Bijukumar M G :: ലേഖനം :: ഹോം

Views:
 


ഇത് നമ്മുടെയൊക്കെ വീടിനകത്തെയും പുറത്തെയും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, അല്ലെങ്കിൽ ശ്രദ്ധ കൊടുക്കാതെ പോകുന്ന കാഴ്ചകളാണ്. സ്മാർട്ട് ഫോണിന്‍റെ ഉള്ളിലെ വിശാലമായ ലോകത്തിൽ ജീവിക്കുന്ന പുതുതലമുറ, വീട് എന്ന  നാലുചുവരുകൾക്കുള്ളിൽ തങ്ങളെ വളർത്തി വലുതാക്കിയവരുടെ മനസ്സിലെ കാഴ്ചകളെ കാണാതെ പോകുന്നത് ഓർമ്മപ്പെടുത്തുന്ന സിനിമയാണ് 'ഹോം'. കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തതിന് നൂറിൽ നൂറ് മാർക്കും നൽകിയേ തീരൂ. കാരണം ഒരു കഥാപാത്രവും ഈ സിനിമയിൽ വെറുതെ ചേർത്തതായിട്ടില്ല. ചില ഭാഗങ്ങളിലെ സ്വല്പം ലാഗിങ്ങ് കാരണം സിനിമയ്ക്ക് സ്വല്പം ദൈർഘ്യം കൂടിയതായി  തോന്നുന്നുവെന്നത്  ഒഴികെ ഈ ചിത്രം മികച്ച ഒരു ആസ്വാദനാനുഭവം തന്നെയാണ് നൽകുന്നത്.  

ഒലിവർ ട്വിസ്റ്റായി ഇന്ദ്രൻസും കുട്ടിയമ്മയായി മഞ്ജു പിള്ളയും  മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരിക്കുന്നു. കോമഡി  കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ ഇന്ദ്രൻസിനെ തേടിയെത്തുന്നത് ഇതാദ്യമല്ല. പക്ഷേ വൈകാരികതയുടെ വ്യത്യസ്ത തലങ്ങൾ അതിഭാവുകത്വമില്ലാതെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിനാൽ  ചാനൽ പരമ്പരകളിൽ നിന്ന് ഒഴിഞ്ഞ് സിനിമയിൽ ഇനിയും മികച്ച കഥാപാത്രങ്ങൾ തേടി എത്താനുള്ള പുതിയ തുടക്കമായി കുട്ടിയമ്മ എന്ന കഥാപാത്രം മഞ്ജുപിള്ളയെ സഹായിച്ചേക്കാം. എല്ലാ സിനിമയിലും സ്ഥിരമായി ഒരേ ശൈലിയിലുളള സംഭാഷണ രീതിയിൽ നിന്ന് വ്യത്യസ്തത വരുത്താൻ കഴിഞ്ഞാൽ, ചാൾസ് എന്ന ഒലിവർ ട്വിസ്റ്റിന്‍റെ ഇളയ മകനായി വേഷമിട്ട നസ്‌ലെൻ ഗഫൂറിനെയും മികച്ച വേഷങ്ങൾ തേടിയെത്താം. 

ഒലിവർ ട്വിസ്റ്റ് തന്‍റെ ജീവിതത്തിലെ എക്സ്ട്രാ ഓർഡിനറി സംഭവത്തിൽ താൻ രക്ഷിച്ച പയ്യനെപ്പറ്റി പറയുമ്പോൾ അത് മൂത്ത മകൻ ആന്‍റണിയാണോ എന്ന് പ്രേക്ഷകൻ ഒന്ന് സംശയിക്കുമെങ്കിലും അത് ട്വിസ്റ്റായി തന്നെ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത് മനോഹരമായാണ്. ഗാനങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നില്ലെങ്കിലും കഥയ്ക്കനുനുസരിച്ചുള്ള ഛായാഗ്രഹണവും അതിനു സഹായിക്കുന്ന കലാസംവിധാനവും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. വിവരസാങ്കേതികവിദ്യ കുതിച്ചു പായുമ്പോൾ അതിന്‍റെ  വേഗതയ്ക്കൊപ്പം സഞ്ചരിക്കുന്ന പുതുതലമുറയിലെ മക്കൾക്കൊപ്പം എത്താൻ പ്രായമേറിയ മാതാപിതാക്കൾ ശ്രമിക്കുമ്പോൾ ചിരിയേക്കാളേറെ ചിന്തയിലേക്ക് കൊണ്ടുപോകുവാൻ സിനിമയ്ക്ക് സാധിച്ചിരിക്കുന്നുവെന്നത് സംവിധായകന്‍റെ വിജയം തന്നെയാണ്. ഡിജിറ്റൽ യുഗത്തിൽ സ്വന്തം മക്കളിൽ നിന്ന് മനപൂർവ്വമല്ലെങ്കിൽ പോലും സ്നേഹമോ ശ്രദ്ധയോ പരിഗണനയോ കിട്ടാത്ത അച്ഛനമ്മമാരുടെ പ്രതിനിധികളായി അഭിനയിക്കുന്നതിനും പകരം സിനിമയിൽ  ജീവിക്കുകയാണ് തന്നെയാണ് ഇന്ദ്രൻസും മഞ്ജു പിള്ളയും.

സിനിമയ്ക്കും അഭിനയ മികവിനുമപ്പുറം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. 'ആന്‍റണിയുടെ ഉള്ളിൽ ഒരു മോഷ്ടാവ്  ഉണ്ട്.  ഓൾമോസ്റ്റ് എല്ലാവരുടെയും ഉള്ളിലുള്ള ഒരു മോഷ്ടാവു തന്നെയാണത്. എത്ര വില കൊടുത്താലും കിട്ടാത്ത സമയത്തിനെ അപഹരിച്ചു കൊണ്ടേയിരിക്കുന്ന ആ മോഷ്ടാവ് മൊബൈൽ ആണെന്ന് ' വിജയ് ബാബു അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രം പറയുന്ന ഭാഗം പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ചിന്തിക്കേണ്ടതും  വീണ്ടും വീണ്ടും ഓർക്കേണ്ടതുമാണ്. സമൂഹത്തിനു നേരെ കാട്ടിയ കണ്ണാടിയായി മാറിയ ഹോം എന്ന ചിത്രത്തിന്‍റെ സംവിധായകനും ടീമിനും അഭിനന്ദനങ്ങൾ...!No comments:

ജനപ്രിയരചനകൾ (30 ദിവസത്തെ)