Nithinkumar J :: അറിയാത്ത കഥകൾ

Views:
 


അറിയാത്ത കഥകൾ

നഗരത്തിന്റെ തിക്കിലും തിരക്കിലൂടെയും മാലിന്യങ്ങൾ നിറഞ്ഞ നഗരത്തിന്റെ ഇരുണ്ട മുഖത്തേക്ക് സിമി നടന്നു.

ഇരുണ്ടമുഖത്തേക്കുള്ള കാൽനടയിൽ തിരക്കുകൾ കുറഞ്ഞു തുടങ്ങി. സുമിക്ക് ഒറ്റ ആഗ്രഹം മാത്രമായിരുന്നു ബാക്കി. നിരവധി പ്രമുഖരെ, കല, കായികം, രാഷ്ട്രിയം, സിനിമ തുടങ്ങി സർവ മേഖലയിലുള്ളവരുമായും സിമി ഇന്റർവ്യൂ ചെയ്തിരുന്നു.

അങ്ങനെയിരിക്കെ സിമിയുടെ ചിന്തയിൽ മുളയിട്ടൊരു ആഗ്രഹമായിരുന്നു നഗരത്തെ ഒന്ന് പരിചയപ്പെടാനും തരപ്പെട്ടാൽ ഒരു ഇന്റർവ്യൂ ചെയ്യാനും. താൻ പരിചയപ്പെട്ട പ്രമുഖരെയെല്ലാം വളർത്തിയത് ഈ നഗരമാണ്. പക്ഷെ ഒരിക്കലും നഗരത്തെ അവരാരും ഓർത്തിരിന്നില്ല. ഒരിക്കൽ പോലും തങ്ങൾക്ക് നഗരം ചെയ്തു നൽകിയ ഒന്നിനെ പറ്റിയും പറഞ്ഞിട്ടില്ല.

ആരോടും പരിഭവമില്ലാത്ത നഗരത്തിന് പ്രശസ്തിയിലും തീരെ താല്പര്യമുണ്ടായിരുന്നില്ല. എന്നിരുന്നാലും ആദ്യമായി ഒരു ജേർണലിസ്റ്റ് നഗരത്തെ തൊട്ടറിയാനായി ഇത്രയും ദൂരം തേടി വന്നതോർക്കുമ്പോൾ തിരികെ സിമിയെ പറഞ്ഞ് വിടനായി തോന്നിയില്ല.

"ചോദിക്കു.. എന്താണ് നിനക്കറിയേണ്ടത്?"

ആദ്യമായിട്ടാണ് നഗരത്തിന്റെ കണ്ണുനീര് കണ്ട് ഒരാൾ നഗരത്തിന്റെ വൃകൃതമായ മുഖത്തേക്ക് കാർക്കിച്ച് തുപ്പാതെ, ദയനീയമായി നോക്കുന്നത്.

"നിന്റെ കഥയെനിക്ക് കേൾക്കണം.."
സിമി പറഞ്ഞു.

നഗരം നേരിയ പുഞ്ചിരി മുഖത്തായി പടർത്തി, കരഞ്ഞുകലങ്ങിയ കണ്ണുകളിൽ നേരിയ പ്രകാശം വിരിഞ്ഞു. സിമിയെ നഗരമൊന്ന് നോക്കി.

"എന്റേതായി ഒരുകഥയുമില്ല.... കഥകളെല്ലാം നിങ്ങളുടേതാണ്. എന്റെ മടിത്തട്ടിൽ, നെഞ്ചിൽ, എന്റെ മുഖത്ത്, കാൽപാദത്തിൽ, കരങ്ങളിൽ നിറയെ ജീവനുകൾ ജീവിക്കുന്നുണ്ട്. പക്ഷികൾ, മൃഗങ്ങൾ, മനുഷ്യർ, മറ്റ് അനേകലക്ഷം ജീവജാലങ്ങൾ എന്റെ തണലിൽ കഴിയുന്നു. അവരോരുത്തർക്കും ഓരോ കഥകൾ പറയാനുണ്ടാകും.. ശരിക്കും അതൊക്കെതന്നെയാണ് എന്റെയും കഥ. അതിൽ ഓരോ ജീവനും തന്റെ ജീവൻ നിലനിർത്താനായി പരിശ്രമങ്ങൾ നടത്തുന്നു. എന്റെ കാലും കയ്യും കുത്തിത്തൊണ്ടുമ്പോൾ നോവുമെങ്കിലും ഞാനതൊരിക്കലും ഗൗനിക്കാറില്ല. അവരുടെ ജീവിതം പച്ചപിടിപ്പിക്കാനല്ലേ....."
നഗരം നെഞ്ചിൽ കൈവെച്ച് പറഞ്ഞു.

"ഇവിടെ തന്നെ പലരും പലരുടെയും ജീവിതങ്ങൾ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞുകളയാറുണ്ട്."
നഗരം തന്റെ സംസാരം തുടർന്നു.

"ഇവിടെയാണ് ആരോ ഒരാൾ തന്റെ മത സ്നേഹം കാണിക്കാനായി ഒരു പൊട്ടിത്തെറിക്ക് കാരണമായത്."
സ്ഫോടനത്തിൽ വലതുകണ്ണ് നഷ്ടമായ നഗരം തന്റെ കണ്ണിൽ ചൂണ്ടി പറഞ്ഞു. 

പകുതി കാഴ്ച്ച നഷ്ടമായിട്ടും നഗരമാരോടും പരാതി പറഞ്ഞില്ല. അതിനെയും നഗരം അതിജീവിക്കുകയാണ് ചെയ്തത്, 

അതെ പാടുള്ളു. അവയൊന്നും നഗരത്തിന് വേണ്ടിയായിരുന്നില്ല. തന്നെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു വലിയ ജനതക്ക് വേണ്ടി.. ലക്ഷകണക്കിന്‌ പക്ഷികൾക്കും മൃഗങ്ങൾക്കും കോടികണക്കിന്‌ ചെറു ജീവനുകൾക്ക് വേണ്ടി..

"ഹർത്താലും മറ്റ് സമരങ്ങളും നഗരത്തിൽ തുടർച്ചയായി പൊട്ടി ചിതറിയപ്പോൾ നഷ്ടമായതെന്റെ ഇടതും വലതും കാലുകളായിരുന്നു.."
നഗരം തന്റെ വിങ്ങലുകൾ പറഞ്ഞ് നിർത്തി. 

കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ സുമിക്ക് കഴിഞ്ഞില്ല.
"ഞാൻ നാളെ വരാം.. കൂടുതലറിയാൻ "

സുമി ഒരു വികാരവും കൂടാതെ തിരിഞ്ഞു നടന്നു. 

നഗരം ചിന്തിച്ചിരിക്കും തന്റെ കഥയാവൾക്ക് ഒരു കോമാളിത്തരമായി തോന്നിയിരിക്കാമെന്ന്.

പക്ഷെ പിടയുന്ന ഹൃദയത്തെ മുറുകെ പിടിച്ച് വളരെ വേഗത്തിൽ നഗരത്തിന്റെ അതിർത്തി കടക്കാനായി ശ്രമിക്കുകയിരുന്നു സുമി. ഒന്നുറക്കെ കരയനായി.....
*****************--

നിഥിൻകുമാർ ജെ പത്തനാപുരം
7994766150
No comments: