Dr Lekshmi Vijayan :: ഭാവസാന്ദ്രമീ മഞ്ചാടി

Views:
 
ഭാവസാന്ദ്രമീ മഞ്ചാടി 
ഡോ. ലക്ഷ്മി വിജയന്‍ വി. ടി
 
 
ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം
 
സമൂഹത്തിന്‍റെ സ്പന്ദനങ്ങളെ തൊട്ടറിയുന്നവനാണ് കവി. കാല്പനികത വരികളില്‍ച്ചേര്‍ത്ത് വാസ്തവത്തെ സ്ഫുടം ചെയ്ത് വിശകലനം ചെയ്യുന്ന ക്രാന്തദര്‍ശിത്വം കവിക്ക് സ്വന്തം. 'കവി ക്രാന്തദര്‍ശി' എന്ന് മുന്നേ പറഞ്ഞുപോയ സംസ്‌കൃതജ്ഞര്‍ എത്ര നേരറിഞ്ഞവര്‍. കാവ്യസപര്യക്ക് മാറ്റേകുന്ന രചയിതാക്കള്‍ ആധുനിക കവികള്‍ക്കിടയില്‍ തുലോം തുച്ഛമാണ്. വാക്യത്തെ കവിതയെന്ന് സമര്‍ത്ഥിക്കാന്‍ വെമ്പുന്നവരും, കാഴ്ചകളെ നേര്‍ക്കാഴ്ചയായി പകര്‍ത്തുന്നവരും, സ്വയം കവികളെന്നവകാശപ്പെടുമ്പോള്‍, വിസ്മരിക്കപ്പെടുന്നത് ഭാവനാസമ്പന്നമായ മുന്‍തലമുറയാണ്. കാലം മാറ്റുന്ന കോലങ്ങള്‍ പേക്കൂത്തുകളാവാതിരിക്കട്ടെ എന്ന് മാത്രം ആശിക്കുന്നു.
 
അവിടെയാണ് വ്യത്യസ്തനായൊരു കവിയെ 'മഞ്ചാടി'യുടെ കര്‍ത്താവിനെ നമുക്ക് കാണാനാവുന്നത്. 'ഇതാ ഒരു കവി' എന്ന വിശേഷണം ഭംഗിയായി ചേരുന്ന വ്യക്തിയാണ് ശ്രീ. രജി ചന്ദ്രശേഖര്‍. വൃത്തത്തില്‍ കവിതകളെഴുതാന്‍ മടിക്കുന്ന, അറിയാത്ത ഒരു തലമുറയ്ക്കുമുന്നില്‍ തലയെടുപ്പോടെ കാകളി വൃത്തത്തിലെഴുതിയ 'മഞ്ചാടി'യുമായി നില്‍ക്കുകയാണ് അദ്ദേഹം. മനസ്സില്‍ വൃത്തവും താളവുമുണ്ടെങ്കിലേ അത് വരികളിലേക്ക് സന്നിവേശിപ്പിക്കപ്പെടൂ. അതുകൊണ്ടുതന്നെ വൃത്തനിബന്ധമായി 'മഞ്ചാടി'യെഴുതിയത് തീര്‍ത്തും ശ്ലാഘനീയമാണ്. ഈ കവിത ഹൃദയസ്പര്‍ശിയായത് ആത്മാവ് ചാലിച്ചെഴുതിയതുകൊണ്ടാണെന്ന് പറയാതിരിക്കാന്‍ വയ്യ. പ്രകൃതിയെയും സമൂഹത്തെയും സ്‌നേഹിക്കുകയും ആ സ്‌നേഹത്തിലൂടെ അവയെ തൊട്ടറിയുകയും ചെയ്യുമ്പോള്‍, തീര്‍ച്ചയായും അവയുടെ ആകുലതകളും വ്യാകുലതകളും, ആകാംക്ഷകളും പ്രതീക്ഷകളും, സ്‌നേഹവും മനസ്സും ഉള്‍ക്കൊള്ളാനാകും. അങ്ങിനെ ആ താളം ഹൃദയത്തിലേറ്റാനായ വ്യക്തിയാണ് ശ്രീ. രജി ചന്ദ്രശേഖര്‍. ആ നേരറിവിന്‍റെ പ്രതിഫലനം അദ്ദേഹത്തിന്‍റെ കവിതകളിലും കാണാം.
 
'മഞ്ചാടി' സമൂഹത്തില്‍ നടനമാടിക്കൊണ്ടിരിക്കുന്ന ഭീകരതയുടെ കാവ്യാത്മകതയാണ്. തുറന്ന കണ്ണോടെ കാഴ്ചകളെ വിശകലനം ചെയ്യുന്ന കവിയുടെ ഉള്ളുരുകുന്നത് ഈ കവിതയില്‍ നമുക്ക് കാണാം. കവിത തുടങ്ങുന്നതുതന്നെ മഞ്ചാടിയുടെ ചുവപ്പും ചോരയുടെ ചുവപ്പും പരാമര്‍ശിച്ചുകൊണ്ടാണ്. മഞ്ചാടിയുടെ നിഷ്‌കളങ്കതയും, ചോരയുടെ അനുഭവജ്ഞാനവും ഒരേ നിറത്തിന്‍റെ രണ്ട് മാനങ്ങളാണ് എന്നത് പ്രശംസനീയമായ കാഴ്ചപ്പാടിന്‍റെ വിലയിരുത്തലുകളാണ്. ബ്ലേക്കിന്‍റെ 'സോങ്‌സ് ഓഫ് ഇന്നസന്‍സും, സോങ്‌സ് ഓഫ് എക്‌സ്പീരിയന്‍സുമാണ്' ഈ തുലനം കാണുമ്പോള്‍ ഓര്‍മ്മയിലെത്തുന്നത്. 'സോങ്‌സ് ഓഫ് ഇന്നസന്‍സില്‍' ബ്ലേക്ക് വരച്ചുകാട്ടുന്നത് ആട്ടിന്‍കുട്ടിയുടെ നിഷ്‌കളങ്കതയാണെങ്കില്‍, 'സോങ്‌സ് ഓഫ് എക്‌സ്പീരിയന്‍സില്‍' അദ്ദേഹം പരാമര്‍ശിക്കുന്നത് കടുവയുടെ ഭീകരതയാണ്. മഞ്ചാടിയുടെ ചുവപ്പിന് നിഷ്‌കളങ്കതയുടെയും ബീത്സതയുടെയും മുഖപടങ്ങളുള്ളതായി കവി ദര്‍ശിക്കുന്നു. ചുവപ്പിനോടുള്ള പ്രണയം ഒരുവശത്ത് നെറ്റിയിലെ പൊട്ടായ ഭാരതീയതയുടെ നൈര്‍മ്മല്യം വിളിച്ചോതുമ്പോള്‍, മറുവശത്ത് അറിഞ്ഞോ അറിയാതെയോ ഇന്നിന്‍റെ ജനങ്ങള്‍ ഭീകരതയോട് കാട്ടുന്ന മമതകൂടിയാണ്. പ്രായം നോക്കാത്ത പീഡനങ്ങള്‍ തകര്‍ക്കുന്നത് കേവലം കുടുംബങ്ങളെയല്ല, മറിച്ച് മറ്റുള്ളവരുടെ സ്വസ്ഥതയുമാണ്. ആര്‍ത്ഥിക മാനസിക സന്തോഷങ്ങള്‍ക്കായി കൊലപാതകങ്ങള്‍ നടത്തുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത് സന്തോഷമാണോ, ആത്മനിര്‍വൃതിയാണോ അതോ പേടിപ്പിക്കുന്ന ഇരുളകങ്ങളോ! ചുവപ്പിനോടുള്ള പ്രണയം സമൂഹത്തിന്‍റെ മുഖമുദ്രയാകുമ്പോള്‍ ഇറ്റുവീഴുന്നത് മഞ്ചാടിച്ചുവപ്പിന്‍റെ  ചെഞ്ചോരതന്നെ.
 
'മേലെക്കറങ്ങുന്ന പങ്ക'യ്ക്ക് ചുവട്ടില്‍ സുഖമനുഭവിക്കുന്ന ബഹുഭൂരിപക്ഷം പക്ഷേ സമൂഹത്തിലെ ദുരിതക്കയത്തിലേക്ക് എത്തിനോക്കാന്‍ ഇഷ്ടപ്പെടുന്നില്ല. മറുവശത്ത് ഇത്തിരിത്തണുപ്പിന്‍റെ സുഖമനുഭവിക്കാന്‍ വെമ്പുന്ന ഈയാമ്പാറ്റകളിലേക്കും പരാമര്‍ശം പോകുന്നില്ലേ? പുഞ്ചിരിയുടെ മധുരം നുകരാനെത്തുന്ന തുമ്പികള്‍ ആപത്തിന്‍റെ തീച്ചൂളയിലേക്ക് എടുത്തുചാടുന്നവര്‍തന്നെ. മിഠായിയുടെ മധുരം പലപ്പോഴും കൊണ്ടുചെന്നെത്തിക്കുന്നത് മതപരിവര്‍ത്തനത്തിന്‍റെ  മൂടുപടങ്ങളിലേക്കായിരിക്കും എന്ന അറിവ് കവിയെ കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അവിടെ ഈ കവിതാകാരന്‍ മനസ്സിലാക്കിയത് 'ദുഃഖമാണേകാന്ത സന്ധ്യകള്‍' എന്നുതന്നെയാണ്. പുറംമോടികളുടെ പകല്‍പ്പൂരത്തിന്‍റെ ആസ്വാദ്യത തകര്‍ക്കാന്‍ ഇരുട്ടിന്‍റെ കൂരമ്പുകള്‍ക്കാവും എന്ന് യുവത തിരിച്ചറിയുന്നില്ല എന്ന ഭയം കവിയെ വ്യാകുലനാക്കുന്നു. 'ശോകാത് ശ്ലോകത്വമാഗതം' എന്ന് കേവലം വാല്മീകിക്കുമാത്രമല്ല സംഭവിക്കുക, മറിച്ച് സമൂഹത്തെ വിശകലനം ചെയ്യുന്ന രജി ചന്ദ്രശേഖറിനെപ്പോലുള്ള എഴുത്തുകാര്‍ക്കുമുണ്ടാകും എന്ന് 'മഞ്ചാടി' മനസ്സിലാക്കിച്ചുതന്നു.
 
ജീവിതം പാഴ്ക്കുഴിയില്‍ വീണു എന്ന് തിരിച്ചറിയുമ്പോഴേക്കും കരകയറാനാവാത്തത്രയും വലിയ ആഴക്കയങ്ങളിലേക്ക് എത്തിച്ചേര്‍ന്നിരിക്കും. അവിടെയൊരു സഹായഹസ്തത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഒരുപക്ഷേ വീണ്ടും വീഴ്ത്തുന്നതും വഞ്ചനയുടെ ആശയങ്ങളിലേക്കായിരിക്കും. ആ വിങ്ങലുകള്‍ക്കിടയിലെ ജീവിതത്തോട് കവി പറയുന്നു. 'വ്യര്‍ത്ഥമാണാര്‍ത്തിക്കുതിപ്പുകള്‍' എന്ന്.
 
'മഞ്ചാടിയുടെ കവി നെഞ്ചകം കത്തിക്കലമ്പുന്ന' വേദന സമൂഹത്തോട് പങ്കുവെയ്ക്കാന്‍ മറക്കുന്നില്ല. സമൂഹത്തിന്‍റെ വേദനയെ തന്‍റെ വേദനയായും സ്വീകരിക്കുന്ന ഈ എഴുത്തുകാരന്‍ തന്‍റെ വികാരങ്ങളെ വരികളില്‍ വിവരിക്കുന്നു.
'
ശക്തമാണാര്‍ഷ ഗംഗോത്രികള്‍, ധന്യമാം തീര്‍ത്ഥം തളിക്കുവാന്‍' എന്ന് കവി പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ നിറഞ്ഞിരിക്കുന്നത് പ്രത്യാശയുടെ പൊന്‍കിരണങ്ങളാണ്. ശാരീരികവും മാനസികവുമായി തളര്‍ത്തിയാലും, ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് എന്നത് സനാതന സംസ്‌കൃതിയുടെ പ്രത്യേകതയാണ്. ഭാരതത്തിന്‍റെ ഗരിമയാണ്. തീര്‍ത്ഥം തളിച്ച് ശുദ്ധമാക്കപ്പെട്ട അഖണ്ഡവും സുശക്തവുമായൊരു ഭാരതം സാക്ഷാത്കരിക്കപ്പെടും എന്ന ആത്മവിശ്വാസവും പ്രത്യാശയും 'മഞ്ചാടി'യുടെ വരികളിലൂടെ ശ്രീ. രജി ചന്ദ്രശേഖര്‍ പ്രകടിപ്പിക്കുന്നു.
 
ദീപമേ നയിച്ചാലും എന്ന കവിയുടെ ആഗ്രഹത്തെ സഫലീകരിക്കാന്‍ നമുക്കും ശ്രമിക്കാം. കെടാവിളക്കായിരുന്ന നമ്മുടെ സംസ്‌കാരം തിരികെട്ടൊരു നിലവിളക്കായി മാറിയെന്നാണ് കവി പറയുന്നത്. മന്ത്രങ്ങളുടെ മാന്ത്രിക സ്പര്‍ശവും ആചാരശാസ്ത്രീയതയുടെ ചാലകശക്തിയും ദൃഢതയേകിയ ഭാരതീയ സംസ്‌കാരത്തിന്‍റെ ഇകഴ്ചയെ അടുത്തറിഞ്ഞ കവി ദുഃഖിതനാണ്; എങ്കിലും പ്രത്യാശകള്‍ കൈവിടാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല. വിളക്കല്ലേ! തിരിയിട്ട് തെളിയിക്കാനൊക്കുമെന്ന ആ നല്ലമനസ്സിന്‍റെ ശുഭാപ്തി വിശ്വാസത്തിന്‍റെ അനുരണനങ്ങള്‍ വായനക്കാരനിലേക്കും സംക്രമിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. സംസ്‌കൃതിയുടെ ശക്തിയെ തിരിച്ചറിയാന്‍ നമുക്കോരോരുത്തര്‍ക്കുമായാല്‍ സമൂഹത്തിലെ അനീതിക്കൊരറുതിവരുമെന്ന് വിഭംഗന (Diffraction) ത്തിന്‍റെ രക്തച്ചുവപ്പിനെ പ്രതീകവല്ക്കരിച്ചുകൊണ്ട് 'മഞ്ചാടി'യിലൂടെ ശ്രീ. രജി ചന്ദ്രശേഖര്‍ ഉറക്കെപ്പറയുന്നു. 

സ്‌നേഹാദരങ്ങള്‍ .....


Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...



2 comments:

Unknown said...

മികച്ച വായന.... നല്ല എഴുത്ത് 👌🏻

SSAshtami said...

❤👌👌