Subhash R Krishna :: മഴ.......പൂമഴ

Views:

 


മഴ കനത്ത മാനം വിതുമ്പിടുമ്പോൾ
മഴച്ചാറലെന്നാർത്തു ചിരിക്കുവോരേ
മഴമേഘ ഹൃദയം നുറുങ്ങിയുയരും
മേഘവിസ്ഫോടനം ഭയമാകുവോരേ

മേഘം കരഞ്ഞു കലങ്ങിയുതിർക്കുന്ന
മോങ്ങലേ,യിടിയെന്നു ചൊല്ലി തളരുവോരേ
മൗനമൊരു വേള പൊട്ടിതെറിക്കുമ്പോൾ
മനസ്സിന്റെ കോണിൽ ചിരിപ്പവരേ 
നിങ്ങൾ
മഴതൻ ഗദ്ഗദം ഭൂമിയേറ്റീടുമ്പോൾ
മഴതൻ ശ്വാസമായ് കാറ്റലച്ചീടുമ്പോൾ
മഴയിനാശ്വാസമായ് കുളിർ പെയ്തിടുമ്പോൾ
മനസ്സാൽ  വെറുത്തിട്ടു,മരികെ വരില്ലേ!!

അന്തഃരംഗത്തിൻ നെരിപ്പോടിലെരിയുമാ
മൗന ദുഃഖങ്ങൾ ചാറി പടരുവതില്ലയോ!!!
കിഴക്കിന്റെ മാറ് കീറുമാ മിന്നലിനൊളിയിൽ
കാമിപ്പതില്ലേ നീ മഴയെന്ന പ്രണയവുമെന്നെയും

നീ തുടിക്കുമ്പോൾ നിൻ സിരകളിലൊഴുകും
നിറവാർന്ന സ്വപ്നവും പട്ടിണി സ്നേഹവും
നിറച്ചാർത്താക്കുവാനലയുമെൻ ചിന്തപോൽ
നീ കുത്തിത്തിമിർത്തു നൃത്തമാടീടുമ്പോൾ

അവനിയിൻ നൊമ്പരം വരുക്കളായൊഴുക്കി
ആഴയിൻ മാറത്തു തലതല്ലിയാർക്കുമ്പോൾ
ഏങ്ങിടു,മിടിയിലൊളിപ്പിക്കാറില്ലേ വിരഹമതു
എങ്ങോ മറഞ്ഞ,യർക്കന്റെ കാലിലായെന്നും

പുലരിക്കു പുതുമണം തൂകുവാനെത്തുന്ന
പൂന്തെന്നൽ പോലുള്ള നിൻ ചിരിയിലലിയാത്ത
പുലർക്കാല സ്വപ്നവും, തളിരിടും കുറിഞ്ഞിയും
പുഞ്ചിരിച്ചണയാത്ത മാനുഷ ഹൃദയങ്ങളുണ്ടോ!

സന്ധ്യയൊരു തംബുരുവായി ലാസ്യയായീടുമ്പോൾ
സിന്ദൂരം ചാർത്തിടും നിൻ കൺ വെളിച്ചങ്ങൾ
പാതിക്കു പാതിര കൺചിമ്മി തുറന്നെത്തുമ്പോൾ
പാദമറിയും വെള്ളി കൊലുസ്സായി മിന്നിത്തിളങ്ങും

പൂമഴേ നീയ്യെന്നെ പ്രണയിപ്പതല്ലേ നിൻ ചാറ്റലായ്
പൂമേനി പുൽകി തഴുകുവതല്ലേ നിൻ തിമിർക്കൽ
പുണരാനായിര,മാശയായ് കാത്തിരിപ്പിന്നു ഞാൻ
പിണങ്ങല്ലേ തേൻമഴേ വന്നൊന്നാശ്ലേഷിപ്പു മോദമേ

ഒരു കയ്യാലർക്കനെ മറച്ചിടാം നിനക്കു തിമിർക്കാൻ
ഒരു കരതലം കൊണ്ടുഴിയട്ടെ നിൻ തനുവിലൂടെന്നെ
വിയർത്തിടാം വെയിലിന്റെയാക്രമണത്തിലെത്രയോ
വിളറി, കരഞ്ഞ,ലയാം മേരുക്കളിലത്രയും നിനക്കായ്
വിണ്ടുകീറി രുധിരം വമിച്ച,ണുക്കൾ പിടക്കുന്ന മനസ്സിനു
വെറുമൊരു താങ്ങല്ല,വാനൊളി ചന്ദ്രിക തോറ്റിടും പുണ്യം
മഴ, പൂമഴ, തേൻമഴ, തുള്ളിക്കളിക്കുമവളെന്നരികിലായ്
മറയില്ലാ,തെന്നധരങ്ങള,മൃതാക്കിയന്തിക്കു കൂട്ടായിടും!

--- സുഭാഷ് ആർ കൃഷ്ണ



2 comments:

Unknown said...

മനോഹരം👏👏👏

Unknown said...

അതിമനോഹരം