Jagan :: ഞാൻ എന്താണ് സാർ ചെയ്യേണ്ടത്.....?

Views:

Jagan
പ്രതിദിന ചിന്തകൾ

സാർ,

കോവിഡ് വാക്‌സിൻ എടുക്കാൻ കഴിഞ്ഞ മൂന്ന് മാസമായി ശ്രമിച്ചിട്ടും ആദ്യ ഡോസിനുള്ള സ്ലോട്ട് പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.

എനിക്ക് കോവിഡ് വന്നിട്ടില്ലാത്തതിനാൽ, ഒരു മാസം മുൻപ് രോഗം വന്ന് ഭേദമായ നെഗറ്റീവ് സർട്ടിഫിക്കറ്റും എന്‍റെ കയ്യിൽ ഇല്ല.

കഴിഞ്ഞ കുറേ മാസങ്ങളായി നാം അടച്ചു പൂട്ടൽ ആഘോഷിക്കുകയായിരുന്നു എന്ന് സാറിന് അറിയാമല്ലോ?
അതിനാൽ എനിക്ക് പണിയും ഇല്ല, കൂലിയും ഇല്ല.
അതുകൊണ്ട് RTPCR ടെസ്റ്റ്‌ ചെയ്യാൻ എന്‍റെ കയ്യിൽ പണവും ഇല്ല.

സർക്കാരിന്‍റെ സൗജന്യ ടെസ്റ്റിന് പോയാൽ അവിടുത്തെ പൂരത്തിരക്കിൽ നിന്ന് എനിക്ക് കോവിഡ് പിടിപെടുമെന്ന ഭയമാണ്. 

വീട്ടിൽ കുട്ടികൾ പട്ടിണി ആണ്.
അടുത്തുള്ള പലചരക്കുകടയിൽ വലിയ തുക കൊടുക്കാനുണ്ടെങ്കിലും, എന്‍റെ സ്ഥിതി മോശമായതിനാൽ പറ്റുബുക്കുമായി കടയിൽ ചെന്നാൽ ആ വലിയ മനുഷ്യസ്നേഹി  അരിയും, ഉപ്പും, മുളകും കടം തരില്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

പക്ഷേ, സാർ ഇന്നുമുതൽ നടപ്പാക്കിയപുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ കാരണം എനിക്ക് അടുത്തുള്ള കടയിൽ പോയി ഒരു കിലോ അരി വാങ്ങാൻ കഴിയുന്നില്ല.

കുട്ടികൾ വിശന്ന് കരയുന്നത് കണ്ടിട്ട്, എന്തും വരട്ടെ എന്ന് കരുതി കടയിൽ പോകാം എന്നു വച്ചാൽ നിയമം കർശനമായി നടപ്പാക്കുന്ന സാറിന്‍റെ പോലീസ് അടിക്കുന്ന പിഴ അടയ്ക്കാൻ എനിക്ക് കഴിയില്ല.

ഞാൻ എന്‍റെ കുട്ടികളോട് എന്താണ് സാർ പറയേണ്ടത്.......?

എനിക്ക് ഒരു കിലോ അരി വാങ്ങാൻ ഞാൻ എന്താണ് സാർ ചെയ്യേണ്ടത്.....?

മറുപടി പ്രതീക്ഷിച്ചുകൊണ്ട്,

സാറിന് വോട്ട് ചെയ്ത് ജയിപ്പിച്ച
- ഒരു പാവം സാധാരണ വോട്ടർ.
--- ജഗൻ, പ്രതിദിനചിന്തകൾ
   05 - 08 - 2021

(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി,  
കൊല്ലം ജില്ലാ വൈസ് പ്രസിഡന്‍റെ ആണ് ലേഖകൻ.)



No comments: