Aparna Radhika :: മഞ്ചാടി: ചോരയുറയുന്ന നേർക്കാഴ്ചകൾ

Views:


മഞ്ചാടി: ചോരയുറയുന്ന നേർക്കാഴ്ചകൾ

അപർണ രാധിക

ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം. 

താളബോധങ്ങൾ അന്യംനിന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്ന  വർത്തമാനകാല മലയാളകവിതകൾക്കിടയിൽ നിന്ന് ഒരു തിരിഞ്ഞു നോട്ടമാണ് ശ്രീ. രജി ചന്ദ്രശേഖർ എന്ന രജി മാഷിന്‍റെ കവിതകൾ. അനഘനിർഗ്ഗളമായ പദസമ്പത്തു കൊണ്ട് വർത്തമാന കാലത്തിന്‍റെ പല വ്യാകുലതകളും അദ്ദേഹം തന്‍റെ കവിതകളിൽ നിറയ്ക്കാറുണ്ട്. മഞ്ചാടി യും അതിലൊന്നു മാത്രം. മഞ്ചാടി  എന്ന കവിത വായിക്കവേ എന്നിലെ സാധാരണക്കാരനിലുളവാക്കിയ വിചാരങ്ങൾ ഇവിടെ കുറിക്കുന്നു.

തന്‍റെ കൈ വെള്ളയിലിറ്റുന്ന നിണത്തുള്ളികളെ മഞ്ചാടിയോടുപമിച്ചാണ് കവി തുടങ്ങുന്നത്. പ്രേയസിയുടെ നെറ്റിയിൽ പൊട്ടുകുത്താനും ചൊടിയിലും കവിളിലും അനുരാഗത്തുടിപ്പേറ്റുവാനും കവി ആഗ്രഹിക്കുന്നു. തുടർന്ന് എല്ലാറ്റിനും അംഗരാഗമാണല്ലോയെന്ന് കവി നെടുവീർപ്പിടുന്നതു കാണാം.

പിന്നീട് വരുന്ന വരികളിൽ കവിയുടെ ദൃഷ്ടി ചുറ്റും ചലിക്കുന്ന ഓരോന്നിലും ചെന്നെത്തുന്നു. മുകളിൽ കറങ്ങുന്ന ഫാനും അതിന്‍റെ കാറ്റിൽ മേശയിലിരിക്കുന്ന പുസ്തകത്തിന്‍റെയോ മറ്റോ താളുകൾ പറക്കുന്നതും അതിൽ വിരലുകൾ പതിക്കുമ്പോഴുണ്ടാകുന്ന താളവും ഒക്കെ കവിയുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. പ്രണയ ദീക്ഷയാണ് ജന്മസാഫല്യമെന്ന് നിനച്ച് അതിനായെറിയുന്ന കടക്കണ്ണൊളികളും പരാജയം നുണഞ്ഞ് അവ വീണു പിടയുന്നതും കവി കോറിയിടുന്നു. കൊച്ചു മലരിലെ പൂന്തേൻ നുകരുവാനെത്തുന്ന തുമ്പിയും പാണന്‍റെ പാട്ടും കടുന്തുടിത്താളവും വീണയുമൊന്നും കവിയുടെ ഏകാന്തതയ്ക്ക് ഭംഗം വരുത്തുന്നില്ല. മറിച്ച്, ഇവയോരോന്നും ഏകാന്തസന്ധ്യകൾ എന്നും ദുഃഖമാണെന്ന് വിളിച്ചോതുന്നതായി കവിയ്ക്കനുഭവപ്പെടുന്നു. എത്രയൊക്കെ മഞ്ഞുകണങ്ങൾ കൊണ്ടു പൊതിഞ്ഞുവെന്നാങ്കിലും ഉള്ളിലെരിയുന്ന തീച്ചൂള മറക്കുവാൻ കവിയ്ക്കാകുന്നില്ല. "ദുഃഖമാണേകാന്ത സന്ധ്യകൾ" എന്ന് തപിച്ചു കൊണ്ട് തുടരുന്ന കവി മഞ്ചാടി പോലെ തന്‍റെയുള്ളിലെ സ്നേഹജ്വാലകൊണ്ട് അനുരാഗം പടർത്തുവാൻ ആഗ്രഹിക്കുന്നു. തന്‍റെയുള്ളിലെ ആത്യന്തികമായ സ്വപ്നം സ്നേഹമാണെന്ന് കവി വീണ്ടും വീണ്ടും ഉദ്ഘോഷിക്കുന്നു.

തുടർന്നു വരുന്ന വരികളിൽ വർത്തമാന കാലത്തിന്‍റെ സ്നേഹശൂന്യതയും ആർത്തികളും കാപട്യവും വഞ്ചനയുമെല്ലാം കവി കുറിക്കുന്നു. ഭിക്ഷയാചിച്ച് തന്നിലേക്ക് നീളുന്ന കൈകൾ കവിയെ കൊണ്ടെത്തിക്കുന്നത് നാളെകൾ അസ്തമിച്ച വയോധികരുടെ കാഴ്ചയിലാണ്. ആകാശം വെട്ടിപ്പിടിയ്ക്കാൻ പോകുമ്പോൾ അശരണരാകുന്ന വൃദ്ധജനങ്ങളെയോർത്ത് കവി വിലപിക്കുന്നു. ഒരിക്കലും ഒടുങ്ങാത്ത ആർത്തിയുടെ തേരിലേറിപ്പോകുമ്പോൾ നഷ്ടപ്പെടുത്തുന്ന നന്മകളെ കവി എണ്ണിയെണ്ണിപറയുന്നു. ലഹരിക്കും മദ്യത്തിനും അടിമപ്പെട്ടു പാഴായിപ്പോകുന്ന ജീവിതങ്ങളും ആത്മാഹുതിയിൽ ആശ്വാസം കണ്ടെത്തുന്ന ജീവിതങ്ങളും കവിയുടെ ഉള്ളുലയ്ക്കുന്നുണ്ട്. ചെറുതിൽ തുടങ്ങി കൊടിയ വഞ്ചനകൾ കാട്ടി പുണ്യവാന്‍റെ കുപ്പായമണിയുന്നവരേയും വാശിപ്പുറത്ത് അത്യാഹിതങ്ങൾ ചെയ്തു കൂട്ടുന്നവരേയും ഓർത്ത് കവിമനസ്സ് പലയിടങ്ങളിലും വിങ്ങുന്നുണ്ട്. ഭരണാധികാരികളുടെ കാപട്യത്തേയും സൂചിപ്പിക്കാൻ കവി മടിക്കുന്നില്ല. അത് "കള്ളന്‍റെ കാവലും" എന്ന പ്രയോഗത്തിൽ നിന്ന് നമുക്കനുമാനിക്കാവുന്നതേയുള്ളൂ. ഈ ആർത്തിപ്പുറത്ത് കാട്ടിക്കൂട്ടുന്നതൊക്കെയും വ്യർത്ഥമാണല്ലോയെന്നോർത്ത് കവിക്ക് ഇടനെഞ്ച് കത്തുന്നുണ്ട്. തന്‍റെയുള്ളിലെ തീക്കനലിൽ ഉരുകിത്തിളയ്ക്കുന്ന വേദനകളിൽ നിന്ന് അനുരാഗം പടർത്തുവാൻ പറ്റട്ടെയെന്ന് കവി പ്രത്യാശിക്കുന്നു.

വെളിച്ചം നൽകേണ്ട നിലവിളക്കിലെ എണ്ണയൂറ്റിക്കുടിക്കാനെത്തുന്ന ചെമ്പനെറുമ്പുകളെപ്പറ്റിപ്പറഞ്ഞ് കവി ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതി ചൂണ്ടിക്കാട്ടുന്നുണ്ട്. നിഷ്പക്ഷത പാലിക്കേണ്ട പലയിടങ്ങളിലും പക്ഷപാതങ്ങൾ കൊടും പിരിക്കൊള്ളുന്നത് കവിയുടെ ഉള്ളുലയ്ക്കുന്നുണ്ട്. ഇന്നിന്‍റെ ചിന്തകളിൽ പലപ്പോഴും സ്വാർത്ഥതകൾ നിഴലിക്കുന്നുണ്ട്. 

ഇന്‍റർനെറ്റിന്‍റെ മാസ്മരിക ലോകത്തിൽ മുഴുകി സ്വയം മറക്കുന്ന കൗമാരവും അന്ധത ബാധിച്ച മതബോധങ്ങളും കറപുരണ്ട കാരുണ്യസേവയും ഒക്കെ കവിയ്ക്ക് ഇടനെഞ്ച് പൊട്ടുന്ന വേദനയുളവാക്കുന്നു. ഈ തിങ്ങി വിങ്ങുന്ന നിരാശകൾക്കിടയിലും പ്രത്യാശയുടെ നാമ്പുകൾ കവി തിരയുന്നു. ഒടുവിൽ ആർഷഭാരതസംസ്കൃതിയും അരുണാഭയും സൂര്യഗായത്രി മന്ത്രങ്ങളും മാത്രം മതിയാകും ജ്ഞാനം പടർത്തി ഇവയെല്ലാം തീർത്ഥം തളിച്ച് ശുദ്ധി വരുത്തുവാൻ എന്ന് കവി സമാശ്വസിക്കുന്നു. ആ സത്യത്തിന്‍റെ വെളിച്ചത്തിൽ എല്ലായിടവും അനുരാഗം പടർത്തുവാൻ കഴിയട്ടെയെന്ന് ആശ്വസിച്ചുകൊണ്ട് മഞ്ചാടി അവസാനിക്കുന്നു.

മഞ്ചാടി ജീവിതത്തിന്‍റെ നേർസാക്ഷ്യങ്ങളിലേയ്ക്കുള്ള ഒരു കണ്ണാടിയായാണ് വായനക്കാരന് അനുഭവവേദ്യമാകുന്നത്. രജിമാഷിന്‍റെ മഞ്ചാടിയ്ക്കും ഇനി പിറക്കാനിരിക്കുന്ന എണ്ണമറ്റ കവിതകൾക്കും ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു.

അപർണ രാധിക

   കടുങ്ങലൂർ 
ആലുവ

Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...No comments: