾ മാറാതെ
പുത്തനൊരോണം പിറന്നു വന്നു.
--- ജയൻ പോത്തൻകോട്



No comments: