Sreelekha B പ്രപഞ്ചത്തോളം വളർന്ന മഞ്ചാടി

Views:

 


പ്രപഞ്ചത്തോളം വളർന്ന മഞ്ചാടി

ശ്രീലേഖ ബി

ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം.

കവിതയുടെ വർത്തമാനകാല പരിസരങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ കവിയാണ് ശ്രീ രജി ചന്ദ്രശേഖർ. അനവരതം ഒഴുകന്ന പദസമ്പത്തും നുരഞ്ഞുപൊന്തുന്ന പ്രണയവും. താളബോധത്തിന്റെ കാർക്കശ്യവും ആ കവിതകളെ സമ്പന്നമാക്കുന്നു. വരണ്ടുണങ്ങിയ കാലഘട്ടത്തിന്റെ മൃതസഞ്ജീവനിയായി പ്രണയത്തെ അദ്ദേഹം കാണുന്നു. പ്രണയത്തിന്റെ ഉപനിഷത്തുക്കളാണ് ആ കവിതകൾ എന്നു പറയാം. അദ്ദേഹത്തിന്റെ ഒരു പ്രധാന കവിതയായ മഞ്ചാടി പ്രണയത്തിലൂടെ പ്രപഞ്ചത്തെ തിരിച്ചുപിടിക്കാൻ പറയുന്നു.

നിറം കൊണ്ടും വലിപ്പം കൊണ്ടും എപ്പോഴും നമ്മുടെ മുന്നിൽ കൗതുകമായി നിറയുന്ന മഞ്ചാടിയിൽ പ്രണയവും, ചെറു പ്രതിഷേധവും ഭക്തിയും ഒക്കെ ചേർത്തുവെയ്ക്കാറുണ്ട്. ഇവിടെ കവി മഞ്ചാടിക്കുരുവിൽ പ്രണയവും, പ്രണയഭംഗവും ഏകാന്തതയും, വർത്തമാനകാല പ്രതിഷേധവും എല്ലാം ചേർത്തു വെച്ചിരിക്കുന്നു. ഒരു ചെറിയ കുരുവിൽ പ്രപഞ്ചസ്പന്ദനം മുഴുവൻ ഇഴചേർത്തുവെയ്ക്കുന്ന ഒരു ജാലവിദ്യ കവിതയിലുണ്ട്.

പ്രകൃതിയുടെ വർണ്ണലയങ്ങൾ തന്റെ പ്രണയിനിയിൽ ആരോപിച്ചു കൊണ്ടാണ് കവിത തുടങ്ങുന്നത്. മഞ്ചാടി, ചൊടിയിലും കവിളിലും രാഗത്തുടുപ്പുമായി നിൽക്കുന്ന പ്രണയഭാവം സൂചിപ്പിക്കുന്നു. മഞ്ചാടി ഇവിടെ സന്തോഷത്തിന്റെ സ്വസ്ഥതയുടെ ഒരു ചിത്രമാണ് പകർന്നു നൽകുന്നത്.

തന്നിലെ കവിതയെ പ്രചോദിപ്പിക്കുന്ന അംശമായി പ്രണയിനിയുടെ നോട്ടം കവിക്ക് അനുഭവപ്പെടുന്നുണ്ട്. മഞ്ചാടി കവിയെ സാന്ത്വനഭാവത്തിൽ പൊതിയുന്നു

ഒരു താരകയെ കാണുമ്പോൾ രാവു മറക്കും

പുതുമഴകാൺകെ വരൾച്ച മറക്കും

മാനവഹൃദയത്തിന്റെ പൊതു സ്വഭാവത്തെ സുഗതകുമാരി ടീച്ചർ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.

കവിമനസ്സ് അസ്വസ്ഥമാകുകയാണ്. ഉളളിൽ തീച്ചൂള ഉറഞ്ഞു കത്തുകയാണ്. ചുറ്റിലും സൂര്യതാപത്തിന്റെ തീക്ഷ്ണതയും. എങ്കിലും

പാദം പുതയും തിളയ്ക്കുന്ന ടാറിനെ

മൂടി തിമിർക്കുന്ന മഞ്ഞിൻ കണങ്ങൾ

പാവം കവിഹൃദയം ഈ വരികളിൽ കാണാം.

ഈ വേകലുകൾക്കിടയിലും പ്രകൃതിയുടെ താളക്രമത്തിൽ എല്ലാം നടക്കുന്നുണ്ട്. പച്ചിലക്കാട്ടിൽ നിന്ന് തലനീട്ടി നോക്കുന്ന പൂവിനേയും, കൊച്ചു മലരിലെ പൂന്തേൻ നുകരുവാനെത്തുന്ന തുമ്പിയേയും കവി കാണുന്നുണ്ട്. തന്നെ പുതഞ്ഞിരിക്കുന്ന ഏകാന്തതയിൽ കവിക്ക് പാണന്റെ പാട്ടും തുടിതാളവും ആശ്വാസമാകുന്നില്ല.

ഒപ്പം നടക്കുവാനാരുമില്ല

എങ്ങും ചെന്നു ചേരുവാൻ. (ആറ്റൂർ)

ഈ അവസ്ഥ ഹൃദയഭേദകം തന്നെ. ഇവിടെ മഞ്ചാടി   ഏകാന്തതയുടെ വിഷാദഛായ വഹിക്കുന്നു. സാധ്യമാകാതെ പോയ പ്രണയത്തെ കരിഞ്ഞ കിനാക്കൾ', 'നീരവമൊട്ടു തിരിഞ്ഞു നോക്കാത്ത നീരദം' എന്നീ പ്രയോഗങ്ങളിലൂടെ കവി സൂചിപ്പിച്ചിരിക്കുന്നു.

വ്യക്തിഗത പ്രണയത്തിനപ്പുറത്തേക്ക് കവിത വളരുന്ന കാഴ്ചയാണ്  തുടർന്നുള്ള വരികളിൽ. പ്രണയത്തിന്റെ ദാഹമോഹങ്ങളും കൊടും ചതികളും എരിഞ്ഞടങ്ങലുകളും തന്റെ ചുറ്റും നടക്കുന്നത് കവിയെ അസ്വസ്ഥനാക്കുന്നു. കള്ളന്മാരെ കാവലേല്പിക്കുന്ന സമൂഹത്തിൽ പ്രണയവും ചതിക്കുള്ള ഉപാധിയാകുന്നു. അധികാരം, പണം ഈ രണ്ടു പദങ്ങളിൽ ലോകം ഒതുങ്ങുന്നു. ആർത്തി മൂത്ത മനുഷ്യന്റെ പ്രതീകമായി മഞ്ചാടി മാറുന്നു

കവി കാണുന്ന കാഴ്ചകൾ പങ്കിലമാണ്. എനിക്കാവതില്ലേ എഴുതാതിരിക്കാൻ എന്ന് വിളിച്ചു പറയും സാമൂഹിക പ്രതിബദ്ധതയുള്ള കവികൾ. ഇവിടെ രജിമാഷും അക്ഷരങ്ങളിലൂടെ കെട്ട കാലത്തിനെതിരെ കലഹിക്കുന്നു. ഓർമ്മപ്പെടുത്തുന്നു. നാണയത്തുട്ടുകൾക്കു വേണ്ടി കൈ നീട്ടുന്ന ബാല്യങ്ങളും അനാഥമാക്കപ്പെട്ട വാർധക്യവും, പക്ഷപാതവും, സ്വാർത്ഥ ചിന്തയും ഭൂമിയുടെ ഉള്ള് പൊള്ളിക്കുകയാണ്. ഇന്റർനെറ്റ് യുഗത്തിൽ കൗമാരപ്രായക്കാർ ഒരുക്കുന്ന ചതിക്കുഴികളും മതാന്ധതയുടെ തീവ്രനോവും. ഉറക്കറയിൽ പോലും ഫണം വിരിക്കുന്ന മനുഷ്യ ക്രൂരതയും ഗതി കെട്ട കാലത്തിന്റെ നേർകാഴ്ചയാണ്. ഇവിടെ മഞ്ചാടി ഭൗമതാപനത്തിന്റെ പ്രതീകമാകുന്നു.

ഇത് കവി

വൃദ്ധിക്ഷയങ്ങൾക്കുമപ്പുറം

സ്ഥിര താരകപ്രഭ

മുൾമുടിയാക്കിയോൻ (കുരീപ്പുഴ ശ്രീകുമാർ)

അതെ കവിക്കു മാത്രമേ ഈ ദുരന്ത സ്ഥലികൾക്കിടയിൽ നിന്നും ഒരു താരകപ്രഭ കാണാൻ സാധിക്കൂ. ഈ കവിതയുടെ അവസാനവും അത്തരം ഒരു പ്രതീക്ഷയിൽ കവി എത്തിച്ചേരുന്നു.

കാരിരുമ്പുരുൾപൊട്ടിയുണരുന്നു നാമ്പുകൾ, പ്രതീക്ഷയുടെ കിരണങ്ങൾ നിറയും എന്ന് മനുഷ്യ സ്നേഹിയായ കവി പറയുന്നു. കടൽ കണ്ട് പുറപ്പെട്ടേടത്തേയ്ക്കു തന്നെ തിരിച്ചു നീന്തുന്ന സാൽമൺ മത്സ്യത്തെപ്പോലെ, നാമൊക്കെ തിരികെ നടക്കണം. ആർഷസംസ്ക്കാരത്തിന്റെ വെള്ളിവെളിച്ചം നമ്മെ പുണരും. മുനി വചസ്സുകളുടെ ദീപ്തനാളം ഈ ഇരുട്ടിനെ മായ്ക്കും. നിത്യസത്യം നിറയും. മഞ്ചാടി നിത്യസത്യമായി കവിതയുടെ അവസാനം തല ഉയർത്തി നിൽക്കുന്നു.

പ്രണയം പ്രണയിനിയിൽ തുടങ്ങി ദുരന്തസ്ഥലികൾ കടന്ന് പ്രപഞ്ച സത്യമായ് പരിണമിക്കുന്ന ഒരു രാസപ്രക്രീയയാണ് രജീ മാഷിന്റെ മഞ്ചാടി എന്ന കവിത.

ശ്രീലേഖ ബി


Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...



No comments: