Kaniyapuram Nasirudeen :: അവൻ

Views:


വര :: രാധിക രാഘവൻ, കാർത്തികപ്പള്ളി, വടകര
     
അവൻ വീണ്ടും വരുകയാണ്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്നെ ഏതോ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് അവൻ ആയിരുന്നു.

നിരന്തരം ജോലിത്തിരക്കിനിടയിൽ വിശ്രമം എന്താണ് എന്ന് പോലും അറിയാതെ ഉള്ള അലച്ചിൽ.. ജോലിസ്ഥലം മുതൽ വീട് വരെയും തിരിച്ചു അങ്ങോട്ടും...
ഇതായിരുന്നു എന്‍റെ ജീവിതചക്രം. ഇത് ഒരു തരം യാന്ത്രികമായിരുന്നു. ഒരു തരം ഉറക്കം പോലെ. ഇതിന്നിടയിലാണ് അവൻ എന്‍റെ ജീവിതത്തിൽ വന്നു ചേരുന്നത്.

പുറം ലോകവുമായി എന്നെ ബന്ധപ്പെടുത്തിയത് അവനായിരുന്നു.
ജോലിത്തിരക്കിൽനിന്നും അൽപം ആശ്വാസമായി അവന്‍റെ സാന്നിധ്യം. വായനശാലയുമായി ബന്ധിപ്പിച്ചത്... വിശ്രമം പോലെ അൽപം ആശ്വാസം അവനുമായുള്ള ചങ്ങാത്തത്തിലൂടെ ഉണ്ടായി.

പുസ്തകം വായിക്കണമെന്ന ആഗ്രഹം മാത്രം ഉണ്ടായിരുന്ന എന്നെ നല്ലൊരു വായനക്കാരനാക്കിയത് അവൻ തന്നെ ആയിരുന്നു. 

പേര് മാത്രം കേട്ടിട്ടുള്ളപുസ്തകം നേരിട്ട് വായിക്കാനും കഴിഞ്ഞു. അതും എന്‍റെ ഭാഗ്യം തന്നെ

വായിച്ചു തീർത്ത പുസ്തകങ്ങളെക്കുറിച്ച അവന്‍റെ അഭിപ്രായങ്ങൾ ആണ് എന്നെ വായനയുടെ ലോകത്തേക്ക് കൊണ്ട് പോയത്. വായന കൊണ്ട് ഒരിക്കലും ഒരു നഷ്ടവും ആർക്കും സംഭവിക്കില്ലല്ലോ. എനിക്ക് ഏറ്റവും വലിയ ലാഭം തന്നെ ലഭിച്ചു.

എന്തായാലും കുറെ ആളുകളെ പരിചയപ്പെടാനും സൗഹൃദം ഉണ്ടാക്കാനും അവൻ തന്നെ ആയിരുന്നു മുഖ്യ കാരണം.

അവന്‍റെ മൂത്ത മകൾ ഒരുത്തന്‍റെ കൂടെ ഒളിച്ചോടി. അതോടെ എനിക്കും അവനോട് ഒരകൽച്ചപോലെ.എന്താണെന്ന് എനിക്കും അറിയില്ല. അതോടെ അവന് പുറത്തു ഇറങ്ങാനൊ ആളുകളോട് സംസാരിക്കാനോ കഴിയാതെയായി. 

കാലം കുറെ അങ്ങനെ കറങ്ങുന്നതിനിടയിൽ അവന് ആ തീരുമാനം എടുക്കേണ്ടിവന്നു. എങ്ങോട്ടോ സ്ഥലം മാറിപ്പോയി.

എവിടെ ആണെന്നോ മറ്റോ അറിയിക്കാതെ ആയിരുന്നു അവന്‍റെ പോക്ക്.

അവനെ കുറ്റപ്പെടുത്താൻ കഴിയില്ല. ഞാൻ ആണെങ്കിലും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും ചെയ്യുക.

സ്ഥലം മാറി പോയതിന് ശേഷം ഠൗണിൽ വച്ചു കണ്ടു..  പലതും ചോദിച്ചു.. സംസാരിച്ചു..  അവന് വെറുപ്പ് ഒന്നും ഇല്ലെന്ന് മനസ്സിലായി.

അന്ന് കണ്ടു സംസാരിച്ചതിന്‍റെ പിറ്റേന്ന് ഞങ്ങൾ കുടുംബ സമേതം ഒരു യാത്ര പോകാൻ തന്നെ തീരുമാനിച്ചു. അന്ന് ആ വാഹനം സ്കൂൾ ജംഗ്ഷൻ കഴിഞ്ഞ ഓർമ്മ മാത്രമേ ഉള്ളു. വണ്ടി വളവ് തിരിയുകയായിരുന്നു.പെട്ടെന്ന് മതിലിലേക്ക് ഇടിച്ചു കയറി.

വലിയ ഒരപകടമായിരുന്നെങ്കിലും ഭാഗ്യം കൊണ്ട് പരിക്കുകളോടെ രക്ഷപ്പെട്ടു. കുറെ നാളത്തെ ആശുപത്രിജീവിതത്തിന് ശേഷം പൂർവ്വ സ്ഥിതിയിലെത്തി.

വര :: സുകുമാരൻ വരമ്പനാലിൽ

പിന്നീട് കുറെ നാളുകൾക്ക് ശേഷമാണ് അവനെ വീണ്ടും കാണുന്നത്.

അന്ന് അവൻ ഏറെ നേരം സംസാരിച്ചു. മക്കളും കുടുംബാംഗങ്ങളുമൊക്കെ ഞങ്ങളുടെ സംസാരത്തിനിടയിലൂടെ കടന്നു പോയി.

അന്ന് വൈകുന്നേരം ആണ് മകന്‍റെ മൊബൈൽ കടയിൽ കവർച്ച നടന്നത്.  കുറെയേറെ സാമ്പത്തിക നഷ്ടം ഉണ്ടായി.

മറ്റൊരു വൈകുന്നേരം അവനെ ഞാൻ വീണ്ടും കണ്ടു .

രണ്ടു മൂന്നു ദിവസം കഴിഞ്ഞതേയുള്ളു ... വീട്ടിൽ പ്രിയപ്പെട്ടവൾ ഒന്ന് വീണു.  കാലിൽ നല്ല പരിക്കേറ്റു.പൊട്ടലുണ്ട്. വീട്ടിൽ വിശ്രമം..

ഇനി അവനെ കാണേണ്ട എന്ന ഉറച്ച തീരുമാനത്തോടെ വാതിൽ വലിച്ചടച്ചു.. പക്ഷേ അവനെ മാത്രമേ വാതിലിന് പുറത്ത് നിർത്താൻ കഴിയുകയുള്ളു...

Kaniyapuram Nasirudeen

കണിയാപുരം നാസറുദ്ദീൻ
 ദാറുൽ സമാൻ,
കരിച്ചാറ,   പള്ളിപ്പുറം..പി.ഒ
തിരുവനന്തപുരം..695316
മൊബൈൽ..9400149275
മെയിൽ..



No comments: